Wednesday, May 23, 2018

മതം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ വിളറിപൂണ്ട് ആക്രോശിക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. മതം എന്നാല്‍ മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, പരസ്പരം കലഹിപ്പിക്കുന്നതും വിദ്വേഷം വളര്‍ത്തുന്നതുമാണെന്നും വാദിക്കുന്ന ധാരാളം പേരുണ്ട്. ഈ അഭിപ്രായപ്രകടനങ്ങള്‍ എല്ലാം തന്നെ പാശ്ചാത്യവും സെമിറ്റിക്കുമായ മതസങ്കല്പങ്ങള്‍ക്കൊണ്ടും അവയുടെ ദുര്‍വ്യാഖ്യാനങ്ങള്‍ കൊണ്ടും ഉണ്ടായിട്ടുള്ളവയാണ്. മതാതീതം, മതേതരത്വം, മതരഹിതം, മതവിരുദ്ധം എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഇന്നത്തെ സാമൂഹിക, സാമുദായിക, രാഷ്ട്രീയ മേഖലകളില്‍ ദിനംപ്രതി കേട്ടുക്കൊണ്ടിരിക്കുന്നതാണ്. എന്നാല്‍ മതം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഈ കാഴ്ചപ്പാടുകളില്‍ നിന്നും ഭിന്നമാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ വെളിവാകും. മതം എന്നതിന് സാമാന്യമായി അഭിപ്രായം എന്നാണു നാം അര്‍ത്ഥം കല്‍പ്പിക്കാറുള്ളത്. എന്നാല്‍ "മന് അവബോധനേ" എന്ന ധാതുവില്‍നിന്നു നിഷ്പന്നമായ ഒരു പദമാണ് 'മതം'. ഇതിന് യഥാര്‍ത്ഥമായ ജ്ഞാനം - അനുഭൂതി എന്നാണര്‍ത്ഥം. "'പ്രതിബോധവിദിതം മതം" എന്ന ഉപനിഷദ്വാക്യം തന്നെ അതിനു പ്രമാണമാകുന്നു. ഈ ജ്ഞാനം ആദ്യന്തരഹിതമായ ഒരു പരമാര്‍ത്ഥവസ്തുവാണ്. അതിനാല്‍, ഇത് ഒന്നുമാത്രമാകാനേ തരമുള്ളൂ. അറിയപ്പെടുന്ന സകല വിഷയങ്ങളും നിത്യവും ഏകവുമായ ഈ അറിവിലാണ് പ്രകാശിക്കുന്നത്. ഒരു വ്യക്തിയാല്‍ സ്ഥാപിക്കപ്പെടുന്നതോ, അന്ത്യനാളില്‍ ശിക്ഷാവിധി കല്പ്പിക്കുവാന്‍ കാത്തിരിക്കുന്ന സിംഹാസനസ്ഥന്റെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു സമ്പ്രദായമോ അതിന്റെ പാരമാര്‍ത്ഥിക അര്‍ത്ഥത്തില്‍ മതം ആവുന്നില്ല. ഭാരതീയ ദര്‍ശനങ്ങളിലും സര്‍വജ്ഞനും, പരമാധികാരിയുമായ സര്‍വ്വേശ്വരനെ കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ അത് ആകാശങ്ങള്‍ക്കിടയില്‍ എവിടെയോ സങ്കല്‍പ്പിക്കപ്പെട്ട സ്വര്‍ഗ്ഗത്തിലെ സിംഹാസനത്തില്‍ ഇരുന്നു ശിക്ഷാവിധി നടപ്പാക്കുന്ന നിയമജ്ഞന്‍ അല്ല, മറിച്ച് സകലതിനെയും യമനം ചെയ്യുന്ന സര്‍വജ്ഞനും സര്‍വ്വേശ്വരനുമായ അന്തര്യാമിയാകുന്നു. അവബോധനം എന്ന അര്‍ത്ഥത്തില്‍ മതം എകമാകുന്നു. ആ അറിവാകുന്ന മതത്തെ പണ്ഡിതന്മാര്‍ പലതരത്തില്‍ മനുഷ്യന്‍റെ ആധികാരികതയുടെ വ്യത്യസ്തത നിമിത്തം വിവിധങ്ങളായി തലങ്ങളില്‍ അവതരിപ്പിക്കുന്നു. ഇന്ന് നാം വിവിധമതങ്ങളായി സ്വീകരിച്ചിരിക്കുന്നവയെല്ലാം തന്നെ ആ ഒന്നായ അറിവിനെ സാക്ഷാത്കരിക്കുവാനുള്ള വിചാരധാരകള്‍ ആണ്. ഈ വിചാരധാരകളില്‍ ഉണ്ടാകുന്ന വൈപരീത്യങ്ങള്‍ അറിവിനെ ബാധിക്കുന്നതല്ല. ഈ വൈപരീത്യങ്ങളുടെ പേരിലാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത്. മതങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ അറിവിന്‌ കല്‍പ്പിക്കപ്പെട്ട നാമരൂപങ്ങളെ ചൊല്ലിമാത്രമാണ്. എന്നാല്‍ അറിവ് ഈ നാമരൂപങ്ങളാല്‍ ബാധിക്കപ്പെടാത്തതും സ്വയം പ്രകാശിക്കുന്നതുമാകുന്നു. ഭാരതീയര്‍ ഈ അറിവിനെയാണ് പരമാത്മതത്ത്വമായി കാണുന്നത്. ഭാരതത്തില്‍ മതമെന്നതു മനുഷ്യരുടെ അന്തഃകരണവൃത്തികളെ ആത്മാഭിമുഖമാക്കിത്തീര്‍ക്കുന്ന വിചാരക്രമമാകുന്നു. നമ്മുടെ വിചാരഗതികള്‍ ആത്മാഭിമുഖമായിത്തീരുമ്പോള്‍ നാം സ്വയം മതമുള്ളവരായിത്തീരുന്നു. അങ്ങനെയുള്ള ആഭിമുഖ്യം വിചാരപരമ്പരകളില്‍ അങ്കുരിക്കാത്തവര്‍ മതമില്ലാത്തവരാകുന്നു എന്ന് തന്നെ പറയാം. വിചാരഗതികള്‍ ഈശ്വരനിഷ്ഠയില്‍ അനുഷക്തങ്ങളായിരിക്കുമ്പോള്‍ മതമെന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം പരിസ്ഫുരിക്കുന്നു. ഭാരതത്തിന്റെ മതത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ മടിക്കുന്നതുകൊണ്ടാണ് ചില പാശ്ചാത്യരും നവീനആത്മീയവാദികളും മതാതീതം എന്ന ആശയത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നത്. അതിനാല്‍ അവര്‍ ഭാരതത്തിലെ മതത്തിന്റെ ഭാഗമായ വിഗ്രഹം, അമ്പലം, ആചാരങ്ങള്‍ ഇവയെല്ലാം തള്ളിപ്പറയുകയും അവയുടെ നിരാസമാണ് അനുഭൂതിയുടെ മാര്‍ഗ്ഗമെന്ന് പറയുകയും ചെയ്യുന്നു. എന്നാല്‍ അവയെല്ലാം ആ അവബോധനത്തിലേക്കുള്ള പടികളാണ് എന്ന് അവര്‍ സൗകര്യപൂര്‍വ്വം മറക്കുകയും ഭാരതീയരെ വിഗ്രഹാരാധകര്‍ എന്ന് വിളിച്ചു അധിക്ഷേപിക്കുകയും ചെയ്യുന്നു. വിഗ്രഹം എന്നാല്‍ വിശേഷമായി ഗ്രഹിക്കുന്നത് എന്നാണ് അര്‍ത്ഥം. നിരതിശയമായ പരമാത്മതത്ത്വം അറിവിന്‌ വിഷയമല്ലാത്തതിനാല്‍ അതിനെ വിശേഷമായി ഗ്രഹിക്കേണ്ടതുണ്ട്. അതിനാല്‍ ജാതി, ഗുണം, കര്‍മ്മം മുതലായ ലക്ഷണങ്ങളില്‍ ഏതെങ്കിലും കല്പിച്ചു പരമാത്മസ്വരൂപത്തെ ഗ്രഹിക്കുന്നതിനാണ് വിഗ്രഹാരാധന എന്ന്‍ പറയുന്നത്. നിത്യമേകമനേകാനുഗതം സാമാന്യം എന്ന ന്യായസൂത്രമനുസരിച്ചു മനുഷ്യനില്‍ മനുഷ്യത്വമെന്നപോലെയും, പശുവില്‍ പശുത്വമെന്നപോലെയും, ഘടത്തില്‍ ഘടത്വമെന്നപോലെയും, നിത്യമായും ഏകമായും അനേകങ്ങളില്‍ സമവും വ്യാവര്‍ത്തകവുമായ യാതൊരു ലക്ഷണമാണോ ഉള്ളത് അതാണ്‌ ജാതി. അതുപോലെ കര്‍മ്മങ്ങളോടു കൂടിയോ ഗുണങ്ങളോടു കൂടിയോ പരമാത്മതത്വത്തെ കല്‍പ്പിക്കാം. ഇങ്ങനെ ലക്ഷണങ്ങള്‍ കല്‍പ്പിക്കപ്പെടുന്ന പരമതത്വത്തെ ശബ്ദം, രൂപം, സ്പര്‍ശം തുടങ്ങിയ പ്രതീകങ്ങളിലൂടെ വിശേഷമായി ഗ്രഹിക്കുന്നതാണ് വിഗ്രഹാരാധന. ഈശ്വരന്‍ വിഗ്രഹമല്ല എന്നാല്‍ വിഗ്രഹത്തിലും ഈശ്വരനുണ്ട്. വിഗ്രഹാരാധകനായ ഒരുവന്റെ മനസ്സ് വിഗ്രഹാഭിമുഖമാവുകയല്ല മറിച്ച് വിശേഷമായി ആത്മാഭിമുഖമാവുകയാണ്. ആ അര്‍ത്ഥത്തില്‍ ഒരു ചിത്രം, പ്രതിമ, ക്ഷേത്രം എന്നിവ മാത്രമല്ല ഭാരതീയര്‍ ഏറ്റവും പരിപാവനമായി കരുതുന്നതും ബാഹ്യമായ ഉപാധികള്‍ ഇല്ലാത്തതുമായ പ്രണവത്തിന്റെ ഉപാസന പോലും വിശേഷമായ ഗ്രഹണത്തിനും തദ്വാരാ മനസ്സിനെ ആത്മാഭിമുഖമാക്കുവാനും വേണ്ടിയാണ്. അങ്ങനെ നോക്കുമ്പോള്‍ അവയെ ഒന്നും നിരസിക്കേണ്ടതില്ല. ഇവയെ ഒഴിച്ചു നിര്‍ത്തിയാല്‍ യഥാര്‍ത്ഥ അനുഭൂതിയെ പ്രാപിക്കാന്‍ കഴിയാത്ത സാമാന്യജനത്തിന്റെ ആകുലതകളെ മുതലെടുക്കാനും അത് വഴി അവരുടെ താല്പര്യങ്ങള്‍ അടിച്ചേല്പ്പിക്കാനും മതേതരത്വത്തിന്റെ മുഖംമൂടി അണിഞ്ഞ നവീനവാദികള്‍ക്ക് കഴിയും. അവയെ എല്ലാം അന്ധവിശ്വാസമെന്നും പ്രാകൃതമെന്നും പറഞ്ഞുകൊണ്ട് ഭാരതത്തിന്റെ ധര്‍മ്മത്തെ സെമിടിക് ചിന്തകള്‍ക്ക് തുല്യമായി വളര്‍ത്താന്‍ ആണ് അവര്‍ ഇന്ന് സംഘടിതമായി ശ്രമിക്കുന്നത്. അതിനു ചിലര്‍ വിശ്വാസികളുടെ വേഷവും മറ്റു ചിലര്‍ അവിശ്വാസികളുടെ വേഷവും വേറെ ചിലര്‍ മതാതീത ആത്മീയതയുടെ വക്താക്കളുമാകുന്നു. പാശ്ചാത്യരും അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നവരും ശരിയായ അര്‍ത്ഥത്തില്‍ വിഗ്രഹാരാധകരാണ്. അവര്‍ വിശേഷമായി ഗ്രഹിക്കാന്‍ ഉപയോഗിക്കുന്ന ബിംബങ്ങള്‍ വേറെയാണെന്നു മാത്രം. നിര്‍വിശേഷമായ പരമാത്മചൈതന്യത്തെ പ്രതീകങ്ങള്‍ കൊണ്ട് മാത്രമേ വിശേഷമായി ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. അറിയപ്പെടുന്നതെല്ലാം വിഗ്രഹം തന്നെയാണ്. ഇവയെല്ലാം അനുഭൂതിയാകുന്ന യഥാര്‍ത്ഥമതത്തിന്റെ സാക്ഷാത്കാരത്തിനുള്ള ചവിട്ടുപടികള്‍ ആണ്. ഒരുവന്‍ യാതൊരു ഭാവത്തിലൂടെ ഈശ്വരനെ ഗ്രഹിക്കുവാന്‍ ശ്രമിക്കുന്നുവോ അതിനനുരൂപമായ ഫലമുണ്ടാകുന്നു. "യഥാ യഥോപാസതേ തം ഫലമീയുസ്തഥാ തഥാ ഫലോല്‍ക്കര്‍ഷാപകര്‍ഷൌ തു പൂജ്യപൂജാനുസാരത:" എന്ന പഞ്ചദശീവാക്യം തന്നെ ഇതിനു പ്രമാണമാണ്‌. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉണ്ടായ പാശ്ചാത്യവത്കരണത്തിന്റെ ഫലമായി മതം എന്നത് അതിന്റെ സങ്കുചിതമായ അര്‍ത്ഥത്തില്‍ മാത്രമാണ് നാം പഠിക്കുന്നതും നമ്മെ പഠിപ്പിക്കുന്നതും. നമ്മുടെ ചരിത്രം, സംസ്കാരം, ഭാഷ എന്നിവയില്‍ എല്ലാം തന്നെ മുളയിലേ പാകിയ പാശ്ചാത്യവിത്തുകള്‍ ഇന്ന് വിഷവൃക്ഷങ്ങള്‍ ആയി മാറിയിരിക്കുന്നു. അവയെ വേരോട് പിഴുത് കളഞ്ഞെങ്കില്‍ മാത്രമേ ശരിയായ മതബോധവും രാഷ്ട്രബോധവും നമ്മില്‍ ഉണ്ടാവുകയുള്ളൂ. ആ സാംസ്കാരികമായ മാറ്റം കൊണ്ടേ നമ്മുടെ മതസങ്കല്‍പ്പങ്ങള്‍ ശരിയായ ദിശയില്‍ സഞ്ചരിക്കുകയുള്ളൂ. അത് തന്നെയാണ് മതകലഹങ്ങള്‍ ഇല്ലാതെയാകുവാനുള്ള വഴിയും. ഭാരതത്തെ മതജാതിവര്‍ണ്ണലിംഗവര്‍ഗ്ഗദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുവാന്‍ കഴിയുന്നതും ശരിയായ അറിവ് വിദ്യാഭ്യാസകാലത്തില്‍ തന്നെ കുട്ടികള്‍ക്ക് ലഭ്യമാകാത്തത്‌ കൊണ്ടാണ്. ആ സ്ഥിതിക്ക് മാറ്റം വരുവാന്‍ ഭാരതത്തിന്റെ മതം എന്തെന്ന് നാം അറിയണം. ആ മതം അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ സംഘര്‍ഷരഹിതമായ അനുഭൂതിയാകുന്നു എന്ന് തിരിച്ചറിയണം. അവബോധനം തന്നെയാണ് മതം. അത് നാം ധരിച്ചു വച്ചിരിക്കുന്ന സങ്കുചിത മതസങ്കല്‍പ്പങ്ങളില്‍ നിന്നും ഭിന്നമാണ്‌. ഭാരതം മറ്റുള്ളവയില്‍ നിന്നും വ്യതസ്തമാകുന്നതും അത് കൊണ്ടാണ്. ഈ അര്‍ത്ഥത്തില്‍ മതാതീത ആത്മീയത എന്ന സങ്കല്‍പം എത്രത്തോളം യാഥാര്‍ത്ഥ്യത്തോട് അടുത്തിരിക്കുന്നു? മതത്തെ "അവബോധനം" എന്ന അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍കൊണ്ടാല്‍ അതിനു അതീതമായ ഒരു ആത്മീയത സാധ്യമല്ല. ഏകവും നിത്യവുമായ ജ്ഞാനത്തിനു അതീതമായ ആത്മീയതയോ? അതിനെ സ്വീകരിക്കേണ്ടവര്‍ പാശ്ചാത്യമായ മതസങ്കല്‍പ്പങ്ങളില്‍ നിന്നും അതീതമായ ആത്മീയത എന്ന് പ്രത്യേകം എടുത്തു പറയട്ടെ. എന്തെന്നാല്‍ ഭാരതത്തില്‍ ആത്മീയത എന്നാല്‍ മതത്തിന് അതീതമോ വിപരീതമോ വിരുദ്ധമോ അല്ല. ഭാരതത്തില്‍ മതം എന്നാല്‍ ആത്മാവിനെ അറിയുക തന്നെയാകുന്നു. അവിടെ സംഘര്‍ഷമല്ല, സംബോധനമാണുള്ളത്. അത് എകതയുടെ, പാരസ്പര്യത്തിന്റെ, സര്‍വഭൂതദയയുടെ, സര്‍വ്വാഭിപ്രായസമന്വയത്തിന്റെ സമ്യഗ്ദര്‍ശനമാകുന്നു. അവിടെ മതാതീതത്തിന്റെ കെട്ടുകാഴ്ചകളില്ല. മതരാഹിത്യത്തിന്റെ നിരാസങ്ങളില്ല. മതവിദ്വേഷത്തിന്റെ ആഹ്വാനങ്ങളില്ല. അവിടെ പ്രപഞ്ചവുമായുള്ള സാമരസ്യം സാധ്യമാകുന്നു. സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണ്ണതയെ പ്രദാനം ചെയ്യുന്ന യഥാര്‍ത്ഥ ജ്ഞാനം അഥവാ അനുഭൂതി തന്നെയാകുന്നു ഭാരതത്തിന്റെ മതം...janmabhumi

No comments: