ശ്രീ ഗണപതിയുടെ കൈയ്യിലെ പാശത്തിന്റെ തത്വം.*
ഗണപതിയുടെ നാലു കൈകളിലായി പാശം, അങ്കുശം, ഒടിഞ്ഞകൊമ്പ്, മോദകം ഇവ കാണാം. എന്താണ് ഇവയെന്ന് നോക്കാം. ശ്രീ ഗണപതിക്ക് നാലു കാരങ്ങളുള്ളതായി ചിത്രീകരിച്ചിരിക്കുന്നു. പാശവും, അങ്കുശവും, ഒടിഞ്ഞകൊമ്പും, മോദകവും ഈ നാലു കരങ്ങളിൽ പിടിച്ചിരിക്കുന്നു. ആഗ്രഹങ്ങളുടെ സ്വഭാവത്തെ കാണിക്കുവാൻ ഉപയോഗപ്പെടുത്താറുള്ള ഒരു പ്രതീകമാണ് പാശം (കുരുക്കിട്ട കയർ).
ആശാപാശം എന്നാണല്ലോ അറിയപ്പെടുന്നത്. ആഗ്രഹങ്ങളെ പശത്തോടെ ലളിതാസഹസ്രനാമത്തിൽ ഉപമിച്ചിരിക്കുന്നു ( രാഗസ്വരൂപ പാശം). നിയന്ത്രണവിധേയയായമാക്കപ്പെടാത് ത ആഗ്രഹങ്ങൾ മനസിനെ ഒരു തരം മായാഭ്രമങ്ങളിൽ കുരുക്കി സാംസ്കാരികവും ആധ്യാത്മികവുമായ പാതയിൽ നിന്ന് വ്യതിചലിപ്പിച്ചു അധഃപ്പതിപ്പിക്കുന്നു. ഒരു ആയുധം അഥവാ ഉപകരണമായാണ് ശ്രീഗണപതി പാശം ധരിച്ചിരിക്കുന്നത്.
ഗണപതിയുടെ കരത്തിൽ പാശം ഒരു കടിഞ്ഞാണാകുന്നു. ആശയാകുന്ന കുതിരകളെ വിവേചനപരമായ പാശമുപയോഗിച്ചു നിയന്ത്രിക്കുക എന്നതാണ് ഇതിനർത്ഥം. ജീവിതമാകുന്ന തേരിനെ മുന്നോട്ടു നയിക്കുന്നതിൽ ആശയാകുന്ന കുതിരകൾക്ക് പങ്കുണ്ട്. പക്ഷെ അവയെ കടിഞ്ഞാണില്ലാതെ യഥേഷ്ടം ഓടാൻ അനുവദിക്കാതെ വിവേചനമാകുന്ന പാശം കൊണ്ട് നിയന്ത്രിക്കേണ്ടത് യഥാർത്ഥ മനുഷ്യ പുരോഗതിക്കും ആത്മവികാസത്തിനും ആവശ്യമാണെന്നാണ് ഗണപതിയുടെ കരത്തിലെ പാശമാകുന്ന ആയുധം സൂചിപ്പിക്കുന്നത്.
എപ്പോഴും ആശകളിൽ പെട്ട് മനസ്സ് ഉഴലുന്നതിനാൽ ആത്മ ബോധത്തിലേക്കു നയിക്കുന്ന പഠനങ്ങൾക്കും പരിശീലനങ്ങൾക്കും സമയം ലഭിക്കുകയില്ലന്നു മാത്രമല്ല വിഭ്രാന്തിയിലകപ്പെട്ട് മനസ്സ് ക്ലേശിക്കുകയും ചെയ്യും. കുതിരകളെ തോന്നിയതുപോലെ ഓടാൻ അനുവദിച്ചാൽ തേര് തകരുകയും കുതിരക്കാരന്റെ എല്ലൊടിയുകയുമായിരിക്കും ഫലം.
നിയന്ത്രണവിശേയമാകാത്ത ആഗ്രഹങ്ങൾ മനസിനെ ദുർബലമാക്കുകയും അസംതൃപ്തിയുടെ അന്ധകാരം ജീവിതത്തിൽ നിറക്കുകയും ചെയ്യും. പ്രവൃത്തിയുടെ പൂർണ്ണതയിലേക്കും വ്യക്തി വികാസത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആത്മവികാസത്തിലൂടെയാണ് മനുഷ്യന് യഥാർത്ഥ ശാന്തിയും ക്ഷേമവും കൈവരുന്നത്.
അങ്കുശം
മറ്റൊരുകരത്തിൽ ശ്രീഗണപതി പാശത്തെക്കാൾ ശക്തമായ വേറൊരു ആയുധം ധരിക്കുന്നു. അതാണ് അങ്കുശം അഥവാ ആനത്തോട്ടി. കടിഞ്ഞാൺ കുതിരകളെ നിയന്ത്രിക്കാനുള്ളതാണെങ്കിൽ അങ്കുശമാകട്ടെ മദിച്ചോടുന്ന ആനകളെ നിയന്ത്രിക്കാനുള്ള ആയുധമാണ്. നിയ്രന്ത്രിക്കപ്പെടാത്ത വികാരങ്ങളും ക്ഷോഭങ്ങളും മനുഷ്യനെ അന്ധനും മൃഗതുല്യനുമാക്കി തീർക്കാറുണ്ട്. മദം പിടിച്ച ആനയെപ്പോലെ അതുതനിക്കും മറ്റുള്ളവർക്കും ആപത്തുണ്ടാക്കുന്നു. അതിനാൽ വികാരങ്ങളെയും ക്ഷോഭങ്ങളെയും നിയന്ത്രിക്കുവാൻ ആത്മസംയമനം എന്ന ശക്തമായ അങ്കുശം തന്നെ പ്രയോഗിക്കേണ്ടിയിരിക്കുന്നു.
ആഗ്രഹങ്ങളെയും വികാരങ്ങളെയും നിയന്ത്രിച്ചുകൊണ്ടുള്ള നിരന്തരമായ അഭ്യാസത്തോടുകൂടി ആത്മീയ വളർച്ചനേടുന്ന മനുഷ്യന് തന്റെ താണതലത്തിലുള്ള സ്വാഭാവരീതികൾ കൈവെടിയുകയും സാംസ്കാരികമായും ആധ്യാത്മികമായും ഉയരുകയും ജീവിതവികാസത്തിന്റെ ആനന്ദവും ശാന്തിയും അനുഭവിക്കുകയും ചെയ്യുന്നു.
ഒരു പൂണൂൽ പോലെ തോന്നുമാറ് ഒരു സർപ്പം ശ്രീഗണപതിയുടെ ദേഹത്തിൽ ചുറ്റപ്പെട്ടതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു . പരിണാമ ശക്തിയായ കുണ്ഡലിനിയെ ഉയർത്തുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.
കടപ്പാട്: ആചാര്യ എം ആർ രാജേഷ്, ഹിന്ദുധർമ്മരഹസ്യം
*സനാതന ധർമ്മ
No comments:
Post a Comment