Thursday, March 21, 2019

ശ്രീമദ് ഭാഗവതം 94* 

പൂന്താനം പറയണ പോലെ, 'തന്നെ' അറിയാതെ കഴിച്ചു കൂട്ടുന്നു ഇവിടെ. ബാക്കി ഒക്കെ അറിയണു. തന്നെ അറിഞ്ഞിട്ടില്ല്യ. തന്റെ യഥാർത്ഥ സ്വരൂപം എന്താണെന്ന് അറിഞ്ഞിട്ടില്ലെങ്കിൽ ദുഖം നമ്മളെ വിട്ടു പോകുകയേ ഇല്ല്യ. തന്നെ അറിഞ്ഞാലോ, ദു:ഖം തനിക്കല്ലാ എന്നറിയും. ദു:ഖം ഒക്കെ ണ്ടാവും. തന്നെ ബാധിക്കണില്ല്യ.

ദു:ഖസംയോഗവിയോഗം _യോഗസംജ്ഞിതം_ 
ദുഖത്തിനോടുള്ള സംയോഗം വിട്ടു പോകും. ദുഖം ണ്ടാവും. ആർക്കാ ദുഖം?  ശരീരത്തിന്. ഈ ശരീരം ഞാനല്ല. ശരീരം ഞാൻ ആണെങ്കിൽ നമുക്ക് സ്വാതന്ത്ര്യമേ ഇല്ല്യ. എന്തൊക്കെ തന്നെ അറിഞ്ഞാലും ദേഹത്തിനോട് ഒട്ടി നില്ക്കുന്നിടത്തോളം വിഷമം ണ്ട്. എത്ര പറഞ്ഞാലും ദേഹം വിഷമിപ്പിക്കും. 

അപ്പോ ദേഹത്തിന് വിഷമം വരുമ്പോ പതുക്കെ പതുക്കെ ഈ പിൻവാങ്ങൽ വേണം. ഈ പിൻവാങ്ങൽ ആണ് *പ്രത്യാഹാരം എന്ന് പറയണത്. 

ശരീരത്തിൽ നിന്നും മനസ്സിൽ നിന്നുമൊക്കെ സ്വരൂപത്തിലേക്കുള്ള പിൻവാങ്ങലാണ് *പ്രത്യാഹാരം* . 

ഞാൻ ണ്ട് എന്നുള്ള അനുഭവരൂപത്തിൽ മനസ്സിനെ സ്വരൂപത്തിൽ നിർത്തുന്നതാണ് *ധാരണ* .

 'ഞാൻ' 'ഞാൻ' 'ഞാൻ' എന്നുള്ള അനുഭവത്തിനെ ആ അനുഭവം വിടാതെ സദാ.. സംഗീതത്തിൽ രാഗവും താളവും ഒക്കെ മാറി വരുമ്പോഴും മാറാത്ത ശ്രുതി പോലെ  അനുഭവത്തിൽ നിർത്തുന്നതാണ് *ധ്യാനം* . 

ആ അനുഭവത്തിൽ ശരീരവും മനസ്സും ഒന്നും വാസ്തവം അല്ല എന്നും കേവലാനുഭവസ്വരൂപനായ ഭഗവാൻ മാത്രം സത്യം എന്നുള്ള നിരന്തര അനുഭവം *സമാധി* 

അത് നിർവികല്പം(നിർവികല്പ സമാധി ) ആവുമ്പോ രണ്ടാമതൊന്നും ണ്ടാവില്ല്യ. അതിനെ  _സംശയം_ ബാധിക്കില്ല്യ. _വിപരീതജ്ഞാനം_ , തടസ്സം ചെയ്യില്ല്യ _അജ്ഞാനം_ അതിനെ ബാധിക്കില്ല്യ. അത് *ആത്മനിഷ്ഠ* . 

അങ്ങനെ ദൃഢമായി ഏകാന്ത ദേശത്തിൽ ഇരുന്നു കൊണ്ട് മനസ്സിന് അല്പം ഒരു വ്യാപാരം വേണമെങ്കിൽ വ്യാപാരഭൂമിർമനസാസ്തു  ഭഗവാന്റെ ആ ദിവ്യരൂപം നമ്മുടെ മനസ്സിന്റെ വ്യാപാരഭൂമി ആയിത്തീരട്ടെ. അതിൽ കുറച്ച് നേരം മനസ്സ് വ്യാപരിക്കട്ടെ. അതല്ലാതെ വേറെ ഒരു വസ്തുവിലും വിടാതെ പതുക്കെ പതുക്കെ,
 
യദാ രതിർ ബ്രഹ്മണി നൈഷ്ഠികീ പുമാൻ 
ആചാര്യവാൻ ജ്ഞാനവിരാഗരംഹസാ.

അഗ്നി തന്നിൽ ഇടുന്നതിനെ ഒക്കെ ഭസ്മം ആക്കുന്നതുപോലെ ഈ ജ്ഞാനം ആകുന്ന അഗ്നി കർമ്മവാസനകളെയൊക്കെ ക്ഷയിപ്പിക്കും. 

ഇങ്ങനെ സനത്കുമാരമഹർഷി പൃഥുമഹാരാജാവിന് ബ്രഹ്മവിദ്യയെ ഉപദേശിച്ചു.
സനത്കുമാരൻ പോയ ശേഷം പൃഥു മഹാരാജാവ് തനിക്ക് വാർദ്ധക്യം ആയി എന്ന് കണ്ടപ്പോ, സത്സംഗം ഒക്കെ അപ്പഴാണ് പ്രയോജനപ്പെടണത്. വാർദ്ധക്യത്തിൽ കേൾക്കാ എന്ന് വെച്ചാൽ നടക്കില്ല്യ. ചെറുപ്പം മുതൽ ഇതിന്റെ സംസ്ക്കാരം ണ്ടെങ്കിൽ വയസ്സാവുമ്പോ പഴുത്ത് പഴുത്ത് പഴുത്ത് വരും. ചെറുപ്പത്തിൽ ഇതൊക്കെ കേൾക്കുമ്പോ പ്രായോഗികമായി അനുഭവിക്കാൻ സാധിക്കില്ല്യ. 

ശരീരത്തിന് നല്ല ആരോഗ്യം ണ്ട്, ഉത്സാഹം ണ്ട് അപ്പോ ഇതിന്റെ ആവശ്യം വരില്ല്യ. പക്ഷേ ഇത് ഉള്ളില് വെച്ച് കൊണ്ട് ജീവിക്കുന്തോറും നമുക്ക് കാണാം എത്ര കണ്ട് ഇത് നമുക്ക് ബലം തരണു. ഈ ജ്ഞാനത്തിന്റെ ബലം ഇല്ലാതെ നമുക്ക് ജീവിക്കാൻ ഒക്കില്ല്യാന്ന് നമ്മള് കാണും. അപ്പോ വാർദ്ധക്യദശ ആവുമ്പോ, ഇത് നമുക്ക് പരിപൂർണ്ണപക്വതയ്ക്ക് വഴി ആയിട്ട് തീരും.
ശ്രീനൊച്ചൂർജി 
 *തുടരും. ...*
lakshmi prasad

No comments: