Thursday, May 03, 2018

ശക്തിഭദ്രന്‍ കുന്നത്തൂര്‍ താലൂക്കില്‍പ്പെട്ട കൊടുമണ്‍പകുതിയില്‍ ചെന്നീര്‍ക്കരസ്വരൂപം എന്ന ബ്രാഹ്മണപ്രഭുകുടുംബത്തില്‍ ജനിച്ചു. ആ കുടുംബം ചെങ്ങന്നൂര്‍ഗ്രാമത്തില്‍പ്പെട്ടതായിരുന്നു. ശക്തിഭദ്രന്‍ എന്നതു സ്ഥാനപ്പേരാണു്. സാക്ഷാല്‍ നാമധേയം ശങ്കരനാണെന്നു ചിലര്‍ പറയുന്നു, എങ്കിലും അതിനു് അടിസ്ഥാനം ഒന്നും കണ്ടുകിട്ടീട്ടില്ല. പ്രസ്തുത കുടുംബത്തിലേക്കു തിരുവാര്‍പ്പുക്ഷേത്രത്തില്‍ സമുദായസ്ഥാനമുണ്ടായിരിന്നു. കൊല്ലം 956-ാമാണ്ടിടയ്ക്കു് ആ കുടുംബത്തില്‍ ശക്തിഭദ്രരുസാവിത്രി, ശക്തിഭദ്രരുശ്രീദേവി എന്നീ രണ്ടു് അന്തര്‍ജ്ജനങ്ങള്‍ മാത്രം ശേഷിക്കുകയും അവര്‍ 966-ല്‍ വാക്കവഞ്ഞിപ്പുഴമഠത്തില്‍നിന്നു ദത്തെടുക്കുകയും ചെയ്തു. അങ്ങനെ ആ കുടുംബവക വസ്തുക്കളും മുന്‍പറഞ്ഞ സമുദായസ്ഥാനവും വാക്കവഞ്ഞിപ്പുഴമഠത്തിലേക്കു് അടങ്ങി.

ആശ്ചര്യചൂഡാമണി

ചൂഡാമണി ഏഴങ്കത്തിലുള്ള ഏറ്റവും വിശിഷ്ടമായ ഒരു നാടകമാകുന്നു. അതിലേ (1) ʻʻകരപല്ലവമാത്രമുജ്ജിഹീതേˮ (2) ʻʻഅഭിസരണമയുക്തമങ്ഗനാനാംˮ ഈ രണ്ടു ശ്ലോകങ്ങളും ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന കാശ്മീരകനായ വല്ലഭദേവന്റെ സുഭാഷിതാവലിയുടെ ഒരു മാതൃകയില്‍ ഉദ്ധരിച്ചുകാണുന്നു. അഭിനയത്തിനു് ഇത്ര പറ്റിയതായി സംസ്കൃതത്തില്‍ അധികം നാടകങ്ങളില്ല. രാമായണത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചു പല മഹാകവികളും നാടകങ്ങള്‍ നിബന്ധിച്ചിട്ടുണ്ടെങ്കിലും അവയില്‍ പ്രഥമസ്ഥാനത്തെ അര്‍ഹിക്കുന്നതു് — ചില അംശങ്ങളില്‍ ഉത്തരരാമചരിതത്തെ കഴിച്ചാല്‍ — ഈ നാടകം തന്നെയാണു്. ചൂഡാമണിയില്‍ ഒന്നാമത്തേ അങ്കത്തിനു പര്‍ണ്ണശാലാങ്കമെന്നും രണ്ടാമത്തേതിനു ശൂര്‍പ്പണഖങ്കമെന്നും മൂന്നാമത്തേതിനു മായാസീതങ്കമെന്നും നാലാമത്തേതിനു ജടായുവധാങ്കമെന്നും അഞ്ചാമത്തേതിനു് അശോകവനികാങ്കമെന്നും ആറാമത്തേതിനു് അങ്ഗുലീയാങ്കമെന്നും പേര്‍ പറയുന്നു. ഇവയില്‍ അശോകവനികാങ്കവും അങ്ഗുലീയാങ്കവും അതിപ്രധാനമാണു്. നാലാമങ്കത്തില്‍ നാട്യശാസ്ത്രനിബന്ധനകള്‍ക്കു വിപരീതമായി രാവണനും ജടായുവും തമ്മിലുള്ള യുദ്ധം അഭിനയിക്കേണ്ടതുണ്ടു്. ഖരദൂഷണാദിരാക്ഷസന്മാരുടെ നിഗ്രഹം കഴിഞ്ഞിട്ടു ശൂര്‍പ്പണഖ ശ്രീരാമന്റെ സന്നിധിയെ പ്രാപിക്കുന്ന ഘട്ടത്തില്‍ ഇതിവൃത്തമാരംഭിക്കുകയും അഗ്നിപ്രവേശാനന്തരം സീതാദേവിയുടെ പാതിവ്രത്യമഹിമ കണ്ടു സന്തുഷ്ടരായ ദേവന്മാരാല്‍ പ്രേഷിതനായ നാരദമഹര്‍ഷി ആ പുണ്യശ്ലോകനെ അനുഗ്രഹിക്കുന്ന ഘട്ടത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. കവി മൂലകഥയില്‍നിന്നു് അവസരോചിതമായ പല വ്യതിയാനങ്ങളും സ്വീകരിച്ചിട്ടുണ്ടു്, ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, രാവണന്‍ ഈ നാലുപാത്രങ്ങള്‍ക്കും അദ്ദേഹം വരുത്തീട്ടുള്ള തന്മയത്വം അത്യത്ഭുതമായിരിക്കുന്നു. ഗദ്യവും പദ്യവും രചിക്കുന്നതിനു് അദ്ദേഹത്തിനുള്ള പാടവവും അസാധാരണം തന്നെ. നാടകനിര്‍മ്മാണവിഷയത്തില്‍ ദക്ഷിണാപഥത്തിന്റെ അഭിമാനത്തെ ആദ്യമായി വിജൃംഭണം ചെയ്യിച്ച ഈ കേരളീയന്‍ ആര്‍ക്കും ആരാധ്യനാകുന്നു. ആശ്ചര്യചൂഡാമണിക്കു ʻഭാരദ്വാജഗ്രാമവാസിʼയും ʻകൗമാരിളമതാനുഗʼനുമായ ഒരു പണ്ഡിതന്‍ വിവൃതി എന്ന പേരില്‍ സര്‍വങ്കഷമായ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ശ്രീരാമഭക്തനാണെന്നു വ്യാഖ്യാനത്തിന്റെ ഒടുവില്‍ കാണുന്ന ഒരു ശ്ലോകത്തില്‍നിന്നു് അനുമാനിക്കാം.
ഒന്നോ അധികമോ പൂര്‍വ്വവ്യാഖ്യാതാക്കന്മാരെ വിവൃതിയില്‍ ʻകേചില്‍ʼ എന്നു നിര്‍ദ്ദേശിച്ചു സ്മരിച്ചുകാണുന്നു.

ഇതരഗ്രന്ഥങ്ങള്‍

ശക്തിഭദ്രനു ചൂഡാമണിയുടെ സ്ഥാപനയില്‍ താന്‍ ഉന്മാദവാസവദത്താപ്രഭൃതികളായ കാവ്യങ്ങളുടെ കര്‍ത്താവെന്നു നിവേദനം ചെയ്തിട്ടുള്ളതു് ഓര്‍മ്മിക്കുമല്ലോ. ചൂഡാമണി കൂടാതെ ഉന്മാദവാസവദത്ത മുതലായി മൂന്നു കാവ്യങ്ങളെങ്കിലും അദ്ദേഹം നിര്‍മ്മിച്ചിരിക്കണമെന്നു് ഇതില്‍നിന്നു് ഊഹിക്കാം. അവ ഏതെല്ലാമെന്നറിയുന്നില്ല; ഉന്മാദവാസവദത്തപോലും കണ്ടുകിട്ടീട്ടുമില്ല. ചിലര്‍ അതു വീണാവാസവദത്തമെന്ന നാടകമാണെന്നു വിചാരിക്കുന്നു. എന്നാല്‍ വീണാവാസവദത്തം ശൂദ്രകൃതമെന്നാണു് അഭിയുക്തമതം. ചൂഡാമണിയും, മഹാമഹോപാധ്യായന്‍ ഡോക്ടര്‍ ഗണപതിശാസ്ത്രി ഭാസന്റേതെന്നു പറഞ്ഞു പ്രസിദ്ധപ്പെടുത്തിയ അഭിഷേകനാടകവും പ്രതിമാനാടകവും ഒരു കവിയുടെ കൃതികളാണെന്നു സങ്കല്പിക്കുന്നവരുമുണ്ടു്. ഇതിനൊന്നും തെളിവു പര്യാപ്തമല്ല. കാവ്യങ്ങള്‍ എന്നു പ്രസ്താവിച്ചിട്ടുള്ള സ്ഥിതിക്കു് ഉന്മാദവാസവദത്താദി കൃതികള്‍ നാടകങ്ങളായിരിക്കണമെന്നു നിര്‍ബന്ധമില്ല.

No comments: