Sunday, March 29, 2026

ഭാഗവതഹൃദയം: ആവർത്തിച്ചുറപ്പിക്കേണ്ട അദ്വയസത്യം ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ഭാഗവതം പ്രധാനമായും നമ്മെ എന്തു ധരിപ്പിക്കാനാണു ശ്രമിക്കുന്നത് എന്ന് നാം ഇന്നെലെ(കഴിഞ്ഞ പല പോസ്റ്റുകളിലും) ചർച്ച ചെയ്തു‌. എത്രകാലം ജീവത്വവും പേറി നിലനിൽക്കുമോ അത്രയും കാലം തത്ത്വജിജ്ഞാസ തുടരുക. അദ്വയമായ ജ്ഞാനമാണ് തത്ത്വം. രണ്ടിൻ്റെ അനുഭവമില്ലാത്ത ശുദ്ധമായ ബോധം. ഈ തത്ത്വത്തെ അറിയാൻ ശ്രമിക്കുക എന്നു പറഞ്ഞാൽ ശാസ്ത്രീയമായി ഉറപ്പിക്കുക. തുടർന്ന് ജീവിതത്തിൽ അത് സാക്ഷാത്ക്കരിച്ച് അനുഭവിക്കുവാൻ യത്നിക്കുക. ബ്രഹ്മാവിന് വിഷ്ണു നാലു ശ്ലോകത്തിൽ ഇക്കാര്യം വിശദീകരിച്ചു കൊടുത്തത് നാം ഇന്നലെ കണ്ടു കഴിഞ്ഞു. ഭാഗവതം ഇത്രയും കൊണ്ടവസാനിക്കുന്നുവെങ്കിൽ ഇത്രയും വലിയ ഒരു ഗ്രന്ഥത്തിൻ്റെ ആവശ്യം എന്താണ്? തത്ത്വം ഒരിക്കൽ പറഞ്ഞാൽ ഉറച്ചെന്നുവരില്ല. ആവർത്തിച്ച് ഇതു കേൾക്കണം. ആവർത്തിക്കുമ്പോൾ വിരസത ഉണ്ടാകാം. വിരസത ഒഴിവാക്കുന്നതിനാണ് കഥകളും ഇടയ്ക്കിടെ തത്ത്വവും എന്ന രീതിയിൽ പറയുന്നത്. ഈ തത്ത്വം മാത്രം ഇങ്ങനെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ മനസ്സിലാകുമോ വിരസത തോന്നുമോ എന്നൊക്കെ ചെറിയ കുണ്ഠിതമുണ്ടായിരുന്നു. കുണ്ഠ‌ിതപ്പെട്ടിട്ട് എന്താ കാര്യം. വിഷ്ണു ബ്രഹ്മാവിനോടു പറഞ്ഞതല്ലേ. മനസ്സിലായില്ലെങ്കിൽ മനസ്സിലാകുന്നതു വരെ ആവർത്തിക്കണം. അതല്ലാതെന്തുവഴി. സത്യം പറഞ്ഞാൽ മനസ്സിലാകുന്നില്ല എങ്കിൽ അസത്യം മാത്രം പറഞ്ഞാൽ മതി എന്നാണ് പലരുടേയും സിദ്ധാന്തം. അതു ശരിയല്ല. തത്ത്വമസി മഹാവാക്യം തന്നെ 9 പ്രാവശ്യം ഗുരു ആവർത്തിച്ച് ശിഷ്യന് ഉപദേശിക്കുകയാണ്. ഒരു പ്രാവശ്യംകൊണ്ട് മനസ്സിലാവില്ല. ഇതോർത്ത് കുണ്‌ഠിതപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് ഒമ്പതാംക്ലാസ്സിൽ പഠിക്കുന്ന കുട്ടി വന്ന് "സർ, ഇന്നലെ പറഞ്ഞ രണ്ടു ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം തെളിഞ്ഞുകിട്ടി” എന്നു പറഞ്ഞത്. എന്താ രണ്ടു ചോദ്യങ്ങൾ? "ഞാനാര് ഈ ജഗത്ത് എന്ത്? ഈ രണ്ടു ചോദ്യങ്ങൾക്കും സ്‌പഷ്ട‌മായി എനിക്ക് ഉത്തരം തെളിഞ്ഞു.” എന്നാൽ പറയൂ “ഞാനാരാണ്?” “ഞാൻ ബോധം.” “ഈ ജഗത്ത് എന്ത്?” “ജഗത്ത് ബോധം" "അതെങ്ങനെ?" "ബോധമുണ്ടോ ഞാനുണ്ട് ബോധമുണ്ടോ, ജഗത്തുണ്ട്. ബോധമില്ലെങ്കിൽ ഞാനുമില്ല ജഗത്തുമില്ല. അതുകൊണ്ടുതന്നെ ഞാനും ജഗത്തും ബോധം." എനിക്ക് ഏതാണ്ടൊരാശ്വാസമായി. 9-ാംക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഇത്ര വ്യക്തമായി ഇക്കാര്യം ധരിക്കാൻ കഴിയുമെങ്കിൽ ഇതു ധരിക്കണമെന്നാഗ്രഹിക്കുന്നവർക്ക് മനസ്സിലാക്കാൻ വലിയ വിഷമം കാണുകയില്ല. ഭാഗവതത്തിന് ആവർത്തിച്ച് ഇക്കാര്യം മാത്രമേ നമ്മോടു പറയാനുള്ളൂ. ആറു ഗുരുക്കന്മാരും ആറു ശിഷ്യന്മാരും പരമ്പരയായി നടത്തിയ ചർച്ചയാണ് ഇന്ന് നമ്മുടെ മുന്നിൽ കാണുന്ന ഭാഗവതത്തിൻ്റെ രൂപത്തിലുള്ള ഗ്രന്ഥം. അതിൽ ഒന്നാമത്തെ ഗുരുവും ശിഷ്യനുമാണ് വിഷ്ണുവും ബ്രഹ്മാവും. ഈ തത്ത്വം ഒരാൾക്കു പിടികിട്ടിയാൽ തുടർന്ന് ഇത് മറ്റുള്ളവരിലേക്കു പകർത്താൻ അയാളുടെ ഹൃദയം വെമ്പൽ കൊള്ളും. ബ്രഹ്മാവ് തൻ്റെ മകനായ നാരദന് ഇതുപദേശിക്കുന്നു. അതേ തത്ത്വം തന്നെ നാരദൻ വ്യാസന് ഉപദേശിക്കുന്നു. അവരാണ് മൂന്നാമത്തെ ഗുരുവും ശിഷ്യനും. വ്യാസൻ ഇതു കുറച്ചുകൂടി വിപുലമാക്കി തൻ്റെ മകനായ ശുകന് ഇതുപദേശിക്കുന്നു. വ്യാസനും ശുകനുമാണ് നാലാമത്തെ ഗുരുശിഷ്യന്മാർ. ശുകൻ ഇതു പരീക്ഷിത്തിന് ഉപദേശിച്ചു. ആ സന്ദർഭമൊക്കെ എല്ലാവർക്കും അറിവുള്ളതാണല്ലോ? അഞ്ചാമത്തെ ഗുരുശിഷ്യന്മാരാണ് ശുകനും പരീക്ഷിത്തും. അവിടെച്ചെന്ന് ഭാഗവതം വിസ്തരിച്ചു കേട്ട സൂതൻ ആയിരം കൊല്ലംകൊണ്ടു തീരുന്ന സത്രം ആരംഭിച്ചിരിക്കുന്ന സത്രശാലയിലെത്തി ശൗനകാദി മുനിമാർക്ക് ഇത് ഉപദേശിക്കുന്നു. ആറാമത്തെ ഗുരു ശിഷ്യന്മാരാണ് സൂതനും ശൗനകാദി മുനിമാരും. വിഷ്‌ണു ബ്രഹ്മാവിന് നാലു ശ്ലോകത്തിൽ ഭാഗവതസാരം പറഞ്ഞുകൊടുത്തു. ഇത് ഇത്രയേ ഉള്ളൂ എന്നും പറഞ്ഞു. നമുക്കിന്ന് അടുത്ത ഗുരുശിഷ്യന്മാരുടെ സമീപത്തേക്ക് ഒന്നു ചെല്ലാം. അവരും പറയുന്നത് ഇതേ കാര്യം തന്നെയാണോ എന്നു പരിശോധിക്കാം.ആവർത്തിച്ച് ഇക്കാര്യംതന്നെയാണ് അവരും പറയുന്നതെങ്കിൽ നാം അതു സ്വീകരിച്ചേ പറ്റൂ. ബ്രഹ്മാവ് വിഷ്ണുവിൻ്റെ അനുഗ്രഹത്തോടെ സൃഷ്ടി ആരംഭിച്ചു. അങ്ങനെ ബ്രഹ്മപുത്രനായി ജനിച്ച് ആളാണ് നാരദൻ. മരീചി തുടങ്ങിയ പ്രജാപതിമാരോടൊപ്പം ബ്രഹ്മാവിൻ്റെ മാനസ പുത്രനായി നാരദനും ജനിച്ചു. നാരദൻ അച്ഛന്റെ പ്രവൃത്തികളെ നല്ലവണ്ണം നിരീക്ഷിച്ചു. അത്യന്തം ക്ലേശകരമായ സൃഷ്ടിനടത്തുകയാണ് അച്ഛൻ. മഹത്തത്വം മുതൽ ഇങ്ങോട്ട് എല്ലാം സൃഷ്ടിക്കുന്നു. മഹത്തത്ത്വം എന്നാൽ പ്രാണൻ. വിശ്വപ്രാണനാണ് ആദ്യത്തെ സൃഷ്ട‌ി സൃഷ്‌ടി കാര്യങ്ങളിലേക്ക് വിശദമായി ഇപ്പോൾ കടക്കുന്നില്ല. ഭാഗവതത്തിലെ പ്രസക്ത ഭാഗങ്ങൾ വായിച്ചാൽ മതി. ഈ ഏഴു ദിവസവും പ്രധാനമായി പരമതത്ത്വം എന്താണെന്ന് ആവർത്തിച്ചുറപ്പാക്കാനാണ് നാം ശ്രമിക്കേണ്ടത്. തുടരും........ #ശിവാരവിന്ദം #ഭാഗവതസപ്താഹം_2 #പ്രൊഫ_ജി_ബാലകൃഷ്ണൻ_നായർ #prof_g_balakrishnan_nair

No comments: