Saturday, July 04, 2026

*ഈ ലോക ജീവിതത്തിൽ ഒരിക്കൽ എങ്കിലും സ്വയം അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പ്രശ്നങ്ങളിലൊ, പ്രയാസങ്ങളിലൊ ഒക്കെ അകപ്പെട്ട് പോകാത്തവർ വളരെ കുറവാണ്. ഇത്തരം സന്ദർഭങ്ങളിൽ നാമെല്ലാം എത്രയൊക്കെ അനുഭവസമ്പത്തും പഠിപ്പും പണവും ആരോഗ്യവും ബന്ധു - സുഹൃത്ത് വലയവും ഉള്ളവർ പോലും കടുത്ത മാനസിക സമ്മർദ്ദത്തിൽ പെട്ടുപോകുന്നത് തികച്ചും സ്വാഭാവികം മാത്രം. അത്തരം അവസരങ്ങളിൽ നാം എത്രയൊക്കെ തിരിച്ചറിവുള്ളവർ ആണെങ്കിൽ പോലും അരുതാത്തത് ഒക്കെ ചെയ്തു പോകും, എന്നാൽ അറിയാമെങ്കിൽ പോലും അത്യാവശ്യംചെയ്യേണ്ട കാര്യങ്ങൾ പലതും വേണ്ടസമയത്തു ചെയ്യുകയുമില്ല. ആകസ്മികതയുടെ മുന്നിൽ പകച്ചു നിൽക്കുന്നതിലോ, പരിഭ്രാന്തർ ആകുന്നതിലോ പലപ്പോഴും കാര്യമില്ല എന്നൊക്ക എല്ലാവർക്കും വേദികളിൽ പ്രസംഗിക്കാം, എന്നാൽ പ്രശ്ന ബാധിത സമയത്ത് കൃത്യമായി ആലോചിച്ചു ഉചിതമായ ഉപായം പ്രവർത്തി പഥത്തിൽകൊണ്ടുവരാൻ തികഞ്ഞ ആത്മ നിയന്ത്രണം ഉള്ളവർക്ക് മാത്രമേ പലപ്പോഴും സാധിക്കാറുള്ളു. ജീവിതത്തിൽ അരുചികരമായ അനുഭവങ്ങൾ വരുമ്പോൾ മനുഷ്യരുടെ പ്രതികരണം പല തരത്തിൽ ആയിരിക്കും. മനസ്സിലെ വിഷമവും, നിരാശയും, ദേഷ്യവും, ആത്മനിന്ദയുംഎല്ലാം മുഖത്തും വാക്കുകളിലും പ്രവർത്തികളിലും പ്രതിഫലിക്കുന്നത് സ്വാഭാവികം മാത്രം. അപ്രതീക്ഷിതമായി അധിക ധനം, ശാരീരിക അധ്വാനം, വിലപ്പെട്ട സമയം ഒക്കെ ചെലവഴിക്കേണ്ടി വരുന്ന സങ്കടം ആരുടേയും മനസ്സിനെ തികച്ചും ആസ്വസ്ഥമാക്കും. പരിസരം പോലും മറന്ന് നാം സഹയാത്രികരെയും, ബന്ധുക്കളെയും, സുഹൃത്തുക്കളെയുമെല്ലാം ദൗർഭാഗ്യ സമയത്തെ പഴിക്കുന്നതിനോടൊപ്പം കുറ്റപ്പെടുത്തും. സത്യത്തിൽ സംഭവിച്ച കാര്യങ്ങളേ കൃത്യമായി വിശകലനം ചെയ്യുകയും, എങ്ങനെ പ്രശ്ന പരിഹാരം ആവാം എന്ന് ആലോചിക്കുകയും, ആവശ്യമെങ്കിൽ വിദഗ്ധരുടെഉപദേശം തേടി, സ്ഥിര - സൗമ്യ ബുദ്ധിയോടെ വീഴ്ചയിൽ നിന്ന് എത്രയും വേഗം കരകയറാൻ ശ്രമിക്കുകയാണ് വേണ്ടത്. ജീവിതത്തിൽ പലരും വീണിടത്തു നിന്ന് കരകയറാത്തതിന്റെ കാരണം കുഴിയുടെ ആഴമോ വീഴ്ചയുടെ ആഘാതമോ ഒന്നും കൊണ്ടല്ല, വീഴ്ചയിൽ സ്വന്തം മനസ്സ് മരവിച്ചു പോകുന്നത് കൊണ്ട് മാത്രമാണ്. പലപ്പോഴും ഒന്ന് വേറിട്ട വഴിയിലൂടെ ശ്രമിച്ചാൽ കരകയറാവുന്ന, തീരാവുന്ന പ്രശ്നങ്ങളെ മുന്നിൽ ഉണ്ടാകൂ, തന്റെ സഹായത്തിന് മാറ്റാരെയെങ്കിലും പ്രതീക്ഷിക്കുന്നതും തികഞ്ഞ വിഡ്ഢിത്തം തന്നെയാണ്. കൂടെനടക്കുന്ന പലരും പലപ്പോഴും അവരവരുടെ ക്ഷേമ സുഖങ്ങളിൽ മാത്രം അഭിരമിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും....!*

No comments: