Friday, January 11, 2019

മഹാഭാരത കഥയിലെ സർപ്പകഥകൾ

കശ്യപ പത്നി ആയിരുന്ന കദ്രുവിന് സപത്നി ആയിരുന്ന വനിതയുടെ മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിന് ചതി പ്രയോഗം നടത്തുവാൻ മക്കളായ സർപ്പങ്ങളോട് ആവശ്യപ്പെടുകയും അതിൽ വിമുഖത പ്രകടിപ്പിച്ച മക്കൾ തീയിൽ വെന്തു മരിക്കുകയും ചെയ്യും എന്ന് ശപിക്കുകയും ചെയ്തു.
പിന്നീട് ഒരു കാലത്തു ഈ ശാപത്തിൽ നിന്നും മോചനം നേടുവാൻ എന്താണ് മാർഗ്ഗം എന്ന് സർപ്പ സഹോഹരങ്ങൾ കൂടി ഇരുന്നു ആലോചിക്കുക ഉണ്ടായി.
പാണ്ഡവരിൽ അർജ്ജുനന് ഉത്തരയിൽ ജനിക്കുന്ന പരീക്ഷത്തു രാജാവിനെ കദ്രു പുത്രൻ ആയ തക്ഷകൻ ദംശിക്കുകയും അദ്ദേഹം മരണപ്പെടുകയും ചെയ്യും എന്നും, പരീക്ഷത്തു രാജാവിന്റെ മകനായ ജനമേജയൻ അതിനു പകരം വീട്ടുവാൻ ആയി തക്ഷശിലയിൽ സർപ്പ സത്ര യാഗം നടത്തുകയും അതിൽ വീണു മരിക്കാൻ ആണ് ഇവരുടെ യോഗം എന്നും അവർ മനസ്സിലാക്കി.
അതിൽ നിന്നും രക്ഷപെടുവാൻ എന്താണ് മാർഗ്ഗം എന്നാണു അവർ കൂടി ആലോചിച്ചു കൊണ്ട് ഇരുന്നത്. യാഗം മുടക്കുവാൻ വേണ്ട നിരവധി മാർഗ്ഗങ്ങൾ അവർ ആലോചിച്ചു, എന്നാൽ ഇനിയും പാപം ചെയ്യണ്ട എന്നായിരുന്നു, മുതിർന്നവരുടെ അഭിപ്രായം. അപ്പോൾ അവരിൽ ഒരാൾ ആയ ഏലാപുത്രൻ പറഞ്ഞു.
മാതാവിന്റെ ശാപം കേട്ട് ഭയന്ന ഞാൻ അവരുടെ മടിയിൽ തന്നെ ഭയന്ന് ചുരുണ്ടു കൂടി കിടന്നു. അപ്പോൾ ദേവകൾ ബ്രഹ്മദേവനോട് ചോദിക്കുന്നത് കേട്ടൂ,
" ഭവാൻ ലോകത്തിലെ എല്ലാ ശാപങ്ങൾക്കും പ്രതിവിധി ഉണ്ട് എന്നാൽ മാതൃശാപത്തിനു മാത്രം പ്രതിവിധി ഇല്ല, എന്നിട്ടും അങ്ങ് ഈ ശാപത്തിനു മൗന അനുവാദം കൊടുത്ത് എന്ത് കൊണ്ട് ആണ്??? "
ബ്രഹ്‌മാവ്‌ മറുപടി നൽകി: വിഷവും ക്രൗര്യവും കൊണ്ട് ദുഷ്ടുള്ള പാമ്പുകൾ അനേകം ഉണ്ട്, പ്രജാക്ഷേമത്തിനു വേണ്ടി ഞാൻ ആണ് ഞാൻ ആ ശാപം തടയാഞ്ഞതു, ധർമ്മിഷ്ഠർ ആയ നാഗങ്ങൾ രക്ഷപെടും, ക്രൂരരായ നാഗങ്ങൾ കൊല്ലപ്പെടും.
ചിന്തിക്കേണ്ടത് : ലോകത്തു ഏതൊരു ശാപത്തിനും പ്രതിവിധി ഉണ്ട് എന്നാൽ മാതൃശാപത്തിനു മാത്രം പ്രതിവിധി ഇല്ല എന്നുള്ളത് ഇന്ന് ഇന്നത്തെ തലമുറ അറിയുന്നില്ല എന്ന് വേണം കരുതുവാൻ. സുഖസൗകര്യങ്ങൾക്കു പിന്നാലെ പായുമ്പോൾ മാതാപിതാക്കളെ മറക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന തലമുറ ആണ് ഇന്നുള്ളത്.മാതാവിന്റെ മനസ്സിൽ നിന്നും ഉത്ഭവിക്കുന്ന താപം, വിഷമം എല്ലാം ശാപങ്ങളുടെ ഫലം തരും എന്ന് ഇന്നത്തെ തലമുറ മറക്കുന്നു അല്ലങ്കിൽ അറിയുന്നില്ല. നിങ്ങളുടെ ചുറ്റും ഒന്ന് കണ്ണോടിക്കുക മാതാപിതാക്കളെ ഉപേക്ഷിച്ചു ജീവിക്കുന്നവരെയും അവരെ പൊന്നു പോലെ സംരക്ഷിക്കുന്നവരെയും ഒന്ന് താരതമ്യം ചെയ്തു നോക്കുക, ഈ കഥയിൽ പറഞ്ഞിരിക്കുന്നതിന്റെ സാരാംശം നിങ്ങള്ക്ക് മനസ്സിലാക്കുവാൻ സാധിക്കും,
മറ്റൊന്ന് കൂടി ഉണ്ട്, ഇവിടെ സർപ്പങ്ങൾ എന്ന് പറയുമ്പോൾ അത് പാമ്പിനെ മാത്രമായി കരുതി ചുരുക്കേണ്ടത് ഇല്ല, ധർമ്മം വെടിഞ്ഞു ജീവിക്കുന്നവർ അതിന്റെ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.

No comments: