Thursday, May 03, 2018

വാസുദേവഭട്ടതിരി

ദേശം

കൊച്ചിയില്‍ തൃശ്ശൂരിനു സുമാര്‍ എട്ടു നാഴിക തെക്കായി സുപ്രസിദ്ധമായ പെരുവനമെന്ന മഹാക്ഷേത്രവും, അതിനു് അരനാഴിക വടക്കു മാറി തിരവളക്കാവു് (തിരവള്ളക്കാവെന്നും പറയും; സംസ്കൃതത്തില്‍ വലപുരം) എന്ന ശാസ്താവിന്റെ അമ്പലവും സ്ഥിതിചെയ്യുന്നു. അതിനു് ഒരു നാഴിക വടക്കായി പട്ടത്തു് എന്നൊരില്ലമുണ്ടു്. ആ ഇല്ലക്കാര്‍ക്കാണു് തിരവളക്കാവമ്പലത്തില്‍ ഇന്നും ശാന്തി. വാസുഭട്ടതിരി ജനിച്ചതു പ്രസ്തുതകുടുംബത്തിലാകുന്നു.

ഐതിഹ്യം

ഭട്ടതിരിയെപ്പറ്റി ആസത്യമെങ്കിലും ശ്രവണപ്രിയമായ ഒരൈതിഹ്യമുണ്ടു. ബാല്യകാലത്തില്‍ തീരെ അവ്യുല്‍പന്നനാകയാല്‍ ജനങ്ങള്‍ അദ്ദേഹത്തെ പരിഹാസമായി വാതു എന്നു വിളിച്ചുവന്നു. ശാസ്താവിനെപ്പറ്റി അദ്ദേഹത്തിനുള്ള ഭക്തി അളവറ്റതായിരുന്നു. ഒരു ദിവസം അത്താഴപൂജ കഴിഞ്ഞു മഴയുടെ ആധിക്യം നിമിത്തം ഇല്ലത്തേയ്ക്കു തിരിച്ചുപോകുവാന്‍ തരമില്ലാതെ തീര്‍ന്ന അവസരത്തില്‍ അനന്യശരണനായി അദ്ദേഹം ശാസ്താവിനോടു തന്റെ സങ്കടം നിവേദനംചെയ്തു. അപ്പോള്‍ തിടപ്പള്ളിയിലുള്ള വിറകെടുത്തു തീകായുന്നതിനും അതിന്റെ ഒരു മൂലയില്‍ ഒരു കദളിപ്പഴക്കുല വച്ചിരുന്നതെടുത്തു തിന്നുകൊള്ളുന്നതിനും നിയാഗിച്ചുകൊണ്ടു്
ഒരശരീരിവാക്കുണ്ടായി. അതനുസരിച്ചു പ്രവര്‍ത്തിച്ച നിമിഷത്തില്‍ പ്രതിഭാശാലിയായ ഒരു യമകമഹാകവിയായി അദ്ദേഹം രൂപാന്തരപ്പെട്ടു. പിറ്റേദിവസം കാലത്തു കഴകക്കാരന്‍ ʻഎന്തിനു വിറകെടുത്തു?ʼ എന്നു ചോദിച്ചതിനു ʻധാര്‍ഷ്ട്യക്കാരാ, പോടാʼ എന്നു കലിദിനസംഖ്യ യോജിപ്പിച്ചു് (ഇതേങ്ങനെ കലിദിനസംഖ്യയായി എന്നറിയുന്നില്ല) മറുപടി പറയുകയും വാരസ്യാരുടെ അതേ ചോദ്യത്തിനു ʻʻവിറ കെടുപ്പാന്‍ വിറകെടുത്തു; വിറകെടുത്തു വിറ കെടുത്തുˮ എന്നു യമകാലങ്കൃതമായ വാക്യത്തില്‍ പ്രത്യുത്തരം നല്കി ആ സ്ത്രീയെ ആത്ഭൂതപരവശയാക്കുകയും ചെയ്തു. തത്വം ധരിച്ചപ്പോള്‍ വാരസ്യാര്‍ അവിടെക്കിടന്ന പഴത്തൊലി എടുത്തു തിന്നുകയും തന്നിമിത്തം അവര്‍ക്കും കുറേ താണ രീതിയില്‍ കവനം ചെയ്യുന്നതിനു പാടവം സിദ്ധിക്കുകയും ചെയ്തു. അനന്തരമാണു് ഭട്ടതിരി യുധിഷ്ഠിരവിജയാദി കാവ്യങ്ങള്‍ രചിക്കുവാന്‍ ആരംഭിച്ചതു്. ഇപ്രകാരമാകുന്നു ആ ഐതിഹ്യത്തിന്റെ ഗതി.

ആത്മകഥാകഥനം; യുധിഷ്ഠിരവിജയം

ഭട്ടതിരി സ്വകൃതികളില്‍ തന്നെപ്പറ്റി ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ട്. ആ പ്രസ്താവനകളെ ആദ്യമായി ഉദ്ധരിച്ചുകൊള്ളട്ടെ. യുധിഷ്ഠിരവിജയത്തില്‍ കവി ഇങ്ങനെ പറയുന്നു:
ʻʻഅസ്തി സഗജരാജഗതീ രാജവരോ, യേന ഗതശുഗജരാ ജഗതീ;
ഭീഷണമധികം കവയഃ സ്തുവന്തി ജന്യം യദീയമധികങ്കവയഃ.
തരവോ ഭൂരിച്ഛായാസ്സമാനഫലദായിനീ ച ഭൂരിച്ഛായാഃ;
സവിനയശോഭാ ജനതാ യദ്രാജ്യേ; യസ്യ ഭൂവി യശോഭാജനതാ.
തസ്യ ച വസുധാമവതഃ കാലേ കുലശേഖരസ്യ വസുധാമവതഃ
വേദാനാമധ്യായീ ഭാരതഗുരുരഭവദാദ്യനാമധ്യായീ.

യം പ്രാപ രമാചാര്യം ദേവീ ച ഗിരാം പുരാണപരമാചാര്യം;
യമശുഭസന്തോദാന്തം പരമേശ്വരമുപദിശന്തി സന്തോ ദാന്തം.
ജ്ഞാനസമഗ്രാമേയം നിവസന്തം വിപ്രസത്തമഗ്രാമേ യം,
തിലകം ഭൂമാവാരഹുര്യസ്യാര്‍ത്ഥിഷു ദത്തഭൂതിഭൂമാ വാഹുഃ
സമജനി കശ്ചിത്തസ്യപ്രവണഃ ശിഷ്യോ നുവര്‍ത്തകശ്ചിത്തസ്യ
കാവ്യാനാമാലോകേ പടുമനസോ വാസുദേവനാമാ ലോകേ.
കീര്‍ത്തിമദഭ്രാന്തേന സ്മരതാ ഭാരതസുധാമദഭ്രാന്തേന
ജഗദപഹാസായ മിതാ പാര്‍ത്ഥകഥാ, കല്മഷാപഹാ സാ യമിതാ.ˮ
ʻʻഗജരാജഗതിയും രണശൂരനും പ്രജാക്ഷേമൈകദീക്ഷിതനുമായ ʻകുലശേഖരന്‍ʼ എന്ന മഹാരാജാവു രാജ്യപരിപാലനം ചെയ്യുന്ന കാലത്തു്, വേദാധ്യായിയും ഭഗവദ്ഭക്തനുമായി ʻഭാരതഗുരുʼ എന്നൊരു പണ്ഡിതന്‍ ജീവിച്ചിരുന്നു. പുരാണ പരാമാചാര്യനായ അദ്ദേഹത്തെ ലക്ഷ്മിയും സരസ്വതിയും ഒന്നുപോലെ അനുഗ്രഹിച്ചു. അശുഭവ്യഥയെ ഭഞ്ജിക്കുന്ന ആ ദാന്തനെ സത്തുക്കള്‍ ʻʻപരമാശ്വരന്‍ˮ എന്നു വിളിച്ചുവന്നു. വിപ്രസത്തന്മാരുടെ ഗ്രാമത്തില്‍ നിവസിക്കുന്ന ജ്ഞാനസമഗ്രനും അമേയനുമായ അദ്ദേഹത്തെ ജനങ്ങള്‍ ഭൂമിയുടെ തിലകമെന്നും പറഞ്ഞുവന്നു. അദ്ദേഹത്തിന്റെ വാഹു (ബാഹു) അര്‍ത്ഥികള്‍ക്കു ധാരാളം ധനം വിതരണം ചെയ്തുവന്നു. കാവ്യാവഗാഹത്തില്‍ പ്രഗല്‍ഭമാനസനായ ആ ഗുരുവിന്റെ ഹിതാനുവര്‍ത്തിയും പ്രവണനുമായ ശിഷ്യനായി വാസുദേവനെന്നു പേരോടു കൂടിയ ഒരാളും അക്കാലത്തു ജിവിച്ചിരുന്നു. ഭാരതസുധ ആസ്വദിച്ചു മദഭ്രാന്തനായിത്തീര്‍ന്ന ആ വാസുദേവന്‍ വലുതായ കീര്‍ത്തിയില്‍ ആഗ്രത്തോടുകൂടി പാവനമായ പാര്‍ത്ഥകഥ സംക്ഷിപ്തമായി, ലോകോപഹാസത്തിനു പാത്രമാകത്തക്കവിധത്തില്‍, യമകകാവ്യമായി നിബന്ധിച്ചു.ˮ ഇതില്‍നിന്നു യുധിഷ്ഠിരവിജയകര്‍ത്താവായ വാസുദേവകവി കുലശേഖരന്റെ രാജ്യഭാരകാലത്തു ഭാരതഗുരുവിന്റെ ശിഷ്യനായി ജിവിച്ചിരുന്നു എന്നു വെളിവാകുന്നു. പ്രസ്തുത കാവ്യത്തിന്റെ അപ്രകാശിതമായ ഒരു പഴയ ഭാഷാവ്യാഖ്യാനത്തില്‍ ʻʻകുലശേഖരന്‍, കുലശേഖരചക്രവര്‍ത്തി, ഭാരതഗുരു ഭാരതഭട്ടന്‍ˮ എന്നും, ഒരു സംസ്കൃതവ്യാഖ്യയില്‍ ʻʻഭാരതഗുരുഃ ഭാരതാര്‍ത്ഥോപദേഷ്ടാˮ എന്നും കാണുന്നതുകൊണ്ടു ഭാരതഗുരു എന്ന പേര്‍ മഹാഭാരതത്തിന്റെ അര്‍‌ത്ഥപ്രവചനത്തിലുള്ള പ്രാവീണ്യം നിമിത്തം അദ്ദേഹത്തിനു ലഭിച്ച ബിരുദപ്പോരാണെന്നും, യഥാര്‍ത്ഥനാമധേയം പരമേശ്വരനെന്നായിരിക്കണമെന്നും ഊഹിക്കാം. കേരളോല്‍പത്തിയില്‍ കുലശേഖരന്‍ എന്ന പതിനേഴാമത്തെ പെരുമാള്‍ കേരളം രക്ഷിച്ചപ്പോള്‍ ʻʻമഹാഭാരതഭട്ടതിരിയും വാസുദേവഭട്ടതിരിയും പെരുമാളെക്കണ്ടു വന്ദിച്ചു പെരുമാള്‍ക്കു് അനുഗ്രഹവും കൊടുത്തുˮ എന്നു പറഞ്ഞിരിക്കുന്നു.

ത്രിപുരദഹനം

വാസുദേവഭട്ടതിരിയുടെ ത്രിപുരദഹനം എന്ന യമകകാവ്യത്തില്‍ താഴെ കൊടുക്കുന്ന ശ്ലോകങ്ങല്‍ കാണുന്നുണ്ടു്.
ʻʻഅസ്തി സ കവിലോകനതഃ ക്ഷിതിഭൃ, ദരിര്യസ്യ സൈനികവിലോകനതഃ
ബഹുവിപദി ക്ഷുദ്രവതി ക്ഷ്മാഭൃതി കര്‍വന്‍ പദാനിദിക്ഷു ദ്രവതി.
സാധൂനാം പാതാ യഃ സ്ഥിരവ്രതോ യശ്ച പാപിനാം പാതായഃ
യസ്മാദുര്‍വ്യാപാരം പ്രീതിം യസ്യാമലം വിദുര്‍വ്യാപാരം.

സ്വപദപയോജനതേയം സദൈവ സമ്പാദകം ശ്രിയോജനതേയം
ഭൂതികരം വ്യാലപതി സ്ഫുരല്‍കരം രാജശേഖരം വ്യാലപതി
രാമസമത്വാദേവ ശ്രുത്വാ രാമാഖ്യമകൃത മത്വാ ദേവഃ
യം സ ച രക്ഷോപായം ചക്രേ സ്യ ച കര്‍മ്മജനിതരക്ഷോപായം.
നിജയാ തന്വാ നേത്രപ്രമോദനം പ്രാണിനാം വിതന്വാനേത്ര
മതിബലമാസാദ്യ മിതം പുരദഹനം രവിഭൂവാസമാസാദ്യമിതംˮ
ഈ പദ്യങ്ങളില്‍നിന്നു ʻരവിഭൂʼ അതായതു രവിയുടെ പുത്രനായ ഒരു കവി, കവികള്‍ക്കു് ആരാധ്യനും രാജശേഖരനെന്ന ബിരുദത്താല്‍ അലംകൃതനുമായ രാമനെന്നു തിരുനാമമുള്ള ഒരു മഹാരാജാവിന്റെ കാലത്താണു് ത്രിപുരദഹനം രചിച്ചതെന്നു വിശദമാകുന്നു. ഈ ʻʻരവിപ്രഭൂˮ വാസുഭട്ടതിരിതന്നെയാണെന്നു ത്രിപുരദഹനത്തിനു് ʻഅര്‍ത്ഥപ്രകാശികʼ എന്ന വൃത്തി നിര്‍മ്മിച്ച മൂക്കോലക്കാരനായ നീലകണ്ഠന്‍നമ്പൂരി
ʻʻത്രിപുരദഹനസംജ്ഞം കാവ്യമേതദ്വിധാതും
കവിരഥ രവിസൂനുര്‍വ്വാസുദേവാഭിധാനഃ
നിരുപമചരിതേന സ്വച്ഛമീശാനസംജ്ഞം
നതജനഹിതദം തം സ്തൗതി വിഘ്നാതിഭീതഃˮ
എന്നു പ്രസ്താവിച്ചിട്ടുള്ളതില്‍നിന്നു മനസ്സിലാക്കാം.

ശൌരികഥ

ഭട്ടതിരിയുടെ മറ്റൊരു യമകകാവ്യമായ ശൌരികഥോദയത്തില്‍ (ശൌരികഥയെന്നും പറയും)
ʻʻജയതി സുധാമാരാമഃ ക്ഷിതിപാലഃ കാവ്യവീരുധാമാരാമഃ
ദധദിഭമസ്തകലീലാമംസേന ബിഭര്‍ത്തി യോ യമസ്തകലീലാം.ˮ
എന്നു കാണുന്നതില്‍നിന്നു് ആ കാവ്യവും രാമവര്‍മ്മമഹാരാജാവു രാജ്യഭാരം ചെയ്ത കാലത്തു രചിച്ചതാണെന്നു സിദ്ധിക്കുന്നു. ശൌരികഥയില്‍ കവി ഹരിവംശത്തെയാണ് ഉപജീവിക്കുന്നതു്.

കാലം

യുധിഷ്ഠിരവിജയത്തിനു രാഘവവാരിയരുടെ ʻപദാര്‍ത്ഥചിന്തനംʼ എന്ന വിശ്വോത്തരമായ ഒരു വ്യാഖ്യാനം ഉണ്ടു്. അതില്‍ ʻകുലശേഖരസ്യ=കുലശേഖരനാമ്നഃ കുലാലങ്കാരോയം ഭാവീതി വിചാര്യ ഗുരുഭിസ്തഥാ കൃതനാമധേയസ്യ പട്ടബന്ധ ഇത്യര്‍ത്ഥാദ് ഭവതി, പ്രാഗ് രാമവര്‍മ്മനാമത്വാല്‍ʼ എന്നു ʻകാലേ കുലശേഖരസ്യʼ എന്ന ഭാഗത്തിനു് അര്‍ത്ഥവിവരണം ചെയ്യുമ്പോള്‍ പ്രസ്താവിച്ചുകാണുന്നു. മറ്റൊരു വ്യാഖ്യാതാവായ അച്യുതന്റെ വിജയദര്‍ശികയിലും ʻʻകുലശേഖര ഇത്യഭിഷേകകൃതം നാമ; പിത്രാദികൃതം തു രാമവര്‍മ്മേതിˮ എന്നു പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടു കുലശേഖരനും രാമനും രണ്ടു ഭിന്നന്മാരായ രാജാക്കന്മാരെന്നു സങ്കല്പിക്കേണ്ട ആവശ്യമില്ല. എല്ലാ കേരളചക്രവ‌ര്‍ത്തിമാര്‍ക്കും സുമാര്‍ ക്രി.പി. എട്ടാംശതകം മുതല്‍ക്കു തളിയാതിരിമാര്‍ കുലശേഖരനെന്ന നാമം അഭിഷേകാവസരത്തില്‍ നല്കിയിരുന്നതായി അറിയുന്നു. കുലശേഖര ആഴ്വാരുടെ സുഹൃത്തും മഹാവിദ്വാനുമായി രവി എന്നൊരു നമ്പൂരി ഉണ്ടായിരുന്നതായി മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ രവിയുടെ പുത്രനാണു് വാസുഭട്ടതിരി എന്നു് ഊഹിക്കുന്നതില്‍ അസാങ്ഗത്യമില്ല. അപ്പോള്‍ ആഴ്വാര്‍ തന്നെയാണു് ഭട്ടതിരിയുടേയും പുരസ്കര്‍ത്താവു് എന്നു വന്നുകൂടുന്നു. അഴ്വാര്‍ക്കു രാജശേഖരനെന്നും ഒരു ബിരുദമുണ്ടായിരുന്നതായി ഊഹിക്കുവാന്‍ ത്രിപുരദഹനം വഴികാണിക്കുന്നു.

വാസുദേവവിജയം

യുധിഷ്ഠിരവിജയത്തില്‍ എട്ടും ത്രീപുരദഹനത്തില്‍ മൂന്നും ശൌരികഥയില്‍ മൂന്നും ആശ്വാസങ്ങള്‍ അടങ്ങിയിരിക്കുന്നു. മൂന്നും അതിവിശിഷ്ടങ്ങളായ കാവ്യങ്ങളാണെങ്കിലും അവയില്‍ അഭ്യര്‍ഹിതത്വം യുധിഷ്ഠിരവിജയത്തിനു് തന്നെയാണു്. ഇവകൂടാതെ പാണിനിസൂത്രങ്ങള്‍ക്കു് ഉദാഹരണങ്ങള്‍ കാണിച്ചുകൊണ്ടു് വാസുദേവവിജയം എന്നൊരു ശാസ്ത്രകാവ്യവും ഭട്ടതിരി നിര്‍മ്മിച്ചിട്ടുണ്ടു്. വാസുദേവവിജയം അഞ്ചു സര്‍ഗ്ഗമുള്ളതില്‍ മൂന്നു സര്‍ഗ്ഗമേ കാവ്യമാലയില്‍ പ്രസിദ്ധപ്പെടുത്തീട്ടുള്ളു. അഞ്ചാം സര്‍ഗ്ഗത്തിന്റെ ഒടുവിലത്തെ ശ്ലോകമാകുന്നു താഴെ ഉദ്ധരിക്കുന്നതു്.
ʻʻസന്ധ്യാപയോദരുചിലോഹിതകേ പ്രവീച്യാഃ
പ്രാച്യാ മുഖേവ തമസോദയകാളകേ ച
കല്യാണവേണുദലശൃംഗഗളന്നിനാദൈര്‍-
ഗ്ഗോഷ്ഠം വിഭുര്‍വ്വിവിശിവാന്‍ സഗണഃ പുരാവല്‍ˮ
ʻʻഏതദ്ഗ്രന്ഥരചനേനാസ്യ മഹാവൈയാകരണത്വം പ്രതിയതേˮ എന്നു കാവ്യമാലാപ്രസാധകനായ പണ്ഡിത ശിവദത്തന്‍ പ്രസ്തുത കാവ്യത്തിന്റെ മഹിമയെ പ്രശംസിച്ചിരിക്കുന്നു. ദുരവഗാഹമായ ആ കൃതിക്കു ഗ്രന്ഥകാരന്‍തന്നെ
ʻʻകാവ്യം മയാ വാസുദേവവിജയാഖ്യമകാരി യല്‍
വ്യാഖ്യാപി തസ്യ തന്വീയം ക്രിയതേ പദചന്ദ്രികാ.ˮ
എന്ന പദ്യത്തില്‍ പ്രതിജ്ഞ ചെയ്യുന്നതുപോലെ ʻപദചന്ദ്രികാʼ എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അക്രൂരാഗമനത്തിനു
മുമ്പുള്ള ദശമസ്കന്ധകഥയാണു് അതിലെ പ്രതിപാദ്യവിഷയം. ധാതുപ്രകരണം അദ്ദേഹം സ്പര്‍ശിക്കാത്തതിനാല്‍ പിന്‍കാലത്തു മേല്പത്തൂര്‍ നാരായണഭട്ടതിരി അക്രൂരാഗമനം മുതല്‍ കംസവധം വരെയുള്ള ഇതിവൃത്തത്തെ വിഷയീകരിച്ചു ധാതുകാവ്യം എന്നൊരു ഗ്രന്ഥം നിര്‍മ്മിക്കുകയുണ്ടായി. അതില്‍
ʻʻഉദാഹൃതം പാണിനിസൂത്രമണ്ഡലം
പ്രാഗ്വാസുദേവന; തദൂര്‍ധ്വാതോ പരഃ
ഉദാഹരത്യദ്യ വൃകോദരോദിതാന്‍
ധാരൂന്‍ ക്രമേണൈവ ഹി മാധവാശ്രയാല്‍.ˮ
എന്നു പറഞ്ഞിരിക്കുന്നു. പ്രസ്തുതകാവ്യത്തിനു് ആ കവിചക്രവര്‍ത്തിയുടെ ശിഷ്യന്മാര്‍ രചിച്ചിട്ടുള്ള വ്യാഖ്യാനത്തില്‍ ʻʻവാസുദേവോ നാമ കേരളേഷു പുരുവനജന്മാര്‍ കഞ്ചിദ്വിജന്മാˮ എന്നു സ്പഷ്ടമായി വാസുദേവവിജയകാരന്റെ ജനനസ്ഥലത്തെപ്പറ്റി പറഞ്ഞിട്ടുണ്ടു്.

ഗജേന്ദ്രമോക്ഷം

ഗജേന്ദ്രമോക്ഷം എന്ന കാവ്യത്തില്‍ നിന്നുദ്ധരിക്കുന്നവയാണു് താഴെ കാണുന്ന ശ്ലോകങ്ങള്‍:
ʻʻകലായണം കരുതാദ്വോ ഭൂതാനാമധിപതിസ്സ കരുണാബ്ധിഃ:
രക്ഷാര്‍ത്ഥം സുജനാനാം സന്നിദധത് പുരവനേ രമ്യേ.
ശക്ത്യോഭയരൂപസ്സന്‍ യം കില നാഥസ്സ ഭുവനചക്രസ്യ
ചക്രിണി മാതരി ജനയാംബഭൂവ ജഗദവനജനിതരസം
യസ്യ ച ഭാജകരൂപപ്രസാദതോ വിശ്വവിതതവിമലയശാഃ
രചയാമാസ സുമേധാഃ കഥാസുധാം വാസുദേവകവിഃ.
* * *

ഭക്ത്യാ പ്രണമ്യ ദേവം ഹരിം ഗുരും ശ്രീഗുരുപ്രസാദേന
വൃത്തൈര്‍ഗ്ഗജേന്ദ്രമോക്ഷം ബ്രൂ മസ്തം ശൃണുത വൃത്തജ്ഞാഃˮ
ഒടുവില്‍
ʻʻവൃത്തരത്നാകരപ്രോക്തവൃത്തലക്ഷ്യതയാ ക്രമാല്‍
ഗജേന്ദ്രമോക്ഷസ്സന്ദൃബ്ധോ വാസുദേവേന സാദരംˮ
എന്നും ഒരു ശ്ലോകമുണ്ടു്. ഈ ശ്ലോകങ്ങള്‍ വൃത്തരത്നാകരത്തെ അനുസരിച്ചുള്ള ഒരു വൃത്തശാസ്ത്രഗ്രന്ഥമാണു് ഗജേന്ദ്രമോക്ഷമെന്നും അതിന്റെ പ്രണേതാവു് ഒരു വാസുദേവകവിയാണെന്നും നമ്മെ ധരിപ്പിക്കുന്നു. തിരുവളക്കാവിലെ ശാസ്താവിനെ ആരംഭത്തില്‍ സ്തുതിക്കുന്നു എന്നുമാത്രമല്ല ആ ദേവന്റെ പ്രസാദംകൊണ്ടാണു് വാസുദേവഭട്ടതിരി യമകകാവ്യം രചിച്ചതെന്നും പറയുന്നു. എന്നാല്‍ അദ്ദേഹം ʻവിതതവിമുലയശാഃʼ എന്നും ʻസുമേധാഃʼ എന്നും ആത്മപ്രശംസ ചെയ്യുമെന്നു കരുതാവുന്നതല്ല; എന്നുമാത്രമല്ല വൃത്തരത്നാകരത്തിന്റെ ആവിര്‍ഭാവം ഭട്ടതിരിയുടെ കാലത്തിനു പിന്നീടാണെന്നുള്ളതും നിര്‍വിവാദമാണു്. അതുകൊണ്ടു് പെരുവനത്തെ പശ്ചാല്‍കാലികനായ ഒരു വാസുദേവനാണു് ഗജേന്ദമോക്ഷകാരന്‍ എന്നാണു എനിക്കു തോന്നുത്തതു്. കവിത യമകാലങ്കൃതമല്ല.

നാളോദയം

യുധിഷ്ഠിരവിജയം മുതലായ മൂന്നു യമകകാവ്യങ്ങളിലും കവി ഈരണ്ടു പാദങ്ങളില്‍ മാത്രമേ യമകം ദീക്ഷിച്ചിട്ടുള്ളു. നളോദയം നാലാശ്വാസത്തിലുള്ള ഒരു കാവ്യമാണു്. അതില്‍ നാലു പാദങ്ങളിലും യമകദീക്ഷയുണ്ടു്. അതിന്റെ കര്‍ത്തൃത്വം വളരെക്കാലം പണ്ഡിതന്മാര്‍ കാളിദാസനില്‍ ആരോപിച്ചിരുന്നു, ʻരഘുവംശംʼ ഒന്‍പതാം സര്‍ഗ്ഗം ʻദ്രുതവിളംബിതʼവൃത്തത്തില്‍ രചിതമായിട്ടുകൂടിയും അതില്‍ മനസ്സില്ലാമനസ്സോടുകൂടി മാത്രം യമകനിബന്ധം ചെയ്ത ആ മഹാകവിമൂര്‍ദ്ധന്യനായിരിക്കുകയില്ല യമകജടിലതയ്ക്കു പരമോദാഹരണമായ നളോദയത്തിന്റെ പ്രണേതാവെന്നു് ഊഹിക്കുവാന്‍ വൈഷ്യമ്യമില്ലല്ലോ. പ്രസ്തുതകാവ്യത്തെ വാസുദേവഭട്ടതിരിയുമായി ഘടിപ്പിക്കത്തക്ക നിലയില്‍ ഈയിടയ്ക്കു ചില രേഖകള്‍ കിട്ടീട്ടുണ്ടു്. തഞ്ചാവൂര്‍ സരസ്വതീമഹലിലുള്ള നളോദയത്തിന്റെ ഒരു കൈയെഴുത്തുപ്രതിയില്‍ ʻʻഇതി ശ്രീകവിചക്രചൂഡാമണി ഭട്ടനാരായണസുതരവിദേവ വിരചിതേ നളോദയനാമനി മഹാകാവ്യേˮ എന്നു കാണുന്നു. രാമര്‍ഷി എന്ന പണ്ഡിതന്‍ ക്രി.പി. 1600-ല്‍ രചിച്ചിട്ടുള്ള യമകബോധിനി എന്ന വ്യാഖ്യാനത്തിലും രവിദേവകൃതി എന്നുതന്നെയാണു പറയുന്നതു്. പോരാത്തതിനു ശങ്കരവാരിയരുടെ അനന്തരവനും പദാര്‍ത്ഥചിന്തനകാരന്റെ ഗുരുവുമായ ശ്രീകണ്ഠവാരിയരുടെ രഘൂദയമെന്ന യമകകാവ്യത്തില്‍
ʻʻവ്യവഹാരവിദേവായന്ന്യഞ്ചോത്ര പദൈ സദബ്ജരവിദേവായ
തത്സാരവിദേവായന്ന്യായേ യമകേ നമോസ്തു രവിദേവായˮ
എന്നു താന്‍ മാതൃകയായി സ്വീകരിക്കുന്ന നളോദയത്തിന്റെ കര്‍ത്താവിനെ രവിദേവനെന്ന പേരില്‍ വന്ദിച്ചിരിക്കുന്നതു കൊണ്ടു് ക്രി.പി. പതിനഞ്ചാം ശതകത്തില്‍ കേരളീയര്‍ രവി ദേവനാണു് ആ കാവ്യത്തിന്റെ പ്രണേതാവെന്നു ഗണിച്ചിരുന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. രവിദേവന്‍ എന്നാല്‍ രവിയുടെ പുത്രനായ വാസുദേവന്‍ എന്നു് അര്‍ത്ഥം കല്പിക്കണം. അദ്ദേഹത്തിന്റെ പിതാവു ഭട്ടനാരായണനായിരുന്നു എന്നു് തഞ്ചാവൂരിലെ ആദര്‍ശഗ്രന്ഥത്തില്‍ കാണുന്നതു നിര്‍മ്മൂലമാണു്.
അഥവാ ഭട്ടനാരായണന്‍ രവിയുടെ പിതാവാണെന്നു വരാന്‍ പാടില്ലായ്കയില്ല. നളോദയത്തിനു കേരളീയനായ വിഷ്ണു എന്നൊരു പണ്ഡിതന്റെ വ്യാഖ്യാനമുണ്ടു്. അതില്‍ ഇതിനളോദയേ വാസുദേവകൃതേ ചതുര്‍ത്ഥഃ പരിച്ഛേദഃʼ എന്ന കുറിപ്പിനു പുറമേ മൂലത്തിന്റെ രീതി പിടിച്ചു വ്യാഖ്യാതാവു്—,
ʻʻരവിതനുഭൂയമിതായാഃ കൃതേര്‍ഗ്ഗതിശ്ശബ്ദചിത്രഭൂയമിതായാഃ
ജനഹാസായ മിതായാ ധിയശ്ച വിവൃതാ മയാധുനാ യമിതായാഃˮ
എന്നൊരു ശ്ലോകം കാണുന്നു. ഇനിയും തിരുവനന്തപുരം വലിയ കൊട്ടാരം ഗ്രന്ഥപ്പുരയില്‍ സൂക്ഷിച്ചിട്ടുള്ള നളോദയത്തിന്റെ ഒരു താളിയോലപ്രതിയില്‍
ʻʻഅസ്തി സ രാജാ നീതേ രാമാഖ്യോ യോ ഗതിഃ പരാജാനീതേ
യസ്യ രരാജാനീതേ രത്നാനി ജനഃ കുലേധരാജാനീതേ.
* * * *
അവിദൂരാജാദിത്യാ കൃതാല്പഭേദൈവ ഭ്രസ്സരാജാദിത്യാ
യേന സ രാജാദിത്യാ ത്രിദിവാല്‍ സംയുക്തശത്രുരാജാദിത്യാˮ
എന്നും മറ്റും ചില ശ്ലോകങ്ങള്‍ ഉണ്ടു്. അവ വിശ്വസിക്കാമെങ്കില്‍ നളോദയത്തിന്റെ കര്‍ത്താവും വാസുഭട്ടതിരിതന്നെയാണെന്നും അദ്ദേഹം രാമനെന്നും രാജാദിത്യനെന്നുംപേരുള്ള ഒരു മഹരാജാവിന്റെ ആശ്രിതനായിരുന്നു എന്നും സിദ്ധിക്കുന്നു. ʻരാജാദിത്യ ഇത്യമുഷ്യൈവാഭിഷേകപ്രയുക്തം നാമʼ എന്നു വിഷ്ണു പറയുന്നു. വിഷ്ണുവിന്റെ കാലമേതെന്നറിയുന്നില്ല. അദ്ദേഹം പ്രാചീനനായ ഒരു വ്യാഖ്യാതാവാണെന്നു മാത്രം ഊഹിക്കുവാന്‍ മാര്‍ഗ്ഗമുണ്ടു്. കൊല്ലം ഒന്‍പതാം ശതകത്തില്‍ ശ്രീകണ്ഠന്‍ എന്ന പേരില്‍ ദേശമങ്ഗലത്തു വാരിയത്തു പിതാവും പുത്രനുമായി രണ്ടു പണ്ഡിതവര്യന്മാര്‍ താമസിച്ചിരുന്നു. അവരില്‍ രണ്ടാമത്തെ ശ്രീകണ്ഠന്‍ നളോദയത്തിനു കവിഹൃദയദര്‍പ്പണം എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതിന്റെ ആരംഭത്തില്‍ അദ്ദേഹം
ʻʻഅഭിവന്ദ്യ പരാം വാണീമമലേ ചരണേ ഗുരോഃ
കാവ്യം നളോദയം നാമ വ്യാകരോമി യഥാശ്രുതംˮ
എന്നു പ്രതിജ്ഞചെയ്തു. തദനന്തരം ʻʻശ്രീമാന്‍ മഹാകവിമഹേശ്വരോ വാസുദേവനാമാ വാസുദേവാനുസ്മരണപൂര്‍വ്വകം പ്രണിനീഷിതപ്രബന്ധപ്രതിബന്ധകൃന്തനായ...ˮ എന്നിങ്ങനെ മംഗലാചരണോദ്ദേശം വിവരിക്കുന്നു. ഒടുവില്‍ ʻʻഇതി ശ്രീകണ്ഠാചാര്യപുത്രേണ ശ്രീകണ്ഠേന കൃതേ നളോദയവ്യാഖ്യാനേ കവിഹൃദയദര്‍പ്പണാഖ്യേ ചതുര്‍ത്ഥ ആശ്വാസഃ വാസുദേവായ മഹാകവയേ കാവ്യനിര്‍മ്മാത്രേ നമോ നമഃˮ എന്ന കുറിപ്പിനു പുറമേ
ʻʻനളോദയാഹ്വയസ്യാസ്യ വ്യാഖ്യാ കാവ്യസ്യ നിര്‍മ്മിതാ
ശ്രീകണ്ഠാചാര്യപുത്രേണ ശ്രീകണ്ഠേന മനീഷിണാˮ
എന്നൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ഇതില്‍നിന്നെല്ലാം കേരളീയരുടെ ഇടയിലുള്ള അനുസ്യൂതമായി ഐതിഹ്യം നളോദയം വാസുദേവകൃതമെന്നാണെന്നു സിദ്ധിക്കുന്നു. അതിനെ പശ്ചാല്‍കരിക്കത്തക്ക യാതൊരു തെളിവും ഇതുവരെ കണ്ടുകിട്ടീട്ടുമില്ല.

അര്‍ജ്ജുനരാവണീയവ്യാഖ്യയും മറ്റും

ഭട്ടികാവ്യത്തെ അനുകരിച്ചു വാസുദേവവിജയത്തെപ്പോലെ രചിച്ചിട്ടുള്ള പ്രസിദ്ധമായ ഭട്ടഭൗമന്റെ 17 സര്‍ഗ്ഗത്തിലുള്ള അര്‍ജ്ജൂനരാവണീയമഹാകാവ്യം ഒരു വാസുദേവന്‍ വ്യാഖ്യാനിച്ചിട്ടുണ്ടെന്നുള്ളതിനു്
ʻʻവാസുദേവൈകമനസാ വാസുദേവേന നിര്‍മ്മിതാം
വാസുദേവീയടീകാം താം വാസുദേവോനുമോദതാം,ˮ
എന്നു് ആ വ്യാഖ്യാനത്തില്‍ കാണുന്ന ശ്ലോകം ജ്ഞാപകമാണു്. എന്നാല്‍ വാസുദേവഭട്ടതിരിയാണു് ആ വാസുദേവന്‍ എന്നു പറയുന്നതു നിര്‍മ്മൂലമാകുന്നു. കൃഷ്ണന്‍ എന്നൊരു പണ്ഡിതനാണു് വ്യാഖ്യാതാവിന്റെ ഗുരു. ഭട്ടഭൗമന്‍ വളഭി (ഗുര്‍ജ്ജര)വാസ്തവ്യനുമാണു്. ഈ വളഭി ചിലര്‍ ഭൂമിക്കുന്നതുപോലെ വളര്‍പട്ടണമല്ല. പുരുവനവാസുദേവനും വേദാരണ്യവാസുദേവനും ഒന്നാണെന്നു ചിലര്‍ വിചാരിക്കുന്നതും പ്രമാദംതന്നെ. വേദാരണ്യവാസുദേവനെപറ്റി യഥാവസരം പ്രസ്താവിക്കും.

വ്യാഖ്യാനങ്ങള്‍

യമകപ്രപഞ്ചത്തിന്റെ പിതാമഹന്‍ വാസുഭട്ടതിരിതന്നെയാണെന്നുള്ളതു കേരളീയര്‍ക്കു തുലോം അഭിമാനഹേതുകമാകുന്നു. ʻവ്യാഖ്യാഗമ്യമിദം കാവ്യമുത്സവസ്സുധിയാമലംʼ എന്നു ഭട്ടികാവ്യത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ വ്യാഖ്യാനം കൂടാതെ ഇത്തരത്തിലുള്ള കാവ്യങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നതു വിഷമംതന്നെ. യുധിഷ്ഠിരവിജയത്തിനു് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടു്. (1) ക്രി. പി. പതിനഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്ന കോലത്തുനാട്ടിലെ ʻശ്രീകണ്ഠദാസʼനെന്ന നാമാന്തരത്താല്‍ വിദിതനായ രാഘവവാരിയരുടെ പദാര്‍ത്ഥചിന്തനംതന്നെയാണു് അവയില്‍ പ്രഥമഗണനീയമായിട്ടുള്ളതു്. അതില്‍ യുധിഷ്ഠിരവിജയത്തെ വ്യാഖ്യാതാവു്,
ʻʻവാസുദേവകവേഃ കാവ്യേ ഭവ്യേ കവിഭിരീഡിതേ
വ്യാഖ്യാപി സാ തു ശിക്ഷായൈ മഹത്യൈ ഭവിതാ മമ.
സ്മരത യുധിഷ്ഠിരവിജയം കാവ്യം കര്‍ണ്ണൈകഭൂഷണം വിദുഷാം
ഹാരവദത്യക്തഗുണം ഗുരുതരകൃഷ്ണാര്‍ച്ചിതേജസോല്ലസതം.ˮ
എന്നു വാഴ്ത്തുന്നു. കവിയെപ്പറ്റി ʻʻകവികുലശേഖരഃ കുലശേഖരസഭാസ്താരസഭാജിതകവിതാകൌശലഃ സകലവിദ്യാസാഗര പാരീണശേഷമുഷീകോ, ഗുരുകരുണാകടാക്ഷസംവര്‍ദ്ധിതകവിതാ കല്പലതോപഘ്നതരുഃ മഹാഭാരത ഭട്ടാരകപരമാചാര്യാന്തേവാസീ, വാസുദേവനാമാ വാസുദേവഭക്താഗ്രണീര്‍ദ്വിജന്മകുലപതിലകഃˮ എന്നും പ്രശംസിക്കുന്നുണ്ടു.
(2) ഇതുകൂടാതെ ʻശ്രീകണ്ഠപ്രിയശിഷ്യʼനായ ഒരു പണ്ഡിതന്റെ ʻപദാര്‍ത്ഥദീപികʼ എന്ന ഒരു വ്യാഖ്യാനവും കണ്ടുകിട്ടീട്ടുണ്ടു്.
ʻʻവാസുദേവസ്യ കാവ്യം യദ് ഗംഭീരഗഹനാര്‍ത്ഥകം;
തന്മന്ദോപി ന ജിഹ്രേമി വ്യാചികീര്‍ഷുര്യഥാശ്രുതംˮ
എന്നു് ഉപക്രമത്തില്‍ ആ പണ്ഡിതന്‍ കവിയെ പുകഴ്ത്തുന്നു. ശ്രീകണ്ഠദാസനും ശ്രീകണ്ഠപ്രിയശിഷ്യനും ഒരേ ശ്രീകണ്ഠന്റെ ശിഷ്യന്മാരാണോ എന്നു നിശ്ചയമില്ല.
(3) ʻʻവാസുദേവകവിനാ കൃതസ്തു യഃ
കാവ്യബന്ധ ഇയമസ്യ സല്‍പ്രിയാ
കാമിനീവ രസഭാവദര്‍ശികാ
വ്യാക്രിയാച്യുതകൃതാ വിരാജതേ.ˮ
വാസുദേവകവേഃ കാവ്യം; പാര്‍ത്ഥസ്യ കഥ്യതേ;
വ്യാഖ്യാതാരോ വയം; കിന്തല്‍ സതാം യേന മനോ ഹരേല്‍‍?;
അച്യുതന്റെ വിജയദര്‍ശികയെന്നും ദര്‍ശികയെന്നും പറയുന്ന വ്യാഖ്യാനത്തെപ്പറ്റി മുന്‍പു പ്രസ്താവിച്ചുവല്ലോ. ഈ ശ്ലോകങ്ങള്‍ ആ വ്യാഖ്യാനത്തിലുള്ളതാണു്. അച്യുതന്‍ കേരളീനായിരിക്കാമെന്നു തോന്നുന്നു. (4) ശിഷ്യഹിത എന്ന വ്യാഖ്യാനം കാശ്മീരകനായ രാജാനകരത്നകണ്ഠന്‍ ക്രി.പി. 1661-ല്‍ അറംഗസീബ് ചക്രവര്‍ത്തിയുടെ രാജ്യഭാരകാലത്തില്‍ നിര്‍മ്മിച്ചതായി കാണുന്നു. വൈദേശികളായ വ്യാഖ്യാനങ്ങളില്‍ അതാണു് പ്രധാനം; കാവ്യമാലയില്‍ ആ വ്യാഖ്യാനം പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. (5) കാവ്യപ്രകാശിക എന്നൊരു വ്യാഖ്യാനം ധര്‍മ്മരാജാധ്വരി രചിച്ചിട്ടുണ്ടു്. അദ്ദേഹം ചോളദേശീയനും ശിവക്ഷേത്രാര്‍ച്ചകശിവദ്വിജവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പണ്ഡിതനുമായിരുന്നു. ʻʻസര്‍വ്വജ്ഞാനശിരോമണിഃ പരമശിവയോഗീˮ ശ്രീവാസുദേവകവിഃˮ എന്നു് ആ വ്യാഖ്യാനവും ഭട്ടതിരിയെ പ്രശംസിക്കുന്നു. (6) ശിവദാസന്റെ രത്നപ്രദീപിക മറ്റൊരു വ്യാഖ്യാനമാണു്. (7) ശ്രീരങ്ഗത്തിനുസമീപം ചാത്തന്നൂര്‍ എന്ന ഗ്രാമത്തില്‍ ഭാരദ്വാജഗോത്രജനായി ആച്ചി അമ്മാളുടേയും സുദര്‍ശനഭട്ടന്റേയും പുത്രനായി, രാമചന്ദ്രഭട്ടന്റേയും ഹസ്തിഗിരിഭട്ടന്റേയും ശിഷ്യനായി, ചൊക്കനാഥന്‍ എന്നൊരു പണ്ഡിതനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യാഖ്യാനമാണു് ബാലവ്യുര്‍പത്തികാരിണി.
ʻʻഭാവാദ്യലങ്കൃതിരസധ്വനിഭാസമാനം
ധര്‍മ്മാര്‍ത്ഥമോക്ഷഫലഭാരതബദ്ധസഖ്യം
ദ്രാക്ഷാതിശായിരസവദ്യമകപ്രഭേദം
ശ്രീവാസുദേവകലിതം ഭൂവി കാവ്യമിന്ധേ.

ഗാംഭീര്യാസ്പദവാച്യവാചകതയോ
വ്യാഖ്യാപഥാകോചരം
കാവ്യം; മദ്ധിഷണോ തു മാന്ദ്യവിഭവ–
പ്രാചുര്യപാഥോനിധിഃ;
വ്യാഖ്യാതും പ്രയതേ തഥാപി തദിദം
ഹാ ഹന്ത ഹന്താധുനാ;
സാധ്യാസാധ്യവിവേകശൂന്യഹൃദയ–
സ്സര്‍വത്ര സന്നഹ്യതി.ˮ
എന്നു് ആദ്ദേഹവും മൂലകൃതിയെ വാഴ്ത്തുന്നു. ഇവകൂടാതെ ഒന്നിലധികം ഭാഷാവ്യാഖ്യാനങ്ങളും കാണ്മാനുണ്ടു്. ത്രിപുരദഹനത്തിനു നീലകണ്ഠന്റെ അര്‍ത്ഥപ്രകാശിക എന്നൊരു വ്യാഖ്യാനമുണ്ടെന്നു സൂചിപ്പിച്ചുവല്ലോ. അദ്ദേഹം തന്നെ ശൗരികഥയ്ക്കു തത്വപ്രകാശിക എന്നൊരു വ്യഖ്യാനവും നിര്‍മ്മിച്ചിട്ടുണ്ടു്. അതില്‍ താന്‍ (മുക്തിസ്ഥലോദവസിതന്‍) മുക്കോലക്കാരനാണെന്നു പറയുന്നതിനു പുറമേ രണ്ടു വ്യാഖ്യാനങ്ങളിലും മുക്കോലദുര്‍ഗ്ഗാദേവിയെ വന്ദിച്ചിട്ടുണ്ടു്. പുരുഷോത്തമ സരസ്വതിയുടെ ശിഷ്യനും ഈശാനന്റെ പുത്രനുമായ അദ്ദേഹം കൊച്ചിരാജ്യം രാമവര്‍മ്മവോടുകൂടി ʻരാജരാജʼ മഹാരാജാവു ഭരിക്കുമ്പോള്‍ അര്‍ത്ഥപ്രകാശികയും ഗോദവര്‍മ്മവോടുകൂടി രാമവര്‍മ്മമഹാരാജാവു ഭരിക്കുമ്പോള്‍ തത്വപ്രകാശികയും എഴുതിത്തിര്‍ത്തു. ക്രി.പി. പതിനാറാം ശതകത്തിന്റെ അപരാര്‍ദ്ധമാണു് അദ്ദേഹത്തിന്റെ ജിവിതകാലം. അതുകൂടാതെ ത്രിപുരദഹനത്തിനു ഗോകര്‍ണ്ണത്തുകാരനായ നിത്യപ്രിയമുനിയുടെ പുത്രന്‍ പദാര്‍ത്ഥദീപിക എന്ന വ്യാഖ്യാനവും ശൌരികഥയ്ക്കു നിത്യാമൃതയതി അന്വയബോധിക എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ടു്.

ഐതിഹ്യത്തിലെ അത്യുക്തി

ഭട്ടതിരി തിരുവളക്കാവു ശാസ്താവിന്റെ ഒരു പരമഭക്തനായിരുന്നു എന്നും ആ ഭക്തിയുടെ ഫലമായി അദ്ദേഹത്തിനും സഹജമായുണ്ടായിരുന്ന കവിതാവാസന ബഹുഗുണീഭവിച്ചു എന്നുമുള്ളതിനു സംശയമില്ല. പക്ഷെ വാസുദേവവിജയം നിര്‍മ്മിക്കുന്നതിനുവേണ്ട വ്യാകരണശാസ്ത്രപാണ്ഡിത്യം കേവലമായ ഭക്തികൊണ്ടുസിദ്ധിക്കുമെന്നു വിശ്വസിക്കുവാന്‍ പ്രയാസമുണ്ടു്. അദ്ദേഹത്തിന്റെ ഗുരുവായ ഭരതഭട്ടന്‍ അദ്ദേഹത്തെ ബാല്യത്തില്‍ ആ ശാസ്ത്രം നല്ലതുപോലെ അഭ്യസിപ്പിച്ചിരിക്കണമെന്നുള്ളതു നിസ്സന്ദേഹമാണു്.

സാഹിത്യത്തില്‍ ഭട്ടതിരിയുടെ സ്ഥാനം

ശങ്കരഭഗവല്‍പാദരേയും വില്വമങ്ഗലത്തു സ്വാമിയാരേയും ഒഴിച്ചാല്‍ ഭാരതവര്‍ഷത്തില്‍ സകല പണ്ഡിതന്മാരുടേയും സശിരഃ കമ്പമായ ബഹുമാനം ഇത്രമാത്രം സമാര്‍ജ്ജിച്ചു തന്റെ കവിയശസ്സു ദിക്കുകളിലും വിദിക്കുകളിലും പ്രസരിപ്പിച്ച ഒരു കേരളീയമഹാകവി വാസുദേവഭട്ടതിരിയെപ്പോലെ വേറെയുണ്ടായിട്ടില്ല. അത്തരത്തിലുള്ള ഒരു മഹാനുഭാവനെ—വാഗ്ദേവിയുടെ വാചാമഗോചരമായ ഏതോ ഒരു തരത്തിലുള്ള അനുഗ്രഹം സിദ്ധിച്ചിട്ടുള്ള മഹാകവിശ്രേഷ്ഠനെ—ʻʻപെരുതും യമകഭ്രമം പെടുന്നൊരു ഭട്ടന്‍ˮ എന്നും മറ്റും അവഹേളനം ചെയ്യുന്നതു് അല്പം ആലോചിച്ചു വേണ്ടതാണു്. അന്യന്മാര്‍ക്കു് അത്യന്തം ഭയങ്കരമായ യമകസാഗരത്തില്‍ അദ്ദേഹം അകുതോഭയനായി ഒരു മകരമത്സ്യത്തെപ്പോലെ സ്വച്ഛന്ദവിഹാരം ചെയ്യുന്നു. എത്ര അക്ലിഷ്ടമനോഹരമാണു് അദ്ദേഹത്തിന്റെ പദഗുണം! ഏതെല്ലാം രമണീയങ്ങളായ ആശയങ്ങളാണു് അദ്ദേഹം ആ ശൃംഖലാബന്ധനത്തിനു വിധേയനായി നിന്നുകൊണ്ടു യാതൊരു കൂസലുംകൂടാതെ ആവിഷ്കരിക്കുന്നതു്! ഭട്ടതിരിയുടെ കാലത്തിനു് ഏതാനും ശതകങ്ങള്‍ക്കു മുമ്പുതന്നെ യമകകാവ്യങ്ങള്‍ക്കു സംസ്കൃതസാഹിത്യത്തില്‍ പ്രാധാന്യം സിദ്ധിച്ചുകഴിഞ്ഞിരുന്നു. ഭരതന്‍ നാട്യശാസ്ത്രത്തില്‍ പതിനൊന്നു തരത്തിലുള്ള യമകങ്ങളെ വിവരിക്കുന്നു. ഭാമഹന്‍ അവയെ അഞ്ചായി തരംതിരിക്കുന്നു. ദണ്ഡി, വാമനന്‍, രുദ്രടന്‍, ഭോജന്‍ എന്നീ ആലങ്കാരികന്മാരും യമകത്തിനു് ഒരു മാന്യസ്ഥാനം കല്പിക്കുന്നു. ധ്വനിപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയാണു് യമകം അപ്രധാനമായി പരിണമിച്ചതു്. ഞാന്‍ എല്ലാ യമകകാവ്യങ്ങളേയും പ്രശംസിക്കുന്നില്ല. ʻയുഗേ തുരീയേ യമകപ്രപഞ്ചഃʼ എന്നു നീലകണ്ഠദീക്ഷിതര്‍ പറയുന്നതു കാരണം കൂടാതെയല്ല; എന്നാല്‍ ഭട്ടതിരിയുടെ യമകകാവ്യങ്ങളെ പ്രശംസിക്കാതെയിരിക്കുവാന്‍ ഏതു സഹൃദയനും നിവൃത്തിയില്ല. അത്രയ്ക്കുണ്ടു് അവയുടെ ആകര്‍ഷകത്വം. കലിങ്ഗജനോ വംഗദേശീയനോ ആയ നീതിവര്‍മ്മന്‍ കീചകവധം എന്നു നാലു സര്‍ഗ്ഗത്തില്‍ ഒരു യമകകാവ്യം നിര്‍മ്മിച്ചിട്ടുള്ളതു് ഔത്തരാഹന്മാര്‍ക്കു സുപരിചിതമാണു്. അതു്, യുധിഷ്ഠിരവിജയവുമായി തുലനം ചെയ്യുമ്പോള്‍ പശ്ചാല്‍ഗണനയെമാത്രമേ അര്‍ഹിക്കുന്നുള്ളു. നീതിവര്‍മ്മന്‍ ക്രി. പി. പത്താംശതകത്തോടടുത്താണു് ജീവിച്ചിരുന്നതു്. അങ്ങനെ കാലംകൊണ്ടും കാര്യംകൊണ്ടും ഒന്നാമത്തെ യമകകാവ്യമാണു് യുധിഷ്ഠിരവിജയമെന്നു് എല്ലാവരും സമ്മതിക്കുന്നു. ഇതു കേരളീയര്‍ക്കു പുളകപ്രദമാകേണ്ട ഒരു സംഭവം തന്നെ. ഈ അടുത്ത കാലംവരെ യുധിഷ്ഠിരവിജയം കേരളത്തിലും വെളിയിലും ബാലപാഠ്യഗ്രന്ഥങ്ങളില്‍ ഒന്നായിരുന്നു; സംസ്കൃതത്തില്‍ ശബ്ദവ്യുല്‍പത്തിയുറയ്ക്കുന്നതിനും പ്രത്യേകിച്ചു പദഘടനയുടെ മര്‍മ്മങ്ങള്‍ മനസ്സിലാകുന്നതിനും ഇത്ര പറ്റിയ ഒരു കാവ്യം വേറെയുണ്ടെന്നു തോന്നുന്നില്ല.

ഐതിഹ്യത്തിലെ വാര്യസ്യാര്‍

പാണ്ഡവചരിതമെന്ന പേരില്‍ അജ്ഞാതകര്‍ത്തൃകമായ ഒരു കാവ്യം പന്ത്രണ്ടുസര്‍ഗ്ഗത്തില്‍ ഉണ്ടു്. രചന വളരെ ലളിതമാകുന്നു. യുധിഷ്ഠിരവിജയം പല ആവൃത്തി വായിച്ചു് ആസ്വദിച്ചിട്ടുള്ള ഒരു കവിയുടെ കൃതിയാണതു്.
ʻʻതസ്മൈ നമോസ്തു കവയേ വാസുദേവായ ധീമതേ
യേന പാര്‍ത്ഥകഥാ രമ്യാ യമിതാ ലോകപാവനീ.ˮ
എന്നു ഭട്ടതിരിയെ അതില്‍ സ്തുതിക്കുകയും ചെയ്യുന്നുണ്ടു്. പഴത്തൊലി തിന്ന വാര്യസ്യാരുടെ കാവ്യമാണു് അതെന്നു പറയുന്നതിനു ഞാന്‍ ഒരടിസ്ഥാനവും കാണുന്നില്ല. പഴവും തൊലിയും തിരുവളക്കാവില്‍നിന്നു കോലത്തുനാട്ടു പള്ളിക്കുന്നത്തേയ്ക്കു കൊണ്ടുപോയി ശ്രീകൃഷ്ണവിജയകര്‍ത്താവായ ശങ്കരകവിയേയും അവിടത്തെ ഒരു വാര്യസ്യാരേയും ഭക്ഷിപ്പിക്കുകയും വാര്യസ്യാരെക്കൊണ്ടു ശ്രീരാമോദന്തം ഉണ്ടാക്കിക്കയും ചെയ്യുന്ന മറ്റൊരു ഐതിഹ്യവുമുണ്ടു്. അതിലും എനിക്കൊരു വിശ്വാസ്യതയും തോന്നീട്ടില്ല.
ʻʻഇതയിത വാതു വരുന്നൂ! വെറ്റില തിന്നാഞ്ഞെനിക്കു വാ തുവരുന്നൂ;
കൊടിയിത പയ്യ്യായിനിമേല്‍ കദളീപക്വം ഭുജിച്ചു പയ്യ്യായിനിമേല്‍ˮ
എന്ന ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങള്‍ സതീര്‍ത്ഥ്യന്മാരുടേയും രണ്ടും നാലും പാദങ്ങള്‍ വാസുഭട്ടതിരിയുടേയുമാണെന്നുള്ള ഐതിഹ്യം സത്യമോ അസത്യമോ ആയിക്കൊള്ളട്ടെ. എന്നാല്‍
ʻʻനാഴികമണിയാറായീ നാരീണാം ഭൂഷണൌഘമണിയാറായീ;
അവസരമണയാറായീയംബുധിയില്‍ ഭാനുബിംഭമണയാറായീ.ˮ
എന്ന പദ്യം വാര്യസ്യാരുടെയല്ല, തിരുവിതാങ്കൂര്‍ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ആസ്ഥാനപണ്ഡിതനായിരുന്ന കിളിമാനൂര്‍ വിദ്വാന്‍ കോയിത്തമ്പുരാന്റേതാണെന്നു് എനിക്കു സധൈര്യം പ്രസ്താവിക്കുവാന്‍ സാധിക്കും; അതു് അദ്ദേഹത്തിന്റെ സമകാലികന്മാരില്‍ ഒരാള്‍ തന്റെ മാതുലനും ഗുരുവുമായ ചങ്ങനാശ്ശേരി രാജരാജവര്‍മ്മകോയിത്തമ്പുരാനോടു പറയുകയും ആ വഴി തനിക്കു് അറിവാന്‍ ഇടയാകുകയും ചെയ്തതായി കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ പ്രസ്താവിച്ചിട്ടുണ്ട്.

No comments: