ചരാചരങ്ങളെ സംഹരിക്കുന്നത് പരമാത്മാവ്
Thursday 14 March 2019 5:41 am IST
അത്ത്രധികരണം
രണ്ടാം പാദത്തിലെ രണ്ടാം അധികരണമായ അത്ത്രധികരണത്തില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്. അത്താവെന്ന് പറഞ്ഞത് പരമാത്മാവിനെ തന്നെയാണെന്ന് സ്ഥാപിക്കുകയാണ് ഈ സൂത്രങ്ങളിലൂടെ.
സൂത്രം- അത്താ ചരാചരഗ്രഹണാത്
ഭക്ഷിക്കുന്നവന്‍ ചരങ്ങളേയും അചരങ്ങളേയും ഗ്രഹിച്ചിട്ടുള്ളതുകൊണ്ട്.
ചരാചര സ്വരൂപമായ ജഗത്തിനെ ഗ്രഹിച്ചിട്ടുള്ളതിനാല്‍ അത്താവ് ബ്രഹ്മം തന്നെയാണ്.
അത്താവ് എന്നാല്‍ കഴിക്കുന്നവന്‍, ഭക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം.
ശ്രുതി വാക്യങ്ങളെ ഉദ്ധരിച്ച് പൂര്‍വ്വ പക്ഷം പരമാത്മാവ് അത്താവല്ല എന്ന് വാദിക്കുന്നു. കഠോപനിഷത്തില്‍ 'യസ്യബ്രഹ്മ...വേദയത്ര സ: 'എന്ന മന്ത്രത്തില്‍ ബ്രഹ്മവും ക്ഷത്രവും ആര്‍ക്ക് അന്നമായിരിക്കുന്നുവോ സര്‍വ്വ സംഹാരകനായ മൃത്യു ആര്‍ക്ക് ഉപദംശമായിരിക്കുന്നുവോ ആ അത്താവ് എവിടെയിരിക്കുന്നുവെന്ന് ആര്‍ക്കറിയാം എന്ന് പറയുന്നു.ഇവിടെ പറഞ്ഞതായ അത്താവ് ആരാണ് എന്നാണ് സംശയം. ബൃഹദാരണ്യകത്തില്‍ 'അഗ്‌നിരന്നാദ:'എന്ന് പറയുന്നതിനാലും എല്ലാം കഴിക്കുന്നവനായി അഗ്‌നിയെ കണക്കാക്കുന്നതിനാലും അത്താവ് അഗ്‌നിയെന്ന് കരുതണമെന്നാണ് പൂര്‍വ പക്ഷം വാദിക്കുന്നത്.
മുണ്ഡകത്തില്‍ 'തയോരന്യ: പിപ്പലം സ്വാദ്വത്തി' എന്ന മന്ത്രത്തില്‍ ജീവന്‍ കര്‍മഫലത്തെ സ്വാദുള്ളതായി കഴിക്കുന്നു എന്ന് പറഞ്ഞതിനാല്‍ അത്താവ് ജീവന്‍ ആണെന്നും കരുതാം. ഒരിക്കലും പരമാത്മാവാകില്ല എന്നാണ് ഇവരുടെ വാദം. കാരണം 'അനശ്‌നന്നന്യോ അഭിചാകശീതി' എന്നിടത്ത് അന്യനായ പരമാത്മാവ് ഒന്നും കഴിക്കാതെ ശോഭിച്ചിരിക്കുന്നു എന്ന് പറയുന്നുണ്ട്. അതിനാല്‍ പരമാത്മാവിനെ അത്താവെന്ന് വിളിക്കാനാവില്ലെന്ന് പൂര്‍വ്വപക്ഷം പറയുന്നു.
എന്നാല്‍ ഈ വാദങ്ങളെ പൊളിക്കുകയാണ് സൂത്രം. അത്താവായി സ്വീകരിക്കേണ്ടത് പരമാത്മാവിനെയാണ്. എന്തെന്നാല്‍ ചരാചരങ്ങളായ എല്ലാ വസ്തുക്കളേയും സംഹരിക്കുന്നത് പരമാത്മാവാണ്. എല്ലാറ്റിനെയും ഇല്ലാതാക്കുന്ന മൃത്യുവിനെ തൊട്ടുകൂട്ടുന്ന കറിയായി പറഞ്ഞിട്ടുള്ളതിനാല്‍ ആ മൃത്യുവിനെ കൂടി സംഹരിക്കുന്നത് പരമാത്മാവാണ്.
ജഗത്തിനെ സംഹാര കാലത്തില്‍ തന്നില്‍ ലയിപ്പിക്കുന്നു എന്നുള്ളതിനെയാണ് ഇവിടെ ഭോക്തൃത്വത്തിന്റെ ലക്ഷണമായി പറയുന്നത്. എന്നാല്‍ അത് സുഖദു:ഖരൂപത്തിലുള്ള സംസാരഫലങ്ങളെ അനുഭവിക്കുന്നത് പോലെയുള്ള ഭോക്തൃത്വമല്ല. നാനാത്വത്തിന്റെ സംഹാരമാണ്.
ജീവനെപ്പോലെ കര്‍മ്മഫലത്തെ അനുഭവിക്കുന്നവനല്ല എന്നാണ് മനസ്സിലാക്കേണ്ടത്. മൃത്യുവിനെ ഭക്ഷിക്കുകയെന്നാല്‍ ചരാചര പ്രപഞ്ചത്തെ മുഴുവന്‍ ഗ്രഹിക്കുന്നുവെന്നറിയണം.ഭോക്തൃത്വ ശബ്ദം ഉപയോഗിച്ചത് ചമത്കാരത്തിന് വേണ്ടി മാത്രമാണ്. ഈശ്വരന്‍ അഭോക്താവ് തന്നെയാണ്.
സൂത്രം - പ്രകരണാച്ച
(പ്രകരണാത് ച)
പ്രകരണം കാരണമായും.
പരമാത്മാവിനെപ്പറ്റി പറയുന്ന ഭാഗത്ത് തന്നെയാണ് അത്താവിനെപ്പറ്റി പറയുന്നത് എന്നതിനാല്‍ പരമാത്മാവ് തന്നെയാണ് അത്താവ് എന്ന് അറിയണം.
കഠോപനിഷത്തിലെ രണ്ടാം വല്ലിയിലെ 20 മുതല്‍ 24 ഉള്‍പ്പെടെയുള്ള മന്ത്രങ്ങളില്‍ പരമാത്മാവിനെ പറയുന്നു. തുടര്‍ന്നുള്ള മന്ത്രത്തിലാണ് അത്താവിനെക്കുറിച്ച് പറയുന്നത്.
ആദ്യ മന്ത്രങ്ങളില്‍ ഈശ്വര മഹിമ, കാരുണ്യം, ദാതൃത്വം, ആശ്രിത വാല്‍സല്യം തുടങ്ങിയ ഗുണങ്ങള്‍ പറയുന്നു. പിന്നീട് ഈശ്വരനെ അറിയാനുള്ള വിഷമവും ഭഗവദ് ദര്‍ശനത്തിന്റെ ദുര്‍ല്ലഭതയും കാണിക്കുന്നു. ഈശ്വരാനുഗ്രഹം, കരുണ എന്നിവയാലേ അദ്ദേഹത്തെ അറിയാനാകൂ. ഇങ്ങനെ പൂര്‍വ്വാപരബന്ധം (മുന്‍പും പിന്നെയും പറഞ്ഞത്) ഉള്ളതിനാല്‍ ഈ പ്രകരണം കൊണ്ട് ഇവിടെ പരമാത്മാവിനെ തന്നെയാണ് പറഞ്ഞത് എന്ന് ഉറപ്പായും ചെയ്യാം...janmabhumi
No comments:
Post a Comment