Tuesday, July 07, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) മുപ്പത്തിആറാം ദിവസം. (2026 ജൂലായ് 06) ഹിമാലയത്തിലെ, കൈലാസത്തിലേയും ബദരിനാഥിലേയും, കാഴ്ച്ചകൾ ധർമ്മപുത്രാദികൾക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു. അശാന്തിയും ദു:ഖവുമാണ് ഉള്ളിൽ നിറയുന്നതെങ്കിൽ അവയ്ക്കു കാരണമായ പഞ്ചേന്ദ്രിയങ്ങളെ വിവേകം കൊണ്ടു നിയന്ത്രിക്കണം. ഇക്കാര്യത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ ആത്മോപദേശശതകം നൽകുന്ന മാർഗ്ഗദർശനം ശ്രദ്ധിക്കാം. " ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും നളികയിലേറി നയേന മാറിയാടും കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും വെളിവുരുവേന്തിയകം വിളങ്ങീടേണം." പഞ്ചേന്ദ്രിയ വിഷയങ്ങൾ ആഹരിച്ച് ഉള്ളിൽ വന്നു വസിക്കുന്ന കിളികളുടെ ആവേശത്തെ വിവേകമാകുന്ന വെളിച്ചം കൊണ്ടു നിയന്ത്രിക്കാനാണ് ഉപദേശം. സംസാരക്കാട്ടിൽ അലയുന്ന മനുഷ്യന് തീർത്ഥാടനം കൊണ്ട് അനന്യമായ പലതും നേടാനാകുന്നു. ദേശമഹിമ, സജ്ജനസംസർഗ്ഗം, സൂര്യോദയം പോലെ ചന്ദ്രോദയം പോലെ ദിവ്യമായ കാഴ്ച്ചകൾ, അലയൊഴിയാത്ത ആഴികൾ, മരുഭൂമിപോലും ശാന്തി പകരുന്ന അനുഭവമാവും. കാറ്റിൽ രൂപം കൊള്ളുന്ന മണൽക്കൂമ്പാരങ്ങളും നിമിഷനേരം കൊണ്ട് അവ ഇല്ലാതാവുന്നതുമൊക്കെ, മാറിമറിയുന്ന ഒന്നിലും മനസ്സ് ഉടക്കാതിരിക്കാൻ പ്രേരണ നൽകുന്നു. പ്രകൃതിയുമായുള്ള സഹവർത്തിത്വം, പാരസ്പര്യബോധം നമ്മിലെ അനാഥത്വത്തെ അകറ്റുന്നു. തീർത്ഥാടനം വലിയ സമഭാവന നൽകുന്നു. ജനമേജയൻ ചോദിക്കുന്നു, പാണ്ഡവർ പിന്നെ എന്തു ചെയ്തു, ഭീമസേനൻ അടങ്ങിയിരുന്നുവോ? സത്സംഗം ഗ്രഹിച്ചും രസിച്ചും കഴിഞ്ഞു കൂടുന്നതിനിടെ ഒരു ദിവസം സമീപത്തുള്ള സരസ്സിൽ നിന്ന് തേജസ്സുറ്റ ഒരു മഹാനാഗത്തെ ഗരുഡൻ വന്ന് കൊത്തിക്കൊണ്ട് പറന്നു പൊങ്ങി. പ്രകമ്പനം കൊളളിച്ചുള്ള ആ വിസ്മയക്കാഴ്ച്ചയിൽ, സ്‌തബ്ധരായി നില്ക്കേ വൃക്ഷങ്ങളിൽ നിന്ന് അനേകം പൂക്കൾ പറന്നു വന്ന് അരികിൽ പുഷ്പവൃഷ്ടിപോലെ പതിച്ചു. അതിൽ ഒരു പൂവിൻ്റെ സുഗന്ധം പാഞ്ചാലിയിൽ, ആ പൂവു കിട്ടണമെന്നും ആ പൂ വിരിയുന്ന പൂങ്കാവനങ്ങളിൽ ഏവർക്കുമൊപ്പം സ്വൈരവിഹാരം നടത്തണമെന്നും മോഹമുണർത്തി. അർജ്ജുനൻ സ്വബലം കൊണ്ട് പോരാടി വിജയിച്ച നേട്ടങ്ങളെ അനുസ്മരിച്ച പാഞ്ചാലി, ഭീമനോട് ഭവാനും ഇതൊക്കെ സാധിക്കും എന്നു പ്രേരിപ്പിച്ച്, ആ പൂവു വേണമെന്ന തൻ്റെ ആഗ്രഹത്തെ അറിയിച്ചു. കൃഷ്ണയ്ക്ക് ഹർഷം നൽകുന്ന പൂവു തേടി ക്ലിഷ്ടപഥങ്ങൾ താണ്ടി ഭീമസേനൻ നടത്തിയ യാത്രയിൽ, മനുഷ്യർക്കു പ്രവേശിക്കാൻ വിലക്കുള്ള സ്ഥലങ്ങളും ഉണ്ടായിരുന്നു. അവിടെയൊക്കെ തന്നെ തടഞ്ഞ, യക്ഷ കിന്നര രാക്ഷസ പ്രഭൃതികളെ പോരിൽ പരാജയപ്പെടുത്തിയും ഹനിച്ചും മുന്നേറി. ദ്വന്ദ്വയുദ്ധത്തിൽ സമർത്ഥനും കുബേരൻ്റെ സുഹൃത്തുമായ മണിമാനെയും ഇക്കൂട്ടത്തിൽ വധിക്കാനിടയായി. വിവരമറിഞ്ഞ് കുപിതനായ കുബേരൻ സൈന്യവുമായി യുദ്ധസന്നദ്ധനായി വന്നു. കുബേരൻ്റെ ഭൂമിയിൽ ഭീമൻ നടത്തിയ അതിസാഹസികത ധർമ്മപുത്രരെ ഏറെ ദു:ഖിപ്പിച്ചു. വികാരാവേശത്താൽ വിവേകവും പക്വതയുമില്ലാതെ ചെയ്യുന്ന പാപങ്ങളുടെ ഫലം അനുഭവിക്കുക തന്നെ വേണം. ധർമ്മപുത്രരെ കണ്ട ധനദേവൻ്റെ കോപം ശമിച്ചു. ധർമ്മം അറിയുന്ന, സർവ്വഭൂതഹിതം പാലിക്കുന്ന യുധിഷ്ഠിരനെ കുബേരൻ വണങ്ങി പാണ്ഡവർ കുബേരനെയും പ്രണമിച്ചു. ഒരു മനുഷ്യൻ്റെ കൈ കൊണ്ടു വധിക്കപ്പെടും എന്ന ശാപം മണിമാന് അഗസ്ത്യമുനിയിൽ നിന്ന് ലഭിച്ചിരുന്നു. സങ്കോചം വേണ്ട എന്ന് ഭീമനേയും ആശ്വസിപ്പിച്ചു. ഭവാൻ്റെ സന്ദർശനം ആവിധത്തിൽ ശാപമോക്ഷകാരണമായി എന്നറിയിച്ച ശേഷം ലോകതന്ത്ര വിധാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുബേരൻ ധർമ്മപുത്രരെ ഉപദേശിക്കുന്നു. മുടക്കമില്ലാതെ ചെയ്യേണ്ടുന്ന കാര്യങ്ങളിലെ നിഷ്ഠ, ധൃതി പ്രധാനമാണ്. ദേശം, കാലം ഇവയെ വിശകലനം ചെയ്തറിയണം. കോപത്താൽ നയിക്കപ്പെടുന്ന പാപാത്മാക്കൾ, പരലോകത്തും ഗതികിട്ടാത്ത പാപങ്ങളെ വീണ്ടും വീണ്ടും ചെയ്ത് പതനത്തെ നേരിടുന്നു. ഭീമൻ്റെ സാഹസത്തെ വിലക്കണം. ഭീമസേനനും ഇതോടെ വിനയാന്വിതനാവുന്നു. അഞ്ചു വർഷത്തെ സ്വർഗ്ഗവാസത്തിനു ശേഷം, തപസ്സിനു ശേഷം, മാതലി തെളിക്കുന്ന ഇന്ദ്രരഥത്തിൽ പാർത്ഥൻ വന്നിറങ്ങി. യഥാവിധി എല്ലാവരെയും വണങ്ങി. ദിവ്യായുധങ്ങളുടെ നേട്ടത്തെക്കുറിച്ച് വിശദമായി പറയുന്നു. അടുത്ത ദിവസം ദേവേന്ദ്രൻ നേരിട്ടെത്തി അനുഗ്രഹിക്കുന്നു, കാമ്യകവനത്തിലേക്ക് തിരിച്ചു പോവുക, രാജ്യലാഭം ഉടനെ ഉണ്ടാവും. പ്രതിസ്മൃതി മന്ത്രം തന്നെ സഹായിച്ച കാര്യം അർജ്ജുനൻ ഓർമ്മിക്കുന്നു. നിവാതകവചകാലകേയന്മാരെ തൻ്റെ വിക്രമം കൊണ്ട് വധിച്ച് ദേവപ്രീതി നേടിയതും പാർത്ഥൻ വിശദീകരിച്ചു. വാനിൽ പറന്നു നടക്കുന്ന ഒരു പട്ടണം, അതിൻ്റെ വിശേഷം...... നാളെ പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 06.07.2026

No comments: