Friday, September 14, 2018

ഭാരതത്തിന്റെ ശക്തി എന്നും കൃഷിയും കര്‍ഷകനുമായിരുന്നു.  പൗരാണിക കാലം മുതല്‍ കര്‍ഷകരേയും കൃഷിയേയും കുറിച്ച് വര്‍ണ്ണിക്കുന്നതു പുരാണങ്ങളിലൂടെയും പഞ്ചതന്ത്ര കഥകളിലൂടെയും ധാരാളമായി നമ്മള്‍ കേട്ടിട്ടുള്ളതാണ്. കര്‍ഷക രക്ഷയ്ക്കും പ്രശ്‌നപരിഹാരത്തിനുമായി അവതരിച്ചതാണു ശ്രീകൃഷ്ണ സഹോദരനായ ഭഗവാന്‍ ബലഭദ്രര്‍ അഥവാ ബലരാമന്‍. ചെറു പ്രായത്തില്‍ത്തന്നെ സമൂഹരക്ഷകനായിത്തീരും എന്ന് മനക്കണ്ണിലൂടെ കണ്ടറിഞ്ഞ ഗുരു ഗര്‍ഗമഹര്‍ഷിയാണ് ബലരാമന്‍ എന്ന പേര് നിര്‍ദ്ദേശിച്ചത്. കര്‍ഷകര്‍ക്ക് താങ്ങും തണലുമായി നേതൃത്വം നല്‍കുന്നവര്‍ എങ്ങനെ ആയിരിക്കണം എന്ന് ബലരാമന്‍ പ്രവര്‍ത്തികളിലൂടെ കാണിച്ചു തന്നു. 
വൃന്ദാവനത്തില്‍ കളിച്ചു വളര്‍ന്ന ബലരാമന്‍, ദ്വാരകയില്‍ പണിതീര്‍ത്ത കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ക്കിടയിലും, വൃന്ദാവനത്തിലെ കര്‍ഷക സുഹൃത്തുക്കളുടെ ജീവിതത്തെക്കുറിച്ചാണ് ചിന്തിച്ചത്. അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേരുന്നതിനായി ചൈത്ര, വൈശാഖമാസങ്ങളില്‍ ഭഗവാന്‍ അവിടെ എത്തുമായിരുന്നു.  
വരള്‍ച്ചയും വേനല്‍ചൂടും പാരമ്യത്തിലെത്തി നില്‍ക്കുന്ന സമയത്തും അവിടെ ചെല്ലുന്നത് സുഖവാസത്തിനല്ല എന്നു വ്യക്തം. ആ യാത്ര, അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു. വറ്റി വരണ്ട ജലാശയങ്ങളും ഉണങ്ങിക്കരിഞ്ഞ കൃഷിയിടങ്ങളും, ചൂടുകാറ്റിനാല്‍  കാട്ടുതീയെരിയിക്കുന്ന പുല്‍മേടുകളും ഉള്ള വൃന്ദാവന പ്രദേശത്ത് ബലരാമന്‍ എത്തിയത് വൃദ്ധകര്‍ഷകരുടെ കാല്‍തൊട്ടു വന്ദിക്കാനായിരുന്നു. സ്ഥാനമാനങ്ങള്‍ക്കായി വേഷം കെട്ടേണ്ട ആവശ്യം അദ്ദേഹത്തിനില്ലായിരുന്നു. പുല്ലും വൈക്കോലും കിട്ടാതെ വലയുന്ന ഗോക്കളേയും പാലില്ലാത്ത അകിടില്‍ ചപ്പി ദയനീയമായി കരയുന്ന പശുകിടാങ്ങളെയും, ചത്തൊടുങ്ങുന്ന കന്നുകാലി കൂട്ടങ്ങളെയും ആയിരുന്നു അവിടെ ചെന്ന ബലരാമനു  കാണാന്‍ കഴിഞ്ഞത്. ഈ ദാരുണമായ അവസ്ഥ അദ്ദേഹത്തെ അസ്വസ്ഥനാക്കി. അവരുടെ രക്ഷയ്ക്കു സ്വയം ഇറങ്ങി. അന്നും ഇന്നും  തമ്മിലൊരു താരതമ്യം ഇവിടെ രസകരമായിരിക്കും. പ്രശ്‌നങ്ങള്‍ എണ്ണിഎണ്ണിപറഞ്ഞ് പെരുപ്പിച്ച് അന്യരെ കുറ്റപ്പെടുത്തി സ്ഥലം വിടുന്ന ഇന്നത്തെ ശൈലിയായിരുന്നില്ല അദ്ദേഹം സ്വീകരിച്ചത്. പ്രശ്‌നത്തോടുള്ള സമീപനം പ്രസംഗത്തില്‍ പ്രകടിപ്പിക്കാനല്ല പ്രവര്‍ത്തിയില്‍ പ്രതിഫലിപ്പിക്കാനാണ് പ്രവര്‍ത്തിയിലൂടെ ബലരാമന്‍ നമ്മെ പഠിപ്പിച്ചത്. 
ഹല(കലപ്പ), മുസല(ഉലക്ക) ധാരിയും ശക്തിശാലിയും ആയ ബലരാമന്‍, വളരെ അകലെക്കൂടി ഒഴുകിയിരുന്ന യമുനാനദിയെ തന്റെ കലപ്പയുടെ ചാലുവഴി വൃന്ദാവനത്തിലൂടെ ഒഴുക്കി. അവിടം ഫലഭൂയിഷ്ഠമാക്കി. അങ്ങനെയാണു പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്. ബലരാമന് തന്റെ കരുത്ത് മുഴുവനും കയ്യിലെ ആ കലപ്പയിലേക്ക് ആവാഹിക്കാന്‍ ഇന്നത്തെപ്പോലെ ഇരട്ടചങ്കൊന്നും വേണ്ടിവന്നില്ല. കര്‍ഷകരുടെ ദുരിതം കാണുമ്പോള്‍ വെണ്ണപോലെ അലിയുന്ന ഹൃദയമായിരുന്നു അവതാര പുരുഷന്റേത്. അദ്ദേഹത്തിന്റെ ശക്തി, ജനക്ഷേമത്തിനുവേണ്ടിയുള്ള അഭിവാഛ, ദേശസ്‌നേഹ്ത്തിന്റെ മാസ്മരശക്തി, നേതൃത്വ ഗുണം എല്ലാം ഒത്തിണങ്ങി.  ഇത്തരം സംഘര്‍ഷ സമയത്ത് ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കാനുള്ള കഴിവ്, ശക്തി അതാണ് ബലരാമന് സംഘര്‍ഷരാമന്‍ എന്ന പേരു കൂടി ലഭിക്കാന്‍ കാരണം.
ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ഭാരതീയ കിസാന്‍ സംഘ്, ഭഗവാന്‍ ശ്രീ ബലരാമനെ ആദര്‍ശപുരുഷനായി സ്വീകരിച്ചത്. കേരം ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ കര്‍ഷകരുടേയും കുങ്കുമപ്പൂ ഉല്‍പാദിപ്പിക്കുന്ന കാശ്മീര്‍ കര്‍ഷകരുടെയും മുളക് ഉല്‍പാദിപ്പിക്കുന്ന ആന്ധ്രകര്‍ഷകരുടേയും ഗുജറാത്തിലെ ഉലുവ ഉല്‍പാദിപ്പിക്കുന്ന കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍  ഒന്നാണെന്നും അവരെല്ലാം ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആഹാരം ഒരുക്കുന്ന ജനവിഭാഗമാണെന്നുള്ള കാഴ്ചപ്പാടാണ് ഭാരതീയ കിസാന്‍ സംഘിനുള്ളത്. അതിനാല്‍ത്തന്നെ പ്രാദേശികവാദം ഇല്ലാതെയും പ്രാദേശിക കൃഷിരീതിയുടെ അടിത്തറിയിലല്ലാതെയുമാണ് ഭാരതീയ കിസാന്‍സംഘ് പ്രവര്‍ത്തിച്ചു വരുന്നത്. 
ഭാരതത്തിലെ മുഴുവന്‍ കര്‍ഷകരെയും രാഷ്ട്രീയ, ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ ഒന്നായി കാണുകയും അതിന്റെ  അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് കിസാന്‍ സംഘ് ചെയ്തു വരുന്നത്. അഖിലഭാരതീയ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബികെഎസ് ഭഗവാന്‍ ബലരാമന്റെ ജന്മദിനമായ ഭാദ്രപദമാസത്തിലെ വെളുത്ത ഷഷ്ഠദിനം ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നു. JANMABHUMI

No comments: