തൂലികാചിത്രം 10
നാരദമുനി പല ഗൃഹങ്ങളിലും പോയി ഭഗവാന്റെ പല ഗൃഹസ്ഥ ഭാവങ്ങളും രൂപങ്ങളും കണ്ടു. ഭഗവാനോടുള്ള കൌതുകം കൊണ്ടും ഭഗവത് ലീലകൾ കാണാനുള്ള ഔത്സുക്യം കൊണ്ടും അനന്യസ്നേഹം കൊണ്ടും നാരദന് ദ്വാരക വിടാൻ മനസ്സു വരുന്നില്ല. ഗോദോഹനത്തിന്റെ സമയമേ ഒരിടത്ത് തങ്ങാവൂ എന്നാണ് പ്രമാണം. പക്ഷെ ഭഗവാന്റെ സാന്നിധ്യത്തിൽ ആ നിയമം അസാധു. അതിനാൽ നാരദമുനി ദ്വാരകയിലെ മറ്റൊരു പത്നീഗൃഹത്തിലലക്ക് നടന്നു.
എന്താ പറയാ? അവിടെ ഗൃഹത്തിന്റെ വലതു വശത്ത്, ഒരു പീഠത്തിന്മേൽ കൃഷ്ണൻ ഒരു വെള്ള തോർത്തും പുതച്ച് ഇരിക്കുന്നു. പീലിയും മാലകളും മാറ്റി കുറച്ചധികം നീണ്ടു പോയ മുടി അഴിച്ചിട്ടിരിക്കുന്നു. ആദ്യമായാണ് കൃഷ്ണന്റെ ഇങ്ങനെ ഒരു രൂപം കാണുന്നത്. ആറും എട്ടും വയസ്സുള്ള പുത്രന്മാർ മണ്ണിൽ കളിക്കുന്നു. സമയം വൈകുന്നേരമാണ്. നാരദരെ കണ്ട ഉടനെ കൃഷ്ണൻ നമസ്ക്കരിച്ച് മറ്റൊരു പീഠം അധികം അകലെ അല്ലാതെ വെച്ച് ഇരിക്കാൻ ക്ഷണിച്ചു. പത്നി മധുപർക്കം നൽകി. കുട്ടികളും നമസ്ക്കരിച്ച് നാരദന്റെയൊപ്പം മധുപർക്കം കഴിച്ചു.
കൃഷ്ണന്റെ നാലുപുറവും കുറെ വെള്ളപ്പക്ഷികൾ എന്തോ മിറ്റത്തുള്ളത് കൊത്തിത്തിത്തുന്നുണ്ടായിരുന്നു. അപ്പോഴേക്കും സുകുതിയായ ഒരു ക്ഷുരകൻ മുടി വെട്ടാനുള്ള ഉപകരണങ്ങളുമായി വന്ന് കൃഷ്ണനെ നമസ്ക്കരിച്ച് ആ സുന്ദരമായ ചുരുണ്ടു കറുത്ത മുടി ശ്രദ്ധാപൂർവം പതുക്കെ വെട്ടാൻ തുടങ്ങി. താഴെ വീഴുന്ന മുടിയിഴകൾ ആ വെള്ളപ്പക്ഷികൾ അവരുടെ ശരീരത്തിൽ ഏറ്റുവാങ്ങി. സുകൃതികൾ ! പെട്ടെന് അവയെല്ലാം മിനുത്ത കൃഷ്ണവർണച്ചിറകുകൾ ഉള്ള പക്ഷികൾ ആയി മാറി. അവയാണത്രെ ഇന്നത്തെ കാക്കകൾ! പിതൃക്കൾക്ക് മനുഷ്യർ അർപ്പിക്കുന്ന ബലി സ്വീകരിക്കാൻ നിങ്ങൾ അർഹരായി തീരട്ടെ എന്ന് ഭഗവാൻ അനുഗ്രഹിച്ചു. അതീവ സന്തോഷത്തോടെ അവ പറന്നു പോയി.
അപ്പാഴേക്കും കുറെ ചെറിയ വെളളപ്പക്ഷികൾ കൃഷ്ണന്റെ ചുറ്റും നിരന്നു. നല്ല ഒരു ഗാനവും ആലപിച്ചു കൊണ്ട് തലമുടി വെട്ടുന്നതും ആസ്വദിച്ച് കൃഷ്ണനങ്ങനെ ഇരുന്നു. സാധാരണ കൃഷ്ണൻ വേണുഗാനം പൊഴിക്കുന്നതേ കേൾക്കാറുള്ളു. ഇന്നിതാ വായ്പ്പാട്ട് കേൾക്കാനും ഭാഗ്യമുണ്ടായി എന്ന് നാരദർ ഓർത്തു. അത്ഭുതപ്പെടാനെന്തിരിക്കുന്നു! 64 കലകളിലും 64 ദിവസങ്ങൾ കൊണ്ട് പ്രാവീണ്യം നേടിയ ആളല്ലേ? ഗാനാമൃതം' കേട്ട് നാരദർ താനറിയാതെ തന്നെ തുംബുരു ഭഗവാന്റെ ഗാനത്തിനനുസരിച്ച് വായിക്കാൻ തുടങ്ങി. ആകാശത്തിൽ സരസ്വതീദേവി മധുരമധുരമായി വീണ വായിച്ചു. ദേവന്മാർ വാദ്യഘോഷങ്ങൾ മുഴക്കി. മധുരമായ ഗാനം കേട്ട് എല്ലാ ജീവജാലങ്ങളും തമ്പടിച്ച് നിന്നു. ഗാനങ്ങൾ കേട്ട് അവ ഹൃദിസ്ഥമാക്കി ചെറിയ വെള്ളപ്പക്ഷികളും ഭഗവാൻെറ മുടി അവയുടെ ചിറകുകളിൽ ഏറ്റുവാങ്ങി. അവയുടെ തൂവലുകളും കൃഷ്ണ നിറം ആയി മാറി. മിനുത്ത കറുത്ത ചിറകുകൾ ഉള്ള ഗാനകോകിലങ്ങൾ എന്നറിയപ്പെടുന കുയിലുകളും പണ്ട് വെള്ളപ്പക്ഷികൾ ആയിരുന്നത്രെ. തലമുടി വെട്ടുമ്പോൾ കൃഷ്ണൻ പാടിയിരുന്ന ഗാനങ്ങൾ ശ്രവിച്ചാണത്രെ അവർ ഗാനകോകിലങ്ങൾ ആയത്. ഭഗവാന്റെ അനുഗ്രഹങ്ങൾ വിചിത്രം തന്നെ എന്ന് മേൽപ്പത്തൂർ പറഞ്ഞില്ലേ?
നാരദമുനി എല്ലാം നിരീക്ഷിച്ചിരുന്നു. ഭഗവാന്റെ മുടി ഭംഗിയായി വെട്ടിയിരിക്കുന്നു. വേഗം പോയി കുളിച്ച് മുടി ഒതുക്കിക്കെട്ടി പീലിയും വെച്ച് .നടന്നു വരുന്ന കൃഷ്ണന്റെ കമനീയ രൂപം കണ്ട് നാരദമുനി ഭഗവാന്റെ കാൽക്കൽ സാഷ്ടാംഗം നമിച്ചു.
നാരദരേയും കൂട്ടി നടന്നു പോകുന്ന ഭഗവാനെ കാണാൻ ഞാനൊരു കോണിൽ നിന്നു. ഭഗവാൻ സാധാരണ പോലെ പുഞ്ചിരി തൂകിക്കൊണ്ട് എന്നെ കണ്ടതായി ഭാവിച്ചു, സത്യത്തിൽ കണ്ണു നിറഞ്ഞു. ആ ക്ഷുരകന്റെ ഭാഗ്യവും, ആ കൃഷ്ണ നിറം സ്വീകരിച്ച കാക്കകളുടേയം കുയിലുകളുടേയും സുകൃതവും, സങ്കൽപ വിമാനത്തിലിരുന്ന് ഇതൊക്കെ കാണാനും സംഗീതം അപരിചിതമായ എന്റെ മനസ്സിനെപ്പോലും സംഗീഗാമൃതത്തിൽ ആറാടാനും അനുവദിച്ച കൃഷ്ണന്റെ കാരുണ്യം ഓർത്ത് ഞാൻ കരഞ്ഞു. കൃഷ്ണന്റെ കണ്ണ് ഒന്നുകൂടി എന്നിൽ പതിഞ്ഞു. കൃഷ്ണ , ആ കടാക്ഷം ഒന്നു മാത്രം മതി ട്ടൊ എനിക്ക്.
കൃഷ്ണകടാക്ഷം എന്നും എല്ലാവരിലും പതിയട്ടെ!.
savithri puram
No comments:
Post a Comment