ദ്വേ വിദ്യേ വേദതവ്യേ ഇതി ഹ സ്മ യദ് ബ്രഹ്മവിദോ വദന്തി പരാ ചൈവാപര ച”. ‘പരാ‘ എന്നും ‘അപരാ‘എന്നും വിദ്യ രണ്ടുവിധമുണ്ടെന്ന് മുണ്ഡകോപനിഷത്ത് പറയുന്നു. അതിൽ ‘പരാ’എന്നത് പരമായ ബ്രഹ്മാത്മതത്ത്വസാക്ഷാത്കാരത്തിന് ഉപകരിക്കുന്നതും, യോഗലക്ഷണവുമായ അദ്ധ്യാത്മവിദ്യയാകുന്നു. ബഹ്മവിദ്യയെന്നും,ഉപനിഷദ് വിദ്യയെന്നും അത് അറിയപ്പെടുന്നുണ്ട്. ‘അപരവിദ്യ’ എന്നത് അപരപ്രകൃതിവിഷയങ്ങളെ സംബന്ധിച്ചതും, യോഗക്ഷേമരൂപമായ ഐഹികശ്രേയസ്സിന് ഉപകരിക്കുന്നതുമായ സാത്ത്വികജ്ഞാനമാകുന്നു. വേദവേദാംഗശാസ്ത്രങ്ങളും, ആയുർവേദാദി ഉപവേദങ്ങളും, സാംഖ്യയോഗാദി ദർശനങ്ങളും, ശില്പ-നൃത്ത-ഗീതവാദ്യാദി കലാ-വിജ്ഞാനങ്ങളും എല്ലാം ഈ വിഭാഗത്തിൽ വരും. നാഗരികാഭ്യുദയത്തിനു നിദാനമാകയാൽ ‘നാഗരിക’ വിദ്യകളെന്നും ഇവയെ പറയാറുണ്ട്. പരയും അപരയുമായ വിദ്യകൾ പരസ്പരപൂരകങ്ങളും ശ്രേയസ്സിന് ആധാരവുമാണ്. ആർഷമായ ശിക്ഷാസമ്പ്രദായത്തിൽ അഭ്യസിക്കപ്പെടുന്ന അപരവിദ്യകൾ പാരമ്പര്യേണ പരമായ അദ്ധ്യാത്മശ്രേയസ്സിനു നിദാനമായി ഭവിക്കുന്നു. ചരിത്രത്തിനു നോട്ടമെത്താത്ത അതിപുരാതനകാലം മുതൽക്കെ വിദ്യയുടെ നാടായിട്ടാണ് ഭാരതത്തിന്റെ പ്രശസ്തി. ഭാരതത്തിന്റെ അഭ്യുദയത്തിനു നിദാനമായ എല്ലാ വിദ്യകളും ആർഷപാരമ്പര്യത്തിൽ നമുക്കു സമ്പന്നമായിട്ടുണ്ട്. വേദാന്തം ലൌകിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നില്ല എന്നത് തെറ്റായ ആരോപണമാണ്. വേദാന്തത്തിൽ അങ്ങനെയൊന്നും പറയുന്നില്ല. നമുക്കു സിദ്ധമായിരിക്കുന്ന വിദ്യാസമ്പത്ത് വിപരീത സാഹചര്യങ്ങളാൽ ഉണർന്നു പ്രകാശിക്കാൻ കഴിയാതെ സുപ്തമായിക്കിടക്കുകയാണ്. അതിനെ നാം തട്ടിയുണർത്തി തേജസ്വിയാക്കി പ്രവർത്തിക്കണം.
എന്താണ് വിദ്യാഭ്യാസം? പുസ്തകവിദ്യയാണോ അത്. അല്ല. പലതരം അറിവാണോ അത്. അതുമല്ല. ബുദ്ധിശക്തികളുടെ ഗതിയെയും ആവിഷ്കരണത്തേയും നിയന്ത്രണവിധേയമാക്കി സഫലീകരിക്കുന്ന സമർത്ഥ ശിക്ഷണമാണ് വിദ്യഭ്യാസം. അത്തരത്തിലുള്ള ശിക്ഷണമല്ല ഇന്നത്തെ ഭാരതീയ വിദ്യാലയങ്ങളിൽ നിന്നും ലഭിക്കുന്നത്. നേരെമറിച്ച് നമുക്ക് പരമ്പരാഗതമായി സിദ്ധിച്ചിട്ടുള്ള വിദ്യയുടെ ആവിഷ്കാരവും സാഫല്യവും പ്രതിബന്ധിക്കുന്നതരത്തിലുള്ള ബാധകമായ ശിക്ഷണമാണ് ഇന്ന് യുവജനങ്ങൾക്ക് വിദ്യാലയങ്ങളിൽ നിന്നും ലഭിക്കുന്നത്. വീര്യവും പൌരുഷവും നിറഞ്ഞ വ്യക്തികളെ സൃഷ്ടിക്കാൻ അതിനു കഴിയുന്നില്ല. ഇന്നത്തെ വിദ്യാഭ്യാസം ആധുനികശാസ്ത്രസംബന്ധിയാണ്. അതിന് ഭൌതികതലത്തിൽ ഇന്ന് നിരവധി ഗുണങ്ങളുണ്ട്. പക്ഷെ അതിലുള്ള ദോഷങ്ങൾ പലപ്പോഴും ഗുണങ്ങളെ അതിശയിച്ചു നിൽക്കുന്നു. നമ്മൾ പാശ്ചാത്യവിജ്ഞാനം അഭ്യസിക്കുന്നതിനോടൊപ്പം മാതൃഭാഷയും, സംസ്കൃതവും പഠിക്കണം. അങ്ങനെ ആർഷസംസ്ക്കാരം തെളിഞ്ഞുവരുന്ന വിധം നവീനമായ ഒരു ദേശീയവിദ്യാഭ്യാസപദ്ധതി ആവിഷ്കരിക്കണം. അതിലൂടെ സൂക്ഷ്മനിരീക്ഷണസാമർത്ഥ്യം കുട്ടികളിൽ തെളിഞ്ഞുവരും.
parthans
No comments:
Post a Comment