Monday, January 07, 2019

അര്‍ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം
പത്തുകിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കൈയിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്‍
സത്തുക്കള്‍ ചെന്നിരന്നാലായര്‍ഥത്തില്‍
സ്വല്‍പമാത്രം കൊടാ ചില ദുഷ്ടന്മാര്‍
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടു പോകാനൊരുത്തര്‍ക്കും.
പണം എത്ര കിട്ടിയാലും മനുഷ്യന് തൃപ്തിയാവുന്നില്ല എന്ന സത്യം തുറന്നു പ്രഖ്യാപിക്കുകയാണ് പൂന്താനം. പത്തുരൂപ കിട്ടിയാല്‍ നൂറു വേണമെന്നാഗ്രഹം. നൂറായാലോ, ആയിരം സ്വരൂപിക്കാനുള്ള വെമ്പല്‍. അത്രയും ലഭിച്ചു കഴിഞ്ഞാല്‍ പതിനായിരം വേണമെന്നാവും ചിന്ത.
മോഹമാകുന്ന കയറുകൊണ്ട് കെട്ടിവലിക്കുന്നതുപോലെയാണ് മനുഷ്യാവസ്ഥ. ഈ ഒടുങ്ങാത്ത ആശാപാശം നമ്മളെ സത്യത്തില്‍നിന്നകറ്റുന്നു. സജ്ജനങ്ങള്‍, അവരുടെ ഗതികേടുകൊണ്ട് വല്ല സഹായവും ചോദിച്ചാല്‍ത്തന്നെ, നാം കൂട്ടിവച്ച ഈ സമ്പത്തില്‍നിന്ന് അല്‍പം പോലും കൊടുക്കുകയില്ല. എന്നാലോ, മരിക്കുമ്പോള്‍ സ്വന്തം വസ്ത്രംപോലും നമുക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നുമില്ല.
സമ്പത്ത് വര്‍ധിക്കുന്തോറും നമ്മുടെ ദുരയും വര്‍ധിക്കുകയാണ്. ഇതിനെയാണ് ജ്ഞാനികള്‍ ആശാബന്ധനം എന്നു വിവക്ഷിക്കുന്നത്. സ്വപ്‌നങ്ങളും മോഹങ്ങളുമൊക്കെ ഒരു പരിധിവരെ നല്ലതാണ്; പക്ഷേ, ധനസമ്പാദനത്തിനുള്ള മോഹമല്ല പ്രധാനം.
അറിവിനായുള്ള മോഹം, നേടിയ അറിവില്‍ നിന്ന് മനുഷ്യനെ പരിഷ്‌കാരത്തിലേയ്ക്കും പുരോഗതിയിലേയ്ക്കും സംസ്‌കാര സമ്പന്നതയിലേയ്ക്കും നയിക്കാനുള്ള ആഗ്രഹം-അതാണ് വേണ്ടത്. മനുഷ്യനെ കാലാനുസൃതമായി മുന്നോട്ട് നയിക്കാന്‍ പര്യാപ്തമാകുന്ന ജ്ഞാനവിജ്ഞാനങ്ങള്‍ ആര്‍ജിക്കാനുള്ള നിരന്തരപരിശ്രമമാണ് ആവശ്യം എന്നുകൂടി അര്‍ഥമാക്കാം.
 janmabhumi

No comments: