ജീവിതദുരിതങ്ങളകറ്റാന് പ്രാര്‍ത്ഥന ചെയ്യുമ്പോള്‍ നാം ഒരു കാര്യം വിവേകവിചാരം ചെയ്ത് അറിയേണ്ടതുണ്ട്.
പ്രാര്‍ത്ഥന രണ്ടു രീതിയില്‍ ഉണ്ട്. ഒന്ന് വിഷയങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, രണ്ട് വിഷയങ്ങളാണ് ദുഃഖം തരുന്നതെന്നറിഞ്ഞിട്ട് അവയെ ഉപേക്ഷിച്ചുകൊണ്ട് ''ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം'' ഉള്ള പ്രാര്‍ത്ഥന.
ഈ നേടിയതെല്ലാം സുഖദുഃഖസമ്മിശ്രമാണെന്നറിഞ്ഞിട്ട് വിഷയങ്ങളില്‍ വൈരാഗ്യം തോന്നുന്ന അവസ്ഥയില്‍ ഈശ്വരനെ ആശ്രയിക്കുന്നവരാണ് ദുഃഖത്തെ പരിഹരിക്കുന്നത്. അതല്ലാതെ അര്ത്ഥകാമങ്ങളാകുന്ന വിഷയങ്ങള്‍ക്കു വേണ്ടി പൂജാഹോമാദികള്‍ ചെയ്യുകയാണെങ്കില്‍ നാം ദുഃഖത്തിനു കാരണമായ വസ്തുക്കളെ വീണ്ടും ചോദിക്കുന്നു എന്നേ അര്‍ത്ഥമുള്ളൂ. അവിടെ ദുഃഖനിവര്ത്തി ഇല്ല! വിഷയസുഖങ്ങള്‍ വിധിവശാല്‍ വരുന്നതുവരട്ടെ എന്ന ചിന്തയോടെ ഈശ്വരനുവേണ്ടി ഈശ്വരനെ പൂജിക്കുന്നതായാല്‍ അത്തരം പൂജകളും യജ്ഞങ്ങളും ജപാദികളും ദുഃഖത്തെ ഇല്ലാതാക്കുവാന്‍ സഹായകമാണ്.
ജീവിതത്തിലെ നിരന്തരമായ ദുരിതാനുഭവങ്ങളാണ് യഥാര്‍ത്ഥ ഗുരുവരുള്‍! അത് സത്യത്തിലേയ്ക്കുള്ള വഴി കാണിച്ചു തരുകയാണ്. നാം ഓരോ നിമിഷം ദുരിതം അനുഭവിക്കുമ്പോഴും, ഈശ്വരന് നമ്മളോടു പറയുന്നുണ്ട്- ''നിന്റെ ദുഃഖം ഇരിക്കുന്നത് നിന്റെ മനസിലെ വിഷയങ്ങളിലാണ്. നീ വീണ്ടും വീണ്ടും അതേ വിഷയങ്ങള്ക്കുവേണ്ടിയാണ് എന്നെ ആശ്രയിക്കുന്നതെങ്കില്‍ അതേ വിഷയങ്ങള്‍ തരാമെന്നല്ലാതെ ഞാന്‍ എങ്ങനെയാണ് നിന്റെ ദുഃഖം ഇല്ലാതാക്കുക? സുഖമോ ദുഃഖമോ ഞാന്‍ തരുന്നതല്ല, അത് ലൗകികവിഷയങ്ങളോടൊപ്പം ഇരിക്കുന്നതാണ് ''
നാം ചോദിക്കുന്നത് നല്കുന്നു എന്നല്ലാതെ അതില്‍നിന്ന് നാം അനുഭവിക്കുന്ന സുഖങ്ങള്‍ക്കോ ദുഃഖങ്ങള്‍ക്കോ ഈശ്വരനുമായി ഒരു ബന്ധവും ഇല്ല! ഒരാള്‍ മദ്യപിക്കുകയോ സിഗരട്ട് വലിക്കുകയോ ചെയ്യുമ്പോള്‍ അത് അയാളുടെ വിഷയസുഖങ്ങള്‍ ആണ്. തുടര്‍ന്ന് അതില്‍ നിന്നാണ് അയാളുടെ ജീവിതം രോഗ ദുരിതങ്ങള്‍കൊണ്ട് നിറയുന്നതും കുടുംബം അസ്വസ്ഥതയനുഭവിക്കുന്നതും. നമ്മുടെ ഇച്ഛാശക്തികൊണ്ട് എത്ര നികൃഷ്ടമായതാണോ എത്ര ഉദാത്തമായതാണോ തേടിപ്പിടിക്കുന്നതെന്നത് ഈശ്വരസന്നിധിയിലെ വിഷയമാകുന്നില്ല! ചിലര്‍ പറയാറുണ്ട് ''എത്രമാത്രം ആരാധന നടത്തുന്നു എന്നിട്ടും എന്താണിങ്ങനെ ദുരിതങ്ങള്‍!'' എന്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നുള്ളിടത്താണ് അതിനുള്ള ഉത്തരം! ചോദിക്കുന്നത് തരുന്നു എന്നുള്ളതല്ലാതെ അവയില്‍ നിന്നുള്ള ദുഃഖങ്ങളെ ഇല്ലാതാക്കുവാന്‍ ഒരീശ്വരനും ഒരിക്കലും സാധിക്കില്ല, ദുഃഖനിവര്ത്തി വേണമെങ്കില്‍ മനസ്സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ദുഃഖകാരണമായ വിഷയത്തെ വിടുകയെന്നല്ലാതെ മറ്റൊരു വഴിയുമില്ല! എന്ന തിരിച്ചറിവുണ്ടായാലേ വിഷയസുഖങ്ങള്‍ എന്താണ് ഈശ്വരസുഖമെന്താണ് എന്ന് നമുക്ക് വേര്‍തിരിച്ചറിയാനാകൂ. ആ അറിവില്‍ നിന്നാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന ആരംഭിക്കുന്നത്.
''അന്നപൂര്‍ണ്ണേ! സദാപൂര്‍ണ്ണേ!
ശങ്കരപ്രാണവല്ലഭേ!
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം
ഭിക്ഷാംദേഹി ച പാര്‍വ്വതീ.''
ഓം.
ശങ്കരപ്രാണവല്ലഭേ!
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം
ഭിക്ഷാംദേഹി ച പാര്‍വ്വതീ.''
ഓം.
krishnakumar kp
No comments:
Post a Comment