വനത്തിലെ ആശ്രമത്തില്‍ ഗുരു താമസിച്ചിരുന്നു; കൂടെ ഒരു ശിഷ്യനും. ഒരു ദിവസം ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: “ഞാന്‍ പശുവിന്‍ പാലിനെക്കുറിച്ചും അതിന്‍റെ പോഷക മൂല്യത്തെക്കുറിച്ചും താളിയോലകളില്‍ ധാരാളം വായിച്ചിരിക്കുന്നു. എനിക്ക് പാല് കുടിക്കാന്‍ മോഹം ഉണ്ട്; അങ്ങ് പശുവിനെ കണ്ടിട്ടുണ്ടോ? അതിനെക്കുറിച്ച് കൂടുതല്‍ അറിയുമോ?
ഗുരു പറഞ്ഞു: “നീ വായിച്ചതൊക്കെ സത്യം ആണ്. പശുവിനു നാല് കാലു, രണ്ടു ചെവി, നീണ്ട വാല്‍ ഒക്കെയുണ്ട്; ഇണക്കമുള്ള മൃഗം.നാട്ടില്‍ മനുഷ്യര്‍ക്കൊപ്പമാണ് വസിക്കുന്നത്; അതിന്‍റെ പാല്‍ അമൃത സമം; കറന്നെടുക്കുകയാണ് ചെയ്യുന്നത്. പാല്‍ ആരോഗ്യത്തിനു ഏറ്റവും നന്ന്.”
ശിഷ്യന്‍ എല്ലാം കേട്ട് മനസ്സിലാക്കി; പിന്നെ പശുവിനെ കാണാന്‍ ഗ്രാമത്തിലേക്ക് യാത്രയായി. ഗ്രാമത്തില്‍ അയാള്‍ ഒരു പശുവിന്‍റെ പ്രതിമ കണ്ടു; ഗുരു പറഞ്ഞ ലക്ഷണമെല്ലാം ഒത്തിരിക്കുന്നു. സമീപത്ത് ഒരു തൊട്ടിയില്‍ വെളുത്ത നിറമുള്ള ദ്രാവകം;” ഇത് പാല് തന്നെ” ശിഷ്യന്‍ കരുതി.( പശുവിന്‍റെ പ്രതിമയ്ക്ക് വെള്ള പൂശാന്‍ ഗ്രാമീണര്‍ കലക്കി വെച്ച കുമ്മായം ആയിരുന്നു അത്). അയാള്‍ ആര്‍ത്തിയോടെ അതെടുത്തു കുടിച്ചു.
തളര്‍ന്നു താഴെ വീണ ശിഷ്യനെ ഗ്രാമീണര്‍ വൈദ്യന്‍റെ അടുത്ത് കൊണ്ടുപോയി; ആഴ്ചകള്‍ കഴിഞ്ഞു; സുഖം പ്രാപിച്ച ശിഷ്യന്‍ ഗുരുവിന്‍റെ സമീപം എത്തി ആക്രോശിച്ചു : ”താങ്കള്‍ എന്തൊരു ഗുരുവാണ്? ഇങ്ങനെയാണോ ശിഷ്യരെ നയിക്കുക? ഞാന്‍ മരിക്കാഞ്ഞത് ഈശ്വര കൃപ കൊണ്ട് മാത്രം.”
ഗുരു കാര്യം തിരക്കി; ശിഷ്യന്‍ നടന്ന സംഭവമെല്ലാം വിവരിച്ചു. എല്ലാം കേട്ട് ഗുരു ചോദിച്ചു: “ നീ പശുവിനെ കറന്നാണോ പാലെടുത്തത്?”
“ അല്ല. അവിടെ കണ്ട വെള്ള ദ്രാവകം എടുത്തു കഴിച്ചു.”
“അത് തന്നെയാണ് പ്രശ്നം. നീ തന്നെ കറക്കണമായിരുന്നു; അല്ലെങ്കില്‍ കറന്നു തരുന്നവരെ സമീപിക്കണമായിരുന്നു. എങ്കിലല്ലേ പാല്‍ തിരിച്ചറിയാന്‍ കഴിയൂ.”
ഗ്രന്ഥം പഠിച്ചിട്ടു കാര്യമില്ല; അറിവ് സ്വയം ഉള്ളില്‍ നിന്ന് വരണം; അല്ലെങ്കില്‍ അറിവ് അനുഭവിച്ചവനെ കണ്ടെത്തണം.അധ്യാത്മിക ജ്ഞാനം അങ്ങനെ മാത്രമേ ലഭിക്കുകയുള്ളൂ
ശ്രീ N Jayakumar Potti ജി
No comments:
Post a Comment