മക്കളേ,
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനായി പോഷകാംശമുള്ള ആഹാരം കഴിക്കുവാന്‍ നമ്മള് ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ നമ്മള് ഭക്ഷിക്കുന്ന ആഹാരം ശരീരത്തെ മാത്രമല്ല, നമ്മുടെ മനസ്സിനെയും ചിന്തകളെയും സ്വാധീനിക്കും. നമ്മള് കഴിക്കുന്ന ആഹാരത്തിന്റെ സൂക്ഷ്മാംശമാണു മനസ്സായിത്തീരുന്നത്. അന്നശുദ്ധി മനഃശുദ്ധിയിലേയ്ക്കു നയിക്കും. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മനസ്സിലെ ദുര്‍വികാരങ്ങള്‍ വര്‍ദ്ധിക്കും. അതുകൊണ്ട് ആദ്ധ്യാത്മികസാധന ചെയ്യുന്നവര്‍ ആഹാരകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
സംഗീതജ്ഞന്മാര് പൊതുവെ തണുത്ത ആഹാരപദാര്‍ത്ഥങ്ങളും പാനീയങ്ങളും മറ്റും ഉപേക്ഷിക്കാറുണ്ട്. അത്തരം ആഹാരങ്ങള്‍ കഴിച്ചാല്‍, അത് കണ്ഠശുദ്ധിയെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. അതുപോലെതന്നെ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിലും ഭക്ഷണകാര്യത്തില്‍ ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. മനസ്സിനേയും ചിന്തകളേയും നിയന്ത്രിച്ച്, ഏതു സാഹചര്യത്തിലും ശാന്തി നിലനിര്‍ത്തുക എന്നതാണ് ആദ്ധ്യാത്മിക സാധനയുടെ ലക്ഷ്യം. അതുകൊണ്ട് ആഹാരരീതിയും അതിന് അനുകൂലമായ വിധത്തില്‍ ചിട്ടപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സാധകര്‍ സാത്വികാഹാരം മാത്രം കഴിക്കാന്‍ ശ്രമിക്കണം. അമിതമായ ഉപ്പും മധുരവും എരിവും പുളിയും മറ്റും വര്‍ജ്ജിക്കണം. മാംസഭക്ഷണവും പഴകിയ ആഹാരവും കഴിയുന്നത്ര ഒഴിവാക്കണം.
ആഹാരത്തില്‍ നിയന്ത്രണമില്ലാതെ മനസ്സിനെ നിയന്ത്രിക്കുവാന്‍ കഴിയില്ല. ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിര്‍ത്താനായിരിക്കണം; നാക്കിന്റെ രുചിക്കുവേണ്ടിയാകരുതു്. നാക്കിന്റെ രുചി വിടാതെ ഹൃദയത്തിന്റെ രുചി അറിയാന്‍ സാധിക്കില്ല.
ഭക്ഷണം തയ്യാറാക്കുന്നവരുടെ സംസ്ക്കാരം അതു കഴിക്കുന്നവരിലേയ്ക്കും പകരും. പാകം ചെയ്യുന്ന സമയത്തെ ചിന്തകള്‍ ഭക്ഷണത്തിലും സ്വാധീനം ചെലുത്തും. ഒരിക്കല്‍ ഒരു സന്ന്യാസി ഉറക്കത്തില്‍ പത്രവാര്‍ത്തകള്‍ സ്വപ്നം കാണുക പതിവായി. അദ്ദേഹമാണെങ്കില്‍ പത്രം വായിക്കാറില്ല. എന്നിട്ടും പത്രത്തിലെ വാര്‍ത്തകള്‍ മനസ്സില്‍ തെളിഞ്ഞു വരുന്നു. എന്താണു കാരണമെന്നു ചിന്തിച്ചു. അങ്ങനെയിരിക്കെ ഒരിക്കല്‍ ആശ്രമത്തിലെ അടുക്കളക്കാരന് പത്രം വായിച്ചുകൊണ്ട് ആഹാരം പാകംചെയ്യുന്നതു സന്ന്യാസി കണ്ടു. അപ്പോള്‍ അദ്ദേഹത്തിനു കാരണം മനസ്സിലായി. പാചകക്കാരന് പത്രം വായിക്കുന്നതിനിടെ ചിലപ്പോള്‍ അടുപ്പിലെ തീ അണയും. പത്രത്തില്‍നിന്ന് ദൃഷ്ടി മാറ്റാതെതന്നെ അയാള്‍ തീ നീക്കിവയ്ക്കും. അയാളുടെ ശ്രദ്ധ മുഴുവന്‍ പത്രത്തിലാണ്. ഇതായിരുന്നു പാചകക്കാരന്റെ രീതി. അയാളുടെ സ്വഭാവം തപസ്വിയെയും സ്വാധീനിച്ചു.
കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷണം കഴിയുന്നതും അമ്മമാര്‍തന്നെ പാകംചെയ്യുവാന്‍ ശ്രദ്ധിക്കണം. മന്ത്രജപത്തോടെ ഭക്ഷണം പാകംചെയ്താല്‍ ആഹാരം കൂടുതല്‍ പവിത്രമാകും. അതിന്റെ ഗുണഫലം വീട്ടിലെല്ലാവര്‍ക്കും കിട്ടും. ഭക്ഷണം കഴിക്കുന്നതിനുമുന്‍പ് വീട്ടില്‍ വളര്‍ത്തുന്ന പക്ഷിമൃഗാദികള്‍ക്കോ അല്ലെങ്കില്‍ മറ്റു പറവകള്‍ക്കോ ജന്തുക്കള്‍ക്കോ അല്പം ആഹാരം നല്‍കണം. ആ ജീവികളില്‍ ഇഷ്ടദേവതയെ ദര്‍ശിച്ചു നിവേദ്യമായി ആഹാരം സമര്‍പ്പിക്കാം.
ഭക്ഷണം എല്ലായ്പ്പോഴും ഇരുന്നു തന്നെ കഴിക്കണം. ഭക്ഷണസമയത്ത് സംസാരിക്കരുത്. ഭോജനമന്ത്രം ചൊല്ലി കൈയില്‍ അല്പം ജലമെടുത്ത് ആചമനം ചെയ്തശേഷം ആഹാരം കഴിക്കുന്നതു നല്ല ആചാരമാണ്്. ആദ്യം ഒരു ഉരുള ഇഷ്ടദേവതയെ സങ്കല്പിച്ചു സമര്‍പ്പിച്ചു മാറ്റിവയ്ക്കണം. രണ്ടുമിനിറ്റു കണ്ണടച്ചു 'ഈശ്വരാ, സകലരിലും നിന്നെ ദര്‍ശിച്ചു സേവിക്കുവാനും, നിന്നെ സാക്ഷാത്കരിക്കുവാനും ഈ അന്നം എനിക്കു ശക്തി നല്കട്ടെ' എന്നു പ്രാര്‍ത്ഥിക്കണം. ഭക്ഷണം കഴിക്കുന്നതു വെറുതെ രുചിയില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടാകരുത്. നമ്മുടെയുള്ളില്‍ ഇഷ്ടദേവത ഇരിക്കുന്നതായും അവിടുത്തെ നമ്മള് ഊട്ടുന്നതായും ഭാവന ചെയ്യാം. അപ്പോള്‍ ഭക്ഷണം കഴിക്കുന്നതും ഈശ്വരപൂജയായി മാറും.
വയറുനിറച്ചു ഭക്ഷണം കഴിക്കരുത്. അരവയര്‍ ആഹാരവും, കാല് ഭാഗം വെള്ളവുമാകാം. വായുസഞ്ചാരത്തിനായി വയറിന്റെ കാല്‍ഭാഗം ഒഴിച്ചിടണം. ശരിയായ ദഹനത്തിന് ഇതു സഹായിക്കും. ശ്വാസംമുട്ടെ ആഹാരം കഴിച്ചാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം വര്‍ദ്ധിക്കും. അത് ആരോഗ്യത്തിനു ദോഷംചെയ്യും. ഭക്ഷണകാര്യത്തില്‍ സമയനിഷ്ഠ പാലിക്കുന്നത് ആരോഗ്യത്തിനും മനോനിയന്ത്രണത്തിനും നല്ലതാണ്. ജീവിക്കുവാന്‍വേണ്ടി മാത്രമേ കഴിക്കാവൂ. കഴിക്കുവാന്‍വേണ്ടി ജീവിക്കരുത്.
No comments:
Post a Comment