Sunday, April 21, 2019

ശ്രീമദ് ഭാഗവതം 127* 

സാധാരണ ഭിക്ഷക്കാർ പോലും ആ വീട്ടിലേക്ക് വരില്ല്യ. ഒരു സന്യാസി വീടിന്റെ മുമ്പില് വന്നു നില്ക്കണു. അവര് ജനലിലൂടെ പറഞ്ഞു, സ്വാമീ ഞങ്ങളുടെ വീട്ടിലേക്ക് വരരുത്. ഞാൻ പതിതയാണ്. ഞങ്ങളുടെ വീട്ടിലേക്ക് ആരും വരാറില്ല്യ. അങ്ങയെ ആരോ അറിയാതെ ഇങ്ങട് പറഞ്ഞയച്ചതാണ്. 

അപ്പോ സ്വാമി പറഞ്ഞു അത്രേ.  എന്നെ യഥാർത്ഥത്തില് പറഞ്ഞയച്ചവനാരോ 'അവന്' നല്ലവണ്ണം അറിവ് ണ്ട് എന്തിനാ പറഞ്ഞയച്ചതെന്ന്. ഉണങ്ങിയ ഇല കാറ്റില് പോകുന്ന പോലെയാണ് ജ്ഞാനികളുടെ സഞ്ചാരം. ഭഗവാന്റെ കൃപയാകുന്ന വായു എങ്ങടേക്ക് കൊണ്ട് പോകുന്നോ അങ്ങടേയ്ക്ക് പോകും. അത്കൊണ്ട് ഞങ്ങൾക്ക് ഇച്ഛയൊന്നും ഇല്ല്യ. ഭഗവാൻ എന്നെ ഇവിടെ കൊണ്ടുവന്നിരിക്കണു. ഭഗവാന് ഉദ്ദേശ്യം ണ്ട്. അതുകൊണ്ട് അകത്ത് പോയി അല്പം പാല് കൊണ്ട് വരൂ. 

"സ്വാമീ ഞങ്ങളുടെ വീട്ടിലെ പാല് അങ്ങ് കഴിച്ചാൽ?" 

നിങ്ങളുടെ വീട്ടിലെ പാല് ഞാൻ കഴിച്ചിട്ടില്ലെങ്കിൽ പിന്നെ ആര് കഴിക്കും? എവിടെയെങ്കിലും ഒരു ഗതി കിട്ടട്ടെ. എന്ന് പറഞ്ഞു ചെന്നിരുന്നു. പാല് കൊണ്ട് വരാൻ പറഞ്ഞു. ആ പാല് വാങ്ങി കഴിച്ചു. 

അതാണ് *ജ്ഞാനികളുടെ കൃപ* എന്ന് പറയുന്നത്. ഭഗവാൻ യദൃശ്ചയാ അങ്ങട് കൊണ്ട് പോയി. ആ കുലട കൊണ്ട് വന്ന പാല് വാങ്ങി കുടിച്ചിട്ട് എങ്ങനെ എങ്കിലും ഇവരെ അനുഗ്രഹിക്കണം. എങ്ങനെ അനുഗ്രഹിക്കും. ഇവരോട്  നാമം ജപിക്കാൻ പറഞ്ഞാൽ പറ്റില്ല്യ. നാമജപം എളുപ്പമാണെന് തോന്നും. നാവൊന്നു മതി ഹരി നാരായണായ നമ: കാര്യം ഒക്കെ ശരി. അത്ര എളുപ്പമാണെങ്കിൽ ഇപ്പൊ തെരുവ് മുഴുവൻ ജീവന്മുക്തന്മാര് നടക്കേണ്ടതാ. പാപവാസനകൾ ണ്ടെങ്കിൽ ജപിക്കാനൊന്നും സാധിക്കില്ല്യ. 

ഇവരെ ഇപ്പൊ എങ്ങനെ ജപിപ്പിക്കും? സ്വാമി കണ്ടു. അപ്പഴേ ഒരു കുട്ടി ണ്ടായിട്ടുള്ളൂ അവർക്ക്. അവസാനത്തെ കുട്ടി. കുട്ടിക്ക് പേര് വെച്ചോ ചോദിച്ചു. ഇല്ല്യ. ന്നാ കുട്ട്യെ ഇങ്ങട് കൊണ്ട് വരാ. കുട്ടിക്ക് ആ സ്വാമി 'നാരായണൻ' എന്ന് പേര് വെച്ചു അത്രേ. 

തന്റെ കുട്ടി ആവുമ്പോ നാരായണാ നാരായണാ വിളിക്കും. കുട്ടിയോടുള്ള പാശത്തിലൂടെ അജാമിളന് ഒരു അനുഗ്രഹം ചെയ്തു സ്വാമി. എപ്പഴും പാശത്തിലൂടെ പോകണതാണ് എളുപ്പം. ആസക്തിയിലൂടെ പോണതാണെളുപ്പം. കുട്ടിക്ക് നാരായണൻ എന്ന് പേര് വെച്ചതിലൂടെ അജാമിളന് അങ്ങനെ ഒരു മന്ത്രദീക്ഷ. 

അങ്ങനെ ഇയാള് നാരായണ നാരായണ എന്ന് മകനെ വിളിച്ചു. അറിഞ്ഞോ അറിയാതെയോ കുറേ ജപം ചെയ്തു. അവസാനം മരിക്കാൻ കിടക്കണു.യമഭടന്മാർ മുമ്പില് വന്നു നില്ക്കണു.

അതിഭീഷണ കടുഭാഷണ യമകിങ്കര പടലീ കൃത താഡന പരിപീഡന മരണാഗമ സമയേ ഉമയാ സഹ മമ ചേതസി യമശാസന നിവസന് ഹര ശങ്കര ശിവ ശങ്കര ഹര മേ ഹര 

അവര് അങ്ങനെയാണത്രേ ണ്ടാവാ. ശങ്കരാചാര്യർ പറഞ്ഞു. അതിഭയങ്കരമായ രൂപം കടുഭാഷണ, ചീത്ത വിളിക്കും അത്രേ വന്നിട്ട്. കൃത താഡന. നല്ല പെടയും തരും ന്നാണ്. മരിക്കാൻ കിടക്കുമ്പഴേ. ....!!! 

നമ്മളൊന്നും കണ്ടിട്ടില്ലല്ലോ. കണ്ട ആള് പറയണു. യമകിങ്കര പടലീ. ഒരളൊന്നുമല്ല. പട പട ആയിട്ട് വരും ന്നാണ്. കൂട്ടമായിട്ട് വന്നു വലിച്ചു കൊണ്ട് പോകും അത്രേ. എന്താന്ന് വെച്ചാൽ ഇത് ഇവിടുന്ന് അത്ര പെട്ടെന്ന് പോവില്ലേ. 

യമഭടന്മാര് മുമ്പില് വന്നു നില്ക്കണു ഭയങ്കര രൂപികളായിട്ട്. 
നമ്മുടെ തന്നെ ദുർവ്വാസനകളാണേ ഇവരൊക്കെ. 

മുമ്പില് വന്നു നില്ക്കണു. അജാമിളൻ പേടിച്ചു. നിലവിളിച്ചു. തന്റെ മകനെ കാണണമെന്ന് ആഗ്രഹം. നാരായണാ..... എന്ന് ഉറക്കെ വിളിച്ചു. 
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi Prasad

No comments: