സര്വകാരണനായ ഗുരുവായൂരപ്പന്
Thursday 7 February 2019 3:07 am IST
ശ്രീകൃഷ്ണചരിതവും പ്രാര്‍ഥനാനിര്‍ഭരമായ സ്തുതികളും ചേര്‍ത്തെഴുതിയ ഗ്രന്ഥമാണ് നാരായണീയം. ഭാഗവതത്തിലേതു പോലെ അതില്‍ പ്രാര്‍ഥനയുണ്ട്, കഥയുണ്ട്, ജീവിതാനുഭവമുണ്ട്, പ്രപഞ്ചസത്യവുമുണ്ട്. മേല്‍പുത്തൂരെഴുതിയ നാരായണീയത്തിന്റെ ആഖ്യാനങ്ങളിലൂടെ
അഞ്ചാം ദശകം (ഗുരുവായൂരപ്പന്റെ അനന്തവ്യാപ്തിയും ചരാചരസൃഷ്ടിയും): പ്രളയാനന്തരം സര്‍വതും നിശ്ചലമായി നിലനില്‍ക്കുമ്പോഴും ഭഗവാനേ അങ്ങുമാത്രം നിലനിന്നു. ഒന്നുമില്ലാതിരുന്ന അക്കാലത്ത് യോഗനിദ്രയിലായിരുന്ന അങ്ങ് ഉണര്‍ന്ന് സൃഷ്ടികര്‍മം ആരംഭിച്ചു. അങ്ങയില്‍നിന്ന് മായാശക്തി പു
റത്തുവന്നു. കാലം-കര്‍മം-സ്വഭാവം ഇവ അങ്ങയില്നിന്നുത്ഭവിച്ചു. അവ സ്വയം പ്രകാശിച്ചു മായയെ സഹായിച്ചു. അങ്ങ് സാക്ഷീഭാവത്തില്‍ നിലകൊണ്ടു. മായയില്നിന്ന് ബുദ്ധിയും വിവേകവും ജനിച്ചു. സത്വരജസ്തമോഗുണങ്ങളും മായയില്നിന്നുത്ഭവിച്ചു. ജീവാത്മാവിനെ നിശ്ചലമാക്കി ശരീരത്തില്‍ അഹംബോധമുണ്ടാക്കി ആ മായ തന്നെ സര്‍വചരാചരങ്ങളിലും ധര്മബോധമുണ്ടാക്കി, പ്രജ്ഞാനത്തെ സൃഷ്ടിച്ചു. അഹംബോധം തന്നെ വൈകാരികം, തൈജസം, താമസം എന്നീ വികാരങ്ങള്‍ സൃഷ്ടിച്ചു. ഇവയില്‍നിന്ന് ദേവതാസങ്കല്പങ്ങളും സങ്കല്പങ്ങള്ക്കനുയോജ്യമായ രൂപങ്ങളുമുണ്ടായി. ഈ വൈകാരികാംശം അങ്ങയുടെ അനുഗ്രഹത്താല്‍ മനസ്സ്-ബുദ്ധി-അഹംബോധം-ചിത്തം എന്നീ നാലു വൃത്തികള്‍ ചേര്‍ന്ന് അന്തഃകരണത്തെ സൃഷ്ടിച്ചു. തൈജസത്തില്നിന്ന് അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും ഉത്ഭവിച്ചു. താമസാംശത്തില്‍, ആകാശതത്വത്തില്നിന്ന് ശബ്ദമുദ്ഭവിച്ചു. ഇവയില്‍ നിന്ന് സ്വര്‍ണനിറത്തിലുള്ള അണ്ഡമായ ബ്രഹ്മാണ്ഡവുമങ്ങ് സൃഷ്ടിച്ചു. ആ അണ്ഡത്തില് നിന്ന് വേദ(അറിവ്, സ്വബോധം)ങ്ങളുള്ഘോഷിക്കുന്ന അങ്ങയുടെ പ്രപഞ്ചപുരുഷ ശരീരം ഉത്ഭവിച്ചു. അതില്‍നിന്ന് സര്വചരാചരങ്ങളുമുദയം ചെയ്തു.
ആറാം ദശകം (പ്രപഞ്ച, പുരുഷ ശരീര വ്യാപ്തി): അങ്ങയുടെ പാദതലം പാതാളമായി, മഹാതലം കണങ്കാലായി, തലാതലം കാലും, സുതലം കാല്‍മുട്ടുകളും വിതലവും അതലവും തുടകളും ക്ഷോണീതലം അരക്കെട്ടും ആകാശം നദിയും സ്വര്‍ഗലോകം ഇന്ദ്രസ്ഥാനമായ വക്ഷസ്ഥലവുമായി. മഹര്‍ലോകം, കണ്ഠവും ജനലോകം മുഖവും തപോലോകം നെറ്റിയും സത്യലോകം ശിരസ്സും. സര്‍വചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ഗുരുവായൂരപ്പാ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു. അങ്ങയുടെ ശിരസ്സിലെ ബ്രഹ്മരന്ധ്രം വേദങ്ങളും, മേഘങ്ങള്‍ മുടിയും, പക്ഷങ്ങള്‍ രാത്രിപകലുകളും, സൂര്യന് കണ്ണുകളുമായി, കണ്ണുകള്‍ ലോകനിര്മാണത്തിലാധാരമായി. ദിക്കുകള്‍ ചെവികളായി, അശ്വനീദേവന്മാര് നാസാദ്വാരങ്ങളായി, ലോഭവും ലജ്ജയും അധരങ്ങളായി, നക്ഷത്രങ്ങള്‍ പല്ലുകളായി, യമന്‍ അണപ്പല്ലുകളായി പു
ഞ്ചിരി മായയും, നിശ്വാസം, കാറ്റും, ജലം, നാവും, പക്ഷികള്‍ വാക്കുകളുമായി. ചന്ദ്രന് മനസ്സും പ്രകൃതി ഹൃദയവും സമുദ്രം ഉദരവും സന്ധ്യകള്‍ വസ്ത്രങ്ങളും മൃഗങ്ങള്‍ കാല്‍നഖങ്ങളും നടത്തം കലാശക്തിയും ശരീരഭാഗങ്ങള്‍ നാലുവര്ണങ്ങളുമായി തിരിഞ്ഞുകൊണ്ടിരിക്കും. സംസാരചക്രം അങ്ങയുടെ ക്രിയകളും അസുരന്മാര് അങ്ങയുടെ പരാക്രമവും പര്‍വതങ്ങള്‍ അസ്ഥികളും, നദികള്‍ സിരകളുമായി, കര്‍മയോഗികള്‍ക്ക് മോക്ഷമാര്ഗമടുക്കുമ്പോള് നിത്യസ്മരണയ്ക്കായി മനോമണ്ഡലത്തില്‍ സൂക്ഷിക്കാവുന്ന ഈ പ്രപഞ്ചരൂപം
സ്മരിച്ചുകൊണ്ട് ഞാനിതാ അങ്ങയെ പ്രണമിക്കുന്നു.
ഏഴാം ദശകം (സൃഷ്ടിക്കാധാരമായ ബ്രഹ്മാവിന്റെ ഉത്ഭവം): പതിനാലു ലോകത്തിനെയും ഉള്‍ക്കൊണ്ടു ജന്മമെടുത്ത അങ്ങയുടെ സത്യലോകത്തില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവായി സൃഷ്ടിയാരംഭിച്ചു. ഹിരണ്യഗര്‍ഭനായ ആ ബ്രഹ്മാവിന് സൃഷ്ടിക്കായുള്ള തപസ്സനുഷ്ഠിക്കുവാനുള്ള നിര്‍ദേശവും അങ്ങു നല്കി. വൈകുണ്ഠ ലോകദര്‍ശനവും ബ്രഹ്മാവിനു നല്കി, വൈകുണ്ഠത്തിലെ ദിവ്യത്വം അങ്ങു വെളിപ്പെടുത്തുകയും ചെയ്തു. വൈകുണ്ഠത്തിലെ ഈശ്വര ൈചതന്യവും വൈകുണ്ഠത്തിലെ അധിവാസ വേളയിലെ രൂപവും പ്രാര്‍ത്ഥനാനിരതമായി ബ്രഹ്മാവു പോലും വണങ്ങുന്നുവത്രെ. വൈകുണ്ഠ വാസനായ മഹാവിഷ്ണുവിന്റെ രൂപവര്‍ണനയും ഇവിടെ നിരന്തരം മേല്പുത്തൂര് നല്കുന്നു.
എട്ടാം ദശകം (ബ്രഹ്മാവിന്റെ സൃഷ്ടികര്‍മം): മഹാപ്രളയാന്ത്യത്തില് ആദ്യദിവസംതന്നെ ബ്രഹ്മാവിനെ സൃഷ്ടിച്ച്, ബ്രഹ്മാവിന് വേദമാകുന്ന സൃഷ്ടിയുടെ ജ്ഞാനം കൊടുത്ത്, പ്രളയത്തിനു മുമ്പുണ്ടായിരുന്ന അവസ്ഥ വീണ്ടും സൃഷ്ടിക്കാനവിടുന്ന് നിര്‍ദേശം നല്കി. ബ്രഹ്മാവിന്റെ ഓരോ പകലിനും
സൃഷ്ടിയും യുഗങ്ങള്‍ ദൈര്‍ഘ്യമുള്ള രാത്രികള്‍ നിദ്രാവസ്ഥയിലും ബ്രഹ്മാവ് ലയിച്ചു. രാത്രിയിലെ ബ്രഹ്മാവിന്റെ നിദ്ര നൈമിത്തിക പ്രളയമായി വ്യാഖ്യാനിച്ചും ഓരോ യുഗത്തിലും ജനിച്ച മനുഷ്യരുടെ ആത്മാക്കള്‍ തന്നെ വീണ്ടും മനുഷ്യരൂപമെടുക്കുന്നു. അതിനെല്ലാം ആധാരമായി ഗുരുവായൂരപ്പാ അങ്ങു നിലകൊള്ളുന്നു. ബ്രഹ്മാവ് രാത്രിയില്‍ അങ്ങയില്‍ യോഗനിദ്രയിലാണ്ട് പോകുന്നു. അങ്ങും ശ്രേഷ്ഠനാഗത്തില് ജലപ്രളയകാലത്ത് യോഗനിദ്രയില്‍ വിരാജിക്കുന്നു. അങ്ങയെ ഉണര്‍ത്താനുള്ള നിര്‍ദേശം അങ്ങു കാലത്തിനു നല്കി. പ്രളയാന്ത്യത്തില്‍ കാലംതന്നെ അങ്ങയെ ഉണര്‍ത്തി. അങ്ങയുടെ നാഭിയില്‍നിന്ന് ദിവ്യമായ താമര ഉദയംചെയ്തു. പ്രകാശമാനമായ ആ താമരയില്‍ വിധാതാവ് നിലകൊണ്ടു. ബ്രഹ്മാവിനെ വഹിക്കുന്ന താമരയെയും വഹിക്കുന്ന ഗുരുവായൂരപ്പാ എന്റെ രോഗപീഡകളകറ്റിയാലും.
email:iishservice1@gmail.com
(നാരായണീയം സംക്ഷിപ്തം എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment