ചിദാകാശത്തെ അനുഭവിച്ച് അറിയുക
Friday 7 February 2020 3:00 am IST
തിരിച്ചറിവോടുകൂടിയ മനസ്സ് അതിന്റെ പൂര്‍ണരൂപത്തില്‍ കാണാവുന്നത് മനുഷ്യനില്‍ മാത്രമാണ്. മറ്റുജീവികളെല്ലാം ബോധത്തിന്റെ പലഅളവുകളിലായി, പല തട്ടുകളിലാണുള്ളത്. എല്ലാ ജീവജാലങ്ങളിലും അതു തന്നെയാണ് ഉള്ളതെങ്കിലും ഈ മഹാബോധത്തിന്റെ, ധ്യാനാത്മകതയുടെ ജൈവസൂചകങ്ങള്‍ വ്യക്തമാക്കിത്തരുന്ന ഉരഗ, പക്ഷിമൃഗാദികളെയാണ് നമ്മള്‍ ആരാധിച്ചു വരുന്നത്. ഒരേയൊരു ആകാശവും ഒറ്റമഹാബോധവും മാത്രമേ പ്രപഞ്ചത്തിലുള്ളൂ എന്നു ധരിച്ചിരിക്കുന്ന ചില ആധുനികരും ശാസ്ത്രബോധമുള്ളവരെന്ന് നടിയ്ക്കുന്നവരുമാണ് ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരായി ശബ്ദമുയര്‍ത്തുന്നത്. അവര്‍ സത്യത്തിന്റെ ഒരു വശം മാത്രം കാണുന്നവര്‍. അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇങ്ങനെയാണ്; ഈ പറയുന്ന മഹാബോധവും മഹാകാശവുമൊക്കെ അനുഭവിച്ചറിയാനുള്ള ഉപകരണമായി നേരത്തേ വ്യക്തമാക്കിയ സവിശേഷതകളോടുകൂടിയ മനുഷ്യശരീരം തന്നെവേണം എന്നതാണ്.
ഒരു വ്യക്തിയുടെ ശരീരം നശിച്ചാലും അയാളുടെ ആന്തരിക ആകാശം മഹാകാശത്തില്‍ നിലനില്‍ക്കും. ദൃശ്യമാധ്യമങ്ങളിലെ സാങ്കേതിക സംവിധാനങ്ങള്‍ ദൃശ്യശ്രാവ്യ പരിപാടികള്‍ തരംഗരൂപത്തില്‍ പുറത്തുവിടുന്ന അതേ പ്രക്രിയയാണ് മനുഷ്യമസ്തിഷ്‌ക്കവും നിര്‍വഹിക്കുന്നത്. അവ നമുക്ക് ഗോചരമല്ലെങ്കിലും ആകാശത്ത് നിലനില്‍ക്കുന്നില്ല എന്നു പറയാനാവില്ല. ആന്തരിക ആകാശം (ചിദാകാശം) തുറക്കാനായാല്‍ അത് നമുക്ക് ദൃശ്യമാകും.
ക്ഷേത്രങ്ങളില്‍ സംഭവിക്കുന്നതും ഇതു തന്നെയാണ്. ഓരോ ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠ അവിടെ ആകാശത്തില്‍ ആ ദേവതകളുടെ മൂര്‍ത്തരൂപം നിലനില്‍ക്കുന്നു എന്നതിന്റെ പ്രതീകമാണ്. നിരന്തര സാധനകളിലൂടെ നമ്മുടെ അന്തരംഗം തുറക്കപ്പെടുമ്പോള്‍ ആ മൂര്‍ത്തീരൂപം കാണുവാനും അനുഭവിക്കുവാനും കഴിയുന്നു. മാത്രമല്ല, ഇങ്ങനെ ചിന്തിച്ചാല്‍ കോമരവും വെളിച്ചപ്പാടുമെല്ലാം തുള്ളുന്നത് ശാസ്ത്രീയമായി യുക്തിക്ക് നിരക്കുന്നതാണെന്ന് കാണാം. തുള്ളിക്കഴിഞ്ഞ് ശരീരം തളര്‍ത്തി മനസ്സ് ഇല്ലാതാക്കുകയും ചിദാകാശത്തെ ഒരു മാധ്യമമാക്കി മാറ്റുകയുമാണ്. കോമരം തുള്ളുന്ന കാവിന്റെ ആകാശത്ത് നിലനില്‍ക്കുന്ന സങ്കല്‍പതരംഗങ്ങള്‍ ആ കോമരത്തിന്റെ ആന്തരിക ആകാശത്തിലൂടെ ബഹിര്‍ഗമിക്കപ്പെടുന്നു. പുറത്തുള്ള ആകാശവും ആന്തരിക ആകാശവും ശരീരഘടനയുടെ പരിമിതികളെ മറികടന്നൊന്നാകുന്ന അവസ്ഥയില്‍ അങ്ങനെ സംഭവിക്കും. അതാണ് വെളിപാടുകള്‍.
ഒരര്‍ഥത്തില്‍ മറ്റു മതങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതും ദൈവം ആകാശങ്ങളിലിരിക്കുന്നു എന്നാണ്. ആ ആകാശമേത് എന്ന് കണ്ടെത്തി അനുഭവിച്ച് അറിയേണ്ടത് സാധകന്റെ (ഭക്തന്റെ) ഉത്തരവാദിത്വമാണ്. അപ്പോഴാണ് ശങ്കരാചാര്യ വചനങ്ങളുടെ ആഴവും നമ്മളറിയുക. 'അഹം ബ്രഹ്മാസ്മി; തത്വം അസി'.
No comments:
Post a Comment