Monday, March 18, 2019

അന്തരാധികരണം തുടരുന്നു
അക്ഷിപുരുഷനെക്കുറിച്ച് വീണ്ടും പറയുന്നു. അത് ബ്രഹ്മമെന്ന് സ്ഥാപിക്കുന്നു.സൂത്രം - സ്ഥാനാദിവ്യപദേശാച്ചസ്ഥാനം മുതലായത് വ്യപദേശിച്ചിട്ടുള്ളത് കൊണ്ടും.
ശ്രുതികളില്‍ ബ്രഹ്മത്തിന് സ്ഥാനവും നാമരൂപങ്ങളും കല്പിച്ചിട്ടുള്ളതിനാല്‍ കണ്ണിനുള്ളിലിരിക്കുന്നു എന്ന് പറയുന്നത് ശരി തന്നെയാണ്. ആകാശം പോലെ എങ്ങും നിറഞ്ഞിരിക്കുന്ന ബ്രഹ്മത്തിന് ഈ ചെറിയതായ അക്ഷിയുടെ സ്ഥാനം എങ്ങനെ യോജിക്കുമെന്ന് പൂര്‍വപക്ഷം വാദമുന്നയിക്കുന്നു. ഇതിനുള്ള സമാധാനമാണ്  ഈ സൂത്രം. ബ്രഹ്മം നിരാകാരമാണെങ്കിലും ശ്രുതിയില്‍ പലയിടത്തായി ഉപാസനാസൗകര്യത്തെ കണക്കിലെടുത്ത് സ്ഥാനങ്ങളും നാമരൂപങ്ങളും കല്‍പ്പിച്ചിരിക്കുന്നു.
ബൃഹദാരണ്യക ഉപനിഷത്തിലെ അന്തര്യാമി ബ്രാഹ്മണത്തില്‍ 'യ: പൃഥി വ്യാം തിഷ്ഠന്‍ ' - ആത്മാവിന് ഭൂമി സ്ഥാനമാണ് എന്ന് പറയുന്നു. സാളഗ്രാമത്തില്‍ ബ്രഹ്മത്തെ ഉപാസിക്കാറുണ്ട്. അതുപോലെ കണ്ണും ബ്രഹ്മത്തിന്റെ സ്ഥാനം തന്നെ.
സൂത്രം - സുഖവിശിഷ്ടാഭിധാനാദേവ ച
സുഖവിശിഷ്ടനാണ് എന്ന് പറഞ്ഞിട്ടുള്ളതിനാലും ബ്രഹ്മം തന്നെയാണ്.
അക്ഷിപുരുഷന്‍ സുഖ സ്വരൂപനാണെന്നോ ആനന്ദസ്വരൂപനാണെന്നോ പറഞ്ഞിട്ടുള്ളതുകൊണ്ട് ആ പുരുഷന്‍ ബ്രഹ്മം തന്നെയാണ്.
ഛാന്ദോഗ്യോപനിഷത്തില്‍ അഗ്‌നി ഉപകോസലന് 'പ്രാണാ ബ്രഹ്മ കം ബ്രഹ്മ ഖം ബ്രഹ്മ ' എന്ന് ഉപദേശിക്കുന്നു. ആകാശം പോലെ അപരിച്ഛിന്നവും അപരിമിതവുമായ ആനന്ദമാണ് ബ്രഹ്മം എന്നാണ് ഇതിനര്‍ത്ഥം. ആ പ്രകരണത്തില്‍ തന്നെയാണ് അക്ഷി പുരുഷനെപ്പറ്റിയും പറയുന്നത്. അഖണ്ഡവും ആനന്ദവുമായ സ്വരൂപം
ബ്രഹ്മത്തിന് മാത്രം യോജിച്ചതായതിനാ
ല്‍ അക്ഷിപുരുഷന്‍ പരബ്രഹ്മം തന്നെയാണ്.
സൂത്രം - ശ്രുതോപനിഷത്കഗത്യഭിധാനാച്ച
ഉപനിഷത്തുകള്‍ കേട്ട് പഠിച്ചിട്ടുള്ളവര്‍ക്കുള്ള ഗതിയെപ്പറ്റി പറഞ്ഞിട്ടുള്ളതിനാലും.ഉപനിഷത്ത് ജ്ഞാനം നേടിയ ഒരാളുടെ ഗതിയെ തന്നെയാണ് ഇവിടെയും പറഞ്ഞിരിക്കുന്നതിനാല്‍ അക്ഷി പുരുഷനന്‍ പരമാത്മാവ് തന്നെയാണ്.
ഉപനിഷത്തുകളിലെ രസവിദ്യ അറിഞ്ഞ ജ്ഞാനിക്കും അക്ഷിപുരുഷനെ ഉപാസിക്കുന്നയാള്‍ക്കും ഉത്തരായണ മാര്‍ഗ്ഗത്തിലൂടെയുള്ള ഗതിയാണ്.ഈ പ്രകരണത്തിന്റെ അവസാനം അക്ഷിപുരുഷജ്ഞാനം ലഭിച്ചവര്‍ പുനരാവൃത്തിയില്ലാത്ത ദേവയാനം പ്രാപിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ കണ്ണിലെ പുരുഷന്‍ ബ്രഹ്മം തന്നെയാണ്.
പ്രശ്‌നോപനിഷത്ത് ഒന്നാം പ്രശ്‌നത്തിലെ പത്താം മന്ത്രത്തില്‍ പുനരാവൃത്തിയില്ലാത്ത പരമപദത്തെപ്പറ്റി പറയുന്നുണ്ട്. ഭഗവദ് ഗീത എട്ടാം അദ്ധ്യായത്തിലും ഈ തിരിച്ചുവരവില്ലാത്ത പരമപദത്തെ പറയുന്നു .ഇങ്ങനെ ശ്രുതിയും സ്മൃതിയും പറയുന്നതായ  ഗതി തന്നെയാണ് അക്ഷിയിലെ പുരുഷനെ ഉപാസിക്കുന്നവര്‍ക്കും ലഭിക്കുക. ഇക്കാരണത്താല്‍ അക്ഷി പുരുഷന്‍ പരബ്രഹ്മം തന്നെയെന്ന് ഉറപ്പിക്കാം..
swami abhayananda

No comments: