Thursday, January 03, 2019

വാല്മീകി രാമായണം-71

രമണ ഭഗവാൻ അഴകമ്മാൾക്ക് നല്കിയ ഒരു ഉപദേശമുണ്ട് , ഒരോരുത്തരുടെ പ്രാരാബ്ദങ്ങളനുസരിച്ച് ഒരുവന്റെ ഹൃദയത്തിൽ ഇരുന്നു കൊണ്ട് ഭഗവാൻ അവനെ നിയന്ത്രിക്കുന്നു.
ഏത് നടക്കേണ്ടിയിരിക്കുന്നുവോ  അത് തന്നെ നടക്കും. എന്ത് നടക്കാൻ വിധിയില്ലയോ നീ എത്ര അതിനായി ശ്രമിച്ചാലും നടക്കില്ല. ഇത് നിശ്ചയം. അതിനാൽ വിധി മൗനമായി സ്വീകരിക്കുന്നതാണ് നല്ലത്.

ഇവിടെ രാമനും ലക്ഷ്മണന് ഇതു തന്നെയാണ് ഉപദേശിക്കുന്നത്. വിധിയുമായി ആർക്കെങ്കിലും യുദ്ധം ചെയ്യാനാകുമോ. വിധിയോ അല്ലെങ്കിൽ പൗരുഷമോ.ലക്ഷ്മണൻ പൗരുഷവാദി. രാമൻ ഈ സാഹചര്യത്തിൽ വിധി വാദിയാണ്. നമ്മുടെയൊക്കെ ജീവിതം നോക്കിയാൽ യൗവ്വനകാലത്തിൽ മുഴുവനും മുഖ്യമായും നമ്മൾ പൗരുഷവാദികളായി കാണപ്പെടുന്നു. എന്തും സാധിക്കും എന്ന വിചാരം. ശഷ്ഠി പൂർത്തി കഴിയുമ്പോൾ മുഖ്യമായും വിധി വാദികളായി മാറുന്നു. ചെറുപ്പത്തിൽ അമ്പീഷൻ,  ഫ്രീ വിൽ എന്നൊക്കെ വാദിക്കും ഒരു പ്രായം കഴിയുമ്പോൾ വിധിച്ചതു പോലെയല്ലേ വരു എന്ന് പറയും.

സത്യത്തിൽ ഉള്ളിലിരിക്കുന്ന അന്തർയാമി എന്ത് സപ്ലയ് ചെയ്യുന്നുവോ അതാണ് നമ്മൾ കാണുന്നത്. അത് പൗരുഷത്തിന് പ്രകാശം കൊടുക്കുമ്പോൾ ആണ് പൗരുഷം നമുക്കുള്ളിൽ പ്രവർത്തിക്കാൻ തുടങ്ങുന്നത്. വിധിയ്ക്ക് പ്രകാശം കൊടുക്കുമ്പോൾ വിധി നമുക്കുള്ളിൽ പ്രവർത്തിക്കാൻ തുടങ്ങും.
എന്നാൽ രമണ ഭഗവാൻ ഇതിന് തീർപ്പു കൽപ്പിച്ചുകൊണ്ട് പറഞ്ഞു വിധിയുമില്ല യത്നവുമില്ല എന്ന്. ആർക്കാണ് വിധി ആർക്കാണ് മതി. എന്റെ വിധി എങ്കിൽ ഇതിൽ ഞാൻ ആരാണ്? എന്റെ പൗരുഷം എന്ന് പറഞ്ഞാൽ അതിൽ ഈ ഞാൻ ആരാണ്? അങ്ങനെ അന്വേഷിച്ച് പോകുമ്പോൾ 'ഞാൻ' എന്നത് ഒരു കളവാണ് എന്ന് മനസ്സിലാകുന്നു. ആ ഞാൻ എന്ന വസ്തുത മറഞ്ഞു പോയി കഴിഞ്ഞാൽ പിന്നെ ആർക്കാണ് വിധി ആർക്കാണ് മതി.

ഞാൻ ആരെന്ന് ആരാഞ്ഞ് അന്വേഷിക്കുന്നവന് ഞാൻ ആത്മാ എന്നതിൽ ഉണർന്നവന് പിന്നെ ശരീരമില്ല. വിധിയെന്നത് ശരീരത്തിനാണ്. അപ്പോൾ വിധിയെന്ന ഒന്ന് ഇല്ലാതെയാകുന്നു. കർമ്മമാണ് വിധിയുടെ ഫലമെങ്കിൽ ഈ കർമ്മവും ശരീരത്തിന്റേതാണ്. അപ്പോൾ കർമ്മവും ഇല്ല തന്നെ. കർമ്മം ചെയ്യുന്ന കർത്താവാര്? ഞാൻ എങ്കിൽ ആ ഞാനിനെ അന്വേഷിച്ചാൽ  കണ്ടുകിട്ടില്ല. കാരണം അങ്ങനെയൊരു ഞാനില്ല. അപ്പോൾ കർതൃത്വവും മറയുന്നു.

ഈ കർതൃത്വത്തിനാണ് ഫ്രീ വിൽ എന്ന പേര് . Enjoyer ship അഥവാ അനുഭവിക്കുന്നതിനാണ് destiny അല്ലെങ്കിൽ വിധി എന്ന് അറിയപ്പെടുന്നത്. When you suffer you are under destiny.എന്നാൽ ഇത് രണ്ടും ഒന്നു തന്നെയാണ്. നാം ചെയ്ത കർമ്മത്തിന് നാം അനുഭവിക്കണം എന്ന് പറയുന്നത് വെറും വിശദീകരണം മാത്രമാണ് കാരണം അതിനുമപ്പുറം നമുക്കറിയില്ല.
ഇതിന് പരിഹാരമെന്ത് എന്ന് ചോദിച്ചാൽ ആരനുഭവിക്കുന്നു എന്നന്വേഷിക്കുമ്പോൾ അനുഭവിക്കുന്നയാൾ മറഞ്ഞിട്ട് കേവലം ബോധം മാത്രം ഹൃദയത്തിലുണ്ടാകും. അതിൽ അങ്ങനെ നിലകൊള്ളുന്നവന് പ്രാരാബ്ദവുമില്ല. പ്രാരാബ്ദമുണ്ടെങ്കിൽ അവൻ സംസാരിയാണ്. സാധാരണയായി പറയുന്ന ഒന്നാണ് ജ്ഞാനം വന്നു കഴിഞ്ഞാൽ പിന്നെ ആഗാമി, സഞ്ചിത പാപങ്ങൾ ഇല്ലാതാകും,പ്രാരാബ്ദങ്ങൾ മങ്ങും.

ഈ മൂന്ന് കർമ്മങ്ങളിൽ ആഗാമി കർമ്മം ആവനാഴിയിലെ അമ്പ് പോലെയാണ് .സഞ്ചിത കർമ്മം എന്ന് പറയുമ്പോൾ അമ്പെടുത്ത് വില്ലിൽ തൊടുത്തു വച്ചിരിക്കുന്നു  ഇനിയും അയച്ചിട്ടില്ല, ആവനാഴിയിലെ അമ്പും തൊടുത്തു വച്ചിരിക്കുന്ന അമ്പും നമുക്കു പേക്ഷിക്കാം എന്നാൽ അമ്പയച്ചു കഴിഞ്ഞാൽ തിരിച്ചെടുക്കാൻ സാധിക്കില്ല. അതിനാണ് പ്രാരാബ്ദം എന്ന് പറയുന്നത്.

Nochurji 🙏🙏

No comments: