ഗുരുപവനപുരാധീശന് ഏകാദശി
Sunday 8 December 2019 6:16 am IST
വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ഏകാദശികള്‍ പലതുണ്ടെങ്കിലും ഗുരുവായൂര്‍ ഏകാദശി ഏറെ പ്രസിദ്ധമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത്. ഗീതാദിനമായും നാരായണീയസമര്‍പ്പണദിനമായും ഗുരുവായൂര്‍ ഏകാദശി ആചരിക്കുന്നു. ഗജരാജഅനുസ്മരണവും ചെമ്പൈസംഗീതോത്സവവും അക്ഷരശ്ലോകമത്സരവും ഏകാദശിയെ ശ്രദ്ധേയമാക്കുന്നു.
ദേവഗുരുവും വായുദേവനും ചേര്‍ന്ന് പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠക്ക് ഗുരുവായൂരപ്പന്‍ എന്നും നാമധേയമുണ്ടായി. ഏകാദശിദിനത്തിലായിരുന്നു പ്രതിഷ്ഠ.
ഏകാദശി വിളക്കുകള്‍
ഏകാദശിക്ക് 30 ദിവസം മുമ്പേ ക്ഷേത്രത്തില്‍ ഏകാദശിവിളക്കുകള്‍ ആരംഭിക്കും. അഷ്ടമി,നവമി,ദശമി ,ഏകാദശി ദിവസങ്ങളില്‍ വിളക്കിന് ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കുന്നത് മനോഹരമായ സ്വര്‍ണ്ണക്കോലത്തിലാണ്.
ദ്വാദശി പണം
ദശമിദിവസം ദീപാരാധനയ്ക്കുശേഷം നാലമ്പലത്തിനകത്ത് മണിക്കിണറിനുസമീപം ഗണപതിനിവേദ്യംചെയ്ത് അരി അളക്കല്‍ ചടങ്ങ് നടക്കുന്നു. തുടര്‍ന്ന് അത്താഴപൂജ. സാധാരണദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയാല്‍ ശ്രീകോവില്‍നട അടച്ചിരിക്കും. എന്നാല്‍ ഏകാദശിയോടനുബന്ധിച്ച് നവമിദിവസം രാത്രി വിളക്കെഴുന്നള്ളിക്കുമ്പോള്‍ ശ്രീകോവില്‍ തുറന്നിരിക്കും.
ദശമിനാളില്‍ പുലര്‍ച്ചെ 3 ന് നട തുറന്നാല്‍ ഏകാദശിയും കഴിഞ്ഞ് ദ്വാദശിയ്ക്ക് കാലത്ത് 9 നേ നട അടയ്ക്കൂ. ഏകാദശിദിവസം രാവിലെ 8.30 ഓടെ ശിവേലി കഴിയും. ശേഷം ഉദയാസ്തമയ പൂജനടക്കും. ഈ ദിവസം ഏകദേശം 2 മണിയോടെയാണ് ഉച്ചപൂജക്കുശേഷം ഉച്ചശീവേലി നടക്കുക. വൈകീട്ട് ദിപാരാധനയും അത്താഴപൂജയും കഴിഞ്ഞാല്‍ വിളക്കിന് എഴുന്നള്ളിപ്പ്. ഏകാദശിദിവസം രാത്രിയോടുകൂടി കൂത്തമ്പലത്തില്‍ ദ്വാദശിപ്പണം സമര്‍പ്പണം നടക്കും. ഏകാദശി തൊഴാനെത്തി ദ്വാദശിപണം സമര്‍പ്പിച്ച് മടങ്ങുമ്പോള്‍ ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹത്തോടൊപ്പം ഭക്തര്‍ക്ക് സായുജ്യമടയാന്‍ അഗ്‌നിഹോത്രികളുടെ അനുഗ്രഹവുമുണ്ടാകും. പതിനായിരങ്ങളാണ് ഈ പുണ്യദിനങ്ങളില്‍ ഗുരുപവനപുരിയില്‍ എത്തിച്ചേരുന്നത്. ഏകാദശിനോറ്റ് ദ്വാദശിപ്പണം സമര്‍പ്പിച്ച് മഹാബ്രാഹ്മണരുടെ അനുഗ്രഹം തേടണം. ഇതാണ് ഗുരുവായൂരിലെ ദ്വാദശിപണച്ചടങ്ങ്. ഏകാദശിദിവസത്തെ സദ്യയും ദ്വാദശി ഊട്ടും ത്രയോദശി ഊട്ടും ദേവസ്വം വകയാണ്. ത്രയോദശിദിവസം പരദേശി സമ്പ്രദായത്തിലുള്ള സദ്യയാണ് പതിവ്. ത്രയോദശിയോടുകൂടി ഏകാദശിയുടെ ചടങ്ങുകള്‍ അവസാനിക്കും.
ഗജഘോഷയാത്ര
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ശ്രീഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചത് 1976 ലെ ഗുരുവായൂര്‍ ഏകാദശിദിവസമായിരുന്നു. ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചുകൊണ്ട് എല്ലാവര്‍ഷവും ദശമിദിവസം ഗുരുവായൂര്‍ ദേവസ്വത്തിലെ എല്ലാ ആനകളേയം പങ്കെടുപ്പിച്ച് ഗജഘോഷയാത്രയും കേശവന്റെ പ്രതിമയില്‍ ഹാരാര്‍പ്പണവും ആനയൂട്ടും നടത്തുന്നു. മഹാഭാരതയുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് ഈദിനത്തിലായിരുന്നു. വൃന്ദാവനത്തില്‍ ഗോവിന്ദപട്ടാഭിഷേകം നടന്നതും ആദിശങ്കരാചാര്യര്‍ ഗുരുവായൂരിലെത്തിയതും ഈ ദിനത്തിലാണ്. ശങ്കരാചാര്യസ്വാമികള്‍ ഇവിടെയെത്തി നിത്യപൂജാവിധാനങ്ങള്‍ ചിട്ടപ്പെടുത്തി. അന്നത്തെ ചടങ്ങുകളാണ് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
വ്രതമഹിമ
വ്രതങ്ങളില്‍ ശ്രേഷ്ഠമാണ് ഗുരുവായൂര്‍ ഏകാദശിവ്രതം.
എല്ലാഏകാദശിയും വിശിഷ്ടമാണെങ്കിലും ഗുരുവായൂരിലെ ഉത്ഥാനഏകാദശിക്ക് പ്രത്യേകപ്രാധാന്യമാണുള്ളത്. സ്ത്രീപുരുഷ ഭേദമില്ലാതെ അനുഷ്ഠിക്കാവുന്ന വ്രതമാണിത്. ദശമി,ഏകാദശി,ദ്വാദശി എന്നിങ്ങനെ 3 തിഥികളിലായാണ് വ്രതനാളുകള്‍ വരുന്നത്. ദശമിയിലും ദ്വാദശിയിലും ഒരിക്കലും ഏകാദശിക്ക് പൂര്‍ണ ഉപവാസവുമാണ്. ഏകാദശിയുടെ തലേന്ന് ഉച്ചഭക്ഷണം കഴിഞ്ഞാല്‍ മറ്റൊന്നും കഴിക്കരുത്. കട്ടിലിന്‍മേലോ മെത്തയിലോ കിടക്കരുത്. ഏകാദശിനാള്‍ വെളുപ്പിന് കുളിച്ച് ശരീരശുദ്ധിവരുത്തി വെളുത്തവസ്ത്രം ധരിക്കണം. എണ്ണതേച്ചുകുളിക്കരുത് . താംബൂലചര്‍വണം ഉപേക്ഷിക്കണം, ഉണ്ണുവാന്‍ പാടില്ല, പകല്‍ ഉറങ്ങരുത്, ദാഹം മാറ്റാന്‍ തുളസീദളമിട്ട വെള്ളം മാത്രമേ കുടിക്കാവൂ, ശുദ്ധോപവാസമാണ് വേണ്ടത്. അന്യചിന്തകള്‍ പാടില്ല. തെളിഞ്ഞമനസ്സോടെ ഭഗവദ്‌നാമങ്ങള്‍ ഉരുവിടണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മന്ത്രങ്ങള്‍ 108 തവണ ജപിക്കുന്നതും വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും ഭാഗവതം ,നാരായണീയം ,ഭഗവത്ഗീത എന്നീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ഉത്തമമാണ്.
ഏകാദശിനാളില്‍ തുളസീ പൂജയും വിശേഷമാണ്. ദ്വാദശിനാളില്‍ ഹരിവാസരസമയത്തിനുശേഷം വിഷ്ണുദര്‍ശനം ചെയ്ത് പാരണവീടുംമുമ്പ് തുളസിച്ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതും തുളസീപ്രദക്ഷിണവും ശ്രേഷ്ഠമാണ്. മലരും തുളസിയിലയും ഇട്ടതീര്‍ഥം സേവിച്ചശേഷമേ വ്രതം അവസാനിപ്പിക്കാവൂ.
No comments:
Post a Comment