Saturday, January 12, 2019

ദേവന്‍മാരുടെ പ്രഭവവും  അധിപതിയുമൊക്കെ ബ്രഹ്മമെന്ന് പറയുന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങളാണ് ഇനി.
യോ ദേവാനാം പ്രഭവശ്ചോദ്ഭവശ്ച
വിശ്വാധിപോ രുദ്രോ മഹര്‍ഷി:
ഹിരണ്യഗര്‍ഭം പശ്യത ജായമാനം
സ നോ ബുദ്ധ്യാ ശുഭയാ സംയുനക്തു
 ദേവന്‍മാരുടെ ഉല്‍പത്തിക്കും വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും കാരണമായിട്ടുള്ളവനാണ് ഈ ദേവന്‍. വിശ്വത്തിന്റെ മുഴുവന്‍ അധിപതിയും സംഹരിക്കുന്നവനും മഹാനായ ഋഷിയുമാണ്.ഏറ്റവും ആദ്യമുണ്ടായ ഹിരണ്യഗര്‍ഭന്റെ ഉദ്ഭവത്തിന് സാക്ഷിയായവനുമാണ്.അങ്ങനെയുള്ള ആ ദേവന്‍  നമ്മളെ മംഗളകരമായ ബുദ്ധിയെ തന്ന് അനുഗ്രഹിക്കട്ടെ.
ഈ മന്ത്രം കഴിഞ്ഞ മൂന്നാം അദ്ധ്യായത്തില്‍ വന്നതാണ്. മൂന്നാമത്തെ വരിയില്‍ ചെറിയൊരു മാറ്റത്തോടെയാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
രുദ്രന്‍ ഭക്തരുടെ പാപങ്ങളേയും ക്ലേശങ്ങളേയും നശിപ്പിച്ച് അറിവും ആനന്ദവും നല്‍കുന്നവനാണ്.നിയമങ്ങളെ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നവനുമാണ് രുദ്രന്‍.
ബ്രഹ്മാവ് ഉള്‍പ്പടെ സകലദേവന്‍മാരുടേയും ഉത്ഭവവും വളര്‍ച്ചയും ജീവിതവുമൊക്കെ വിശ്വനാഥനായ പരമാത്മാവിനെ ആശ്രയിച്ചാണ്. എന്നുമുള്ളവനായതിനാല്‍  സൃഷ്ടിയില്‍ ആദ്യമുണ്ടായ ഹിരണ്യഗര്‍ഭന്റെ ജനനത്തേയും കണ്ടവനാണ്.
 സാധകര്‍ക്ക് ആത്മജ്ഞാനത്തെ നേടുന്നതിന് ആവശ്യമായ തെളിഞ്ഞ ബുദ്ധിയെ നല്‍കി അനുഗ്രഹിക്കട്ടെയെന്ന പ്രാര്‍ത്ഥനയാണ് ഈ മന്ത്രത്തില്‍ ചെയ്തത്.
യോ ദേവാനാമധിപോ
യസ്മിംല്ലോകാ അധിശ്രിതാ:
യ ഈശേ അസ്യ ദ്വിപദശ്ചതുഷ്പദ :
കസ്‌മൈ ദേവായ ഹവിഷാ വിധേമ
 ദേവന്‍മാരുടെ അധിപനും ലോകങ്ങളെല്ലാം ആശ്രയിച്ചിരിക്കുന്നവനും ഈ ലോകത്തിലെ ഇരുകാലികളെയും നാല്‍ക്കാലികളേയും ഭരിക്കുന്നവനും ആനന്ദസ്വരൂപനുമായ ആ ദേവനെ ഹോമദ്രവ്യങ്ങളാല്‍ നാം ആരാധിക്കുന്നു.
എല്ലാ ദേവന്‍മാരുടേ യും അധിപനായിരിക്കുന്നത് പരമാത്മാവായ ദേവനാണ്.ലോകങ്ങളുടെ മുഴുവന്‍ ആശ്രയ സ്ഥാനവും ഇത് തന്നെ. ആശ്രയിക്കാനായി ഇതുപോലെ മറ്റൊന്നില്ല എന്നറിയണം.എല്ലാ ജീവജാലങ്ങളുടേയും പ്രതിനിധികളായാണ് ഇരുകാലികളേയും നാല്‍ക്കാലികളേയും പറഞ്ഞത്. അവയെയൊക്കെ പാലിച്ച് വേണ്ട പോലെ ഭരണം നടത്തുന്നവനും ഈ ദേവന്‍ തന്നെയാണ്. യജ്ഞയാഗാദികളില്‍ സമര്‍പ്പിക്കുന്ന ഹോമദ്രവ്യങ്ങളെല്ലാം ഈ പരമാത്മാവിലേക്കാണ്.പല ദേവതമാരുടെ പേരുകളില്‍ ഹവിസ്സ് അര്‍പ്പിച്ചാലും അത് ഒടുക്കം എത്തുന്നത് ഈ ദേവദേവനിലാണ്. നമ്മുടെ ഇത്തരമുള്ള ആരാധനയില്‍ അദ്ദേഹം പ്രസാദിക്കട്ടെ.
സൂക്ഷ്മാതിസൂക്ഷ്മം കലിലസ്യ മധ്യേ
വിശ്വസ്യ സ്രഷ്ടാരമനേകരൂപം
വിശ്വസൈ്യകം പരിവേഷ്ടിതാരം
ജ്ഞാത്വാ ശിവം ശാന്തിമത്യന്തമേതി
 സൂക്ഷ്മങ്ങളില്‍ വെച്ച് ഏറ്റവും സൂക്ഷ്മമായതും കടന്നു കൂടാന്‍ പ്രയാസമുള്ള ഗുഹയുടെ മധ്യത്തില്‍ കുടികൊള്ളുന്നതും ലോകത്തിന്റെ സൃഷ്ടികര്‍ത്താവും അനേക രൂപങ്ങളോട് കൂടിയവനും ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നവനും ഏകനും മംഗള സ്വരൂപനുമായ പരമാത്മാവിനെ അറിഞ്ഞ് ആത്യന്തികമായ  ശാന്തിയെ നേടാം.
അതി സൂക്ഷ്മമായ ഈ ആത്മാവ് ഹൃദയത്തിലാണ് കുടികൊള്ളുന്നത്. പുറമേക്ക് മാത്രം കുതിക്കുന്ന ഇന്ദ്രിയങ്ങള്‍ക്ക് ഇവിടേക്ക് കടക്കാന്‍ പ്രയാസമായതിനാലാണ് കലിലസ്യ എന്ന് ഹൃദയ ഗുഹയെ വിശേഷിപ്പിച്ചത്.
 ഇതേ ജീവാത്മാവ് തന്നെയാണ് പരമാത്മാവായി എങ്ങും നിറഞ്ഞിരിക്കുന്നത്. താന്‍ തന്നെയാണ് അതെന്ന് സാക്ഷാത്കരിക്കുമ്പോഴാണ് ഏറ്റവും വലുതായ, എന്നുമുള്ളതായ ശാന്തിയെ നേടാന്‍ കഴിയുക

No comments: