Monday, April 22, 2019

ശ്രീമദ് ഭഗവദ് ഗീത*
🙏🙏🙏🙏🕉🕉🙏🙏🙏🙏
*182-ാം ദിവസം*
*അദ്ധ്യായം - 5*

*കർമ്മയോഗം - കൃഷ്ണാവബോധത്തിൽ പ്രവർത്തനം*

*ശ്ലോകം 1*

*അർജുന ഉവാച:*

*സംന്യാസം കർമണാം കൃഷ്ണ പുനർയോഗം ച ശംസസി*

*യച്ഛ്രേയ ഏതയോരേകം തൻമേ ബുഹി സുനിശ്ചിതം*        

   അർജുന ഉവാച  -  അർജുനൻ പറഞ്ഞു; കൃഷ്ണ - അല്ലയോ കൃഷ്ണാ; കർമണാം - കർമ്മങ്ങളുടെ; സംന്യാസം - പരിത്യാഗത്തേയും; പുനഃ – പിന്നീട്; യോഗം ച - ഭക്തിയുതസേവനത്തേയും; ശംസസി - അങ്ങ് പ്രശംസിക്കുന്നു; ഏതയോഃ - ഈ രണ്ടിൽ വെച്ച്; യത് - യാതൊന്നാണോ; ശ്രേയഃ – ശ്രേയസ്സായിട്ടുള്ളത്; മേ – എനിക്ക്; സുനിശ്ചിതം – സുനിശ്ചിതമായ; തത് ഏകം - ആ ഒന്നിനെത്തന്നെ; ബ്രൂഹി - പറഞ്ഞു തന്നാലും.


*വിവർത്തനം*

      അർജുനൻ പറഞ്ഞു : കൃഷ്ണാ, കർമ്മമുപേക്ഷിക്കണമെന്ന് ഒരിക്കൽ അങ്ങ് എന്നോടാവശ്യപ്പെടുന്നു; പിന്നെ ഭക്തിപുരസ്സരം കർമ്മം അനുഷ്ഠിക്കാൻ പറയുന്നു. ഈ രണ്ടിലുംവെച്ച് ശ്രേയസ്കരമായത് ഏതാണെന്ന് ദയവായി എനിക്ക് പറഞ്ഞു തരുമോ?

*ഭാവാർത്ഥം:*

  ഭക്തിപൂർവ്വമായ സേവനകർമ്മമാണ് ശുഷ്കമായ മാനസിക ഊഹാപോഹങ്ങളേക്കാൾ ശ്രേഷ്ഠമെന്ന് ഭഗവാൻ ഈ അഞ്ചാം അദ്ധ്യായത്തിൽ വ്യക്തമാക്കുന്നു. ഭക്തിയുതസേവനം മാനസിക ഊഹാപോഹത്തേക്കാൾ എളുപ്പമാണ്. സ്വാഭാവികമായിത്തന്നെ അതീന്ദ്രിയമാകയാൽ കാർമ്മിക പ്രതികരണങ്ങളിൽ നിന്ന് അത് ഒരാളെ മോചിപ്പിക്കുന്നു. ആത്മാവിനേയും അതിന് ഭൗതികശരീരത്തിൽ സംഭവിക്കുന്ന ബന്ധനാവസ്ഥയേയും്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം രണ്ടാമദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. ബുദ്ധിയോഗം അല്ലെങ്കിൽ ഭക്തിപൂർവ്വമായ സേവനംകൊണ്ട് ആ ഭൗതികബന്ധനത്തിൽ നിന്നു മോചനം നേടേണ്ടതെങ്ങനെയെന്നും അതിൽ വിവരിക്കുന്നു. ജ്ഞാന വേദിയിലേയ്ക്കുയർന്ന ഒരാൾക്ക് കർത്തവ്യങ്ങളായി ഒന്നുമില്ലെന്നാണ് മൂന്നാമദ്ധ്യായത്തിൽ പ്രസ്താവിക്കുന്നത്. സമസ്ത യജ്ഞകർമ്മങ്ങളും ജ്ഞാനത്തിലാണ് എത്തിക്കുന്നതെന്ന് ഭഗവാൻ പറയുന്നു. എന്നാൽ നാലാം അദ്ധ്യായത്തിന്റെ അവസാനത്തിൽ അർജുനനോട് ഉപദേശിക്കുന്നത് ജ്ഞാനത്തിന്റെ പരിപൂർണ്ണാവസ്ഥയിൽ ഉണർവോടെ പൊരുതുവാനാണ്. അങ്ങനെ ഭക്തിയുതമായ കർമ്മത്തേയും ജ്ഞാനയുക്തമായ നൈഷകർമ്യത്തേയും ഒരേസമയം സുപ്രധാനമെന്ന് കൃഷ്ണൻ പറഞ്ഞത് അർജുനന് ആശയക്കുഴപ്പ് മുണ്ടാക്കി. ഇന്ദിയപ്രവർത്തനങ്ങളെന്ന നിലയിൽ ചെയ്യപ്പെടുന്ന എല്ലാ പ്രവൃത്തികളും മതിയാക്കുക എന്നതാണ് ജ്ഞാനത്തോടെയുള്ള പരിത്യാഗം എന്നാണ് അർജുനൻ മനസ്സിലാക്കിയത്. എന്നാൽ ഭക്തിയുത സേവനത്തിൽ പ്രവൃത്തികൾ ചെയ്യണമെങ്കിൽ കർമ്മങ്ങൾ എങ്ങനെ മതിയാക്കും? മറ്റു വിധത്തിൽ പറഞ്ഞാൽ സംന്യാസം അല്ലെങ്കിൽ ജ്ഞാനയുക്തമായ പരിത്യാഗം സർവ്വകർമ്മങ്ങളേയും ഉപേക്ഷിച്ചു കൊണ്ടാവണമെന്ന് അർജുനൻ വിശ്വസിച്ചു. കർമ്മത്തേയും സംന്യാസ ത്തേയും ഒരിക്കലും ഇണക്കിക്കൊണ്ട് പോകാനാവില്ലെന്ന് അദ്ദേഹത്തിന് തോന്നിയതു തന്നെ കാരണം. പരിപൂർണ്ണജ്ഞാനത്തോടെ ചെയ്യുന്ന കർമ്മം പ്രതികരണങ്ങളുണ്ടാക്കില്ലെന്നും നൈഷ്കർമ്മ്യത്തിനു തുല്യമാണെന്നും അദ്ദേഹം ഗ്രഹിച്ചിരിക്കാനിടയില്ല. അതുകൊണ്ടാണ് കർമ്മത്തിൽ നിന്നൊഴിഞ്ഞു നിൽക്കുന്നതോ പൂർണ്ണജ്ഞാനത്തോടെ കർമ്മം ചെയ്യുന്നതോ ശ്രേയസ്കരമെന്ന് അർജുനൻ ചോദിക്കുന്നത്.

No comments: