Monday, August 13, 2018

ഉപനിഷത്തിലൂടെ -234
Tuesday 14 August 2018 2:50 am IST
ബൃഹദാരണ്യകോപനിഷത്ത്- 32
അറിവുള്ളവനെന്ന അഹങ്കാരം ശമിച്ച ഗാര്‍ഗ്യനെ രാജാവായ അജാതശത്രു ഉപദേശിക്കാന്‍ തയാറായി. അപ്പോഴൊരു കുഴപ്പം. പ്രതിലോമമായിപ്പോകുമോയെന്ന്.
സ ഹോവാചാജാതശത്രുഃ പ്രതിലോമം ചൈതദ്യദ് ബ്രാഹ്മണ ക്ഷത്രിയ മുപേയാത്
ബ്രഹ്മത്തെ പറഞ്ഞു തരാമെന്ന് കരുതി വന്ന ബ്രാഹ്മണന്‍, പിന്നെ അതിനെക്കുറിച്ച് ശരിക്കറിയാത്തതിനാല്‍ ക്ഷത്രിയനെ സമീപിച്ചത്  പ്രതിലോമമാണ്. എങ്കിലും ഞാന്‍ അങ്ങയ്ക്ക്  ബ്രഹ്മത്തെ ഉപദേശിച്ചു തരാം എന്ന് അജാതശത്രു പറഞ്ഞു.
എന്നിട്ട് ഗാര്‍ഗ്യന്റെ കയ്യും പിടിച്ച് രാജാവ് ഉറങ്ങിക്കിടക്കുന്ന ഒരാളുടെ അടുത്ത് പോയി. ഉറങ്ങുന്നയാളെ മഹാനേ, നല്ല വസ്ത്രം ധരിച്ചവനേ, സോമനായവനേ, രാജാവേ, എന്നിങ്ങനെ വിളിച്ചെങ്കിലും എഴുന്നേറ്റില്ല. പിന്നെ അയാളെ കൈ കൊണ്ട് കുലുക്കി വിളിച്ച് ഉണര്‍ത്തിയപ്പോള്‍ എഴുന്നേറ്റു.
വര്‍ണങ്ങളില്‍ ഏറ്റവും ഉത്തമമാണ് ബ്രാഹ്മണന്റേത്. ആചാര്യത്വത്തിന് അധികാരിയുമാണ്. അങ്ങനെയുള്ളയാള്‍ അത്രയൊന്നും അധികാരമില്ലാത്ത ക്ഷത്രിയനെ ഉപദേശത്തിന് സമീപിച്ചതുകൊണ്ടാണ് വിപരീതമായത് എന്ന അര്‍ത്ഥത്തില്‍ പ്രതിലോമം എന്ന് പറഞ്ഞത്. ബ്രാഹ്മണര്‍ എപ്പോഴും ആചാര്യന്‍മാരായിരിക്കണമെന്നാണ്. ഇക്കാര്യത്തില്‍ തടസ്സമുണ്ടാകുമെന്ന വിഷമം ഇല്ലാതെ ബ്രഹ്മത്തെ പറഞ്ഞു തരാമെന്ന് ഗാര്‍ഗ്യനോട് അജാതശത്രു വാക്ക് കൊടുക്കുന്നു.
 ഉറങ്ങിക്കിടക്കുന്നയാളെ പല പേര് വിളിച്ചെങ്കിലും അയാള്‍ ഉണരുകയോ വിളികേള്‍ക്കുകയോ ചെയ്തില്ല. പിന്നെ കുലുക്കി വിളിക്കേണ്ടി വന്നു.
 സഹോവാചാജാതശത്രു: യെ്രെതഷ ഏതത് സുപ് തേളഭൂത് 
യ ഏഷ വിജ്ഞാനമയഃപുരുഷഃ 
ഗാര്‍ഗ്യനോട് അജാതശത്രു ചോദിച്ചു  ഈ വിജ്ഞാനമയനായ പുരുഷന്‍  ഉറക്കത്തിലായിരുന്നപ്പോള്‍ എവിടെയായിരുന്നു. എവിടെ നിന്നാണ് പിന്നെ തിരികെ വന്നത്? ഗാര്‍ഗ്യന് ഉത്തരം അറിയില്ലായിരുന്നു.
 വിജ്ഞാനം എന്നാല്‍ ബുദ്ധിയാണ്. ബുദ്ധി കൊണ്ട് അറിയപ്പെടുകയും അറിയുകയും ചെയ്യുന്നതാണ് വിജ്ഞാനമയന്‍.
ഉണരുന്നതിന് മുമ്പ് സുഖദുഃഖങ്ങളുടെ അറിവില്ലാത്തതിനാല്‍ അതാണ് ആത്മാവിന്റെ ശരിയായ സ്വഭാവമെന്ന് അറിയണം. അതില്‍ നിന്ന് വിപരീതമാകുമ്പോഴാണ് സംസാരത്തില്‍ പെടുന്നത്. ഇതറിയാനാണ് അജാതശത്രുവിന്റെ പരീക്ഷണവും ചോദ്യവും.
തദേഷാം പ്രാണാ നാം വിജ്ഞാനേന വിജ്ഞാന മാദായ
വിജ്ഞാനമയനായ പുരുഷന്‍ ഉറങ്ങുന്ന സമയത്ത് ഉള്ളത്തിലെ വിശേഷവിജ്ഞാനം കൊണ്ട് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശക്തിയെ എടുത്ത് ഹൃദയാകാശത്തില്‍ ശയിക്കുന്നു. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വയം ഗ്രഹിക്കുമ്പോള്‍ സ്വപിതി എന്ന് പറയുന്നു. അപ്പോള്‍ മൂക്കും വാക്കും കണ്ണും കാതും മനസ്സും ഒക്കെ ഉറക്കത്തിന്റെ പിടിയിലാകുന്നു.
മുന്‍ മന്ത്രത്തില്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരമാണ് ഇവിടെ പറഞ്ഞത്. സുഷുപ്തിയില്‍ വിശേഷ വിജ്ഞാനം കൊണ്ട് ഇന്ദ്രിയങ്ങളെ അവയുടെ പ്രവര്‍ത്തന സാമര്‍ഥ്യത്തില്‍ നിന്ന് പിന്‍വലിക്കുന്നു. എന്നിട്ട് ഹൃദയാന്തര്‍ഭാഗത്തെ ആകാശത്തില്‍ അഥവാ സ്വസ്വരൂപമായ പരമാത്മാവില്‍ ശയിക്കുന്നു. സ്വപിതി എന്ന് ഇതിനെ പറയാന്‍ കാരണം 'സ്വം അപിതി' ആയതിനാലാണ്. സ്വന്തമായ ആത്മാവിനെ അനുഗമിക്കുക എന്നര്‍ത്ഥം. ഈ സമയത്ത്  ഇന്ദ്രിയങ്ങള്‍ പിന്‍വലിക്കപ്പെടുന്നതിനാല്‍ അവയ്‌ക്കൊന്നും പുറംലോകവുമായി ബന്ധമുണ്ടാകില്ല.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments: