Saturday, October 20, 2018

ശാരീരികമായും മാനസികമായും ബുദ്ധിപരമായും വളര്‍ച്ചയുടെ മൂന്നു ഘട്ടത്തില്‍ എത്തിയ മൂന്നു കുട്ടികള്‍. ഏറ്റവും മൂത്ത കുട്ടി മറ്റു രണ്ടാളോടുമായി പറഞ്ഞു- ''ഈ പുറത്തു കാണുന്ന വിളക്കിലെ ദീപത്തില്‍ ഒരിക്കലും കൈവയ്ക്കരുത്, കൈ പൊള്ളും ദുഃഖം ഉണ്ടാകും.''
മൂത്തകുട്ടിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തോട്ടടുത്ത കുട്ടി ആ ശ്രുതിക്ക് എതിരെ ഒരു യുക്തി പറഞ്ഞു-- ''മിന്നാമിനുങ്ങിന്‍റെ പ്രകാശത്തെ ഞാന്‍ എത്രയോ തവണ തൊട്ടിരിക്കുന്നു. പൊള്ളലോ ദുഃഖമോ ഉണ്ടായിട്ടില്ലല്ലോ!''
ഇതു കേട്ട ഏറ്റവും ഇളയ കുട്ടിയും ഇൗ യുക്തിവാദത്തെ അനുകൂലിച്ചു. എന്നാല്‍ രണ്ടാമന്‍ ആ വിളക്കുമായി അടുത്തിടപഴകുകവഴി അത് ദുഃഖം തരും എന്നനുഭവിച്ചറിയുകയും ഓടിപ്പോയി മൂത്തകുട്ടിയെ ശരണം പ്രാപിക്കുകയും ചെയ്യും. ഏറ്റവും ഇളയ കുട്ടിയാകട്ടെ പുറത്തെ പ്രകാശത്തെയും അതിലെ കാഴ്ചകളെയും യുക്തികൊണ്ട് വിശദീകരിച്ച് വളര്‍ന്നു വരുകയാണ്. ഓരോ തവണ കൈപൊള്ളുമ്പോഴും പുറംലോകത്തിന്‍റെ ദുഃഖത്തെപ്പറ്റിയോ അകത്തെ പ്രകാശത്തെ കുറിച്ചോ ചിന്തിക്കുകയോ ഗുരുപാദങ്ങളില്‍ ശരണം പ്രാപിക്കുകയോ ചെയ്യുന്നില്ല!!! പാകമാകുമ്പോള്‍ അത് സംഭവിക്കും. അസഹ്യമായ ദുഃഖം വരുമ്പോള്‍ മനുഷ്യന്‍ അന്തര്‍ലോകത്തിലേയ്ക്ക് വരുന്നു, സത്യം തിരയുന്നു.
ശരിക്കും പറഞ്ഞാല്‍ മനുഷ്യന്‍റെ ബൗദ്ധികമായ വളര്‍ച്ചയുടെ ഒരു ഘട്ടം മാത്രമാണ് യുക്തിവാദം. മനുഷ്യന്‍റെ യുക്തിയുടെ പരകോടിയായിട്ടാണ് അദ്വൈതചിന്താപദ്ധതിയെ പറയുക. യുക്തിചിന്തയില്‍ നിന്ന് ഈശ്വരഭക്തിയിലേയ്ക്കോ ഗുരുഭക്തിയിലേയ്ക്കോ പരിണമിക്കുന്നതാണ് രണ്ടാം ഘട്ടം.
ഓം...krishnakumar kp

No comments: