ബാലി അമ്പേറ്റ് വീണപ്പോള്‍ മാരുതി രാമനെ സ്തുതിച്ചു. ലക്ഷ്മണന്റെ മുമ്പില്‍ നടന്നുകൊണ്ട് ശ്രീരാമന് ദേവലോകത്തുനിന്നു വീണ യയാതിയെപ്പോലെയും, ലോകാവസാനത്തില്‍ ആകാശത്തുനിന്നു വീണ സൂര്യനെപ്പോലെയും, ആര്‍ക്കും എതിരിടാന്‍ സാധിക്കാത്തവനും, വലിയ കൈയൂക്കുള്ളവനുമായ ഇന്ദ്രപുത്രനെ കാണാന്‍ അടുത്തേയ്ക്കു ചെന്നു. ബാലി മോഹാലസ്യം തീര്‍ന്ന് നോക്കിയപ്പോള്‍ വലതുകരത്തില്‍ വില്ലും, മറ്റെ കൈയില്‍ അമ്പും ആവനാഴിയും ധരിച്ച് മന്ദഹാസത്തോടെ നില്ക്കുന്ന രാമനെ കണ്ടു. ഉടുത്തിരിക്കുന്നതു മരവുരി, തലയില്‍ ജടയാകുന്ന കിരീടം, മാറിടത്തില്‍ വനമാല, അപ്പുറവുമിപ്പുറവുമായി ലക്ഷ്മണനും സുഗ്രീവനും നില്ക്കുന്നു. കോപവും താപവുംകൊണ്ട് കലങ്ങിയ മനസ്സോടെ ബാലി ആക്ഷേപസ്വരത്തില്‍ പറഞ്ഞു. ''അങ്ങ് രാജവംശത്തില്‍ ജനിച്ചതാണെന്നു കണ്ടാല്‍ തോന്നുന്നു. മറ്റൊരാളുമായി യുദ്ധംചെയ്തുകൊണ്ടിരുന്ന എന്നെ രാജധര്‍മ്മം വെടിഞ്ഞ് കളവായി എന്തിനു കൊന്നു? സാമം, ദാനം, ക്ഷമ, ധര്‍മ്മം, സത്യം, ധൈര്യം, പരാക്രമം, കുറ്റക്കാരെ ശിക്ഷിക്കല്‍ ഇവയാണ് രാജധര്‍മ്മം. വീരന്മാര് നേരെനിന്നു പൊരുതി ജയിക്കണം. എന്തിന് ഒളിഞ്ഞുനിന്ന് അമ്പെയ്തു? സുഗ്രീവനുവേണ്ടിയാണ് എന്നെ കൊന്നതെങ്കില്‍ അവനെക്കൊണ്ട് എന്തുനേട്ടമാണുള്ളത്? എന്നാല്‍ സാധിക്കാത്ത കാര്യം എന്താണുള്ളത്? രാക്ഷസരാജാവായ രാവണന് അങ്ങയുടെ ഭാര്യയെ കട്ടതിന് എന്നെ വധിക്കണമായിരുന്നോ? രാവണനെയും ലങ്കാപുരത്തെയും ത്രികൂടപര്‍വതത്തെയും സീതയോടുകൂടി പൊക്കിയെടുത്ത് ഇവിടെകൊണ്ടുവന്നു കാഴ്ചവയ്ക്കുമായിരുന്നില്ലേ? അങ്ങയെ ധര്‍മ്മിഷ്ഠനെന്ന് ലോകര്‍ പറയുന്നു. ഹേ രാഘവാ, കാട്ടാളനെപ്പോലെ ഒരു വാനരനെ ചതിച്ചുകൊന്നതുകൊണ്ട് എന്തുമാനമുണ്ടായി? തിന്നാന്‍വേണ്ടി നഖമുള്ള ജീവികളില്‍ മുള്ളന്‍പന്നി, പന്നി, ഉടുമ്പ്, മുയല്, ആമ എന്നീ അഞ്ചു മൃഗങ്ങള കൊല്ലാം. വാനരമാംസം ഭക്ഷിക്കാന്‍ കൊള്ളില്ല. പിന്നെ എന്നെ കൊന്നതെന്തിന്? ബാലിയുടെ ചോദ്യങ്ങള്‍ തികച്ചും ന്യായമാണെന്നു തോന്നാം. അയാളുടെ വീക്ഷണത്തില്‍ രാമന് ചെയ്തത് അധര്‍മ്മമാണ്. രാമന് ബാലിയെ ഒളിയമ്പെയ്തു കൊന്നത് ശരിയല്ലായെന്നു വാദിക്കുന്നവര്‍ ഇക്കാലത്തുമുണ്ട്. പക്ഷേ രാമന് ബാലിയുടെ തെറ്റുകളും തന്റെ ധര്‍മ്മവും അക്കമിട്ടു സാധൂകരിക്കുന്നു. അതു മുഴുവന്‍ ശ്രദ്ധിക്കാതെ അഭിപ്രായം പറയരുത്.
No comments:
Post a Comment