Friday, January 04, 2019

പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്,
തന്നെത്താനഭിമാനിച്ചു പിന്നേടം 
തന്നെത്താനറിയാതെ കഴിയുന്നു;
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!
ഈ മനുഷ്യജന്മത്തില്‍ പത്തുമാസം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞു. പിന്നെ പത്തു പന്ത്രണ്ടുവര്‍ഷം ബാലചാപല്യങ്ങളുമായി ജീവിച്ചു. പലപല മിഥ്യാഭിമാനങ്ങളുമായാണ് പിന്നീടുള്ള യൗവനകാലം. പിന്നെ, എത്രകാലം ബാക്കിയുണ്ടാവും? ഒരു നീ
ര്‍ക്കുമിളപോലെയാണ് ജീവിതം. ഇപ്പോള്‍ ഈ ശരീരത്തില്‍ ശ്വാസമുണ്ട്; പക്ഷേ, പെട്ടെന്നൊരു നിമിഷത്തില്‍ അത് നിലച്ചുപോകാവുന്നതേയുള്ളൂ. ഇത്രയേറെ ക്ഷണികമാണ് ജീവിതം എന്നറിഞ്ഞിട്ടും, ഈശ്വരചിന്തയിലേക്ക് നമ്മുടെ ശ്രദ്ധ പതിയുന്നില്ലല്ലോ എന്ന് പരിതപിക്കുകയാണ് കവി. ഏറെ വിലപ്പെട്ട ഈ മനുഷ്യജീവിതം വ്യര്‍ത്ഥമാക്കിക്കളയുകയാണല്ലോ നമ്മില്‍ ഒട്ടുമിക്കവരും. മോക്ഷസാധകമായ ഭഗവന്നാമസങ്കീര്‍ത്തനത്തിനായി, പരമാവധി സമയം നമ്മള്‍ വിനിയോഗിക്കണം; അപ്രകാരം ജീവിതത്തെ സഫലമാക്കിത്തീര്‍ക്കണം എന്നാണ് കവിയുടെ അഭ്യര്‍ഥന.
janmabhumi

No comments: