സുഷുപ്തി എന്ന മഹാ അനുഗ്രഹം
സുഷുപ്തി എന്നത് ഒരു മഹാ അനുഗ്രഹമാണ്. മനുഷ്യൻ ഒരു പരമേശ്വരശക്തിയെ ഒരിക്കലും അല്പംപോലും സാക്ഷാത്കരിച്ചിട്ടില്ല എന്നുപറയുകയാണെങ്കിൽ അത് കള്ളമാണ്. പൂർണ്ണ സുഷുപ്തി അവസ്ഥയിൽ ഭഗവാന്റെ ആ ശാന്തസ്വരൂപം നാം അറിയാതെ തന്നെ കൈക്കൊള്ളുന്നുണ്ട്. ഒരമ്മ തന്റെ കുട്ടിയെ എടുത്ത് ആലിംഗനം ചെയ്ത് സന്തോഷിപ്പിക്കുന്നതുപോലെ, ഭഗവാൻ ദിവസവും രാത്രിയിൽ നമ്മെ എടുത്ത് ആലിംഗനം ചെയ്ത് "തന്നെ" കാണിച്ചുതരുന്നുണ്ട്. ആ ഒരു സുഖം ഒരിക്കലും ബോറടിക്കാത്തതും, ഇനിയുമിനിയും വേണമെന്നാഗ്രഹിക്കുന്നതും ഒരു സത്യമായി അവശേഷിക്കുന്നത് അത് നിത്യാനന്ദമായതുകൊണ്ടാണ്. ഭഗവാൻ ഒരു ജീവനിൽ കരുണ കാണിക്കുന്നില്ല എന്നുമാത്രം പറയരുത്; കാരണം അത് ശുദ്ധകള്ളമാകുന്നു. എല്ലാ ദിവസവും ഭഗവാൻ തന്നെ ജീവനെ അതിലേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ കാണിച്ചുകൊടുത്ത് ജീവനെ ആനന്ദിപ്പിക്കുന്നു.
സുഷുപ്തി അവസ്ഥയിൽ കുറെ മറയപ്പെട്ടു കിടക്കുന്ന, അല്ലെങ്കിൽ കാരണശരീരത്താൽ വളരെ കുറച്ചുമാത്രം തെളിയപ്പെട്ടുകിടക്കുന്ന ആ പൂർണ്ണസ്വരൂപത്തെ അല്ലെങ്കിൽ ആ നിത്യാനന്ദത്തെ ജാഗ്രത്തിലും അനുഭവിക്കുന്നതിനു പേരാണ് "സമാധി".പക്ഷേ പ്രായം കൂടുന്തോരും വിഷയവാസന കൂടുന്നതുകൊണ്ടു സുഷുപ്തി കുറയും.