BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, July 17, 2026
തുഞ്ചൻ ഗുരു മഠം
നമ്മൾ രാമായണ മാസമായി ആചരിക്കുന്ന കർക്കിടക മാസം . അമ്മിഞ്ഞ പാലോളം മാധുര്യമേറും മലയാള ഭാഷ നമുക്ക് സമ്മാനിച്ച ഭക്ത കവി ശ്രീ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ (1486- 1557 ) അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയില്ലായിരുന്നു എങ്കിൽ നമുക്കീ രാമായണം ഇത്ര സംഗീതാത്മകമായി വായിക്കുവാൻ കഴിയുമായിരുന്നോ . ഒരിക്കലും ഇല്ലാ എന്ന് തന്നെ പറയാം . ഗുരുനാഥന്റെ പിറന്നാൾ കർക്കിടകമാസത്തിലാണ് . അത് കൊണ്ടാകുമൊ കർക്കിടക മാസം രാമായണ മാസമായി ആഘോഷിക്കുന്നത്.ഈ സുദിനത്തിൽ ഗുരുനാഥൻ അന്ത്യവിശ്രമം കൊള്ളുന്ന തുഞ്ചൻ ഗുരു മഠത്തെ കുറിച്ച് ഒന്ന് വായിക്കാം ഇവിടെ .ഇപ്പോൾ ഞാൻ മഠത്തെ കുറിച്ച് മാത്രമെ പറയുന്നുള്ളൂ , ഗുരുനാഥന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ കുറിച്ച് എഴുതാം ഞാൻ കൂടുതലായി
പാലക്കാട് ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ ചിറ്റൂരിലെ തെക്കെ ഗ്രാമം എന്ന അഗ്രഹാരത്തിലാണ് തുഞ്ചൻ ഗുരു മഠം സ്ഥിതി ചെയ്യുന്നത്. ശോകനാശിനിപ്പുഴ തഴുകി ഒഴുകുന്ന, മണ്ണിൽ പൊന്ന് വിളയുന്ന ഗ്രാമം അതാണ് ചിറ്റൂർ . ഇവിടുത്തെ ശാന്തത ഗുരുനാഥനെ അത്രത്തോളം ആകർഷിച്ച് കാണും.
ഗുരുനാഥൻ ജനിച്ചതും വളർന്നതും തിരൂർ ആണ് . പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം ചിലവഴിച്ചതും, അല്ലെൽ നിരവധി കാവ്യങ്ങൾക്ക് ജന്മം കൊടുത്ത സ്ഥലവും , മനസമാധാനത്തോടെ ഇരുന്നതും പാലക്കാട് ജില്ലയിലെ ചിറ്റൂർ ഉള്ള തുഞ്ചൻ മഠത്തിലായിരുന്നു.ജീവിതത്തിലെ അവസാന മുപ്പത് വർഷം ഗുരുനാഥൻ ഇവിടെ ആയിരുന്നു ചിലവഴിച്ചത്.സ്വദേശത്തെ അവഗണനയാൽ മനം നൊന്ത്, തഞ്ചാവൂരിൽ ചെന്ന് വേദശാസ്ത്ര വിഷയങ്ങൾ അഗാധമായ പാണ്ഡിത്യം നേടിയ ഗുരുനാഥൻ, വീണ്ടും സ്വദേശത്തേക്ക് വരികയും ,സമാധാനം ഇല്ലായ്മ തുടർക്കഥ ആവുകയും ചെയ്തു. സ്വദേശത്തെ ക്ലേശകരമായ ജീവിതത്തിന് ഒടുവിൽ അറിവിന്റെ ദേവതയായ, സരസ്വതി ദേവിയുടെ വെളിപാട് ലഭിച്ച് ഗൃഹസ്ഥാശ്രമം വിട്ട് തന്റെ ജന്മ ലക്ഷ്യത്തിലേക്ക് ഗുരുദേവൻ യാത്ര തിരിച്ചു. .ഒടുവിൽ കൊച്ചി രാജ്യത്തിന്റെ കീഴിൽ ഉള്ള ചിറ്റൂരിൽ ശോകനാശിനി പുഴയുടെ തീരത്ത് ഒരു വഴിപോക്കനെ പോലെ കഴിഞ്ഞു കുറച്ച് നാൾ . തഞ്ചാവൂർ നിന്ന് വരുമ്പോൾ സന്യാസം ഗുരുനാഥൻ സന്യാസം സ്വീകരിച്ചിരുന്നു എന്ന് പറയപ്പെടുന്നു.
അദ്ദേഹത്തിന്റെ ദിവ്യത്വം മനസിലാക്കിയ എഴുവത്ത് വീട്ടുകാർ തങ്ങളുടെ വീട്ടിലേക്ക് അദ്ദേഹത്തെ കൂട്ടികൊണ്ടു പോവുകയും,അതിന് ശേഷം ഗുരുനാഥന് താമസിക്കാൻ മഠം നിർമ്മിക്കാൻ ചമ്പത്തിൽ വീട്ടുകാർ ഭൂമി ദാനം നൽകുകയും, അവിടെ ഗുരുനാഥൻ മഠം സ്ഥാപിച്ച് അവിടെ താമസമാക്കുകയും, ഒരുപാട് കുട്ടികൾക്ക് വിദ്യ അഭ്യസിപ്പിക്കുകയും ചെയ്തു. ശോകനാശിനി പുഴയിൽ മുങ്ങിക്കുളിച്ചപ്പോൾ ഗുരുനാഥന്റെ ശോകങ്ങൾ ഇല്ലാതെ ആയി എന്നും അതിനാൽ ആണ് ഗുരുനാഥൻ ആ പുഴയ്ക്ക് ശോകനാശിനി എന്ന് പേരിട്ടതെന്നും പറയപ്പെടുന്നു.. . മഹാപണ്ഡിതനായ ഗുരുനാഥന് എഴുവത്ത് ഗോപാല മേനോൻ , എഴുവത്ത് കരുണകരമേനോൻ തുടങ്ങി അനവധി ശിഷ്യന്മാർ ഉണ്ടായി. അറിവ് പകർന്ന് കൊടുക്കുക എന്നതായിരുന്നു ഗുരുനാഥന്റെ ജന്മ ലക്ഷ്യം. ഇന്നും അദ്ദേഹം നമുക്ക് ആ അറിവ് പാലാഴി പോലെ പകർന്ന് കൊണ്ടെ ഇരിക്കുന്നു.
തുഞ്ചൻ മഠത്തിൽ താമസിക്കുന്ന കാലത്താണ് ഗുരുനാഥൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും , മഹാഭാരതം കിളിപ്പാട്ടും , മറ്റ് കൃതികളും രചിച്ചത് എന്ന് പറയപ്പെടുന്നു. ശോകനാശിനി പുഴയിലെ ഗുരുപ്പാറ എന്നറിയപ്പെടുന്ന പാറപ്പുറത്ത് ഇരുന്നായിരുന്നു ഗുരുനാഥന്റെ ധ്യാനവും, ചില സമയങ്ങളിലെ എഴുത്തും എല്ലാം .രണ്ട് നേരമുള്ള പുഴയിലെ കുളി കഴിഞ്ഞാൽ ആ പാറയിലായിരുന്നു ഗുരുനാഥൻ വിശ്രമിച്ചിരുന്നത്.
ഗുരുനാഥൻ മഠത്തിനോട് ചേർന്ന് ശ്രീരാമ ക്ഷേത്രം നിർമ്മിക്കുകയും , അവിടെ പൂജാവശ്യങ്ങൾക്കായും മറ്റും തഞ്ചാവൂർ നിന്ന് ഏഴ് തമിഴ് ബ്രാഹ്മണ കുടുംബങ്ങളെ കൊണ്ടു വരികയും അവരെ എല്ലാം മഠത്തിനോട് ചേർന്ന് തന്നെ താമസമാക്കിപ്പിക്കുകയും ചെയ്തു. അങ്ങനെ അവിടെ നിന്ന് മറ്റ് തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ കൂടി വന്ന് ഇവിടം ഒരു അഗ്രഹാരം ആയി മാറി . തെക്കെ ഗ്രാമം അഗ്രഹാര വിശേഷം വേറെ ഒരിക്കൽ പറയാം
ആദ്യം നാലായിരം പണം കൊടുത്താണ് ഗുരുനാഥൻ ചമ്പത്തിൽ വലിയ മന്നാടിയാരിൽ നിന്ന് ഭൂമി വാങ്ങിയത് . മഠം എല്ലാം പണിത് കഴിഞ്ഞ് , ഒരിക്കൽ മന്നാടിയാർ അവിടെ ചെല്ലുകയും ഗുരുനാഥന്റെ ദിവ്യത്വം മനസിലാക്കുകയും, നാലായിരം പണം തിരിച്ച് കൊടുക്കുകയും ചെയ്തു. ആദ്യം ഓലപ്പുര ആയിരുന്നു മഠം കാലക്രമേണ ഉള്ള മാറ്റം മഠത്തിന് വന്നിട്ടുണ്ട് . ശ്രീകോവിലും , ഓഫീസും , വലിയ ഹാളും , മുറികളും ,ചെറിയ ഒരു നടുമുറ്റവും അടങ്ങിയതാണ് മഠം. ശ്രീകോവിലിൽ ഗുരുനാഥന്റെ സമാധിയും, ശിഷ്യന്റെ സമാധി ( സൂര്യ നാരായണന്റെ ആണെന്നും ഗോപാലമേനോന്റെ ആണെന്നും രണ്ട് വാദം ഉണ്ട് ഏതെന്ന് ഉറപ്പില്ലാ )ഗണപതി, വിഷ്ണു, ഹനുമാൻ, സാളഗ്രാമം , ശ്രീചക്രം, ശിവലിംഗം , ദുർഗ്ഗ, രാമ ലക്ഷ്മണ സീതമാർ, ഗുരുനാഥൻ ഉപയോഗിച്ചിരുന്ന പാദുകം, അദ്ദേഹം എഴുതിയ ചില ഗ്രന്ഥങ്ങൾ , യോഗദണ്ഡ് , എഴുത്താണി എന്നിവയും ഉണ്ട് . നിത്യേന രണ്ട് നേരം ഇവിടെ പൂജയുണ്ട് .വിദ്യാരംഭം, നവരാത്രി, കർക്കിടക മാസത്തിലെ രാമായണ പാരായണം,കർക്കിടക മാസം 18, നവബർ ഒന്നാം തിയ്യതി, ഗുരുവിന്റെ സമാധി ദിനം (ധനു വിലെ ഉത്രം ശ്രാദ്ധം പോലെ കഴിക്കും) എന്നീ ദിനങ്ങൾ പ്രധാനം ഇവിടെ . വിദ്യാരംഭത്തിന് ആയിരക്കണക്കിന് കുട്ടികൾ ആണിവിടെ ആദ്യാക്ഷരം കുറിക്കുക . ഇവിടുത്തേക്കാൾ യോഗ്യമായ വേറെ ഏത് സ്ഥലം ഉണ്ട് ആദ്യാക്ഷരം കുറിക്കാൻ .ഗുരുനാഥാ ഞാൻ ഒരിക്കലും എന്റെ ഭാഷയെ മറക്കില്ലാ . എനിക്ക് നല്ല ഭാഷ കൈമോശം വരാതിരിക്കാൻ അങ്ങയുടെ അനുഗ്രഹം വേണം എന്ന് പറഞ്ഞ് ഞാൻ നടയ്ക്കൽ നമസ്കരിച്ചു.
കഴിഞ്ഞ അമ്പത് കൊല്ലത്തിലധികമായി ചിറ്റൂർ എൻ എസ് എസ് യൂണിറ്റാണ് തുഞ്ചൻ മഠം നോക്കി നടത്തുന്നത് . നല്ല രീതിയിൽ തന്നെ എന്നു പറയാം . ദാസേട്ടൻ എന്നറിയപ്പെടുന്ന ശ്രീ നാരായണ ദാസ് അദ്ദേഹമാണ് നിത്യം പൂജ ചെയ്യുന്നത്.യൂണിറ്റ് പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ , കമ്മിറ്റി മെംബർ ശ്രീ സോമനാഥൻ മാഷ്,ട്രഷറർ ശ്രീ മണികണ്ഠൻ നായർ, ദാസേട്ടൻ എന്നിവരോട് കാര്യ വിവരങ്ങൾ പറഞ്ഞു തന്നതിന് ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു
മലയാളത്തെ സ്നേഹിക്കുന്നവർ , അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് വായിക്കുന്നവർ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇവിടെ ഒന്ന് നമസ്കരിക്കുന്നത് നല്ലത് ആയിരിക്കും. തുഞ്ചൻ മഠം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ് . ഇതൊരു പുണ്യ ഭൂമിയാണ് . ഈ പുണ്യഭൂമിയിൽ ഒരിക്കൽ എങ്കിലും വരാൻ ശ്രമിക്കുക . നിത്യേന രാവിലെ 5.30-9.00 വരെയും, വൈകുന്നെരം 5.30-7 .00 മണി വരെയും മഠം തുറന്നിരിക്കും . എന്റെ മഹാഗുരുവെ അങ്ങേയ്ക്ക് പ്രണാമം ....
എല്ലാവരുടെ ഗൃഹത്തിലും മനസ്സിലും രാമായണം മുഴങ്ങട്ടെ എന്നും എപ്പോഴും
☀️നമ്മുടെ സംസ്കാരത്തെ തൊട്ടറിഞ്ഞ് നമ്മുടെ കുട്ടികള്‍ വളരട്ടെ...
നമുക്ക് അവരുടെ വഴികാട്ടികളാകാം..
Subscribe to:
Post Comments (Atom)
No comments:
Post a Comment