മക്കളേ! മറ്റുള്ളവരുടെ സുഖത്തിൽ നാം സംതൃപ്തി തേടണം. ഉദാഹരണത്തിന്, നാം ബസ്സിൽ യാത്ര ചെയ്യുന്നു എന്നു വിചാരിക്കുക. അടുത്ത സ്റ്റോപ്പില്‍നിന്നും പ്രായം ചെന്ന ഒരാൾ കയറുന്നു. അയാൾക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല. ഉടൻ മക്കൾ എഴുന്നേറ്റു് അദ്ദേഹത്തെ ഇരുത്തണം. ഇങ്ങനെ നമ്മിലുള്ള ദയ, കരുണ തുടങ്ങിയ നല്ല ഗുണങ്ങൾ തെളിയുന്നതനുസരിച്ച് നമ്മുടെ ഓരോ ചെറിയ സ്വാർത്ഥതയും ഇല്ലാതാകുകയും നമ്മൾ ഈശ്വര കൃപയ്ക്ക് അർഹരാകുകയും ചെയ്യും നമ്മൾ ഒറ്റപ്പെട്ട ദ്വീപുകളല്ല; ഒരേ ശൃംഖലയിലെ കണ്ണികളാണ്. നമ്മുടെ കൈപൊള്ളുമ്പോൾ മരുന്നുപുരട്ടാൻ നമുക്കു് എങ്ങനെ ആവേശമുണ്ടാകുമോ, അതേ ആവേശത്തോടെ നാം മറ്റുള്ളവരോടു കരുണ കാണിക്കണം. ഇടതുകൈയ്ക്കു പൊള്ളലേറ്റാൽ ‘എനിക്കല്ലല്ലോ പൊള്ളിയതു്’ എന്നുപറഞ്ഞു മരുന്നു പുരട്ടാൻ മറ്റേ കൈ വിസമ്മതിക്കില്ല കാരണം ”ഞാനെ”ന്ന ബോധം ശരീരമാസകലം ഒരുപോലെ നിറഞ്ഞു നിൽക്കുന്നു. അതുപോലെ ഒരേ ചൈതന്യം സർവ്വ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്നതിനാൽ ഓരോ ചെറിയ ജീവിയുടെ ദുഃഖം പോലും നാമറിയാതെ നമ്മൾ അനുഭവിക്കുന്നുണ്ട്. അതു മനസ്സിലാക്കി മക്കൾ എപ്പോഴും കരുണയോടെ പ്രവർത്തിക്കണം.Amma