Thursday, November 14, 2019

[14/11, 13:45] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം

ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ
ആങ്കാരമായതിനു താൻ തന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായി നിന്ന പരമാചാര്യരൂപ, ഹരിനാരായണായ നമഃ.          (1)

ഓങ്കാരത്തിന്റെ പൊരുളായ പരബ്രഹ്മം തന്നെ മൂന്നായി വേർപെട്ട് അഹങ്കാരങ്ങളായി ആവിർഭവിച്ചു. ആ അഹങ്കാരങ്ങളെ പ്രകാശിപ്പിച്ചു
കൊണ്ട് ഓങ്കാരമായ പൊരുൾ തന്നെ സാക്ഷിയായി വിളങ്ങി. ഈ വസ്തു സ്ഥിതി പ്രത്യക്ഷമായി അനുഭവിച്ചറിയുന്നതിനു സഹായിയായി ഭവിച്ച പരമഗുരുവായി വിളങ്ങുന്ന ഹരിരൂപനായ നാരായണനു നമസ്കാരം.

എല്ലാ വ്യക്തികളിലും അഹങ്കാരരൂപത്തിൽ ഞാൻ, ഞാൻ എന്നിങ്ങനെ സദാ സ്ഫുരിക്കുന്ന ബോധാംശം പരമാത്മാവിന്റെ തന്നെ അംശമാണെന്നും
ഗുരുകാരുണ്യം നേടി പ്രണവോപാസന ശീലിച്ചാൽ ഈ സത്യസ്ഥിതി ആർക്കും സാക്ഷാത്കരിക്കാമെന്നും ഒന്നാം ശ്ലോകത്തിൽ തന്നെ ആചാര്യൻ
വെളിപ്പെടുത്തിയിരിക്കുന്നു.

ഓങ്കാരമായ പൊരുൾ

ബ്രഹ്മമാണിവിടെ ഓങ്കാരമായ പൊരുൾ. പ്രപഞ്ചത്തിന്റെ പരമകാരണമാണ് ബ്രഹ്മം. ഘനീഭൂതമായ നിശ്ചല ബോധാനുഭവമാണ് ബ്രഹ്മാനുവം. ഉപനിഷത്തുകൾ ഈ സത്യത്തെ “സച്ചിദാനന്ദ" മെന്നു വിവരിക്കുന്നു. ശുദ്ധമായ ഉണ്മ, ശുദ്ധമായ ബോധം, ശുദ്ധമായ ആനന്ദം ഇവ ഏകീഭവിച്ചു ഘനീഭവിച്ചതാണ് ബ്രഹ്മസ്വരൂപമെന്നു താത്പര്യം. സർവ്വത്ര ഇടതിങ്ങി
നിറഞ്ഞിരിക്കുന്ന ഈ സത്യത്തെ ആർക്കും ബാഹ്യേന്ദ്രിയങ്ങൾ കൊണ്ട് കണ്ടറിയാൻ സാധ്യമല്ല. ആരംഭത്തിൽ ഏതെങ്കിലും നാമത്തിലോ രൂപത്തിലോ മനസ്സിനെ ഏകാഗ്രപ്പെടുത്തിക്കൊണ്ടുള്ള ഉപാസനയിൽക്കൂടി മുന്നോട്ടു നീങ്ങി സാക്ഷാത്കരിച്ചു വേണം ഈ സത്യത്തെ അറിയാൻ. ഇങ്ങനെ ബ്രഹ്മത്തെ സാക്ഷാത്കരിക്കാൻ ഉപാസനയ്ക്കവലംബമായി
ഉപനിഷത്തുകൾ
കണ്ടുപിടിച്ചിട്ടുള്ള പ്രതീകമാണ് "പ്രണവം" അഥവാ ഓംകാരം. പ്രണവോപാസനയിൽ അഥവാ "ഓം'കാര ധ്യാനത്തിൽ സഗുണ
നിർഗുണോപാസനകൾ സമഞ്ജസമായി സമന്വയിച്ചിരിക്കുന്നു. "ഓം"കാരം നീട്ടി ഉച്ചരിച്ച് ഏകാഗ്രപ്പെടുന്ന മനസ്സ് സഗുണമായ പ്രണവത്തിൽ തുടങ്ങി ഉച്ചാരണത്തിന്റെ അന്ത്യഘട്ടത്തിൽ നിർഗുണമായ ആത്മസത്തയിൽ എത്തി അവസാനിക്കുമെന്ന് പ്രണവോപാസന കൃത്യമായി ശീലിക്കുന്നവർക്കൊക്കെ ബോധ്യമാവുന്നതാണ്. ഇങ്ങനെ "ഓം"കാരം ആത്മ
സാക്ഷാത്കാരത്തിൽക്കൂടി പരബ്രഹ്മസത്തയെ നേരിട്ടു വെളിപ്പെടുത്തിക്കൊടുക്കുന്ന മന്ത്രമായതുകൊണ്ട് അതിനെ ഉപനിഷത്തുകൾ പരമാത്മാവിന്റെ പ്രതീകമായി പ്രഖ്യാപിച്ചു. ഉപനിഷത് സമ്മതമായ ഇക്കാര്യമാണ് എഴുത്തച്ഛൻ 'ഓം'കാരമായ പൊരുൾ എന്നു വിവരിച്ചിരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[14/11, 13:45] +91 94955 57148: വിവേകചൂഡാമണി-83

  തമാരാദ്ധ്യ ഗുരും ഭക്ത്യാ
  പ്രഹ്വപ്രശ്രയസേവനൈഃ
  പ്രസന്നം തമനുപ്രാപ്യ
  പൃച്ഛേത് ജ്ഞാതവ്യമാത്മനഃ 
                                                (34)

      ആ ഗുരുവിനെ ഭക്തിപൂർവ്വം ആരാധിച്ച്, അർപ്പണഭാവം, വിനയം, സേവനം എന്നിവയാൽ അദ്ദേഹം പ്രസാദിച്ചിരിക്കുന്നു എന്നു കണ്ടാൽ അദ്ദേഹത്തെ സമീപിച്ച്, തനിക്ക് അറിയേണ്ടതിനെക്കുറിച്ച് (ആത്മതത്ത്വത്തെക്കുറിച്ചു) ചോദിക്കണം.

    ശിഷ്യന് ഗുരുവുമായി വേണ്ടത്ര 'അടുപ്പം' (ഐക്യം) കൈവന്നിട്ടില്ലെങ്കിൽ എത്രയെങ്കിലും വിചാരം ചെയ്തതുകൊണ്ടോ, ഗുരുവുമായി ചർച്ച ചെയ്തതുകൊണ്ടോ, വിശേഷിച്ച് മെച്ചമൊന്നും കിട്ടാൻ പോകുന്നില്ല.'പരസ്പരധാരണ' 
(പൂർണ്ണമായ ഏകീകരണം) ആണ് ഗുരുശിഷ്യബന്ധത്തിന്റെ കാതൽ.

      സമയം കളയാൻവേണ്ടി അന്യോന്യം ചർച്ചചെയ്യലോ വാദിക്കലോ അല്ല "സത്സംഗം". ആദ്ധ്യാത്മികരഹസ്യം, ശാന്തിയുടേയും സമാധാനത്തിന്റേയും അന്തരീക്ഷത്തിൽ വേണം ഗ്രഹിക്കാൻ. കാരണം, ഗുരു സാക്ഷാത്കരിച്ച സത്യത്തെ --- ആത്മാനുഭൂതിയെ
നേരിട്ടറിയാനുള്ള ഒരു ശ്രമമാണ് ശ്രവണത്തിലൂടെ ശിഷ്യൻ ചെയ്യുന്നത്. അതാകട്ടെ, വാക്കുകളിലൂടെ പൂർണ്ണമായും വ്യക്തമാക്കാൻ ഗുരുവിനു സാദ്ധ്യവുമല്ല. ബ്രഹ്മനിഷ്ഠയിൽനിന്നും ഉതിരുന്ന വാക്കുകളിൽ ഗുരുവിന്റെ ആത്മാർത്ഥത ശരിക്കും നിഴലിക്കുന്നതു കൊണ്ടാണ്, ശിഷ്യന്ന് അവയുടെ പൊരുൾ അറിയാൻ കഴിയുന്നത്. ഗുരുശിഷ്യഹൃദയങ്ങൾ തമ്മിൽ 'പൊരുത്ത'പ്പെട്ടെങ്കിലേ ഈ ആശയവിനിമയം വിജയപ്രദമാവൂ. അതിനാൽ, ഗുരുവിനെ സമീപിക്കേണ്ട സമ്പ്രദായത്തേയും ആദ്ദേഹത്തിൽ സ്നേഹവും വിശ്വാസവും വളർത്തേണ്ട ക്രമത്തേയും ആദ്യമായി നിരൂപിച്ചശേഷം, പ്രേമത്താൽ
പ്രേരിതമായ സേവനങ്ങളിലൂടെ, തത്ത്വോപദേശങ്ങൾ ഉൾകൊള്ളാനുള്ള കഴിവ് തന്റെ അന്തഃകരണത്തിനുണ്ടാകത്തക്കവിധം, ശിഷ്യൻ, ആദരവോടെ ഗുരുവുമായി ഐക്യഭാവത്തിൽ എത്തിച്ചേരണമെന്നും ശ്രീശങ്കരൻ നിർദ്ദേശിക്കുന്നു. അത്തരമൊരു ബന്ധം മാത്രമേ ഫലവത്തായിത്തീരുകയുള്ളൂ. അക്കാരണത്താലാണ് ഗുരുവിനെ സമീപിക്കേണ്ട രീതിയെ വേദാന്തം ഇത്രയേറെ നിഷ്കർഷിക്കുന്നത്.
നിർഭാഗ്യകരമെന്നു പറയട്ടെ, ഇക്കാലങ്ങളിൽ, ടെലിഫോൺ
മുഖേന ഗുരുവുമായി ബന്ധം പുലർത്തി, ജീവിതലക്ഷ്യത്തെക്കുറിച്ചും, അതിന്നുള്ള ഉപായങ്ങളെക്കുറിച്ചുമെല്ലാം ഉപദേശം തേടുവാൻ സങ്കോചമില്ലാത്ത സാധകന്മാരെ കാണാം. 'ടെലിഫോൺ ട്യൂഷൻ' വഴി ഗ്രഹിക്കാവുന്ന ഒന്നല്ല ആത്മതത്ത്വം. സത്യാന്വേഷിയായ സാധകൻ, ശ്രദ്ധാഭക്തിപുരസ്സരം സദ്ഗുരുവിനെ സമാശ്രയിക്കുകതന്നെ വേണം. അത്തരത്തിലുള്ള ഒരു ദിവ്യബന്ധത്തിലൂടെ മാത്രമേ ആത്മജ്ഞാനം ഗുരുവിൽനിന്ന് ശിഷ്യനിലേയ്ക്ക് പകരുകയുള്ളൂ.

    സദ്ഗുരു-സംഗമവേളകൾ ലൗകികകാര്യങ്ങൾ ചർച്ചചെയ്ത്
സാധകന്മാർ പാഴാക്കരുത് എന്ന ഒരു നിർദ്ദേശം കൂടി ഈ ശ്ലോകത്തിലടങ്ങിയിട്ടുണ്ട്. അത്തരം കാര്യങ്ങളിലേയ്ക്ക് ഗുരുവിന്റെ ശ്രദ്ധയെ വലിച്ചിഴയ്ക്കുന്നത് ആശാസ്യമല്ല. ആത്മജ്ഞാനത്തിൽ
പൂർണ്ണനിഷ്ഠയോടുകൂടിയ അദ്ദേഹത്തോട് ആദ്ധ്യാത്മികകാര്യങ്ങൾ
മാത്രമേ ചോദിക്കാവൂ.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: