Monday, December 09, 2019

പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ട്

Monday 9 December 2019 5:34 am IST
പുണ്യവും പാപവും അടങ്ങുന്ന ഭാണ്ഡമാണ് ഇരുമുടിക്കെട്ട്. ഇത്  ഒരുക്കുന്നതിന് നിരവധി ചടങ്ങുകളും ശീലങ്ങളും കാലങ്ങളായിനിലനില്‍ക്കുന്നു. ഇരുമുടിക്കെട്ട് നിറയ്ക്കുന്ന ചടങ്ങ് കെട്ടുകെട്ട്, കെട്ടുനിറ, സ്വാമിക്കെട്ട് എന്നിങ്ങനെ പ്രാദേശികമായി വിവിധ പേരുകളില്‍ അറിയപ്പെടുന്നു.  
ക്ഷേത്രത്തിലോ  വീട്ടില്‍ പൂജാമുറിയില്‍ അല്ലെങ്കില്‍ വീട്ടുമുറ്റത്ത് പന്തലിട്ടോ ആണ് ഇരുമുടിക്കെട്ട് നിറയ്ക്കുന്നത്. പെരിയസ്വാമിയോ മലചവിട്ടി ഏറെക്കാലം പരിചയമുള്ള മുതിര്‍ന്നയാളോ ആകും കെട്ടുമുറക്ക് കര്‍മം നടത്തുക. ഇഹത്തിലെയും പരത്തിലെയും പാപപുണ്യങ്ങളുടെ ചുമടുകളാണ് ഇരുമുടിക്കെട്ടെന്നാണ് വിശ്വാസം.  
മുന്‍കെട്ടില്‍ വഴിപാട് സാധനങ്ങളാണ് നിറയ്ക്കുക. ഉണക്കലരി, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന്, നാളികേരം, സ്വാമിയുടെ മുദ്രയായ നെയ്‌ത്തേങ്ങ, കര്‍പ്പൂരം എന്നിവ ഇതില്‍ നിറയ്ക്കും. പിന്‍കെട്ടില്‍ മാളികപ്പുറത്തേക്കുള്ള മഞ്ഞള്‍പ്പൊടി, അവില്‍, മലര്‍, കല്‍ക്കണ്ടം, ഉണക്കമുന്തിരി, തേന്‍, പനിനീര്, കദളിപ്പഴം, വറപൊടി, ഉണക്കലരി, കുരുമുളക് തുടങ്ങിയവയാണ്. ശരണം വിളികളോടെ ആദ്യം നിറയ്‌ക്കേണ്ടത് വെറ്റിലയും അടയ്ക്കയും കാണിപ്പൊന്നെന്ന നാണയവും. പിന്നെ നാളികേരം, നെയ്‌ത്തേങ്ങ. നെയ്‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പന്, അഭിഷേകത്തിനുള്ളതാണ്. 
വെറ്റില, അടയ്ക്ക, നാണയം എന്നിവ മലയാത്ര കഴിഞ്ഞു വരുമ്പോള്‍ സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയാണ് പതിവ്. കെട്ടില്‍ ഒന്നിലേറെ നാളികേരം കരുതുന്നവരുണ്ട്. കരിമല മൂര്‍ത്തിയ്ക്കും പമ്പാഗണപതിയ്ക്കും പതിനെട്ടാം പടിക്കു താഴെയും ഉടയ്ക്കാന്‍. അയ്യപ്പന്‍ കര്‍പ്പൂര പ്രിയനായതിനാല്‍  എല്ലാ നടകളിലും കര്‍പ്പൂരം കത്തിച്ച് ശരണം വിളിക്കാം. നാഗയക്ഷിക്കും നാഗരാജാവിനും മാളികപ്പുറത്തും മഞ്ഞള്‍പ്പൊടി സമര്‍പ്പിക്കണം. അവില്‍, മലര്, കല്‍ക്കണ്ടം, മുന്തിരി, വറപൊടി, എന്നിവ കടുത്തസ്വാമിക്ക് സമര്‍പ്പിക്കാം. 
കറുപ്പസ്വാമിക്ക് കാലിപ്പുകയില, വാവരു സ്വാമിക്ക് കുരുമുളക്. ഉണക്കലരി, ഉണ്ടശര്‍ക്കര, കദളിപ്പഴം എന്നിവ അയ്യപ്പന് നിവേദ്യത്തിന് സമര്‍പ്പിക്കാം. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തുമ്പോഴെ ശബരിമല തീര്‍ഥാടനം അതിന്റെ എല്ലാ അര്‍ഥത്തിലും പൂര്‍ണമാകൂ. കെട്ടു നിറയ്ക്കാത്തവര്‍ക്ക് സന്നിധാനത്ത് വടക്കേനട വഴിയാണ് ദര്‍ശനം. പന്തളം കൊട്ടാരത്തിലെ അമ്മ മഹാറാണിയുടെ രോഗം മാറാന്‍  പുലിപ്പാല്‍ തേടി പുറപ്പെട്ട അയ്യപ്പന്‍ ഇരുമുടിയുമേന്തിയാണത്രേ കാട്ടിലേക്ക് പോയത്. അതിന്റെ ഓര്‍മയിലാണ് ധര്‍മശാസ്താവിനെ കാണാനും ഇരുമുടിയേന്തുന്നതെന്ന് വിശ്വാസം.

No comments: