Friday, April 10, 2020

ഒരാൾക്ക് ആധികാരികമായി അറിയാവുന്നത് സ്വന്തം  സത്യത്തെയും സ്വന്തം കള്ളത്തരത്തെയുമാണ്. മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ  ധാരണകളെല്ലാം തോന്നലുകൾ മാത്രമായിരിക്കും, അവ സത്യമായിരിക്കണമെന്നില്ല! അതുകൊണ്ടുതന്നെ മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ തോന്നലുകള്‍ അവരിലേയ്ക്ക്‍  ആരോപിക്കുവാൻ ആധികാരികമായി നാം തുനിയുന്ന മാത്രയിൽ അത് വാസ്തവ വിരുദ്ധമാണെന്നുവന്നാലോ? അപ്പോള്‍ അവരുടെ മുന്നില്‍ നാം പിടിക്കപ്പെടുന്നു. അതിനെയാണ് തെറ്റിദ്ധാരണ എന്നു പറയുന്നത്. ഒരാള്‍ക്ക് ഒരിക്കലും മറ്റൊരാളെ മനസ്സിലാക്കാന്‍ കഴിയില്ല എന്നതിനാല്‍, നമ്മുടെ തോന്നലുകളും കൊണ്ട് ആരെയും അന്തിമമായി വിലയിരുത്താതിരിക്കുന്നിടത്താണ് നമ്മുടെ വാക്കുകളിലെ ആധികാരികത നിലനില്‍ക്കുന്നത്.

പല കുടുംബങ്ങളിലും തെറ്റിദ്ധാരണകൊണ്ട് ഉണ്ടാകുന്ന വഴക്കുകൾ വളരെ വലുതാണ്. കൂടെ ജീവിക്കുന്നയാളെ കുറിച്ച് താൻ എന്താണോ ധരിച്ചു വച്ചിരിക്കുന്നത് അത് സത്യമാണോ അസത്യമാണോ എന്ന രീതിയിലല്ല പലപ്പോഴും നമ്മുടെ ഇടപെടൽ. മറിച്ച് താൻ വിശ്വസിക്കുന്നതിന് അനുസരിച്ച് തെളിവുകൾ കിട്ടണം എന്ന നിലയിലാണ്  നാം ഇടപെടുന്നതെങ്കിൽ അവിടെയാണ്  വഴി തെറ്റുന്നത്.

മനസ്സ്!  നമ്മുടേതാകട്ടെ മറ്റുള്ളവരുടേതാകട്ടെ അത് ചന്ദ്രനെ പോലെയാണ്. മനസ്സിന് വൃദ്ധിയും ക്ഷയവും ഉണ്ട്. ചെറിയൊരു കലയായി വെളുപ്പ് നിറം പ്രകടമാകും, പിന്നെയത് വലുതായി വരുന്നതു കാണാം. അതിനനുസരിച്ച് നാം അതിനെ ഓരോ ദിവസവും ഓരോ രീതിയിൽ പേരെടുത്തു വിളിച്ച് വ്യാഖ്യാനിക്കും. ഒടുവിൽ ഒരു ദിവസം അത് പൂർണ്ണ ചന്ദ്രനായി തോന്നും. വീണ്ടും അടുത്ത ദിവസം മുതൽ ക്ഷയിക്കാൻ തുടങ്ങും, ഒരുനാൾ ചന്ദ്രക്കലായായും അമാവാസിയായും അനുഭവപ്പെടും. ഇത്തരത്തിലാണ് നമ്മുടെ മനസ്സിനെ കുറിച്ച് മറ്റുള്ളവരുടെ കാഴ്ചയും വ്യാഖ്യാനവും, നാം മറ്റുള്ളരുടെ മനസ്സിനെ കണ്ട് വ്യാഖ്യാനിക്കുന്നതും ഇപ്രകാരമാണ്. സ്ഥിരതയില്ലാത്ത ഒന്നിനെ കുറിച്ച് ആധികാരികമായി ഒന്നും പറയുവാൻ വയ്യ!

 ഈ വൃദ്ധിക്ഷയങ്ങളെ കാണിച്ചു തരുന്ന പ്രകാശമേതാണ്? അവിടെയാണ് സത്യം! അവിടെയാണ് മനസ്സിനെ സമർപ്പിക്കേണ്ടത്.  മനസ്സിൻറെ മേലുള്ള വ്യാഖ്യാനങ്ങളെല്ലാം വിട്ട് മനസ്സിനെയും വാക്കുകളെയും ബുദ്ധിയെയും പ്രകാശിപ്പിക്കുന്ന ആത്മചൈതന്യത്തിലേയ്ക്ക് എത്തിച്ചേരേണ്ടതുണ്ട്. മനസ്സുകൾ കൊണ്ടുള്ള ബന്ധങ്ങൾക്ക് സ്ഥിരതയുണ്ടാകില്ല. മനസ്സ് തെറ്റായ വ്യാഖ്യാനങ്ങൾ തരും. അത് സത്യമെന്നു കരുതി അതിനെ സ്ഥാപിക്കാൻ നടന്നാലോ? ജന്മങ്ങളോളം അത് നമുക്ക് വേണ്ടുന്ന കാഴ്ചകൾ തന്ന് നമ്മെ വട്ടം ചുറ്റിച്ചുകൊണ്ടേയിരിക്കും! ഭാര്യാഭർത്താക്കന്മാർ പരസ്പരം ഉള്ളിലെ പ്രകാശത്തെ സ്നേഹിക്കാൻ തുടങ്ങിയാൽ അവിടെ മനസ്സ് സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകൾ പ്രശ്നങ്ങളായിത്തീരുകയില്ല. അതല്ലാതെ സ്വന്തം തെറ്റിദ്ധാരണകൾക്ക് തെളിവുകൾ തേടി സ്ഥാപിക്കുനാൻ നടന്നാലോ?  അത് സ്വന്തം കറുപ്പും വെളുപ്പും മാറിമാറി പ്രകാശിപ്പിച്ചുതന്നുകൊണ്ടേയിരിക്കും. നാം കബളിപ്പിക്കപ്പെടുകയും ചെയ്യും. നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന മനസ്സിനെ ആത്മസ്വരൂപനായ ഈശ്വരന് സമർപ്പിക്കുക. മനസ്സുകൊണ്ട് തിരഞ്ഞാൽ മറ്റും വഴികളൊന്നും ഇല്ല! അതുകൊണ്ടാണ് ശ്രീരാമചന്ദ്രൻ ഗുരുവിനോട് ഇങ്ങനെ പറയുന്നത്-''ഇത്രയും നാൾ എൻറെ ആത്മാവിനെ അപഹരിച്ച കള്ളനാരാണെന്ന് കണ്ടെത്തി. അത് മറ്റാരുമല്ല, എൻറെ മനസ്സാണ്! ഇത്രയും നാൾ അവൻ എന്നെ കബളിപ്പിച്ചു, ഇനി മുതൽ ഞാൻ അവനെ കബളിപ്പിക്കുന്നു." 
ഓം
Krishna kumar 

No comments: