ശ്രീമദ് ഭഗവദ്ഗീത*
🕉🕉.'
*426-ാം ദിവസം*
*അദ്ധ്യായം: പന്ത്രണ്ട്*
*ഭക്തിയോഗം*
*ശ്ലോകം : 12*
*ശ്രേയോ ഹി ജ്ഞാനമഭ്യാസാജ് ജ്ഞാനാദ്ധ്യാനം വിശിഷ്യതേ*
*ധ്യാനാത്കർമഫലത്യാഗസ്ത്ര്യാഗാ ച്ഛാന്തിരനന്തരം*
അഭ്യാസാത് - അഭ്യാസത്തേക്കാൾ; ജ്ഞാനം - ജ്ഞാനം; ശ്രേയഃ ഹി - ശ്രേയസ്കരംതന്നെ; ജ്ഞാനാത് - ജ്ഞാനത്തേക്കാൾ; ധ്യാനം - ധ്യാനം; വിശിഷ്യതേ - വിശിഷ്ടമാകുന്നു; ധ്യാനാത് - ധ്യാനത്തേക്കാൾ; കർമ്മഫലത്യാഗം - കർമ്മഫലങ്ങളെ ത്യജിക്കൽ; (ശ്രേഷ്ഠം) – ശ്രേഷ്ഠമാകുന്നു; അനന്തരം – പിന്നീട്; ത്യാഗാത് - ത്യാഗംകൊണ്ട്; ശാന്തിഃ (ഭവതി) - ശാന്തി ഉണ്ടാകുന്നു.
*വിവർത്തനം*
നിനക്കിത് പരിശീലിക്കാൻ സാദ്ധ്യമല്ലെങ്കിൽ ജ്ഞാനാർജ്ജനത്തിന് ശ്രമിക്കുക. ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമാണ് ധ്യാനം. ആ ധ്യാനത്തേക്കാൾ വിശിഷ്ടമത്രേ കർമ്മഫലങ്ങളെ ത്യജിക്കൽ; എന്തെന്നാൽ ത്യാഗത്താൽ മനശ്ശാന്തി ലഭിക്കും.
*ഭാവാർത്ഥം:*
മുമ്പ് പറഞ്ഞതുപോലെ ഭക്തിപൂർവ്വകമായ സേവനം രണ്ടുവിധമുണ്ട്. നിബന്ധനകൾക്ക് വഴങ്ങിക്കൊണ്ടുള്ള സേവനവും, പരമദിവ്യോത്തമപുരുഷനിൽ സമ്പൂർണ്ണപ്രേമാസക്തിയോടെയുള്ള സേവനവും. കൃഷ്ണാവബോധത്തിന്റെ നിബന്ധനകൾക്ക് വഴങ്ങാനാവാത്തവർ ജ്ഞാനാർജ്ജനത്തിന് ശ്രമിക്കുകയാണ് നല്ലത്. എന്തുകൊണ്ടെന്നാൽ ജ്ഞാനത്താൽ തന്റെ സ്വരൂപമെന്തെന്നറിയാൻ അയാൾക്കു കഴിയും. ക്രമേണ ജ്ഞാനം ധ്യാനത്തിലേയ്ക്ക് വഴിതെളിക്കും. ധ്യാനത്തിൽ ക്രമേണ ഭഗവാനെ സാക്ഷാത്കരിക്കാൻ സാധിക്കുകയും ചെയ്യും. താൻ തന്നെയാണ് ദൈവം എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന പ്രക്രിയകളുമുണ്ട്. അത്തരം വഴികളാണ് ഭക്തിഭരിതമായ സേവനത്തിലേർപ്പെടാനാവാത്തവർക്ക് കൂടുതൽ നല്ലത്. ഇങ്ങനെ ധ്യാനിക്കാനും കഴിവില്ലെങ്കിൽ വേദവിധിയനുസരിച്ച് ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രർക് ക് വെവ്വേറെ വിധിക്കപ്പെട്ടിട്ടുള്ളവയും ഭഗവദ്ഗീതയുടെ അന്ത്യാദ്ധ്യായത്തിൽ പറയുന്നവയുമായ കർമ്മങ്ങളനുഷ്ഠിക്കണം. ഏതു വിധമായാലും കർമ്മഫലങ്ങളെ ത്യജിക്കുന്നതാവശ്യമാണ്. കർമ്മഫലങ്ങളെ നല്ലൊരു കാര്യത്തിനായി ഉപയോഗിക്കണമെന്നർത്ഥം.
ചുരുക്കത്തിൽ സമുത്കൃഷ്ടലക്ഷ്യമായ പരമദിവ്യോത്തമപുരുഷനെ പ്രാപിക്കാൻ രണ്ട് പ്രക്രിയകളാണുള്ളത് : ക്രമികമായ വളർച്ച കൊണ്ടുള്ളതാണ് ഒരു മാർഗ്ഗം; മറ്റേ മാർഗ്ഗം നേരിട്ടുള്ളതും. കൃഷ്ണാ വബോധത്തോടെയുള്ള ഭക്തിസേവനമത്രേ നേരിട്ടുള്ള മാർഗ്ഗം. കർമ്മ ഫലത്യാഗമുൾക്കൊള്ളുന്നതാണ് മറ്റേത്. കർമ്മഫലത്യാഗം, ജ്ഞാനത്തിലേയ്ക്കും, പിന്നീട് ധ്യാനത്തിലേയ്ക്കും, പരമാത്മജ്ഞാനത്തിലേയ്ക്കും, അവസാനം ഭഗവത് സാക്ഷാത്കാരത്തിലേയ്ക്കും, നയിക്കുന്നു. പടിപടിയായി നീങ്ങുന്ന ഈ വഴിയോ പെട്ടെന്നെത്തിക്കുന്ന നേരിട്ടുള്ള വഴിയോ സ്വീകരിക്കാം. നേരിട്ടുള്ള മാർഗ്ഗം എല്ലാവർക്കും സ്വീകരിക്കാനാവില്ല. അങ്ങനെയുള്ളവർ മറ്റേതെങ്കിലും വഴിയിലൂടെ മുന്നേറുകയാണുത്തമം. അർജുനന് ഉപദേശിക്കപ്പെട്ടത് ആ വളഞ്ഞ വഴിയല്ലെന്നോർക്കണം. അദ്ദേഹം പ്രേമയുതഭഗവത് സേവനത്തിൽ നിരതനാണല്ലോ ഇപ്പോൾത്തന്നെ. ആ ഉന്നത നിലയിലെത്താത്തവർക്കുവേണ്ടിയാണ് ത്യാഗം, ജ്ഞാനം, ധ്യാനം, ബ്രഹ്മസാക്ഷാത്കാരം, പരമാത്മസാക്ഷാത്കാരം എന്നിങ്ങനെയുള്ള പടി പടിയായുള്ള കയറ്റം വിധിക്കപ്പെട്ടിട്ടുള്ളത്. ഭഗവദ്ഗീതയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള മാർഗ്ഗ ത്തിൽത്തന്നെയാണതിന്റെ ഊന്നൽ. പരമദിവ്യോത്തമപുരുഷനായ കൃഷ്ണന് സ്വയം സമർപ്പിക്കുകയും വേണമെന്നതാണ് ഭഗവദ്ഗീതയുടെ സന്ദേശം.
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
No comments:
Post a Comment