Friday, March 15, 2019

പ്രാപഞ്ചിക സുഖങ്ങളോടുള്ള ഉദാസീനമായ വെറുപ്പല്ലാ വൈരാഗ്യം എന്നറിയുക. നശ്വരവസ്തുക്കള്‍ സുഖഭോഗങ്ങള്‍ ഇവയില്‍നിന്നും നിശ്ശേഷമായി പിന്തിരിയുന്ന സ്ഥിതിയാണത്. അത് ആളിക്കത്തുന്ന അഗ്നിയാണ്. വൈരാഗ്യത്തിന്റെ തീനാളങ്ങള്‍കൊണ്ട് ദേഹമാസകലം ഉജ്ജ്വലിക്കും. ഈശ്വരദര്‍ശനം സംപ്രാപ്തമാകാതെ തൃപ്തിറായാവുകയില്ല. അത്തരത്തില്‍ ശക്തവും അവിഛിന്നവുമായ വൈരാഗ്യത്തോടൊപ്പമുള്ള ഈശ്വരാഭിവാഞ്ചയാണ് ഒരു സന്യാസിയെ സംബന്ധിച്ച് ഈശ്വരസാക്ഷാത്കാരത്തിനു അനുപേക്ഷണീയമായിട്ടുള്ളത്. അല്ലാത്തപക്ഷം ലക്ഷ്യത്തിലെത്തുകയില്ല. നിങ്ങള്‍ക്ക് നിരവധി ചുമതലകളും സാമൂഹ്യധര്‍മ്മങ്ങളുമുണ്ട്. അതുകൊണ്ട് അമ്മ നിങ്ങള്‍ക്ക് ആരാധനയുടേയും ജ്ഞാനത്തിന്റെയും കര്‍മ്മത്തിന്റേയും സമന്വയ മാര്‍ഗ്ഗമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈശ്വരഭക്തി നാമജപം അര്‍ച്ചന കീര്‍ത്തനാലാപനം എന്നിവയാണ് ആരാധനാമാര്‍ഗ്ഗം. സത്യവസ്തുവെ അധികരിച്ചുള്ള വിചാരം. അനുസന്ധാനം, ധ്യാനം ഇവയാണ് ജ്ഞാനമാര്‍ഗ്ഗം. സ്വധര്‍മ്മ മേഖലയിലുള്ള കര്‍ത്തവ്യാനുഷ്ഠാനമാണ് കര്‍മ്മമാര്‍ഗ്ഗം. ഈ സമന്വയ സമ്പ്രദായം മുഖേന നിങ്ങള്‍ അദ്ധ്യാത്മികശക്തിയുടെയും ആത്മാധിപത്യത്തിന്റെയും ആത്മാനുഭൂതിയുടെയും പാരമ്യത്തിലെത്തിച്ചേരും. നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പ്രേമത്തോടും ഹൃദയപൂര്‍ണമായ ശ്രദ്ധയോടെയും ആചരിക്കുക. ഫലസിദ്ധിയില്‍ ആസക്തി പാടില്ല. ഫലത്തില്‍ ആകാംക്ഷ ജനിച്ചാല്‍ കര്‍ത്തവ്യാനുഷ്ഠാനം ആത്മാര്‍ത്ഥമാകുകയില്ല. കര്‍മ്മഫലത്തിലുള്ള ഇച്ഛ മനസ്സില്‍ പ്രത്യാഘാതമുണ്ടാക്കും. സമചിത്തത നശിക്കും അതുകൊണ്ട് ഈശ്വരാര്‍പ്പണ ബുദ്ധി കര്‍മ്മങ്ങള്‍ ആചരിക്കുക. ഒരിക്കലും സ്വന്തമായ ആനുകൂല്യമോ പ്രതിഫലമോ അഭിലഷിക്കരുത്. ''ചിലര്‍ പറയാറുണ്ട് തങ്ങള്‍ പ്രശസ്തിയോ സാമൂഹ്യപദവികളോ ഒന്നും ആഗ്രഹിക്കുന്നില്ലെന്ന്. എന്നാല്‍ മക്കളേ നിങ്ങളുടെതന്നെ ആശകളുടെ സൂക്ഷ്മമായ സ്വഭാവം നിങ്ങള്‍ അറിയുന്നില്ല. എല്ലാ ആശകളും വികാരങ്ങളും അപ്രകാശിത രൂപത്തില്‍ നിങ്ങളുടെ ചിത്തത്തില്‍ വര്‍ത്തിക്കുന്നുണ്ട്. ആരെങ്കിലും നിങ്ങളെ സ്തുതിക്കുമ്പോള്‍ സന്തുഷ്ടരാവുകയും കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഉന്മേഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പക്ഷേ വിമര്‍ശനവും കുറ്റാരോപണവും വരുമ്പോള്‍ നിരാശപ്പെടുന്നു. അതിനാല്‍ യാതൊരു അഭിലാഷവും ഇല്ലെന്നു പറയരുത്.

No comments: