രുക്മാംഗദചരിതം
ശ്രീകൃഷ്ണകഥാരസം
Wednesday 17 October 2018 2:50 am IST
'എന്നാല്‍ ശരി, അങ്ങ് സ്വന്തം
പുത്രനായ ധര്‍മാംഗദനെ,
അവന്റെ അമ്മയുടെ മടിയില്‍ വച്ച് വെട്ടിക്കൊല്ലണം, അങ്ങയുടെ കണ്ണില്‍ നിന്ന് ഒരു തുള്ളികണ്ണീര്‍ പൊടിയുകയും അരുത് എന്താ സാധ്യമാണോ?'
ഇടിവെട്ടേറ്റതുപോലെ രാജാവ്
സ്തംഭിച്ചുപോയി. പക്ഷെ, ധര്‍മാംഗദനു
സംശയമൊന്നുമുണ്ടായില്ല
നീതിമാനും ധര്‍മിഷ്ഠനും മഹാവിഷ്ണുവിന്റെ പരമഭക്തനുമായിരുന്നു ശ്രീരുക്മാംഗദ മഹാരാജാവ്. ധര്‍മപത്‌നിയായ സന്ധ്യാവലിയോടും പുത്രനായ ധര്‍മാംഗദനോടും കൂടി അദ്ദേഹം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടി.
മഹാവിഷ്ണുവിനെ നിത്യം പൂജിച്ച് പ്രാര്‍ഥിച്ചിരുന്ന രാജാവ് ഒരിക്കലും മുടങ്ങാതെ ഏകാദശീവ്രതം അനുഷ്ഠിച്ചിരുന്നു. യജ്ഞങ്ങള്‍, യാഗങ്ങള്‍ എന്നിവയേക്കാള്‍ പുണ്യമായ ഏകാദശിവ്രതം അദ്ദേഹത്തിന്റെ തേജസ്സു വര്‍ധിപ്പിച്ചു. ഉപവാസവും പ്രാര്‍ഥനയുമായി നടത്തുന്ന ഏകാദശിവ്രതത്താല്‍ രാജാവിനും രാജ്യത്തിനും ശ്രേയസ്സ് നാള്‍ക്കുനാള്‍ പെരുകി.
ധര്‍മാംഗദനും അച്ഛനെപ്പോലെ തന്നെ പരമഭക്തനായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം പൂജാദി കര്‍മങ്ങളിലും ഏകാദശിവ്രതത്തിലും അദ്ദേഹവും ഭാഗഭാക്കായി. രുക്മാംഗദന്റെ കഠിനവ്രതം അദ്ദേഹത്തെ ഇന്ദ്രസമാനനാക്കി. ഏകാദശിവ്രതത്തിന്റെ ഫലമായി അദ്ദേഹം നൂറ് അശ്വമേധം നടത്തിയതിനു തുല്യം ശ്രേയസ്സുള്ളവനായി. ഇത് ഇന്ദ്രനെ അസ്വസ്ഥനാക്കി. മഹാവിഷ്ണുവിന്റെ പ്രീതിയാല്‍ രുഗ്മാംഗദന്‍ ദേവാധിപനായിത്തീരുമോ എന്ന് ഇന്ദ്രന്‍ സംശയിച്ചു. അംബരീഷരാജര്‍ഷിയോട് തോന്നിയതുപോലെയുള്ള അസൂയ ഇന്ദ്രന് രുക്മാംഗദനോടും തോന്നി.
രുക്മാംഗദന്റെ വ്രതം മുടക്കിയിട്ടു വരാന്‍ മോഹിനി എന്ന അപ്‌സരസ്സിനെ ഇന്ദ്രന്‍ നിയോഗിച്ചു. ഒരു ദിവസം കാനനമധ്യത്തില്‍ വച്ച് രാജാവ് മോഹിനിയെ കണ്ടുമുട്ടുന്നു. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന് രാജാവ് അവളെ ഭാര്യയാക്കാന്‍ ആഗ്രഹിച്ചു.
'ആരാണു നീ സുന്ദരീ, എവിടെ നിന്നു വരുന്നു?'
'ഞാന്‍ ദേവകന്യകയായ മോഹിനിയാണ് പ്രഭോ' അവള്‍ മറുപടി നല്‍കി.
നിനക്ക് എന്നോടൊപ്പം വന്നുകൂടെ ഞാന്‍ നിന്നെ റാണിയായി വാഴിക്കാം'. രാജാവ് പറഞ്ഞു.
ഞാന്‍ വരാം. പക്ഷേ, എന്റെ യാതൊരിംഗിതത്തിനും അങ്ങ് തടസ്സം നില്‍ക്കരുത്. ഞാന്‍ പറയുന്നതെന്തും അങ്ങ് അനുസരിക്കാമെന്ന് സത്യംചെയ്തു തരണം'.
രാജാവ് അവളുടെ ആഗ്രഹപ്രകാരം സത്യംചെയ്ത് മോഹിനിയെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സന്ധ്യാവലി, സപത്‌നിയെ യഥോചിതം സ്വീകരിച്ചു. മോഹിനി സകല അധികാരങ്ങളോടും കൂടി അന്തഃപുരത്തില്‍ വാണു. പതിവുപോലെ രാജാവ് വിഷ്ണു പൂജ തുടര്‍ന്നു. ഏകാദശീ ദിവസം വന്നെത്തി. രുഗ്മാംഗദന്‍ ഉപവാസപൂര്‍വം ഭഗവാനെ പ്രാര്‍ഥിച്ചു. ജലപാനംപോലുമില്ലാത്ത കഠിനവ്രതമാണ്. മോഹിനി ലക്ഷ്യം നിറവേറ്റാനുറച്ചു.
'മഹാപ്രഭോ അങ്ങ് പട്ടിണികിടക്കുന്നത് എനിക്ക് പ്രാണസങ്കടമാണ്. വരൂ നമുക്കൊരുമിച്ച് അമൃതേത്ത് കഴിക്കാം'.
'പ്രിയേ ഇന്ന് ഏകാദശിയാണ്, നാം ഭക്ഷ്യപാനിയങ്ങള്‍ ഉപേക്ഷിച്ച് വ്രതശുദ്ധിയോടെ ഭഗവാനെ ഉപാസിക്കുകയാണ് പതിവ് ഇന്നും അതിനുമാറ്റമില്ല.
'എങ്കിലും ഞാനല്ലേ പറയുന്നത് ഒന്നു വരൂ നമുക്ക് ഒന്നിച്ചാഹാരം കഴിക്കാം മടിക്കേണ്ട'.
'അതുമാത്രം പറയരുത് എനിക്ക് ഏകാദശിവ്രതം മുടക്കാനാവില്ല ക്ഷമിക്കണം'.
'ഹേയ് രാജന്‍ അങ്ങ് സത്യവിരോധം പറയരുത്. എന്റെ ഏതാഗ്രഹവും സാധിപ്പിച്ചു തരാമെന്ന കരാറിലാണ് നാമിരുവരും ഇവിടെ എത്തിയത്. ഇതു ചതിയാണ്'.
മോഹിനീ, നീ എന്നെ ധര്‍മസങ്കടത്തിലാക്കരുത് മറ്റെന്തും ഞാന്‍ ചെയ്യാം. പക്ഷെ ഏകാദശിവ്രതം മുടക്കാനാവില്ല'.
'എന്നാല്‍ ശരി, അങ്ങ് സ്വന്തം പുത്രനായ ധര്‍മാംഗദനെ, അവന്റെ അമ്മയുടെ മടിയില്‍ വച്ച് വെട്ടിക്കൊല്ലണം, അങ്ങയുടെ കണ്ണില്‍ നിന്ന് ഒരു തുള്ളികണ്ണീര്‍ പൊടിയുകയും അരുത് എന്താ സാധ്യമാണോ?'
ഇടിവെട്ടേറ്റതുപോലെ രാജാവ് സ്തംഭിച്ചുപോയി. പക്ഷെ, ധര്‍മാംഗദനു സംശയമൊന്നുമുണ്ടായില്ല. അവന്‍ പരറഞ്ഞു; 'അച്ഛാ എന്തിനു സംശയിക്കണം വ്രതഭംഗത്തിനേക്കാള്‍ വലുതല്ല എന്റെ ജീവന്‍. ധൈര്യമായിരിക്കൂ അച്ഛന്റെ സത്യപരിപാലനത്തിനായി ജീവത്യാഗം ചെയ്യാന്‍ എനിക്കു മടിയില്ല'.
രുക്മാംഗദന്‍ മകനെ അവന്റെ അമ്മയുടെ മടിയില്‍ക്കിടത്തി മനസ്സ് ഭഗവാനിലുറപ്പിച്ച് വാളെടുത്തു. കനം തൂങ്ങുന്ന ഹൃദയവും നിറയാത്ത മിഴികളുമായി വാളുയര്‍ത്തി ധര്‍മാംഗദന്റെ കഴുത്തിനുനേരെ ഓങ്ങി.
ഖഡ്ഗം കഴുത്തില്‍ കൊള്ളുന്നതിനുമുമ്പ് ആരോ വാള് കടന്നുപിടിച്ചു. അത് മറ്റാരുമായിരുന്നില്ല സാക്ഷാല്‍ ശ്രീനാരായണന്‍ തന്നെയായിരുന്നു.
വത്സാ, നിന്റെ കളങ്കമില്ലാത്ത ഭക്തി സകലര്‍ക്കും മാതൃകയാണ്. അതിനുഭംഗം വരുത്താന്‍ ആര്‍ക്കും സാധ്യമല്ല.
ഇത്രയും പറഞ്ഞ് ഭഗവാന്‍ രുക്മാംഗദനെ അനുഗ്രഹിച്ച് മറഞ്ഞു. അചഞ്ചലമായ ഭക്തിയില്‍ മനസ്സുനിറഞ്ഞ് മോഹിനിയും ഇന്ദ്രദേവനും തോല്‍വി സമ്മതിച്ചു.
ഹരീഷ്. ആര്‍. നമ്പൂതിരിപ്പാട്
No comments:
Post a Comment