താനാരെന്ന അന്വേഷണവും കണ്ടെത്തലുമാണ് ഉപനിഷത്തില്‍ പ്രതിപാദിക്കപ്പെടുന്നത്. വിവിധ വിഷയങ്ങളെ അന്വേഷിച്ചറിയുന്നതുപോലെയുള്ളതല്ല ഈ അന്വേഷണ രീതി. അത് വിഷയിയുടെ സ്വരൂപത്തിലേക്കുള്ള ആഴ്‌ന്നിറങ്ങലാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷത് വിചാരയജ്ഞം പതിനാലാം ദിവസം കേനോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. സര്‍വ്വവിഷയങ്ങളും തന്നെ യാതൊരാത്മാവിനാല്‍ വിവിധ കരണങ്ങളിലൂടെ വിഷയീകരിക്കപ്പെടുന്നുവോ, അങ്ങനെയുള്ള വിഷയിയുടെ സ്വരൂപമാണ് ഉപനിഷത് ബോധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ വിഷയങ്ങളെ അറിയുന്നപോലെ വിശേഷണങ്ങളോടുകൂടിയതല്ല ആത്മജ്ഞാനം. വിഷയങ്ങളെ നല്ലപോലെ അറിഞ്ഞു. നല്ലപോലെ അറിഞ്ഞില്ല എന്നൊക്കെ നമുക്ക് പറയാം. എന്നാല്‍ സര്‍വ്വവിഷയങ്ങളേയും അറിയുന്ന വിഷയിയുടെ സ്വരൂപം "നല്ലപോലെ" എന്ന വിശേഷണത്തിന് അര്‍ഹമല്ല. അതിനാല്‍ ആരാണോ ഞാന്‍ നല്ലപോലെ ആത്മാവിനെ അറിഞ്ഞിരിക്കുന്നുവെന്ന് അറിയുന്നത് അയാള്‍ ഒട്ടും അറിഞ്ഞിട്ടേയില്ല. വിഷയങ്ങളെ അറിയുന്നു എന്ന് നമ്മള്‍ പറയുന്നിടത്തൊക്കെ തന്നെ അതതു വിഷയാകാരവൃത്തി നമ്മുടെ അന്തഃകരണത്തില്‍ രൂപപ്പെടുന്നത്. ഒരേ സമയത്ത് ആയിരക്കണക്കിന് വൃത്തികള്‍ അന്തഃകരണത്തില്‍ ഉദിച്ചുയരുന്നുണ്ട്. സമുദ്രത്തില്‍ ഉദിച്ചസ്തമിക്കുന്ന ആയിരക്കണക്കിന് തിരമാലകള്‍ക്കും അധിഷ്ഠാനം സമുദ്രംതന്നെ. സമുദ്രഭിന്നമായി തിരമാലകള്‍ ഇല്ല. സമുദ്രത്തില്‍ നിന്നുയരുന്നതായി കാണപ്പെടുമ്പോഴും തിര സമുദ്രം തന്നെയാണ്. ഇതുപോലെ നമ്മില്‍ ഉദിച്ചുയര്‍ന്നസ്തമിച്ചു ചരിക്കുന്ന സകല വൃത്തികള്‍ക്കും അധിഷ്ഠാനം ബോധസ്വരൂപമാകുന്നു. ബുദ്ധി പ്രത്യയങ്ങള്‍ ഉദിക്കുന്നത് ബോധത്തില്‍നിന്നാണ്. അസ്തമിക്കുന്നത് ബോധത്തില്‍തന്നെയാണ്. പ്രത്യയരൂപത്തിലിരിക്കുമ്പോഴും ബോധംതന്നെ. ഈ ബോധസ്വരൂപത്തെ "പ്രതിബോധവിദിതം മതം" എന്ന മന്ത്രത്തിലൂടെ കേനോപനിഷത്ത് ഉപദേശിക്കുന്നു. സകല ബൗദ്ധപ്രത്യയങ്ങളുടെയും അടിസ്ഥാനവും പ്രത്യയങ്ങള്‍ക്കിടയ്ക്കുള്ളതും ശുദ്ധബോധം തന്നെ. ഈ ശുദ്ധബോധസ്വരൂപത്തെ സൂക്ഷ്മമായി വിചാരപ്രക്രിയയിലൂടെ അറിയണം. ഈ അറിവാണ് അമൃതത്വത്തെ പ്രദാനം ചെയ്യുന്നത്. ഇതുതന്നെ നമ്മുടെ പരമ ലക്ഷ്യവും. ഈ ലക്ഷ്യപ്രാപ്തിക്കുള്ള വീര്യം തന്നില്‍തന്നെയുണ്ടെന്നറിയണം. അതിനെ ആശ്രയിക്കൂ. ഈ വിദ്യ കൊണ്ട് മാത്രമേ അമൃതപ്രാപ്തിയുള്ളൂ എന്നാണ് ഉപനിഷത് പ്രഖ്യാപിക്കുന്നത്.
No comments:
Post a Comment