Saturday, February 08, 2020

ജ്ഞാനമൂര്‍ത്തിയായ കാര്‍ത്തികേയന്‍

Saturday 8 February 2020 6:44 am IST
മകരമാസത്തിലെ പൂയം നക്ഷത്രം തൈപ്പൂയം എന്ന് പ്രസിദ്ധമാണ.് സുബ്രമണ്യ സ്വാമിയുടെ ജന്മദിനം.  'ഓം നമഃശിവായ 'മഹാദേവനെ പ്രതിനിധാനം ചെയ്യുന്നതുപോലെ 'ഓം ശരവണ ഭവ' എന്ന മന്ത്രം ജ്ഞാനമൂര്‍ത്തിയായ മുരുകന്‍ എന്ന സുബ്രഹ്മണ്യനെ പ്രതിനിധാനം ചെയ്യുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ ജ്ഞാനമാകുന്ന പ്രകാശത്തെ ഉദ്ദീപിപ്പിക്കുന്ന മന്ത്രമായാണിത് അറിയപ്പെടുന്നത്. ഈ ഷഡാക്ഷര മന്ത്രത്തിലെ ഓരോ അക്ഷരവും അര്‍ഥമാക്കുന്നത് ഇതാണ്: 
ശ - ധ്യാനത്തിലിരുന്ന് സര്‍വ ജീവജാലങ്ങള്‍ക്കും സുഖത്തെ നല്‍കുന്നത്. 'ശ' എന്ന ബീജാക്ഷരം യഥാര്‍ത്ഥത്തില്‍ ശങ്കരനെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടുതന്നെ ഭഗവാന്‍ മുരുകന്‍ ശിവസുബ്രഹ്മണ്യന്‍ എന്നറിയപ്പെടുന്നു
ര - അഗ്നിബീജമാണത്. ഗുരുപദം ജ്ഞാനാഗ്നിയെ പ്രതിനിധീകരിക്കുന്നതുകൊണ്ട് ലോകഗുരുവായവന്‍ അഥവാ പിതാവിനും ഗുരുവായവന്‍ എന്നര്‍ത്ഥം. ഓംകാരത്തിന് മഹാദേവനായ പിതാവിന് വ്യാഖ്യാനം നല്‍കിയതുകൊണ്ടും ലോകഗുരുസ്ഥാനം ലഭിച്ചു. ശൂരപത്മന്‍ എന്ന അസുരന്‍ യുദ്ധത്തില്‍ ജലപ്രളയമായി വന്നടുത്തപ്പോള്‍ അഗ്നിയായി ആ ജലത്തെ വറ്റിച്ചവന്‍, ദേവസേനാധിപതിയായി എല്ലാ ഉത്തമരേയും കാത്തുരക്ഷിക്കുന്നവന്‍ എന്ന് വ്യാഖ്യാനം
വ - വരുണനെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്. ജലത്തിനും കാരകമായവന്‍. ഗംഗയടക്കമുള്ള പുണ്യതീര്‍ത്ഥങ്ങളില്‍ ഉണ്ണിയായി രമിക്കുന്നവന്‍
ണ - കര്‍മങ്ങളെല്ലാം ചെയ്തവസാനിപ്പിച്ച് നിഷ്‌ക്രിയത്വം കൈവരിച്ചവന്‍. ജ്ഞാനമൂര്‍ത്തിയായതിനാല്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചവന്‍*.
ഭ - ചതുര്‍വേദങ്ങള്‍, ഉപവേദങ്ങള്‍, വേദാംഗങ്ങള്‍ എന്നിവയ്ക്ക് അധിപന്‍. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, പന്ത്രണ്ട് രാശികള്‍ എന്നിവയെ തന്നിലൊതുക്കിയവന്‍
വ - രണ്ടാമത്തെ 'വ' എല്ലാം പരിശുദ്ധമാക്കുന്നവന്‍ എന്നത്രെ. ഇവിടെയും ജ്ഞാനാഗ്നികാരകനാണ്
ഓം ശരവണ ഭവഃ എന്ന ഷഡാക്ഷര മന്ത്രത്തെ പ്രതിനിധാനം ചെയ്ത സുബ്രഹ്മണ്യന് ആറ് പടൈ വീടുകള്‍ എന്ന പേരില്‍ പ്രസിദ്ധമായ ആറ് ക്ഷേത്രങ്ങളുണ്ട്, പഴനി, തിരുവേരകം (സ്വാമി മല), തിരുപ്പറ കുണ്ഡ്രം, തിരുത്തണി, പഴമുതിര്‍ചോലൈ, തിരുചന്തൂര്‍ എന്നിവയാണവ. 

No comments: