Tuesday, June 04, 2019

ഭഗവത് കടാക്ഷം                                                                 🌴🌹🌹🌹🌹🌴   

                  അമ്പലത്തിലെ പടച്ചോറു കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്ന ദിവസങ്ങൾ. അതായിരുന്നു ആ തിരുമേനിയുടേയും കുടുംബത്തിന്റേയും ഏക ആശ്രയം.

അടുത്തുള്ള ഒരു കൃഷ്ണക്ഷേത്രത്തിലെ പൂജാരിയായിരുന്നു അയാൾ.ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം.ആ കുടുംബത്തിലെ ഏക വരുമാന മാർഗ്ഗമായിരുന്നു ആ തിരുമേനിയുടെ ശാന്തി.നിത്യനിദാനങ്ങൾക്കു വരെ ബുദ്ധിമുട്ടുന്ന ആ ക്ഷേത്രത്തിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

എന്നും കണ്ണനോട് തന്റെ ദുഖം പറയാനേ തിരുമേനിക്കാവുമായിരുന്നുള്ളൂ.....ആ തിരുമുഖം നോക്കിയിരിക്കുമ്പോ ... കുറേയേറെ ആശ്വാസം കിട്ടും.മുരളിയൂതി തന്റെ ചുറ്റും ആ കുഞ്ഞിളം പാദങ്ങൾ പിച്ച വെക്കുന്നുണ്ടെന്ന് തോന്നും..... കണ്ണിലെപ്പോഴും കളിയാടുന്ന ആ അഞ്ജനക്കണ്ണനെ വിട്ട് മറ്റെങ്ങും പോകാനും മനസ്സു വരുന്നില്ല.

ദിനം പ്രതി ഏറിവരുന്ന ദീനതകൾ.അങ്ങനെ ഇരിക്കേ ഒരു ദിവസം ഒരു ബന്ധു മുഖേന തിരുമേനിക്ക് വേറൊരു ക്ഷേത്രത്തിലായ് ജോലി തരപ്പെട്ടു. സാമാന്യം വരുമാനം കിട്ടുന്ന ജോലി. പക്ഷേ വല്ലാത്ത ഒരു ഹൃദയവ്യഥയോടെയാണ് ആ വാർത്ത അദ്ദേഹം കേട്ടത്. തൻറെ അച്ഛൻറെ കൈപിടിച്ചു വന്ന് തുടങ്ങിയ നീണ്ട വർഷങ്ങളുടെ ആ സപര്യക്ക് വിരാമമിടാൻ ആ സാധുവിന് മനസ്സു വരുന്നില്ല.പക്ഷേ മറുഭാഗത്തെ കുടുംബത്തിൻറെ ദൈന്യതയോർക്കുമ്പോ .... എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം വിഷമിച്ചു. ഒടുവിലൊരു തീരുമാനത്തിലെത്തി. പോവുക തന്നെ.....

അങ്ങനെ അവസാനദിവസം പൂജയ്ക്കെത്തിയ അദ്ദേഹത്തിന് തന്റെ നെഞ്ചകം തിങ്ങുന്ന വേദന മാറ്റാനായില്ല. തന്റെ പൊന്നോമന മക്കളേക്കാളെറെ താൻ സ്നേഹിച്ച കണ്ണൻ. താനൂട്ടിയില്ലെങ്കിൽ ഉണ്ണില്ല..... താൻ ഉറക്കി നടയടച്ചു പോന്നാലേ ഉറങ്ങൂ.... അങ്ങനെയുള്ള ഗാഡബന്ധം ഒഴുകി വരുന്ന കണ്ണീരിനെ തടുത്തു നിർത്തി അദ്ദേഹം തന്റെ പൂജയാരംഭിച്ചു. കണ്ണു നിറയുന്ന കാരണം പൂജയ്ക്ക് വിഷമം.

അങ്ങനെ അവസാനപൂജയും കഴിഞ്ഞ് അടക്കാനാകാത്ത ഹൃദയവ്യഥയോടെ അദ്ദേഹം പടിയിറങ്ങി. ഇറങ്ങി വരുമ്പോഴതാ നല്ല ഒരു ചെറുപ്പക്കാരൻ തൊഴു കൈകളോടെ മുന്നിൽ ." ആരാ...എന്താ വേണ്ടത്... പൂജയ്ക്കാണെങ്കി ഇനി ഇന്നു പറ്റില്ല" തിരുമേനി പറഞ്ഞപ്പോ... ആ ചെറുപ്പക്കാരൻ ചിരിച്ചു

 എന്നിട്ട് പറഞ്ഞു ." തിരുമേനി ഞാൻ പൂജയ്ക്കായ് വന്നതല്ല. എന്റെ ജാതകപ്രകാരം പുരാതനമായ ഒരു ക്ഷേത്രത്തിൽ ഭജനമിരുന്ന് എന്തെങ്കിലും കാര്യമായി സംഭാവന ചെയ്യാൻ പറഞ്ഞു. അതിന് അന്വേഷിച്ചു ഒടുക്കം ഇവിടെ വന്നെത്തി. പക്ഷേ എനിക്ക് ഇവിടെ ആരെങ്കിലുമൊരു വീട് ശരിയാക്കിത്തരണം. അതുകണ്ട് ആ തിരുമേനി പറഞ്ഞു. ഞാനന്വേഷിക്കാം. പന്ത്രണ്ട് ദിവസം ഭജനം ചെയ്യാനാണ്പറഞ്ഞത്.ഒടുവിൽ വീടു തപ്പിയിട്ടും എവിടെം കിട്ടിയില്ല. കുറേ അന്വേഷിച്ച് ശരിയാകാതെ അയാളെയും കൂട്ടി തിരുമേനി സ്വന്തം വിട്ടിലെത്തി.

മറ്റൊന്നും ചിന്തിക്കാതെ അയാളെയും കൊണ്ട് വീട്ടിലെത്തി. ഭാര്യയോട് വിവരങ്ങൾ പറഞ്ഞു. അയാളെക്കൂടെ താമസിപ്പിക്കേണ്ട കഷ്ടം അവരുടെ മനോവിഷമം കണ്ട് അയാൾ പറഞ്ഞു എനിക്കെന്തെങ്കിലും മതി. അതാലോചിച്ച് വിഷമിക്കണ്ട. അവസാനം ആ തിരുമേനിയുടെ ഗൃഹത്തിലയാൾ താമസംതുടങ്ങി. പൂജ അവസാനിപ്പിക്കാൻ തിരുമേനിക്കായില്ല. പിറ്റേന്ന് മുതൽ വേറെയാളാണ് പൂജ. അങ്ങനെ തിരുമേനി മനോവിഷമത്തോടെ വേറെ സ്ഥലത്ത് പോയിത്തുടങ്ങി. അയാള് തിരുമേനിയുടെ വീട്ടിൽ താമസവും.

അവിടുന്ന് പോന്നതോടെ പക്ഷേ തിരുമേനിയാകെ തകർന്നു.ഊണില്ല... ഉറക്കമില്ലാത്ത അവസ്ഥ കണ്ണനെ കാണാത്ത ദുഖം അദ്ദേഹത്തെ ആകെ ഉലച്ചു. മനസ്സമാധാനം തീരെയില്ലാതായി. അങ്ങനെ 12 ദിവസം ഭജനം പൂർത്തിയായി. അയാൾ പോകാനൊരുമ്പെട്ടു പോകുന്ന നേരത്ത് തിരുമേനിയോട് പറഞ്ഞു." ഇതാ ഇത് വച്ചോളൂ.. കുറച്ച് രൂപയായിരുന്നു അത്. അതു വാങ്ങാൻ മനസ്സനുവദിച്ചില്ല എങ്കിലും അയാൾ നിർബന്ധിച്ച്നൽകി.ആ സമയത്ത് അതാ കമ്മിറ്റിക്കാരെക്കെ കൂടി കാണാൻ വരുന്നു.

അങ്ങനെ വന്ന കമ്മിറ്റിക്കാർ പറഞ്ഞു.നാളെ മുതൽ തിരുമേനി തന്നെ പൂജ ചെയ്യണം വന്ന തിരുമേനി പോയി.പ്രശ്നത്തിൽ തിരുമേനി തന്നെ വേണം എന്നുകണ്ടു.അതു കേട്ട തിരുമേനിക്ക് താൻ എന്തു ചെയ്യും എന്ന ചിന്തയിലായി അതുകണ്ട കമ്മിറ്റിക്കാർ പറഞ്ഞു..." തിരുമേനീ ഇനി കുഴപ്പമില്ല.അമ്പലത്തിലെ എല്ലാ ചെലവും ഇവിടെ താമസിച്ചിരുന്നയാൾ ഇനിമുതൽ ചെയ്യാമെന്നേറ്റിട്ടുണ്ട് ഇനി നമ്മുടെ ക്ഷേത്രം വലുതാകും.

ഒടുവിൽ അർദ്ധമനസ്സോടെ സമ്മതിച്ചു. ആ മോഹനരൂപം കരളിലേക്കോടി എത്തിയതോടെ കണ്ണുനിറഞ്ഞു. എത്ര ദിവസമായി കണ്ടിട്ട് അങ്ങനെ അന്നു രാത്രി ഉറങ്ങാൻ കിടന്നു. ഉറക്കത്തിലായ തിരുമേനിയോട് ഭഗവാൻ തന്നെ മാടി വിളിക്കുന്നതായി സ്വപ്നം ഒരു വിധത്തിൽ പുലർച്ചേയാക്കി. നേരെ അമ്പലക്കുളത്തിലെത്തി മുങ്ങി നിവർന്ന നേരം കൺമുന്നിലൊരു വെളിച്ചം.... അത് ആ താമസത്തിനു വന്ന അയാളായിരുന്നു. അയാൾ പറഞ്ഞു." തിരുമേനിയൊന്ന് കണ്ണടച്ച് തുറക്കൂ.... അതു ചെയ്തു. കണ്ണടച്ചു തുറന്ന നേരം സാക്ഷാൽ ഭഗവാനതാ... പീലിപ്പൂ ചൂടിയ ആ രൂപം കൺമുന്നിൽ. ... നിർന്നിമേഷനായി നോക്കി നില്ക്കേ.. ആ രൂപം പെട്ടെന്ന് മറഞ്ഞു.ആ സ്ഥാനത്ത് തൻറെ വീട്ടിലേക്കതിഥിയായെത്തിയ ആൾ. അങ്ങനെ തൻറെ എല്ലാമെല്ലാമായ ഇഷ്ടപ്രാണേശ്വരനെ കണ്ട ആ കണ്ണുകളിൽ വജ്രത്തിളക്കമായിരുന്നു. കാലങ്ങളായി കാണാത്തവനെ പോലെ അദ്ദേഹം നോക്കി നിന്നു. അവിടുന്ന് ചെന്ന് നടതുറന്ന നേരം തിരുമേനി കണ്ടൂ.... തൂവെണ്ണയുണ്ണുന്ന ആ സ്വരൂപവും തന്റെ വീട്ടിലുണ്ടായിരുന്ന ആളും ഒന്നായി നിൽക്കുന്നു..

അതോടെ തിരുമേനിക്ക് മനസ്സിലായി. തന്റെ വീട്ടിലേക്ക് വന്നത് സാക്ഷാൽ ഉണ്ണിക്കണ്ണൻ തന്നെ..... തന്റെ ദാരിദ്ര്യം തീർക്കുവാൻ.... കുചേലനിൽ നിന്നൊരു പിടി അവില് വാങ്ങിയ പോലെ... തന്റെ ദാരിദ്ര്യം മാറ്റാനായി അറിയാതെ വന്ന് തന്റെ കൂടെ കഴിഞ്ഞ ആ കുസൃതിക്കു മുന്നിൽ നിർന്നിമേഷനായി നിൽക്കാനേ കഴിഞ്ഞുള്ളൂ.... ആ സമയത്ത് അയാൾ കൊടുത്ത പൊതിയിലെ പണം എണ്ണിനോക്കുകയായിനുന്നു ആ ബ്രാഹ്മണ പത്നി. അത് ഇനിയൊരു ജീവിതത്തിനുള്ള മുതൽക്കുട്ടായിരുന്നു. തന്റെ ദുഖം മാറ്റാനായി... അതേ സമയം ആ ശ്രീലകത്ത് കണ്ണൻ തന്നോടൊത്തു കഴിഞ്ഞതിന്റെ നിർവൃതിയിലായിരുന്നു ആ ബ്രഹ്മണൻ. ആ ക്ഷേത്രത്തിന്റെ നിത്യനിദാനത്തിനായി സന്തതികളില്ലാത്ത സമ്പന്നനായ തൻറെ ഭക്തനായ ഒരാളെക്കൊണ്ട് വലിയൊരു തുകയും സംഭാവന ചെയ്യിച്ച് ഒരേ സമയം തന്നെ എല്ലാവരേയും അനുഗ്രഹിച്ച് കളിചിരിയോടെ വാഴുകയായിരുന്നു ആ കരുണാമയനപ്പോൾ.                     

ഹരേ കൃഷ്ണാ....

No comments: