Monday, January 07, 2019

എന്താണ് ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനം..? എങ്ങിനെയാണവ രൂപപ്പെട്ടിട്ടുണ്ടാവുക...? എന്താണ് ഓരോ ക്ഷേത്രത്തിലേയും ദേവന് വ്യത്യസ്ഥമായ ആചാരങ്ങൾ വന്നിട്ടുണ്ടാവുക.?
ആചാരത്തിൽ തട്ടി കേരള സമുഹം ഒരു മതിലിനു ഇരുപുറവും നിൽക്കുന്ന ഈ ഘട്ടത്തിൽ പലരും പലവട്ടം സ്വയം ചോദിച്ച് പോയിട്ടുള്ള ചോദ്യങ്ങളാവാമത്. ബ്രാഹ്മണിക്കൽ ഹെജിമണിയെന്ന് ആരോപിക്കുന്നവരെ ആ മതിലിന് അപ്പുറം തന്നെ നിർത്തി നമുക്ക് തന്ത്രശാസ്ത്രത്തിലേക്ക് ഒരു വട്ടം കൂടി പോയി നോക്കാം.
മറ്റാർക്കും നിഷേധിക്കാനാകാത്ത ഒരു ആത്മീയ ബന്ധമാണ് ഒരു ക്ഷേത്രത്തിലെ ദേവനും തന്ത്രിക്കും ഇടയിലുള്ളത്. പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ഈശ്വരീയ ചൈതന്യത്തെ ഒരു ബിംബത്തിലേക്ക് സമ്മേളിപ്പിക്കുകയും, ആ ഈശ്വരീയ ചൈതന്യത്തിന് സ്വന്തം ഉപാസനാ ബലം കൊണ്ട് സ്വന്തം പ്രാണന്റെ ഒരംശത്തെ തന്നെ നൽകുകയും ചെയ്യുകയാണ് തന്ത്രി ചെയ്യുന്നത്. അതിനാലാണ് തന്ത്രി ആ ദേവന്റെ പിതൃസ്ഥാനീയനാകുന്നത്. അത് മാത്രമല്ല ദേവനുമായി ഒരു ആചാര്യ ബന്ധം കൂടി തന്ത്രിക്ക് ഉണ്ട്. ദേവന്റെ ചുമതലകളും കർത്തവ്യങ്ങളും ദേവനെ ആദ്യമായി ഉപദേശിക്കുന്നത് തന്ത്രിയാണ്. അതിനാലാണ് തന്ത്രിക്കും ദേവനും ഇടയിൽ ഒരു ഗുരു ശിഷ്യബന്ധവും നിലനിൽക്കുന്നത്. അതായത് എല്ലാ അർത്ഥത്തിലും ആത്മീയമായി ദേവന്റെ പരിപൂർണ്ണ അധികാരി തന്ത്രിയാണ്. ദേവൻ തന്ത്രിയിലൂടെയാണ് ഉടമസ്ഥരെ അറിയുന്നത്, തന്റെ പരിചാരകരെ അറിയുന്നത് ഭക്തജനങ്ങളെ അറിയുന്നത്. അത് കൊണ്ട് തന്നെ തന്ത്രി മറ്റെന്തിനേക്കാട്ടിലും ദേവന്റെ താൽപ്പര്യ സംരക്ഷണത്തിനും കടപ്പെട്ടിരിക്കുന്നു. .
എങ്ങിനെയാണ് ആ ആത്മീയ ബന്ധം ഉടലെടുക്കുന്നത്...?
തന്ത്രശാസ്ത്ര പദ്ധതിയുടേയും യോഗ സാധനയുടേയും വളരെ സങ്കീർണ്ണമായ ക്രിയാ സങ്കേതത്തിലൂടെയാണ് പ്രപഞ്ചമൊട്ടാകെ നിറഞ്ഞ് നിൽക്കുന്ന ഈശ്വരനെന്ന ഊർജ്ജ സ്രോതസിനെ ഒരു വിഗ്രഹമാകുന്ന ഉപാധിയിലേക്ക് തന്ത്രി സമ്മേളിപ്പിക്കുന്നത്. ദേവ പ്രതിഷ്ഠയുടെ തൊട്ട് തലേന്നാൾ നടക്കുന്ന ധ്യാനിധിവാസം എന്ന ചടങ്ങ് വിശദമായ പഠന വിധേയമാക്കിയാൽ എത്ര സങ്കീർണ്ണമാണ് ഈ പ്രക്രിയ എന്ന് ബോധ്യമാകും. സ്വന്തം ശരീരത്തെയും ദേവന്റെ ശരീരത്തേയും അവയുടെ ഇഡ പിംഗള സുഷുംമ്ന നാഡികളുടെ സമ്മേളനത്തിലൂടെ ഒന്നാക്കിത്തീർത്ത് ഈ പ്രപഞ്ചത്തിലാകമാനം നിറഞ്ഞ് നിൽക്കുന്ന 24 പ്രകൃതി തത്വങ്ങളെയും, ഒരു പുരുഷ തത്വത്തേയും സംയോഗിപ്പിച്ച് സൃഷ്ടി പ്രക്രിയയിലേക്ക് എത്തിച്ച് ജീവ ചൈതന്യത്തെ വിവിധ ക്രിയകളിലൂടെ പരമാത്മ പദത്തോളം ഉയർത്തുന്ന സങ്കീർണ്ണതലങ്ങൾക്ക് ശേഷമാണ് തൊട്ടടുത്ത ദിവസം പ്രതിഷ്ഠാകർമ്മം എന്ന ക്രിയയിലേക്ക് കടക്കുന്നത്.
പ്രതിഷ്ഠാ പ്രക്രിയയിലും വിഭിന്നമല്ല കാര്യങ്ങൾ. പ്രകൃത്യാത്മകമായ പീഠത്തേയും പുരുഷാത്മകമായ ബിംബത്തേയും പ്രതിഷ്ഠിച്ച് പ്രകൃതി പുരുഷ സംയോഗത്തിലൂടെ സൃഷ്ടിയെന്ന പ്രപഞ്ച തത്വത്തെ താന്ത്രിക വിധാനത്തിലൂടെ ഉറപ്പാക്കുകയാണവിടെ. ആകൽപാന്തം ഭക്താനുഗ്രഹത്തിന്നായി നിലകൊള്ളണമെന്ന പ്രാർത്ഥനയോടെയാണ് വിഗ്രഹം പ്രതിഷ്ഠിക്കുന്നത്.( പ്രതിഷ്ഠാ സമയത്ത് ദേവന് തന്ത്രിയിൽ നിന്ന് ഉണ്ടാകുന്ന ആദ്യത്തെ നിർദ്ദേശമാണിത്. ആകൽപാന്തം (കൽപത്തിന്റെ അവസാനത്തോളം അഥവാ പ്രപഞ്ചാവസാനത്തോളം) ഭക്താനുഗ്രഹത്തിന്നായി നിലകൊള്ളണം) ദേവൻ ഒരിക്കലും ലംഘിക്കാത്ത ഒരു കൽപ്പന കൂടിയാണിത്.
പിന്നീട് ജീവാവാഹനയിലൂടെ സ്വന്തം പ്രാണന്റെ ഒരംശത്തെത്തന്നെ ദേവന് തന്ത്രി നൽകുന്നു. ഉപാസനാബലത്തിലൂടെ ഉണർത്തിയ പ്രാണനെ ആവാഹിച്ച് ദേവങ്കൽ സമ്മേളിപ്പിച്ച് വിഗ്രഹത്തിന് ജീവൻ നൽകുന്ന പ്രക്രിയയാണ് ജീവാവാഹന. ദേവൻ തന്ത്രിയിൽ നിന്ന് എത്രമാത്രം അഭേദ്യനാണ് എന്ന് വ്യക്തമാക്കുവാൻ മാത്രമാണിത്രയും പറഞ്ഞത്. ഇത്രയും കൊണ്ട് തീരുന്നില്ല പ്രതിഷ്ഠാ ക്രിയകൾ എങ്കിലും നമ്മുടെ പ്രതിപാദ്യ വിഷയം ആചാരങ്ങൾ ആണ് എന്നതിനാലും അതിലേക്ക് കടക്കുന്നു.
പ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന ഏറെ പ്രധാനപ്പെട്ട ഒരു പ്രാർത്ഥനയുണ്ട്. രൂപമില്ലാത്ത ഈശ്വരന് ഒരു വിഗ്രഹത്തിലൂടെ രൂപം നൽകുന്ന തന്ത്രി ദേവന്നൽകുന്ന ഒരു നിർദ്ദേശമാണത്, ചുമതലയാണത്. ദേവൻ ഒരിക്കലും ലംഘിക്കാത്ത ഒരു നിർദ്ദേശം.
"ലോകാനുഗ്രഹ ഹേത്വർത്ഥം സ്ഥിരീഭവ സുഖായ ന:
സാന്നിദ്ധ്യം ച തഥാദേവ പ്രത്യഹം പരിവർദ്ധയ
മാഭൂൽ പ്രജാ വിരോധോസ്മിൻ യജമാനസ്സമൃദ്ധ്യതാം
സഭൂപാലം തഥാ രാഷ്ട്രം സർവ്വോപദ്രവ വർജ്ജിതം
ക്ഷേമേണ വൃദ്ധിമതുലാം സുഖമക്ഷയമശ്നുതാം
പൂജാം ഗൃഹാണ സതതം മാമുദ്ധര നമോസ്തുതേ.. "
ഈ മന്ത്രാർത്ഥം നോക്കൂ.. ദേവനെ പ്രതിഷ്ഠിച്ച എന്നെ നീ അനുഗ്രഹിച്ചാലും എന്നല്ല ദേവനോട് തന്ത്രി പറയുന്നത് പകരം അദ്ദേഹം ദേവനെ നിയോഗിക്കുന്നത് മറ്റൊന്നിനാണ്.
ലോകാനുഗ്രഹത്തിന്നായി, യജമാനനെയും (ക്ഷേത്രത്തിന്റെ ഊരാളൻ), ഭൂപാലരേയും (രാജാവ്, ഭരണാധിപൻ ), പ്രജകളേയും, ഭക്തരേയും, രാഷ്ട്രത്തേയും സമംഗളം പരിപാലിക്കുകയും, സർവ്വോപദ്രവങ്ങളിൽ നിന്ന് രക്ഷിച്ച് ഒരിക്കലും ക്ഷയിക്കാത്ത സുഖത്തെ പ്രദാനം ചെയ്ത് എന്നെന്നും അഭിവൃദ്ധിയെ പ്രദാനം ചെയ്ത് അനാദികാലത്തോളം കാത്ത് രക്ഷിച്ചാലും എന്നാണ് ദേവനോട് തന്ത്രി കൽപ്പിക്കുന്നത്. അതെ ഇത് ഒരു കൽപ്പന തന്നെയാണ്. ആചാര്യൻ ശിഷ്യന് നൽകുന്ന പോലെ, പിതാവ് പുത്രന് നൽകുന്നത് പോലെ ഒരു ചുമതല. ഈ പ്രപഞ്ചമുള്ളിടത്തോളം ദേവൻ തെറ്റിക്കാത്ത ഒരു കർത്തവ്യം കൂടിയാണിത്.
ഇത്തരത്തിൽ തങ്ങൾക്കായി ഒരിക്കലും തെറ്റിക്കാത്ത കർത്തവ്യങ്ങൾ ദേവനെ ഏൽപ്പിക്കുമ്പോൾ ചില വാക്കുകൾ പാലിക്കാൻ സ്വഭാവികമായും ക്ഷേത്ര ഉടമസ്ഥരും, ഭക്ത ജനങ്ങളും ബാധ്യസ്ഥരാണ്. പ്രതിഷ്ഠാചടങ്ങ് കഴിഞ്ഞ ഉടനെ ദേവന്റെ നടയ്ക്ക് മുന്നിൽ നിന്ന് തന്ത്രി മുഖാന്തിരം ക്ഷേത്ര ഊരാളരും ഭക്തജനങ്ങളും ക്ഷേത്രത്തിലെ നിത്യ നൈമിത്തിക ചടങ്ങുകളും, വിശേഷ ദിവസങ്ങളും, ദേവന്റെ ധ്യാനത്തിനുതകുന്ന മറ്റ് ആചാര ക്രമങ്ങളും നിശ്ചയിച്ച് ഇവയൊക്കെ ചെയ്ത് കൊള്ളാം എന്നൊരു സത്യ പ്രസ്താവന നടത്തുന്ന ചടങ്ങ് കൂടിയുണ്ട്. നിയമം നിശ്ചയിക്കൽ എന്നാണ് ഇതിന് സാമാന്യമായി പറയുക എങ്കിൽ കൂടിയും വാസ്തവത്തിൽ ഒരു ക്ഷേത്രത്തിലെ ഒരിക്കലും മുടക്കം വരാൻ പാടില്ലാത്ത ചില ആചാര ക്രമങ്ങൾക്ക് കൂടിയാണ് അന്നേരം ദേവനോടായി വാക്ക് കൊടുക്കുന്നത്. അതായത് പ്രതിഷ്ഠ കഴിഞ്ഞ ഉടനെ നിശ്ചയിക്കുന്ന നിയമങ്ങൾ വാസ്തവത്തിൽ ദേവനുമായി ക്ഷേത്ര ഉടമസ്ഥരും ഭക്തരും ചേർന്ന് എടുക്കുന്ന ഒരു ഉടമ്പടിയാണ്. ഒരിക്കലും തിരുത്തരുതാത്ത ഒരു സത്യം.
ഇനി ഒന്ന് കൂടി ആദ്യം ചോദിച്ച ചോദ്യങ്ങൾ ആവർത്തിക്കട്ടെ.. എന്താണ് ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനം..? എങ്ങിനെയാണവ രൂപപ്പെട്ടിട്ടുണ്ടാവുക...? എന്താണ് ഓരോ ക്ഷേത്രത്തിലേയും ദേവന് വ്യത്യസ്ഥമായ ആചാരങ്ങൾ വന്നിട്ടുണ്ടാവുക.? എങ്ങിനെയാണ് ആനപ്പുറത്ത് മാത്രം ഏറുന്ന ഗുരുവായൂരപ്പനും, ആനയെ കണ്ട് കൂടാത്ത തൃച്ചംബരത്തപ്പനും വ്യത്യസ്ഥരാകുന്നത്..? എങ്ങിനെയാണ് ചോറ്റാനിക്കര അമ്മയും, ആറ്റുകാലമ്മയും വ്യത്യസ്ഥരാകുന്നത്...? എന്താണ് ശബരിമല അയ്യപ്പ സ്വാമിയും ലോകമെമ്പാടുമുള്ള അയ്യപ്പൻമാരും തമ്മിലുള്ള വ്യത്യാസം..? എന്താണവരെ വ്യത്യസ്ഥരാക്കുന്നത്..? ഇവയ്ക്കുള്ള ഉത്തരമാണ് മുകളിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർണയിക്കപ്പെട്ട ആചാരങ്ങളാണവരെ വ്യത്യസ്ഥരാക്കുന്നത്. ക്ഷേത്ര ആചാരങ്ങൾ രൂപപ്പെടുന്നത് തന്ത്രിക്ക് പ്രതിഷ്ഠാ സമയത്ത് ദർശിക്കാൻ സാധിച്ച ദേവന്റെ സ്വഭാവ വിശേഷങ്ങൾക്കനുസരിച്ച്, ദേവന് കൊടുത്ത വാക്കിനെ ആസ്പദമാക്കി അനാദികാലത്തോളം നിലനിൽക്കേണ്ട ഒരു ഉടമ്പടിയുടെ രൂപത്തിലുമാണ്. ദേവനെ തന്ത്രി ഏൽപ്പിച്ച ചുമതല ദേവൻ ഒരിക്കലും തെറ്റിക്കില്ല. എന്നാൽ നമ്മൾ അത് തെറ്റിച്ചാൽ എന്താകും ഫലം..? ആർക്കാണതിന്റെ ദോഷം..? വാഗ്ദത്ത ലംഘനം എന്ന ദോഷം കേവലം നിയമ സംഹിതകളിൽ ഒതുങ്ങുന്നതല്ല.
ദേവങ്കൽ ഉണ്ടാകുന്ന ഏത് ചൈതന്യ ലോപവും പരിഹരിക്കേണ്ടതും, ആ ചൈതന്യത്തെ വർദ്ധിപ്പിച്ച്, ലോകാനുഗ്രഹത്താന്നായി ദേവനെ നിലനിർത്തേണ്ടുന്നതു തന്ത്രിയുടെ കർത്തവ്യമാണ്. തന്ത്രിക്ക് മറ്റെന്തിനേക്കാട്ടിലും പ്രധാനം ദേവന്റെ ഹിതമാണ്. അത് കൊണ്ട് തന്നെ മറ്റെന്തും ത്യജിച്ചും ആചാരങ്ങൾ പരിപാലിക്കപ്പെടേണ്ടതുണ്ട്.
Pudayoor Jayanarayanan
കുറിപ്പ്: മാധവ്ജി രചിച്ച ക്ഷേത്ര ചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി Bodhi Dutta എഴുതിയ കുറിപ്പിന്റെ ലിങ്ക് ഇതിനൊപ്പം ചേർക്കുന്നു. തന്ത്രിയുടെ പ്രതിഷ്ഠ വരെയുള്ള ക്രിയകളെപ്പറ്റി ഏറെക്കുറെ എല്ലാം അതിൽ പറയുന്നുണ്ട് വിസ്താര ഭയം നിമിത്തം ആ ലേഖനം ഇവിടെ കൊടുക്കുന്നില്ല, പകരം ആവശ്യക്കാർക്ക് പരിശോധിക്കുവാനായി ആ ലേഖനത്തിലേക്കുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു.

No comments: