ആത്മാവ് ദേഹം വെടിയുന്നത് ഇന്ദ്രിയങ്ങളിലൂടെ
ബൃഹദാരണ്യകോപനിഷത്ത്- 86
Wednesday 17 October 2018 2:49 am IST
ആത്മാവ് ദേഹത്തില്‍ നിന്ന് പോകുന്ന സംസരണത്തെ പറ്റി നാലാം ബ്രാഹ്മണം വിശദമാക്കുന്നു.
സ യത്രായ മാത്മാളബല്യം നേത്യ
സംമോഹമിവ ന്യേതി...
ആത്മാവ് ശക്തിയില്ലാത്തവനായിത്തീര്‍ന്ന് സംമോഹത്തെ പ്രാപിക്കുന്ന പോലെയാകുമ്പോള്‍ ഇന്ദ്രിയങ്ങളെല്ലാം ആത്മാവിനടുത്ത് വന്ന് കൂടുന്നു. ആത്മാവ് ഈ ഇന്ദ്രിയങ്ങളെ പൂര്‍ണമായി ഉപസംഹരിച്ച് ഹൃദയത്തില്‍ പ്രവേശിക്കുന്നു. അങ്ങനെ ഈ ചക്ഷുഷപുരുഷന്‍ പുറമേ നിന്നുള്ളവയില്‍ നിന്ന് എപ്പോള്‍ വിടുന്നുവോ അപ്പോള്‍ രൂപത്തെ അറിയാത്തവനായിത്തീരുന്നു.
ആത്മാവിന് വാസ്തവത്തില്‍ ശക്തിക്കുറവോ ഭ്രമമോ ഉണ്ടാകുന്നില്ല. ദേഹത്തിന്നും ഇന്ദ്രിയങ്ങള്‍ക്കുമുള്ള ദുര്‍ബലതയെ ആത്മാവില്‍ ആരോപിക്കുകയാണ് ഇവിടെ. അതു കൊണ്ടാണ് 'പോലെ' എന്ന് പറഞ്ഞത്. സ്വപ്‌നത്തിലും മരണത്തിലും ഇന്ദ്രിയങ്ങളെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യത്യാസത്തെ 'സമഭ്യാദദാനഃ' എന്ന പദം കൊണ്ട് പറയുന്നു. ആത്മാവ് ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത് ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനക്കളെ ചുരുക്കിയാണ്. ഇന്ദ്രിയങ്ങള്‍ അപ്പോള്‍ അധിഷ്ഠാന ദേവതകളില്‍ ഒതുങ്ങുന്നു.
കണ്ണിനെ അനുഗ്രഹിക്കുന്ന ആദിത്യമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന പുരുഷന്നെയാണ് ചക്ഷുഷപുരുഷന്‍ എന്ന് പറഞ്ഞത്. ആ അനുഗ്രഹപ്രകാശം സൂര്യനിലേക്ക് പോകുന്നതിനാല്‍ ഒന്നും കാണാന്‍ പറ്റില്ല.
ഏകീ ഭവതി, ന പശ്യതീത്യാഹുഃ
ഏകീ ഭവതി, ന ജിഘ്രതീത്യാഹുഃ...
നേത്രേന്ദ്രിയം ലിംഗാത്മാവുമായി ഒന്നു ചേരുന്നതിനാല്‍ കാണുന്നില്ല എന്ന് പറയുന്നു. ഘ്രാണേന്ദ്രിയം ലിംഗാത്മാവുമായി ഒന്നായി മാറുന്നതിനാല്‍ മണക്കുന്നില്ല എന്ന് പറയുന്നു. രസനേന്ദ്രിയം ഒന്നായി ചേരുന്നതിനാല്‍ സ്വാദ് അറിയുന്നില്ലെന്ന് പറയുന്നു. വാഗിന്ദ്രിയം ഒന്നിച്ച് ചേരുന്നതിനാല്‍ സംസാരിക്കുന്നില്ല എന്ന് പറയുന്നു. ശ്രോതേന്ദ്രിയം ഒരുമിച്ച് ചേരുന്നതിനാല്‍ കേള്‍ക്കുന്നില്ല എന്ന് പറയുന്നു. മനസ്സ് ഒന്നാകുമ്പോള്‍ വിചാരിക്കുന്നില്ലെന്ന് പറയുന്നു. ത്വക്ക് ഒന്നിക്കുമ്പോള്‍ അത് സ്പര്‍ശത്തെ അറിയുന്നില്ല എന്ന് പറയുന്നു. ബുദ്ധി ഒന്നാകുമ്പോള്‍ അത് ഒന്നും അറിയില്ലെന്ന് പറയുന്നു.
ഇങ്ങനെ എല്ലാം ഒന്നായിച്ചേരുന്ന ഇടമായ ഹൃദയത്തിന്റെ അഗ്രം പ്രകാശമാനമായിത്തീരുന്നു. ആ പ്രകാശത്താല്‍ ആത്മാവ് കണ്ണിലൂടെയോ നെറുകയിലൂടെയോ മറ്റ് അവയവങ്ങളിലൂടെയോ പുറത്ത് പോകുന്നു. അതിന് പുറകെ പ്രാണനും പോകുന്നു. പ്രാണന്റെ പുറകെ മറ്റ് ഇന്ദ്രിയങ്ങളും പുറത്ത് പോകും. ആ സമയത്ത് ആത്മാവ് വിശേഷ വിജ്ഞാനത്തോടു കൂടിയവനായിത്തീരുന്നു. ആ വിജ്ഞാനമനുസരിച്ചുള്ള ദേഹത്തിലേക്ക് അവന്‍ പോകുന്നു. ജ്ഞാന കര്‍മങ്ങളും പൂര്‍വവാസനകളും പിന്തുടരും.
ഇന്ദ്രിയങ്ങളേയും പ്രാണനേയും ഉപസംഹരിച്ചാണ് ലിംഗാത്മാവ് ഹൃദയത്തില്‍ നിന്ന് പ്രകാശപൂര്‍ണമായ നാഡീ ദ്വാരങ്ങളിലൂടെ പുറത്ത് പോകുന്നത്. സൂര്യലോകത്തിലേക്ക് എത്താനുള്ള ജ്ഞാന കര്‍മങ്ങളാണെങ്കില്‍ കണ്ണിലൂടെയും, ബ്രഹ്മലോകത്തിലേക്കാണെങ്കില്‍ നെറുകയിലൂടെയും, ഇതുമല്ലെങ്കില്‍ മറ്റ് ഇന്ദ്രിയങ്ങളിലൂടെയുമാണ് ആത്മാവ് ദേഹം വെടിയുന്നത്.
പ്രാണന്റെയും ഇന്ദ്രിയങ്ങളുടേയും സൂക്ഷ്മാംശങ്ങളോടുകൂടി പോകുന്ന ആത്മാവിന് ജ്ഞാന കര്‍മങ്ങള്‍ക്കനുസരിച്ച് അടുത്ത ജന്മത്തെപ്പറ്റിയുള്ള വിജ്ഞാനമുണ്ടാകുന്നു. മരണസമയത്ത് ഈ വിജ്ഞാനം ശുദ്ധമാക്കാന്‍ വേണ്ടിയാണ് ആധ്യാത്മിക സാധനകള്‍ ചെയ്യണമെന്ന് പറയുന്നത്. സത്കര്‍മങ്ങള്‍ ചെയ്യുന്നതും ഇതിന് തന്നെ. ഈ ജന്മത്തിലെ ജ്ഞാനകര്‍മങ്ങളും സംസ്‌കാരവുമാണ് അടുത്ത ജന്മത്തെ നിശ്ചയിക്കുക. കര്‍മത്തില്‍ പെട്ടാല്‍ ഉറപ്പായും ജനിക്കേണ്ടി വരും. സ്വാതന്ത്ര്യത്തോടെയുള്ള വിജ്ഞാനമാണെങ്കില്‍ കൃതകൃത്യനായിത്തീരാം.
ഉപനിഷത്തിലൂടെ -287
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment