Wednesday, January 03, 2018

ഭക്തിയും പരിസ്ഥിതിയും



ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ആണ് മോക്ഷത്തിന്റെ ഹോൾ സെയ്ൽ വ്യാപാര കേന്ദ്രങ്ങൾ ആയി, ദീർഘ ദർശികൾ ആയ ഋഷി തുല്യർ നിശ്ചയിച്ചിരിക്കുന്നത്. നദീ തീരങ്ങൾ, വന പ്രദേശങ്ങൾ, മലകൾ, കുന്നുകൾ അങ്ങനെ പോകുന്നു മോക്ഷം പൊട്ടി ഒലിക്കുന്ന പ്രദേശങ്ങൾ. ആയിരക്കണക്കിന് വർഷങ്ങൾ ആയി ഇന്ത്യയിൽ മനുഷ്യർ പുണ്യസ്ഥലങ്ങളിൽ പോയി മരണം കാത്തു കിടക്കുന്നു. അത്യുന്നതങ്ങളിൽ സ്വർഗ്ഗ വാതിൽ തുറക്കുമ്പോൾ ഭൂമിയിലെ നദികൾ ശവ കൂനകളായി മാറുന്നു.

കുന്നുകളും നദികളും മലകളും ആദിമ മനുഷ്യരുടെ മനസ്സിൽ, സീമകൾ ഇല്ലാത്ത പ്രപഞ്ച ശക്തിയുടെ പ്രതീകങ്ങൾ ആയിരുന്നു. അവയോടു മല്ലിട്ടും കീഴടങ്ങിയും അതിജീവിച്ചും മനുഷ്യ മനസ്സിൽ രൂഡമൂലമായ ഭയത്തിൽ നിന്നും അവനിൽ ചില ധാരണകൾ പൊട്ടി മുളച്ചു. തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയുന്ന ബോധപൂർവമായ ഒരു ശക്തി ഈ പ്രപഞ്ച പ്രതിഭാസങ്ങൾക്ക് പിന്നിൽ ഉണ്ടെന്നും, അവയെ പ്രീണിപ്പിക്കുകയും സ്തുതിക്കുകയും ചെയ്‌താൽ തനിക്കു സംരക്ഷണവും സുരക്ഷയും ലഭിക്കുമെന്നും അവർ ധരിച്ചു. ശക്തിയുള്ളവനോട് വിധേയത്തം കാണിക്കുക എന്നത് കാട്ട് നീതി ആണ്. ഗോത്രാംഗങ്ങൾ ഗോത്ര തലവനോടും ഗോത്ര ചിന്നമായ മൃഗത്തോടോ വൃക്ഷത്തോടോ ഒക്കെ ഭയ ഭക്തി ബഹുമാനം ഉള്ളവർ ആയിരുന്നു. തങ്ങൾ ഏതെങ്കിലും ഒരു മൃഗത്തിൽ നിന്നോ വൃക്ഷത്തിൽ നിന്നോ ഉണ്ടായവർ ആണെന്നും ആ മൃഗത്തെയോ വൃക്ഷത്തെയോ സൂര്യ ചന്ദ്രന്മാരെയോ ഒക്കെ ഗോത്ര ചിന്നമായി കരുതുന്ന പതിവ് ലോകത്തിൽ പല ഗോത്ര വിഭാഗങ്ങൾക്കുമിടയിൽ നിലനില്ക്കുന്നു. ഇതിനു Totemism എന്ന് പറയുന്നു. നമ്മുടെ പുരാണ ഇതിഹാസ വേദങ്ങളിൽ എല്ലാം ടോടെമിസത്തിന്റെ സൂചനകൾ കാണാം. മൂഷിക വംശം സൂര്യ വംശം ചന്ദ്ര വംശം, വാനരൻ, ശ്വാനൻ, മയൂരം അങ്ങനെ പോകുന്നു മൃഗങ്ങളെയും പ്രപഞ്ച പ്രതിഭാസങ്ങളേയും തങ്ങളുടെ വംശത്തിന്റെ ഉത്ഭവകാരണം ആയി കരുതുന്ന രീതികൾ. ഇതൊക്കെ ആദിമ മനുഷ്യന്റെ മാന്ത്രിക ചിന്തയിൽ നിന്നും ഉത്ഭവിക്കുന്ന വിചിത്രമായ രീതികള്‍ ആണ്. തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടത്‌ അതിജീവനത്തിനു അത്യന്താപേക്ഷിതം ആയിരുന്നു. ഉത്തരങ്ങൾ ലഭിക്കുന്നതിനു ആദിമ മനുഷ്യനു തുണയായത് മാന്ത്രിക ചിന്തയായിരുന്നു. കാര്യകാരണങ്ങളെ സംബന്ധിച്ചുള്ള നിഗമനങ്ങളിൽ അവൻ ചെന്നെത്തിയത് മാന്ത്രിക ചിന്ത ഉപയോഗിച്ചായിരുന്നു. http://en.wikipedia.org/wiki/Magical_thinking

ഇത്തരം മാന്ത്രിക ചിന്തയുടെ ഫലം ആയിട്ടാണ് മരണശേഷവും മനുഷ്യന് ജീവിതം ഉണ്ട് എന്ന ധാരണ അവനു ഉണ്ടായത്. ഉറങ്ങി കിടക്കുന്നവനും മരിച്ചു കിടക്കുന്നവനും തമ്മിൽ ഉള്ള വ്യത്യാസം മനസിലാക്കാൻ ആദിമ മനുഷ്യന് കഴിഞ്ഞിരുന്നില്ല. മരിച്ചു പോയ കുഞ്ഞിനെ തള്ള കുരങ്ങു എടുത്തു കൊണ്ട് നടക്കുന്നതും ഇതേ ആശയ കുഴപ്പം കൊണ്ട് തന്നെ. ഉറങ്ങുന്ന മനുഷ്യനെ ഉണർത്തുന്ന ഏതോ ശക്തി അവന്റെ ഉള്ളിൽ ഉണ്ടെന്നും അത് പോലെ തന്നെ മരിച്ചു കിടക്കുന്ന മനുഷ്യൻ ഉണരും എന്ന ധാരണ ആദിമ മനുഷ്യന് ഉണ്ടായിരുന്നു. ഇതിന്റെ ഫലം ആയിട്ടാണ് ആദിമ ജനത ലോകത്ത് എല്ലാ ഇടത്തും ശവങ്ങൾ സൂക്ഷിച്ചു വെച്ചിരുന്നത്. ചില ഇടങ്ങളിൽ ശവങ്ങൾ ഉണക്കി കേടു കൂടാതെ സൂക്ഷിച്ചിരുന്നു. നമ്മുടെ നാട്ടിലും ആദിമ ജനത നന്നങ്ങാടിയിൽ ശവങ്ങൾ സൂക്ഷിച്ചിരുന്ന ചരിത്രം നമ്മുക്ക് അറിവുള്ളതാണ്. മരിച്ച വ്യക്തി ജീവിച്ചിരുന്ന കുടിലിൽ അല്ലെങ്കിൽ ഗുഹയിൽ തന്നെ ശവം സൂക്ഷിച്ചു വെച്ചിരുന്നു. അയാള് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ ശവത്തിനോടൊപ്പം സൂക്ഷിച്ചിരുന്നു. ഭക്ഷണവും വെള്ളവും ഒപ്പം വെച്ചിരുന്നു. അതികാരത്തിൽ ഉള്ള വ്യക്തി മരിച്ചാലും അയാളോടുള്ള വിധേയത്തവും ബഹുമാനവും തുടർന്ന് പോയിരുന്നു. അവർ തുടര്ന്നും തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും എന്ന ചിന്ത നിലനിന്നു. അങ്ങനെ മരിച്ചു പോയ മനുഷ്യര് ആയിരുന്നു ആദിമ ജനതയുടെ ആദ്യത്തെ ദൈവം. അവരുടെ ശവം സൂക്ഷിച്ചിരുന്ന ഇടങ്ങൾ ആയിരുന്നു ലോകത്തിലെ ആദ്യത്തെ ദേവാലയങ്ങൾ. ലോകത്തിലെ എല്ലാ ആദിമ ആരാധനാലയങ്ങളുടെയും ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ കണ്ടെത്തിയത് ആദ്യ കാലങ്ങളിൽ ആരാധനാലയങ്ങൾ ഉയര്ന്നു വന്നത് ശവം മറവു ചെയ്ത ഇടങ്ങളിൽ നിന്നാണ് എന്നത്രെ. ലോകത്തിലെ ആദിമ ജനത എല്ലായിടത്തും പൂർവികരെ ആണ് ആരാധിച്ചിരുന്നത്. ഇന്നത്തെ പോലെ ഉള്ള വ്യവസ്ഥാപിത മതങ്ങളോ ദൈവങ്ങളോ അവർക്ക് ഇല്ലായിരുന്നു. ക്ഷേത്രങ്ങളെ സൂചിപ്പിക്കുന്ന ദ്രാവിഡ പദം ആയ കോവിൽ നല്കുന്ന സൂചനയും ഇതാണ്. കോ എന്ന ദ്രാവിഡ പദത്തിന്റെ അർഥം രാജാവ് എന്നാണു. ഇന്നും തമിഴിൽ കോ എന്നാൽ രാജാവ് എന്നാണു. ഇൽ എന്ന ദ്രാവിഡ പദത്തിന്റെ അർഥം വീട് എന്നും. ഇന്നും കന്നഡ, തമിഴ് മലയാളം ഭാഷകളിൽ ഇല്ലം എന്നാൽ വീട് എന്നാണു. രാജാവിന്റെ വാസസ്ഥലം ആണ് ആരാധനാലയം ആയിരുന്നത്. അതികാരത്തിൽ ഉള്ളവനോടാണ് ഭയവും ഭക്തിയും ബഹുമാനവും ഉണ്ടായിരുന്നത്. മരിച്ചു അദ്രിശ്യനായ അതികാരിയോടു തലമുറകൾ ഭയഭക്തി ബഹുമാനങ്ങൾ കാണിച്ചിരുന്നു.

കാലക്രമത്തിൽ പ്രപഞ്ച ശക്തികളെ മരിച്ചു പോയ കാരണവരുമായി താതാത്മ്യം ചെയ്തു തുടങ്ങി. ഇതിന്റെ സൂചനകൾ ഇന്നും സമൂഹത്തിൽ നമുക്ക് കാണാം. ഉത്തര കേരളത്തിൽ ആരാധിച്ചു പോരുന്ന മുത്തപ്പനും മറ്റും മരിച്ചു പോയ കാരണവന്മാരുടെ പ്രതിരൂപം ആണ്. തമിഴ്നാട്ടിലും ഭാരതത്തിന്റെ ഉൾപ്രദേശങ്ങളിലും എല്ലാം തന്നെ ഇത്തരം ആരാധനാ മൂർത്തികളെ കാണാം. പ്രപഞ്ച ശക്തികൾക്ക് മനുഷ്യ ഭാവം സങ്കല്പ്പിച്ചു തുടങ്ങിയതോടു കൂടെ ആണ് പ്രാഗ് ദൈവങ്ങളുടെ ഉത്ഭവം. ഇത്തരം പ്രാഗ് ദൈവങ്ങളുടെ നീണ്ട നിര ഋക് വേദത്തിലും മറ്റും കാണാം. ഇന്ദ്രൻ, വരുണൻ തുടങ്ങിയവ ഇന്നത്തെ അർത്ഥത്തിൽ ഉള്ള പ്രപഞ്ച സൃഷ്ടാവായ ദൈവങ്ങൾ അല്ല. അവ ഗോത്രങ്ങൾ ആരാധിച്ചിരുന്ന സാങ്കല്പ്പിക വീരന്മാർ ആയിരുന്നു. ഇത്തരം പ്രാഗ് ദൈവങ്ങളിൽ നിന്നും അമൂർത്തമായ ദൈവ സങ്കല്പ്പത്തിലെക്കുള്ള പരിണാമവും നമ്മുക്ക് ഋക് വേദത്തിൽ തന്നെ കാണാൻ സാധിക്കും. ഋക് വേദത്തിന്റെ ആദ്യ കാലങ്ങളിൽ ആരാധിച്ചിരുന്ന ദൈവങ്ങളെ ഒന്നും ഇന്നത്തെ ഹൈന്ദവ സമൂഹം ആരാധിക്കുന്നില്ല. നമ്മുടെ കേരളത്തിൽ പോലും ഒരു നൂറു കൊല്ലങ്ങൾക്ക് മുൻപ് ആരാധിച്ചിരുന്ന ചാത്തൻ, മറുത തുടങ്ങിയ കീഴാള ദൈവങ്ങളെ ഇന്ന് ആരും ആരാധിക്കുനില്ല. ദൈവങ്ങൾക്ക് പോലും പരിണാമം ഉണ്ട് എന്നർത്ഥം. എല്ലാ മതങ്ങളെ സംബന്ധിച്ചും ഇത് തന്നെ ആണ് അവസ്ഥ. സെമിടിക്‌ മതങ്ങളുടെ ആതിമ രൂപം ആയ യഹൂദ മതം ബഹുദൈവ ആരാധനയിൽ നിന്ന് തുടങ്ങി ആണ് ഏക ദൈവ ആരാധനയിൽ എത്തിയത്. യഹൂദർക്ക് അവരുടെ മതത്തിന്റെ ആശയങ്ങൾ പലതും അവരുടെ പ്രവാസ കാലത്ത് പേർഷ്യയിലെ മസ്ധാ മതത്തിൽ നിന്നും ലഭിച്ചതാണ്. യഹൂദരുടെ ഇടയിലെ ഒരു പുരോഗമന പ്രസ്ഥാനമായ എസ്സീനുകൾക്ക് മധ്യ ധാരന്യാഴി പ്രദേശങ്ങളിലെ ബൗദ്ധ സമൂഹങ്ങളിൽ നിന്നും പുതിയ ആശയങ്ങൾ ലഭിച്ചു. അവയ്ക്ക് കാല ക്രമത്തിൽ സംഭവിച്ച പരിണാമത്തിലൂടെ ആണ് ക്രിസ്തു മതവും ക്രിസ്തു എന്ന സാങ്കൽപ്പിക കഥാപാത്രവും ജനിക്കുന്നത്.

പറഞ്ഞു വരുന്നത് മതങ്ങൾ ശാശ്വതമായ സത്യങ്ങൾ ഒന്നും അല്ല. മറിച്ചു മനുഷ്യൻ അവന്റെ മാന്ത്രിക ചിന്തയിലൂടെയും കേവല യുക്തിയിലൂടെയും തന്റെ ചുറ്റുപാടുകളെ വ്യാഖ്യാനിയ്ക്കാൻ നടത്തിയ ശ്രമങ്ങളുടെ ശേഖരം ആണ് മത കൽപ്പനകൾ. മാറുന്ന വ്യവസ്ഥിതിക്കു അനുസൃതമായി അവയ്ക്ക് അവൻ പുതിയ വ്യാഖ്യാനങ്ങൾ ചമച്ചു മുഖം മിനുക്കി കൊണ്ടേ ഇരിക്കും.

എന്നാൽ മനുഷ്യൻ കൈവരിച്ച ശാസ്ത്ര നേട്ടങ്ങൾ അവനെ സാങ്കേതിക തികവുള്ളവൻ ആക്കി. ആശയ വിനിമയ രംഗത്ത് സംഭവിച്ച കുതിച്ചുചാട്ടങ്ങൾ പ്രാദേശിക ദൈവങ്ങൾക്ക് ആഗോള രംഗത്തേക്ക് കയറി ചെല്ലാൻ അവസരങ്ങൾ ഒരുക്കി. അങ്ങനെ യഹൂദ ഗോത്രത്തിന്റെ പ്രാദേശിക ദൈവം ആയ യഹോവയും, ഖുറേഷി ഗോത്രത്തിന്റെ ഗോത്ര ദൈവം ആയ അല്ലാഹുവും ആദിമ ദ്രാവിഡ ഗോത്ര ജനതയുടെ ആരാധനാ മൂർത്തി ആയ അയ്യനും ഇന്ന് പ്രപഞ്ചം നിയന്ത്രിച്ചു ഭരിക്കുന്ന ആഗോള ദൈവങ്ങൾ ആണ്. വനങ്ങളിലും കുന്നുകളിലും പർവതങ്ങലിലും നദീ തീരങ്ങളിലും അവരെ കാണാൻ ലക്ഷോപലക്ഷം ജനങ്ങൾ തങ്ങളുടെ സമ്പാധ്യങ്ങളുമായി ചെല്ലുന്നു. അവിടെ കോണ്‍ക്രീറ്റ് സൗധങ്ങൽ പണിതു ധ്യാനിച്ചും ആരതി ഉഴിഞ്ഞും പ്രകൃതി സന്തുലനം തകിടം മറിച്ചു വൻ പരിസ്ഥിതി നാശങ്ങൾ വിതയ്ക്കുന്നു...abhi

No comments: