Sunday, September 09, 2018

ഭാഗവതത്തിലൂടെ/ എ.പി. ജയശങ്കര്‍
Monday 10 September 2018 1:02 am IST
ഭഗവാന്‍ മാത്രമേ സത്യമായിട്ടുള്ളൂ എങ്കില്‍ നാം ഈ കാണുന്ന ഭൂമിയുടേയും മറ്റും സത്യമെന്താണ്? അതെങ്ങനെയുണ്ടായി? ഇതൊന്നും സത്യമല്ലേ? അതോ ഈ സൃഷ്ടികളെല്ലാം തന്നെ മായയാണോ? ബ്രഹ്മാവ്-സൃഷ്ടാവ് ഉണ്ടായതെങ്ങനെ?
ലോകര്‍ക്കുണ്ടായേക്കാവുന്ന പല സംശയങ്ങളും വിദൂരമൈത്രേയ സംവാദത്തില്‍ വിഷയമായി. ധര്‍മദേവാവതാരമായ വിദുരര്‍ക്ക് ഇതൊന്നുമറിയാഞ്ഞിട്ടല്ല. എന്നാല്‍ ലോകോപകാരത്തിനായി, ഭഗവാന്‍ ശ്രീകൃഷ്ണന്‍ മൈത്രേയ മഹര്‍ഷിയെ ഏല്‍പ്പിച്ച അറിവ്, ഒരു പശു ചുരത്തിയ പാല്‍ കിടാവ് വായ്ക്കകത്താക്കുന്നതുപോലെ കറന്നെടുക്കുയാണ് ഉദ്ദേശ്യം. ഇവിടെ ഒരു നല്ല കറവക്കാരന്റെ ചുമതലയാണ് വിദുരര്‍ നിറവേറ്റിയത്. ഇതൊന്നും വിദുരര്‍ക്കുവേണ്ടിയല്ല. മഹാത്മാക്കളുടെ ചിന്തയും വാക്കും പ്രവൃത്തിയും ലോകര്‍ക്കുവേണ്ടിയാണ്. മനസാ വാചാ കര്‍മണാ അവര്‍ ലോകരുടേതാണ്.
യത്‌സേവയാ ഭഗവതഃ കൂടസ്ഥസ്യ മധുദ്വിഷഃ
രതരാസോ ഭവേത്തീവ്രഃ പാദയോര്‍വ്യസനാര്‍ദ്ദനഃ''
ഭഗവാന്‍ മധുവൈരി കൂടസ്ഥനാണ്. ഈ അസ്ഥികൂടത്തിനുള്ളിലിരിക്കുന്നവനാണ്. നമ്മുടെ ഈ ശരീരത്തിനുള്ളിലിരുന്ന് നമ്മിലെ ആസുരികതയെ നശിപ്പിക്കുന്ന ഭഗവാനില്‍ തീവ്രമായ രതിയുണ്ടാകാന്‍ സഹായിക്കുന്നത് സദ്ഗുരുവിന്റെ പാദസേവയാണ്. ആ പാദസേവയ്ക്കു കിട്ടിയ അവസരമാണ് വിദുരര്‍ ഉപയോഗിക്കുന്നത്. ഗുരുവിന്റെ പാദസേവകൊണ്ട് തീവ്രമായ ഭക്തി ലഭിക്കും. ആ ഭക്തിയാല്‍ ജീവന്മുക്താവസ്ഥ കൈവരിക്കും.
ഗുരുഭക്തികൊണ്ടാണ് ഈ ശാസ്ത്രം പ്രകടീകൃതമായിട്ടുള്ളത്. പണ്ട് ബ്രഹ്മാവ് നമസ്‌കരിച്ചപ്പോള്‍ ശ്രീമഹാവിഷ്ണു ചതുശ്ലോകിയായുപദേശിച്ചു. അന്ന് ആദിശേഷനായിരുന്ന ശ്രീ സങ്കര്‍ഷണമൂര്‍ത്തിയും അതു നിഗ്രഹിച്ചു. പിന്നീടൊരിക്കല്‍ സനത് കുമാരാദി മഹര്‍ഷിമാര്‍ ശ്രീസങ്കര്‍ഷണ മൂര്‍ത്തിയെ ഗുരുവായി സങ്കല്‍പിച്ച് ആരാധിച്ചപ്പോള്‍ സങ്കര്‍ഷണമൂര്‍ത്തി അത് അവര്‍ക്കായി ഉപദേശിച്ചു.
സനത് കുമാരമഹര്‍ഷിയോടുള്ള ഭക്തികൊണ്ടാണ് സാംഖ്യായനന്‍ ഈ അറിവുനേടിയെടുത്തത്.
സാംഖ്യായനന്‍ മുഖാന്തിരം പരാശര മഹര്‍ഷിക്കും തുടര്‍ന്ന് ദേവഗുരുവായ ബൃഹസ്പതിക്കും ഇതത്വം ലഭ്യമായി.
പരാശര മഹര്‍ഷിയാണ് എനിക്ക് ആദ്യം ഈ തത്വം ഉപദേശിച്ചു തന്നതെന്ന് മൈത്രേയ മഹര്‍ഷി വിസ്മരിക്കുന്നു.
പരാശരമഹര്‍ഷിയും ശിഷ്യപരമ്പരകളും മുഖാന്തിരം ഭാഗവത തത്വം ലോകത്തില്‍ പ്രചരിച്ച് പരാശരന്‍ അറിയപ്പെടട്ടേയെന്ന് പണ്ട് പുലസ്ത്യമഹര്‍ഷി അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് എനിക്കും ഈ ഉപദേശം ലഭിച്ചതെന്ന് മൈത്രേയ മഹര്‍ഷി വിദുരര്‍ക്കു വ്യക്തമാക്കിക്കൊടുത്തു.
പരാശര പരമ്പരയാണ് ഭൂമിക്ക് ഈ മഹത്തായ സ്വത്ത് സമ്പാദിച്ചു നല്‍കിയത്. സ്വര്‍ഗത്തില്‍ ബൃഹസ്പതിയും ഇത് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. പാതാളലോകത്തില്‍ ആദിശേഷന്‍ സനത്കുമാരാദികള്‍ മറ്റുലോകങ്ങളില്‍ ഭഗവദ്് ലീലകള്‍ വിവരിച്ചു.
പണ്ട് ബൃഹസ്പതിക്ക് ഈ ജ്ഞാനം ലഭ്യമായിരുന്നുവെങ്കിലും സുഖഭോഗികളായ ദേവന്മാര്‍ ഇതു വേണ്ടപോലെ മനസ്സിലാക്കുകയോ ഉപയോഗിക്കുകയോ ചെയ്തില്ല. മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചുമില്ല.
എന്നാല്‍ ഭൂമിയില്‍, മനുഷ്യനായ പരീക്ഷിത്ത് മഹാരാജാവിന് ശുകമഹര്‍ഷി ഭാഗവത തത്വം ഉപദേശിക്കാന്‍ പോകുന്നുവെന്നു കേട്ടറിഞ്ഞ ഇന്ദ്രാദി ദേവന്മാര്‍ ആ ഉപദേശം തങ്ങള്‍ക്കു തരണമെന്ന് ശുകമഹര്‍ഷിയോഭ്യര്‍ഥിച്ചു.
പരീക്ഷിത്തിന് മരണഭയം ഒഴിവാക്കുകയാണല്ലോ ആവശ്യം. അതിനായി പരീക്ഷിത്തിന് അമൃതകുംഭം തന്നെ നല്‍കാം. പകരം ഭാഗവത തത്വം ദേവന്മാര്‍ക്കു നല്‍കാന്‍ ശുകമഹര്‍ഷി കരുണ കാട്ടണമെന്നായിരുന്നു അവരുടെ അഭ്യര്‍ഥന.
ഭാഗവത തത്വത്തിനു മുന്നില്‍ അമൃതകുംഭം നിസ്സാരമാണ് എന്നായിരുന്നു ശുകമഹര്‍ഷിയുടെ മറുപടി.

No comments: