Tuesday, March 31, 2026

കുശാഗ്രബുദ്ധിയായിരുന്ന കാക്കശ്ശേരി ഭട്ടതിരിയെ മൂന്നാം വയസ്സിൽ എഴുത്തിനിരുത്തുകയും അഞ്ചര വയസ്സിൽ ഉപനയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ ബുദ്ധിമാഹാത്മ്യത്തിന്റെയും വക്രതയുടെയും ഉദാഹരണമായ ഒരു സംഭവം പറയാം മൂക്കോല അഥവാ മൂക്കുതലഎന്നൊരു സ്ഥലം കേട്ടിട്ടുണ്ടോ? അവിടെ ഒരു ഭഗവതീക്ഷേത്രമുണ്ട്. ശക്തിസ്വരൂപിണിയാണ് ദേവി. കാക്കശ്ശേരി കുഞ്ഞായിരിക്കുന്ന കാലം മുതൽ അദ്ദേഹത്തെ ഈ ക്ഷേത്രത്തിൽ തൊഴാൻ കൊണ്ടുപോകാറുണ്ടായിരുന്നു. ഒരിക്കൽ തൊഴുത് മടങ്ങി വരുന്ന കുഞ്ഞിനോട് ഒരാൾ എവിടെപ്പോയിരുന്നു എന്ന് അന്വേഷിച്ചു. അഞ്ചു വയസ്സായ ഉണ്ണിയാണ്. കൗതുകംതോന്നി ചോദിച്ചതാണ് അയാൾ. "ഞാൻ ഭഗോതിയെ തൊഴാൻ പോയതാ " "ആഹാ.. എന്നിട്ട് ഭഗോതി ഉണ്ണിയോട് എന്താ പറഞ്ഞേ?" ആഗതൻ വീണ്ടും ചോദിച്ചു അതിന് കുഞ്ഞ് മറുപടി പറഞ്ഞത് ഒരു ശ്ലോകത്തിലൂടെ ആയിരുന്നു. "യോഗിമാർ സതതം പൊത്തും തുമ്പത്തെത്തള്ളയാരഹോ! നാഴിയിൽപ്പാതിയാടീല പലാകാശേന വാ ന വാ" ചോദിച്ച ആള് വാ പൊളിച്ചുനിന്നുപോയിക്കാണും. ഇതിന്റെ അർത്ഥം എന്താണെന്ന് നമുക്കും അറിയേണ്ടേ? യോഗിമാർ സതതം പൊത്തും... ( സംന്യാസിമാർ എല്ലായ്പ്പോഴും പൊത്തുന്നത് മൂക്ക് ആണ്.. പ്രണയാമത്തിനും മറ്റുമായി.. അതുകൊണ്ട് "മൂക്ക്" എന്നാണ് ഈ വളച്ചുപിടിച്ചു ഉണ്ണി പറഞ്ഞതിന്റെ അർത്ഥം) തുമ്പ് = അറ്റം, തല രണ്ടും കൂടിയാൽ "മൂക്കുതല" എന്നായില്ലേ? "തള്ളയാർ" എന്നു വച്ചാൽ അമ്മ, അതായത് ഭഗവതി ഇപ്പോൾ ആ വരിയുടെ മൊത്തത്തിൽ അർത്ഥം "മൂക്കുതലയിലെ ഭഗവതി" എന്നായി! ഇനി മൂന്നാം പാദം നോക്കാം "നാഴിയിൽപ്പാതി" എന്നുവച്ചാൽ "ഉരി" ആണ്. നാഴി, ഉരി ഒക്കെ പഴയ അളവുകളുടെ മാനദണ്ഡങ്ങളാണ്. നാഴിഅരി, ഉരി അരി എന്നൊക്കെ അളവ് പറയുന്നത് കേട്ടിട്ടില്ലേ? അപ്പോൾ " നാഴിയിൽപ്പാതിയാടീലാ " എന്ന പ്രയോഗത്തിന് അർത്ഥം "ഉരിയാടിയില്ല "അഥവാ "പറഞ്ഞില്ല" എന്നാകും ഇനി അന്ത്യപാദം നോക്കൂ.. " പലാകാശേന വാ ന വാ " "പല" എന്നതിന്റെ മറ്റൊരു പ്രയോഗമാണ് "ബഹു" "ആകാശം "എന്നതിന് "മാനം" എന്നും അർത്ഥം ഉണ്ടല്ലോ അങ്ങനെ വരുമ്പോൾ " പലാകാശേന" എന്ന വാക്കിന് ബഹു +മാനേന ( ബഹുമാനേന ) എന്ന അർത്ഥമായി ബഹുമാനേന വാ ന വാ..എന്നാൽ "ബഹുമാനംകൊണ്ടാണോ അല്ലയോ എന്നറിയില്ല" എന്നർത്ഥം വരും. ഒന്നിച്ചെടുത്താൽ അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരമായി. മൂക്കുതലയിലെ ഭഗവതി, ബഹുമാനം കൊണ്ടാണോ അല്ലയോ എന്നറിയില്ല, എന്നോടൊന്നും ഉരിയാടിയില്ല (പറഞ്ഞില്ല ) എന്നാണ് ഉണ്ണി പറഞ്ഞത്. അഞ്ചു വയസ്സിൽ ഈ കണക്കാണെങ്കിൽ ഇദ്ദേഹം ഉദ്ദണ്ഡനെ തർക്കത്തിൽ തോല്പിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടോ?? ഉദ്ദണ്ഡശാസ്ത്രികളുടെ മത്സരകഥ കേൾക്കേണ്ടേ നമുക്ക്? ശാസ്ത്രികളെ പ്രതിരോധിക്കാൻ പ്രാപ്തനാക്കി കാക്കശ്ശേരിയെ മത്സരത്തിന്നൊരുക്കിനിറുത്തി മലയാളി ബ്രാഹ്മണർ. ഉദ്ദണ്ഡന്‍ മത്സരത്തിനു വരുമ്പോള്‍ ഒരു തത്തയെ കൊണ്ടുവരുന്നത് പതിവാണ്. മലയാളി പണ്ഡിതന്മാരുടെ ചോദ്യങ്ങൾക്കുത്തരം തന്റെ തത്ത പോലും പറയും എന്ന് അറിയിക്കാനാണ് ഈ ഏർപ്പാട്. ഇതറിയാവുന്ന ഭട്ടതിരി ഒരു പൂച്ചയുമായാണ് മത്സരത്തിന് പോയത്. പൂച്ചയെ മുന്നിൽ കണ്ട തത്ത വിറളിപിടിച്ചു പറന്നുപോയി. ഇളിഭ്യനായ ശാസ്ത്രികൾ തന്റെ മുന്നിലിരുന്ന് ചെറു ബാലനെ കണ്ട് ഇവനൊരു കുഞ്ഞാണല്ലോ, ഇവനോ എന്നോട് ഏറ്റുമുട്ടാൻ എന്നു ചിന്തിച്ചു. ആ ആശങ്ക വാക്കുകളായി അദ്ദേഹം അറിയാതെ പുറത്തു വരുകയും ചെയ്തു. "ആകാരോ ഹ്രസ്വ " ഹ്രസ്വമായ( ചെറുതായ ) ആകാരം ( ശരീരം ) ആണല്ലോ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഉടനേ വന്നു ഉരുളയ്ക്കു ഉപ്പേരി പോലെ കാക്കശ്ശേരിയുടെ മറുപടി "നഹി നഹി, 'അ 'കാരോ ഹ്രസ്വ ആകാരോ ദീർഘ " ( അല്ലേയല്ല..'അ ' കാരം അല്ലേ ചെറിയത്, 'ആ' കാരം എങ്ങനെ ഹ്രസ്വമാവും? അത് ദീർഘാക്ഷരമല്ലേ?) "ആ" എന്നത് ദീർഘമാണെന്ന്പോലും അറിയാത്ത ആളാണോ താങ്കൾ എന്ന ഒരു പരിഹാസം ആദ്യമറുപടിയിൽത്തന്നെ വ്യക്തമാക്കി അദ്ദേഹം ശാസ്ത്രികളെ തറപറ്റിച്ചു . വാഗ്വാദത്തില്‍ ഏര്‍പ്പെട്ട അവര്‍ ഇഞ്ചോടിഞ്ച് പോരാടി,ഒടുവില്‍ ഭട്ടതിരി മേല്ക്കൈ നേടി. തുടര്‍ന്ന് രാജാവ് ഇടപെട്ടു. രഘുവംശത്തിലെ ആദ്യവരികള്‍ക്ക് പരമാവധി വിശദീകരണം നല്കുന്നവര്‍ വിജയിയാവുമെന്ന് രാജാവ് പ്രഖ്യാപിച്ചു. ഉദ്ദണ്ഡന്‍ നാല് വിശദീകരണം നല്കിയപ്പോള്‍ ഭട്ടതിരി എട്ട് വിശദീകരണം നല്കി. അതോടെ ഉദ്ദണ്ഡന്‍ അടിയറവ് പറഞ്ഞു. കാക്കശ്ശേരിയുടെ "നഹി നഹി" എന്ന ഖണ്ഡനം ഒഴിവാക്കാൻ വേണ്ടി ശാസ്ത്രികൾ ഒരു തുരുപ്പുചീട്ടിറക്കി. അടുത്ത ചോദ്യം ഇതായിരുന്നു " തവമാതാ പതിവ്രതാ? " ( നിന്റെ അമ്മ പതിവ്രതയാണോ?) അല്ല എന്നു ലോകത്തിൽ ഒരു മകനും സമ്മതിച്ചുതരില്ല എന്ന ധൈര്യത്തിലാണ് ശാസ്ത്രികൾ ആ ചോദ്യം ചോദിച്ചത്. എന്നാൽ അതും "നഹി നഹി " എന്ന് അദ്ദേഹം ഖണ്ഡിച്ചു. കാരണം കാണിച്ചത് ഇതാണ്. അക്കാലത്ത് ബ്രാഹ്മണ സ്ത്രീകൾ വിവാഹിതരായാൽ ആദ്യ ദിവസങ്ങളിൽ ഇന്ദ്രൻ,അഗ്നി, വരുണൻ മുതലായ ദേവന്മാരുടെ പത്നിയായി സങ്കൽപ്പിക്കണം എന്നാണ് ആചാരം. നാലാം ദിവസമേ അവർ വേട്ട നമ്പൂതിരിയുടേതാകുന്നുള്ളൂ. ആദ്യ നാളുകളിൽ ഭർത്താവല്ലാത്ത പരപുരുഷന്മാരുടെ വേളിയായി സ്വയം സങ്കൽപ്പിക്കുന്ന വധു എങ്ങനെ പതിവ്രതയാകും? ചുരുക്കത്തിൽ ശാസ്ത്രികളുടെ പതിനെട്ടടവും പിഴച്ചു. ഭട്ടതിരി 108 സമ്മാനങ്ങളും നേടി. മുതിര്‍ന്നയാള്‍ക്കുള്ള നൂറ്റയൊന്‍പതാമത് സമ്മാനം ഉദ്ദണ്ഡന് നല്കാനുള്ള രാജാവിന്‍റെ തീരുമാനത്തെയും ഭട്ടതിരി എതിര്‍ത്തു. പ്രായത്തില്‍ മൂത്തയാളിനാണ് നല്കുന്നതെങ്കില്‍ തന്നോടൊപ്പം വന്ന വേലക്കാരന് നല്കണം,അദ്ദേഹത്തിന് എണ്‍പത്തിരണ്ട് വയസ്സുണ്ട് എന്നായി ഭട്ടതിരി. അതല്ല,അറിവിന്‍റെ പൂര്‍ണ്ണതയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ സമ്മാനവും തനിക്ക് തന്നെ വേണമെന്നും ശഠിച്ചു. രാജാവിന് വഴങ്ങേണ്ടി വന്നു. പിന്നീട് കുറേക്കാലം തമിഴ് ബ്രാഹ്മണർക്ക് മലയാളക്കരയിൽ ജയിച്ചു കയറാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ചരിത്രം

No comments: