പ്രാണനും മനസ്സും യോജിക്കുമ്പോള്‍
Friday 19 June 2015 9:15 pm IST
യോഗം എന്ന വാക്കിന്റെ അര്‍ത്ഥം യോജിപ്പിക്കുന്നത് എന്നാണ്. വിയോജിപ്പുകളെ യോജിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരു സമഗ്ര ആരോഗ്യ ശാസ്ത്രമാണ് യോഗം. യോഗശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം മോക്ഷമാണെങ്കിലും ഇന്ന് ആരോഗ്യ പദ്ധതിയായിട്ടാണ് ഈ ശാസ്ത്രത്തെ എല്ലാവരും പ്രയോജനപ്പെടുത്തുന്നത്. ശാരീരികവും, മാനസീകവും, ആത്മീയവുമായ ആരോഗ്യത്തിന് യോഗ ഒരു പോലെ ഗുണം ചെയ്യുന്നു എന്നതാണ് മറ്റ് ആരോഗ്യശാസ്ത്രങ്ങളില്‍ നിന്നു യോഗയെ വ്യത്യസ്തമാക്കുന്നത്. ഭൗതികമായും ആദ്ധ്യാത്മികമായും ഉള്ള വികാസം യോഗയിലുടെ സാദ്ധ്യമാകുന്നു. അതിനാല്‍ ഈ ശാസ്ത്രം ബ്രഹ്മചാരികള്‍ക്കോ സന്ന്യാസികള്‍ക്കോ വേണ്ടി മാത്രം ഉള്ളതല്ല. മറിച്ച് പ്രായ, ലിംഗ, ഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗപ്രദമാണ്. നിത്യവും നിരന്തരവുമായ പരിശീലനത്തിലൂടെ യോഗയുടെ ഉന്നത തലങ്ങള്‍ കീഴടക്കാന്‍ നമുക്ക് സാധിക്കും. ആരോഗ്യത്തിന്റെ ശാരീരികതലം പ്രാണനും അംഗങ്ങളും തമ്മിലുള്ള യോജിപ്പാണ്. പ്രാണനും അംഗങ്ങളും തമ്മിലുള്ള വിയോജിപ്പാണ് രോഗം. പ്രാണവികാരം കായവികാരം” എന്നാണ് പറയുന്നത്. പ്രാണനും മനസ്സും തമ്മിലുള്ള യോജിപ്പാണ് മാനസിക ആരോഗ്യം. ഇതിന്റെ വിയോജിപ്പാണ് ആധി വ്യാധികള്‍. മനസ്സും ആത്മാവും തമ്മിലുള്ള യോജിപ്പാണ് ആത്മീയ ആരോഗ്യം എന്നു പറയുന്നത്. ആത്മാവും പരമാത്മാവും തമ്മിലുള്ള യോജിപ്പാണ് ആത്മസാക്ഷാത്കാരം. ഇങ്ങനെ വ്യക്തിയെ ശാരീരിക തലത്തില്‍ നിന്നും ഉയര്‍ത്തി ആത്മസാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്ന ക്രമബദ്ധമായ പദ്ധതിയാണ് യോഗം. മരണശേഷം ആത്മാവിനെ പരമാത്മാവുമായി യോജിപ്പിക്കുന്ന പദ്ധതിയാണ് മരണാനന്തര കര്‍മ്മങ്ങള്‍ എന്നു നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ജീവിച്ചിരിക്കെ ആത്മാവിനെ പരമാത്മാവുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് യോഗശാസ്ത്രം. അറിഞ്ഞോ അറിയാതെയോ നാം നടത്തുന്ന യോഗപരിശീലനം നമ്മില്‍ പരിവര്‍ത്തനം ഉണ്ടാക്കുകയും നമ്മെ ഈശ്വരനോട് അടുപ്പിക്കുകയും ചെയ്യുന്നു. ആചാര്യവചനങ്ങളും, നിര്‍വ്വചനങ്ങളും നമ്മുടെ ധര്‍മ്മ ഗ്രന്ഥങ്ങളില്‍ യോഗയെ ക്കുറിച്ച് ധാരാളമായി കാണാന്‍ കഴിയും. വേദോപനിഷത്തുക്കളിലും ഇതിഹാസ പുരാണങ്ങളിലും വ്യാഖ്യാനങ്ങളുണ്ട്. മനസ്സിന്റെ മുകളില്‍ ആധിപത്യവും നിയന്ത്രണവും നേടുന്നതിനുള്ള ബോധപൂര്‍വ്വമായ പ്രക്രിയയാണ് യോഗം എന്ന് പതഞ്ജലി മഹര്‍ഷി പാതഞ്ജലയോഗശാസ്ത്രത്തില്‍ പറയുന്നു. മനുഷ്യന്റെ വളര്‍ച്ചക്ക് ഗതിവേഗം കൂട്ടാനും കാലദൈര്‍ഘ്യം കുറച്ചുകൊണ്ടുവരുന്നതിനുമുള്ള വ്യവസ്ഥാപിതവും ബോധപൂര്‍വ്വവുമായ പ്രക്രിയയാണ് യോഗം എന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു. ആത്മവികാസത്തിന്റെ ശാസ്ത്രം എന്നാണ് ആദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വാമിജിയുടെ രാജയോഗ വ്യാഖ്യാനത്തില്‍ നിന്നും ഇതിന്റെ വിശദാംശങ്ങള്‍ നമുക്ക് ലഭിക്കും. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ശാരീരികവും, മാനസികവും, ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ച് ആത്മശുദ്ധി നേടാനുള്ള ക്രമബദ്ധമായ പരിശ്രമമാണ് യോഗ എന്ന് അരവിന്ദ മഹര്‍ഷി ഈ ശാസ്ത്രത്തെ കുറിച്ച് പറയുന്നു. ഒരു വ്യക്തിയുടെ ഈ നിലക്കുള്ള വികാസത്തേയാണ് നമുക്ക് വ്യക്തിത്വവികാസം എന്ന് പറയാന്‍ കഴിയുന്നത്. ഈ ശാസ്ത്രത്തിലുടെ മനുഷ്യന്‍ ഉയര്‍ന്ന ബോധതലത്തില്‍ ജീവിക്കാന്‍ പഠിക്കുന്നു. മഹര്‍ഷി അരവിന്ദന്റെ ലൈറ്റ്‌സ് ഓണ്‍ യോഗ എന്ന ഗ്രന്ഥത്തിലും ഇതിന്റെ വിവര്‍ത്തനമായ യോഗപ്രദീപം 1,2 ഭാഗങ്ങളില്‍ നിന്നും നമുക്കിതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.യോഗയുടെ നിര്‍വ്വചനങ്ങള്‍ യുജ്” എന്ന സംസ്‌കൃത ധാതുവില്‍ നിന്നാണ് യോഗം എന്ന ശബ്ദം ഉണ്ടായിരിക്കുന്നത്. “യുജ്യതേ അനേന ഇതി യോഗഃ”ഏതിനാല്‍ യോജിപ്പിക്കപ്പെടുന്നുവോ അത് യോഗം. യോഗഃ ചിത്തവൃത്തി നിരോധഃ” (പാ.യോ.സൂത്രം-1:2) മനസ്സിന്റെ നിയന്ത്രണം അഥവാ എത്ര സമയം വേണമെങ്കിലും ശാന്തവും നിശ്ചലവുമായി ഇരിക്കാനുള്ള കഴിവ്. മനഃ പ്രശമനോപായഃ യോഗ ഇത്യഭിധീയതേ” (യോ.വാ. 3-9-12) മനസ്സിനെ ശാന്തമാക്കാനുള്ള ഉപായമാണ് യോഗം. ഇവിടെ ഉപായം എന്നതു കൊണ്ട് ഏറ്റവും എളുപ്പമാര്‍ഗ്ഗം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. യോഗഃ കര്‍മ്മസു കൗശലം””(ഗീത-2:50) ആയാസരഹിതമായി ആനന്ദത്തോടെ കര്‍മ്മം ചെയ്യാനുള്ള മാര്‍ഗ്ഗമാണ് യോഗം. ആനന്ദത്തോടെ ചെയ്യുന്ന കര്‍മ്മം കര്‍മ്മമുക്തിക്ക് കാരണമാകുന്നു. അലഭ്യലാഭോ യോഗഃ”” നമുക്ക് ലഭ്യമാകാത്തതിനെ ലഭ്യമാക്കുന്നത് യോഗം. അഥവാ യോഗം നമുക്ക് എല്ലാം ലഭ്യമാക്കുന്നു. സംയോഗം യോഗമിത്യാഹുര്‍ ജീവാത്മ പരമാത്മനോ”” ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ലയമാണ് യോഗം. “യുജ്യതേ പുരുഷ മോക്ഷായ” “യോഗ്യോ ഭവതി യേന സ യോഗഃ” യാതൊന്നിനാല്‍ പുരുഷന്‍ മോക്ഷത്തിന് യോഗ്യനായി ഭവിക്കുന്നുവോ അത് യോഗം. ഇവിടെ പുരുഷന്‍ എന്നാല്‍ ആത്മാവ് എന്നര്‍ത്ഥം. (പുരുഷനില്‍ ഇരിക്കുന്നവന്‍, പുരു=ശരീരം) ““സമത്വം യോഗമുച്യതേ””(ഭഗവദ് ഗീത) സമത്വമാണ് യോഗം. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഇവയുടെ സമാവസ്ഥ. ഈ സുത്രങ്ങളെല്ലാം തന്നെ യോഗം കേവലം ആരോഗ്യശാസ്ത്രത്തിനും അപ്പുറം മോക്ഷശാസ്ത്രമാണ് എന്ന സൂചന നമുക്ക് നല്‍കുന്നു...janmabhumi
No comments:
Post a Comment