Wednesday, August 31, 2016

ഇന്ദ്രിയാന്തഃകരണക്രദ്യുപാധികളെക്കാള്‍ സസൂക്ഷ്മവും സര്‍വാന്തസാമിയുമായ ആത്മസ്വരൂപത്തെ സൂക്ഷ്മവിചാരത്തിലൂടെ ഗ്രഹിക്കാനുളള മാര്‍ഗദര്‍ശനമാണ്‌ ഉപനിഷത്‌ നല്‍കുന്നത്‌. സര്‍വഭൂതങ്ങളിലും ഗൂഢനായ ആത്മാവ്‌ ബാഹ്യമായി പ്രകാശിക്കുന്നതല്ല. സര്‍വത്തേയും പ്രകാശിപ്പിക്കുന്ന ആത്മസ്വരൂപത്തെ അത്യന്തം സൂക്ഷ്മവും അഗ്ര്യയുമായ ബുദ്ധികൊണ്ടേ അറിയാവൂ. ആത്യന്തികമായ ദുഃഖ നിവൃത്തിയെ ഇച്ഛിക്കുന്ന മനുഷ്യന്‍ അതുകൊണ്ടുതന്നെ തന്റെ അന്തഃകരണത്തിന്റെ ശുദ്ധിയും ഏകാഗ്രതയും നേടുന്നതിന്‌ ഉപാസനാ നിഷ്ഠനാവണം. ജീവിത ക്രമീകരണത്തിലൂടെയും നിഷ്ഠാപൂര്‍വകമായ ഉപാസനയിലൂടെയും ചിത്തശുദ്ധിയും ഏകാഗ്രതയും സമ്പാദിക്കുമ്പോഴേ വേദാന്ത പ്രമാണത്തിന്റെ സസൂക്ഷ്മമാണ്‌. ഗുരുശാസ്ത്ര സമ്പ്രദായങ്ങള്‍ക്കനുസരിച്ചേ ഇതില്‍ ചരിക്കാനാവൂ. അതുകൊണ്ടുതന്നെ ശ്രേഷ്ഠന്മാരായ ആചാര്യന്മാരെ പ്രാപിക്കാന്‍ ഉപനിഷത്‌ നമ്മെ ഉദ്ബോധിപ്പിക്കുന്നു. “ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്നിബോധതാ” എഴുന്നേല്‍ക്കൂ.
ജാഗ്രതയോടെ ശ്രേഷ്ഠന്മാരെ പ്രാപിച്ച നല്ലപോലെ അറിയൂ. എന്നാല്‍ ഈ ജ്ഞാനമാര്‍ഗം കത്തിയുടെ മൂര്‍ച്ചയേറിയ വായ്ത്തലക്ക്‌ മുകളിലൂടെ നടക്കുന്നതുപോലെ കഠിനതമമാണെന്ന്‌ വിദ്വാന്മാര്‍ പറയുന്നതിനെ അറിയണം. ഇത്‌ ധീരന്മാര്‍ക്കുള്ള മാര്‍ഗമാണ്‌. ഭീരുക്കള്‍ക്ക്‌ ഔപനിഷദമായ മാര്‍ഗ്ഗം സ്വീകരിക്കാനാവില്ല. അതുകൊണ്ട്‌ ധീരരായിരിക്കുവിന്‍. ഉപനിഷത്‌ വിചാരയജ്ഞം ഇരുപത്തിയെട്ടാം ദിവസം കഠോപനിഷത്തിനെക്കുറിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍.
ഗുരു ശാസ്ത്രസമ്പ്രദായങ്ങളിലൂടെ ശബ്ദ രൂപ രസ ഗന്ധ രഹിതവും ഒരിക്കലും നശിക്കാത്തതുമായ പരമസത്യത്തെ സാക്ഷാത്കരിച്ചാല്‍ പിന്നെ അയാള്‍ ജനന മരണരൂപമായ സംസാരത്തില്‍ നിന്നും മുക്തനാവുന്നു. ഇതാണ്‌ ആത്യന്തികദുഃഖ നിവൃത്തിയിലേക്കുള്ള മാര്‍ഗമെന്നറിഞ്ഞ്‌ സാധനാനിഷ്ഠരാവാന്‍ കഠോപനിഷത്ത്‌ കാരുണ്യപൂര്‍വം നമ്മോടുപദേശിക്കുന്നു. Janmabhumi