Wednesday, May 23, 2018

ശബരിമലയ്ക്കുള്ള യാത്രാവഴിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശബരീപീഠം. പമ്പയില്‍ വിശ്രമിച്ചശേഷം നീലമലയിലെ അപ്പാച്ചിമേടെന്ന കുത്തനെയുള്ള കയറ്റം കയറി എത്തിച്ചേരുന്നത് നിരപ്പുള്ള, പ്രകൃതി മനോഹരമായ ഒരു ഭൂപ്രദേശത്താണ്. അയ്യപ്പന്മാര്‍ ഇവിടെയുള്ള ശബരീപീഠത്തില്‍ കര്‍പ്പൂരവും കത്തിച്ച്, നാളികേരമുടച്ച് വലംവച്ചു വന്ദിച്ച് മുന്നോട്ടു നീങ്ങുന്നു. പതിനെട്ടാംപടിയും ശബരിമല  ക്ഷേത്രവും കഴിഞ്ഞാല്‍ ഏറ്റവും പരിശുദ്ധമായി കരുതുന്ന കേന്ദ്രം  ശബരീപീഠം തന്നെയാണ്. അതുകൊണ്ടുതന്നെ ഭൗതികതയ്ക്കുപരിയായി മറ്റെന്തോ സൂക്ഷ്മമായൊരു പ്രാധാന്യം കൂടി ഉണ്ടാകാനിടയുണ്ടെന്ന് ചിന്തിക്കാം.
ഹരിഹരാത്മജനായ, ധര്‍മ്മശാസ്താവായ അയ്യപ്പന്റെ സൂക്ഷ്മതത്വം മനുഷ്യശരീരത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നതായി യോഗശാസ്ത്ര വിചാരത്തില്‍ ബോധ്യപ്പെടുന്നതാണ്. മനുഷ്യശരീരത്തിലെ അതിപ്രധാനമായ നാഡി സുഷുമ്‌നയാണെന്നും അതിലെ മൂലാധാര, സ്വാധിഷ്ഠാന, മണിപൂരക, അനാഹത, വിശുദ്ധി, ആജ്ഞാചക്രങ്ങളായ ഷഡാധാരങ്ങള്‍ കടന്നുചെന്നാല്‍ (പടിയാറും കടന്ന് അവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ) ശിവപദമായ സഹസ്രാരമായി. 
മൂലാധാരത്തില്‍ സാക്ഷാല്‍ പരാശക്തി കുണ്ഡിലിനീഭാവത്തില്‍ മൂന്നരചുറ്റായി കിടക്കുന്നു. ഈ ദേവീഭാവത്തെ ഉണര്‍ത്തിയുയര്‍ത്തി സഹസ്രാരപത്മത്തിലെത്തിച്ചു ശിവ-ശക്തി സംയോഗം സാധ്യമാകുന്നതോടെ മോക്ഷപ്രാപ്തിയായി. ഇതാണ് യോഗരഹസ്യം. എന്നാല്‍ ഈ ഉയര്‍ച്ചയ്ക്കു തടസ്സമായി മൂന്ന് ഗ്രന്ഥികള്‍ ഉണ്ട്. മൂലാധാരോപരിയുള്ള ബ്രഹ്മഗ്രന്ഥിയും, മണിപൂരകോപരിയുള്ള വിഷ്ണുഗ്രന്ഥിയും ആജ്ഞാചക്രോപരിയുള്ള രുദ്രഗ്രന്ഥിയുമാണവ. ഉണര്‍വും ഉയര്‍ച്ചയും നേടുന്ന കുണ്ഡലിനിയുടെ പ്രേരണയാല്‍, ഷഡാധാരങ്ങളിലൂടെ ഉയര്‍ന്ന്, വിഷ്ണുഗ്രന്ഥിയേയും രുദ്രഗ്രന്ഥിയേയും ബന്ധിപ്പിച്ച്, വിഷ്ണു-രുദ്ര സംയോഗം പ്രാപ്തമാക്കുമ്പോള്‍ സൂക്ഷ്മതലത്തില്‍, ഹരിഹരാത്മജന്റെ അവതാരമുണ്ടാകുന്നു. ഇതേ സൂക്ഷ്മതത്വത്തെ ശബരിമല യാത്രാ മാര്‍ഗ്ഗത്തേയും പ്രതീകാത്മകമായി, ഷഡാധാര ചക്രതത്വപ്രകാരം, നിശ്ചയിച്ചിരിക്കുന്നു.
ഇപ്രകാരം ചിന്തിക്കുമ്പോല്‍, വിശുദ്ധിചക്രസ്ഥാനമാണ് ശബരീപീഠത്തിനുള്ളത്. വിശുദ്ധി പഞ്ചഭൂതങ്ങളില്‍ ആദ്യത്തേതായ ആകാശത്തെ പ്രതിനിധാനം ചെയ്യുന്നു. അതായത്, നിഷ്പന്ദ, നിരാകാര, നിര്‍ഗുണ, നിരാധാരവും സത്താമാത്രവുമായ ബ്രഹ്മം, സൃഷ്ടിന്മുഖമായി ചലനാത്മകമായി സ്വയംശക്തിയായി ഭവിച്ച്, ദ്വിത്വമായി (ശിവ-ശക്തി) രൂപാന്തരപ്പെട്ട്, മഹാ അഹത്തില്‍ നിന്നും ത്രിഗുണാത്മകമായും പ്രപഞ്ച രൂപീകരണത്തിനുള്ള അടിസ്ഥാനമായ പഞ്ചഭൂതങ്ങളായും (ആകാശം, വായു, അഗ്നി, ജലം,ഭൂമി) രൂപാന്തരം പ്രാപിച്ചു. ഈ പഞ്ചീകരണ പ്രക്രിയയുടെ ആദ്യഭാവം ആകാശമാണ്. ഈ ആകാശ തത്വത്തെയാണ് മനുഷ്യശരീരത്തിലെ വിശുദ്ധിചക്രം (കണ്ഠത്തില്‍-കഴുത്തില്‍) പ്രതിനിധാനം ചെയ്യുന്നത്.
വിശുദ്ധിചക്രത്തിന്റെ പ്രാധാന്യം പല വിധേനയും ഏറെയാണ്. പഞ്ചഭൂതാത്മകമായ പ്രകൃതിയോടൊപ്പം 'അക്ഷര ബ്രഹ്മവും' ചേരുമ്പോഴാണ് പ്രപഞ്ചം സക്രിയവും ചൈതന്യാത്മകവുമാകുന്നത്. തൊണ്ടയില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധിചക്രത്തിന് 16 ദളങ്ങളാണുള്ളത്. ഈ 16 ദളങ്ങള്‍ അക്ഷരശാസ്ത്രപ്രകാരം 'അ' മുതല്‍ 'അം' വരെയുള്ള 16 സ്വരാക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യന്നത്. ജ്ഞാനലബ്ധിയിലൂടെയാണല്ലോ മോക്ഷം ലഭ്യമാകുന്നത്. ഇതിന് അക്ഷരം (ക്ഷരമില്ലാത്തത്-നാശമില്ലാത്തത്-എനര്‍ജി) അനിവാര്യഘടകവുമാണ്.
ഇപ്രകാരം പ്രപഞ്ച ശുദ്ധീകരണവും (ആദ്യം) അക്ഷര/ജ്ഞാന രൂപത്തിന്റെ പ്രാരംഭവും അതായത് മോക്ഷപ്രാപ്തിക്കുള്ള അടിസ്ഥാനം ഇവിടെ, ശബരീപിഠത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നു. പ്രകൃതി-പുരുഷയോഗത്തെ ഈ സ്ഥാനം പ്രതീകാത്മകമാക്കുന്നു. 
 9446376145
നെടുംകുന്നം സി.പി. ഗോപാലകൃഷ്ണന്‍

No comments: