Thursday, October 10, 2019

പ്രപഞ്ചമെന്ന യജ്ഞശാല

Thursday 10 October 2019 3:49 am IST
ഗുഹയുടെ അടുത്തായിട്ട് ഒരു മടയുണ്ട്. പുലിയുടേതാവാമെന്നാണ് നിഗമനം. പുലിയുടേതെന്നു തോന്നിപ്പിക്കുന്ന ഗന്ധവുമുണ്ട്. രാത്രി വിളക്കണച്ച് കിടന്നാല്‍ ഞിള്ളിക്കമ്പുകള്‍ ചവുട്ടി നുറുങ്ങുന്ന ശബ്ദം കേള്‍ക്കാം. അവിടെ കാട്ടുമൃഗങ്ങളുടെ സഞ്ചാരമുണ്ടെന്ന് ഉറപ്പാണ്. രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ ധാരാളം മേഞ്ഞുനടക്കുന്നു. കാട്ടുപോത്തും മറ്റു മൃഗങ്ങളും യഥേഷ്ടം ഇരതേടി മേയുന്നു. പേടി തോന്നാമെങ്കിലും അവ നമ്മെ ഉപദ്രവിക്കില്ല, നാം ഉപദ്രവകാരികളല്ലെങ്കില്‍. 
നമ്മള്‍ അവിടെ അവരുടെ ഭൂമിയാണ് കയ്യേറി പാര്‍ത്തിരിക്കുന്നത്. അവരുടെ തട്ടകത്തിലാണ് താമസിക്കുന്നത് എന്ന ബോധത്തോടെയാവണം പ്രവര്‍ത്തിക്കേണ്ടത്. ആ ബോധം നിലനിര്‍ത്തി മാത്രമേ പെരുമാറന്‍ പാടുള്ളു. പലപ്പോഴും മനുഷ്യര്‍ മറ്റു ജീവികളെ ഉപദ്രവിക്കാന്‍ ഉത്സുകരാണ്. ഈ പ്രപഞ്ചത്തിലെ സകലതും മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നാണ് അവന്റെ വിചാരം. എല്ലാം തനിക്കുവേണ്ടി എന്ന വിചാരം വന്നാല്‍ ഏതു വിധേനയും അവയെ നേടിയെടുക്കാനുള്ള തത്രപ്പാടിലായിരിക്കും അവന്‍. അത്രയ്ക്കാണ് മനുഷ്യന്റെ അഹങ്കാരവും തദനുസൃതമായ ധിക്കാരവും. അതു താല്‍ക്കാലിക സുഖം പ്രദാനം ചെയ്യുമെങ്കിലും ആത്യന്തികമായി ദുഃഖം തന്നെയായിരിക്കും പരിണതി. ഇവിടെയാണ് ഭഗവദ്ഗീതയിലെ ‘'സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ...'’ എന്ന വാക്യത്തിന്റെ അര്‍ത്ഥം തെളിയുന്നത്. 
ഈ പ്രപഞ്ചം ഒരു യജ്ഞശാലയാണ്. ഇതിലെ ഓരോ ജീവിയും മഹായജ്ഞത്തിലെ അംഗങ്ങളാണ്, സഹയജ്ഞരാണ്. ഓരോ കര്‍മ്മവും ഒരു യജ്ഞമാണ്. അങ്ങനെ യജ്ഞഭാവത്തില്‍ കര്‍മ്മം ചെയ്തു ജീവിച്ചാല്‍ അവിടെ സംതൃപ്തി മാത്രമേ ഉണ്ടാവൂ. കര്‍മ്മഫലമെന്തായാലും അതും  ഈശ്വരനിലര്‍പ്പിച്ച് സംതൃപ്തിയടയുന്നു. ഈയൊരു തിരിച്ചറിവ് നമുക്ക് മുമ്പേതന്നെ ക്രാന്തദര്‍ശികളായ മഹര്‍ഷിമാര്‍ ഉപദേശിച്ചു തന്നിട്ടുണ്ട്. അവരുടെ ഓരോ ഉപദേശവും നമ്മെ- പ്രപഞ്ചത്തെ നേരെ നടത്തിക്കാന്‍ വേണ്ടിയായിരുന്നു എന്നു മനസ്സിലാക്കണം. ഓരോ കര്‍മ്മവും ഈശ്വരാര്‍പ്പണമായി  ശുദ്ധഭാവത്തില്‍ ചെയ്യുകയാണെങ്കില്‍ അത് നിശ്ചയമായും യജ്ഞമാകും. നാം ചെയ്യുന്ന ഓരോ കര്‍മ്മത്തിനും അറിഞ്ഞോ അറിയാതെയോ ഫലം ഉണ്ടാകും. ഇപ്പോള്‍ നാം അനുഭവിക്കുന്ന സുഖവും ദുഃഖവും നമ്മുടെ ഈ ജന്മത്തിലോ മുജ്ജന്മങ്ങളിലോ ആര്‍ജിച്ച കര്‍മ്മങ്ങളുടെ ഫലമായിട്ടായിരിക്കും എന്ന് തിരിച്ചറിയാന്‍ പറ്റാറില്ല. തിരിച്ചറിയാന്‍ സാധിച്ചാല്‍ ബുദ്ധിയുള്ളയാള്‍ അതിനെ അപഗ്രഥിച്ച് തിരുത്തി സന്മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കും. അത് അയാളുടെ ഉദ്ഗതിക്കു കാരണമാവുകയും ചെയ്യും. കര്‍മ്മത്തിലുള്ള ഭാവം മുഖ്യമാണ്. ഇങ്ങനെ ചെയ്യപ്പെടുന്ന കര്‍മ്മം കര്‍മ്മയോഗമാവുകയും ചെയ്യും. കര്‍മ്മയോഗമായാല്‍ അവിടെ ബന്ധനങ്ങളില്ല. താമരയില, അത് ജലത്തില്‍ വളരുന്നതാണെങ്കിലും അതിനു പുറത്ത് ഒരു തുള്ളി ജലകണവും പറ്റിപ്പിടിക്കാറില്ല. അങ്ങനെ കര്‍മ്മം ചെയ്തു ജീവിച്ചാല്‍ ക്രമേണ അന്തഃകരണശുദ്ധി കൈവരികയും ചെയ്യും. അവിടെ സംതൃപ്തിയും സുഖവും കളിയാടും.

                                                                                                                                 8943813300 

No comments: